മിന്നുമണി, സജന സജീവന്‍, സി എം സി നജ്‌ല എന്നിവര്‍ക്ക് ശേഷം അക്കാദമിയില്‍ നിന്ന് ശ്രദ്ധിക്കപ്പെടുന്ന പ്രകടനം നടത്തിയ താരമാണ് ജോതിഷ.
ബെംഗളൂരു: വനിതാ പ്രീമിയര്‍ ലീഗ് ലേലത്തില്‍ മലയാളി ക്രിക്കറ്റ് താരം വി ജെ ജോഷിതയെ സ്വന്തമാക്കി ബെംഗളൂരു റോയല്‍ ചാലഞ്ചേഴ്സ്. മലേഷ്യയില്‍ നടക്കുന്ന ഏഷ്യാകപ്പ് മത്സരത്തിനുള്ള അണ്ടര്‍ 19 ഇന്ത്യന്‍ ടീമില്‍ ഇടം നേടിയതിന് പിന്നാലെയാണ് താരത്തെ ആര്‍സിബി സ്വന്തമാക്കിയത്. അടിസ്ഥാന വിലയായ പത്ത് ലക്ഷം രൂപയ്ക്കാണ് ആര്‍സിബി ജോഷിതയെ ടീമിലെത്തിച്ചിരിക്കുന്നത്. വയനാട്, കല്‍പറ്റ സ്വദേശിയായ ജോതിഷ കേരളാ ക്രിക്കറ്റ് അസോസിയേഷന്റെ കൃഷ്ണഗിരി ക്രിക്കറ്റ് അക്കാദമിയില്‍നിന്നുള്ള പുത്തന്‍ താരോദയംകൂടിയാണ്.
മിന്നുമണി, സജന സജീവന്‍, സി എം സി നജ്‌ല എന്നിവര്‍ക്ക് ശേഷം അക്കാദമിയില്‍ നിന്ന് ശ്രദ്ധിക്കപ്പെടുന്ന പ്രകടനം നടത്തിയ താരമാണ് ജോതിഷ. കഴിഞ്ഞ ഏഴുവര്‍ഷമായി കൃഷ്ണഗിരി ക്രിക്കറ്റ് അക്കാദമിയിലാണ് പരിശീലനം. അണ്ടര്‍ 19 തലത്തില്‍ കേരളത്തെ നയിച്ചിരുന്ന താരം ഡല്‍ഹി ക്യാപിറ്റല്‍സിലെ നെറ്റ് ബോളര്‍ കൂടിയായിരുന്നു. സുല്‍ത്താന്‍ബത്തേരി സെയ്ന്റ് മേരീസ് കോളേജിലെ ഒന്നാംവര്‍ഷ ബിരുദവിദ്യാര്‍ഥിനിയാണ്. കല്പറ്റ മൈതാനി ഗ്രാമത്തുവയല്‍ ജോഷിയുടെയും ശ്രീജയുടെയും മകളാണ്.
അതേസമയം, ബെംഗളൂരുവില്‍ വനിതാ പ്രീമിയര്‍ ലീഗ് ലേലത്തില്‍ സിമ്രാന്‍ ഷെയ്ഖാണ് വിലയേറിയ താരമായത്. 1.90 കോടി രൂപയ്ക്ക് സിമ്രാനെ ഗുജറാത്ത് ജയന്റ്സ് വിളിച്ചെടുത്തു. വിന്‍ഡീസ് ഓള്‍റൗണ്ടര്‍ ദിയാന്ദ്ര ഡോട്ടിനെ 1.7 കോടി രൂപയ്ക്കും ഗുജറാത്ത് ജയന്റ്സ് സ്വന്തമാക്കി. 16-കാരിയായ തമിഴ്‌നാട്ടുകാരി ജി കമലിനിയെ 1.6 കോടി രൂപയ്ക്ക് മുംബൈ ഇന്ത്യന്‍സ് വിളിച്ചെടുത്തു. ജോഷിതയ്ക്ക് പുറമെ ആര്‍സിബി 1.2 കോടി രൂപയ്ക്ക് പ്രേമ റാവത്തിനെയും സ്വന്തമാക്കി.
ത്രിരാഷ്ട്രകപ്പിനുള്ള മത്സരത്തില്‍ ഇന്ത്യ എ ടീം അംഗമായിരുന്നു ജോഷിത. അതിലെ മികച്ച പ്രകനമാണ് താരത്തെ ഇന്ത്യയുടെ അണ്ടര്‍ 19 ടീമിലെത്തിച്ചത്. ഇന്ത്യ എ, ഇന്ത്യ ബി ടീമുകളും സൗത്ത് ആഫ്രിക്ക ടീമും തമ്മിലുള്ള മത്സരത്തില്‍ ഏഴുവിക്കറ്റെടുത്താണ് ഓള്‍റൗണ്ടറായ ജോഷിത തിളങ്ങിയത്.