ടി20 ലോകകപ്പ്: ബാറ്റിംഗ് ഓര്‍ഡറില്‍ വീണ്ടും മാറ്റം, അശ്വിന്‍ കളിക്കും; അഫ്ഗാനെതിരെ ഇന്ത്യയുടെ സാധ്യത ഇലവന്‍

First Published | Nov 3, 2021, 2:28 PM IST

ടി20 ലോകകപ്പില്‍ (T20 World Cup) ഇന്ന് ആദ്യജയം തേടി അഫ്ഗാനിസ്ഥാനെ നേരിടുകയാണ് ഇന്ത്യ. ടൂര്‍ണമെന്റിലെ ആദ്യ രണ്ട് മത്സരങ്ങളിലും ഇന്ത്യ തോറ്റിരുന്നു. ഇന്ന് ജയിച്ചാല്‍ മാത്രമേ ഇന്ത്യക്ക് എന്തെങ്കിലും സാധ്യതകള്‍ ബാക്കി നില്‍ക്കൂ. നിലവിലെ സാഹചര്യത്തില്‍ പാകിസ്ഥാനൊപ്പം ന്യൂസിലന്‍ഡ് സെമിയില്‍ കടക്കാനാണ് സാധ്യത കൂടുതല്‍. ഇതിനെയെല്ലാം മറികടന്ന് ഇന്ത്യ വരണമെങ്കില്‍ അത്ഭുതങ്ങള്‍ സംഭവിക്കണം. ഇന്ന് അഫ്ഗാനെതിരെ കളിക്കുമ്പോള്‍ ടീമില്‍ മാറ്റങ്ങള്‍ ഉറപ്പാണ്. സാധ്യതാ ഇലവന്‍ അറിയാം...

ഇഷാന്‍ കിഷന്‍

ന്യൂസിലന്‍ഡിനെതിരെ കഴിഞ്ഞ മത്സരത്തില്‍ ഓപ്പണറായിരുന്നു കിഷന്‍. എന്നാല്‍ നാല് റണ്‍സിന് താരം പുറത്തായി. എന്നാല്‍ സൂര്യകുമാര്‍ യാദവിന്റെ മോശം ഫോം കണക്കിലെടുത്ത് കിഷന് ഇനിയും അവസരം നല്‍കും. 

രോഹിത് ശര്‍മ

ന്യൂസിലന്‍ഡിനെതിരെ മൂന്നാമതായിട്ടാണ് രോഹിത് കളിച്ചത്. കിഷനെ ഓപ്പണറായി കളിപ്പിച്ചപ്പോഴായിരുന്നു അത്. മൂന്നാമതെത്തിയ രോഹിതിന് 14 റണ്‍സ് മാത്രമാണ് നേടാന്‍ സാധിച്ചത്. ഇന്ന് ഓപ്പണിംഗ് സ്ഥാനത്ത് രോഹിത് തിരിച്ചെത്തും.


വിരാട് കോലി

കിവീസിനെതിരെ കിഷന്‍ ഓപ്പണറായപ്പോള്‍ കോലി നാലാം സ്ഥാനത്താണ് കളിച്ചത്. ഒമ്പത് റണ്‍സിന് കോലി പുറത്തായി. മാത്രമല്ല, ബാറ്റിംഗ് പൊസിഷനിലെ സ്ഥാനം കനത്ത വിമര്‍ശനങ്ങള്‍ക്ക് വഴി വച്ചു. കോലി ഇന്ന് മൂന്നാം നമ്പറില്‍ കളിക്കും.

കെ എല്‍ രാഹുല്‍

രാഹുല്‍ നാലാം നമ്പറില്‍ കളിക്കും. സൂര്യകുമാറിന്റെ സ്ഥാനമാണ് രാഹുല്‍ ഏറ്റെടുക്കുക. ഏത് പൊസിഷനിലും കളിക്കാന്‍ കെല്‍പ്പുള്ള താരമാണ് രാഹുല്‍. സ്ഥിരം ഓപ്പണറാവാറുള്ള താരം സന്നാഹ മത്സരങ്ങളില്‍ മികച്ച ഫോമിലുമായിരുന്നു. 

റിഷഭ് പന്ത്

ആദ്യ മത്സരത്തില്‍ പാകിസ്ഥാനെതിരെ ഇന്ത്യയെ പൊരുതാവുന്ന സ്‌കോറിലേക്ക് നയിക്കുന്നതില്‍ പന്തിന് വലിയ പങ്കുണ്ടായിരുന്നു. എന്നാല്‍ ന്യൂസിലന്‍ഡിനെതിരെ താരം നിരാശപ്പെടുത്തി. അഞ്ചാം നമ്പറില്‍ പന്ത് തുടരും. 

ഹാര്‍ദിക് പാണ്ഡ്യ

പന്തെറിയുന്നില്ലെന്നുള്ളതായിരുന്നു ഹാര്‍ദിക്കിനെതിരെതിരായ പ്രധാന പരാതി. എന്നാല്‍ കിവീസിനെതിരായ മത്സരത്തില്‍ ആ പരാതി തീര്‍ത്തുകൊടുത്തു. രണ്ട് ഓവറില്‍ 17 റണ്‍സാണ് താരം വിട്ടുകൊടുത്തത്. ബാറ്റിംഗില്‍ 23 റണ്‍സെടുത്തിരുന്നു. 

രവീന്ദ്ര ജഡേജ

ന്യൂസിലന്‍ഡിനെതിരെ ടോപ് സകോററായിരുന്നു ജഡേജ. എന്നാല്‍ ബൗളിംഗില്‍ പതിവ് ഫോമിലേക്ക് ഉയരാന്‍ ഓള്‍റൗണ്ടര്‍ക്ക് സാധിക്കുന്നില്ല. കിവിസീനെതിരെ രണ്ട് ഓവറില്‍ 23 റണ്‍സാണ് താരം വിട്ടുകൊടുത്തത്. 

ഷാര്‍ദുല്‍ ഠാക്കൂര്‍

കഴിഞ്ഞ മത്സരത്തില്‍ ഭുവനേശ്വര്‍ കുമാറിന് പകരം ഷാര്‍ദുല്‍ ടീമിലെത്തി. ബാറ്റ് ചെയ്യാനാകുമെന്ന നിലയിലാണ് താരത്തെ പരിഗണിച്ചതെങ്കിലും റണ്‍സെടുക്കാതെ പുറത്തായി. പന്തെടുത്തപ്പോള്‍ 1.3 ഓവറില്‍ 17 റണ്‍സ് വിട്ടുകൊടുക്കുകയും ചെയ്തു.

ആര്‍ അശ്വിന്‍

വരുണ്‍ ചക്രവര്‍ത്തിയെ പുറത്തിരുത്തിയേക്കും. രണ്ട് മത്സരത്തിലും വരുണിന് എന്തെങ്കിലും സ്വാധീനം ചെലുത്താന്‍ മത്സരത്തില്‍ കഴിഞ്ഞിരുന്നില്ല. അതുകൊണ്ടുതന്നെ അശ്വിന് ഇന്ന് അവസരം നല്‍കിയേക്കും.

മുഹമ്മദ് ഷമി

രണ്ട് മത്സരത്തിലും ഷമി നിരാശപ്പെടുത്തിയിരുന്നു. എന്നാല്‍ വിക്കറ്റ് ടേക്കറാണെന്നുള്ള ഓരേയൊരു ഘടകമാണ് ഷമിയെ നിലനിര്‍ത്താന്‍ ടീം മാനേജ്‌മെന്റിനെ പ്രേരിപ്പിക്കുന്നത്. പാകിസ്ഥാനെതിരെ 3.5 ഓവറില്‍ 43 റണ്‍സാണ് ഷമി വിട്ടുകൊടുത്തത്. ന്യൂസിലന്‍ഡിനെതിരെ ഒരോവര്‍ മാത്രമാണ് നല്‍കിയത്.

ജസ്പ്രിത് ബുമ്ര

ഈ ലോകകപ്പില്‍ ഒന്നാകെ ഇന്ത്യ നേടിയ രണ്ട് വിക്കറ്റും ബുമ്രയുടെ പേരിലാണ്. ന്യൂസിലന്‍ഡിനെതിരെ ആയിരുന്നു അത്. നാലോവറില്‍ 19 റണ്‍സ് വഴങ്ങിയ ബുമ്ര രണ്ട് വിക്കറ്റെടുത്തിരുന്നു.

Latest Videos

click me!