മുഷ്താഖ് അലി ടൂര്‍ണമെന്റിലെ താരമായി രഹാനെ! റണ്‍വേട്ടയില്‍ ഒന്നാമന്‍, കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സിന് ലോട്ടറി

By Web Team  |  First Published Dec 15, 2024, 8:27 PM IST

രഹാനെയുടെ ഫോം പരിഗണിക്കുമ്പോള്‍ കൊല്‍ക്കത്തയ്ക്ക് ലഭിച്ചത് വന്‍ ലോട്ടറിയാണെന്ന് പറയാം.


ബെംഗളൂരു: സയ്യിദ് മുഷ്താഖ് അലി ടി20യില്‍ ഈ സീസണില്‍ ഏറ്റവും കൂടുതല്‍ റണ്‍സെടുത്ത താരമായി മുംബൈയുടെ അജിന്‍ക്യ രഹാനെ. എട്ട് ഇന്നിംഗ്‌സില്‍ നിന്ന് (9 മത്സരം) 469 റണ്‍സാണ് രഹാനെ അടിച്ചെടുത്തത്. 98 റണ്‍സാണ് ഉയര്‍ന്ന സ്‌കോര്‍. 164.56 സ്‌ട്രൈക്ക് റേറ്റും 58.62 ശരാശരിയും രഹാനെയ്ക്കുണ്ട്. അഞ്ച് അര്‍ധ സെഞ്ചുറികളും ഇതില്‍ ഉള്‍പ്പെടും. 19 സിക്‌സും 46 ഫോറും രഹാനെ നേടി. ടൂര്‍ണമെന്റിലെ താരവും രഹാനെ തന്നെ. ഐപിഎല്‍ താരലേലത്തില്‍ അടിസ്ഥാന വിലയായ 1.5 കോടിക്ക് രഹാനെയെ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ് സ്വന്തമാക്കിയിരുന്നു. 

രഹാനെയുടെ ഫോം പരിഗണിക്കുമ്പോള്‍ കൊല്‍ക്കത്തയ്ക്ക് ലഭിച്ചത് വന്‍ ലോട്ടറിയാണെന്ന് പറയാം. ഇതിനിടെ കൊല്‍ക്കത്തയെ നയിക്കാനും രഹാനെ എത്തുമെന്നുള്ള വാര്‍ത്തകള്‍ വന്നു. രഹാനെയെ നായകനാക്കുന്ന കാര്യത്തില്‍ കൊല്‍ക്കത്ത ടീം മാനേജ്മെന്റ് 90 ശതമാനവും തീരുമാനമെടുത്തുവെന്നാണ് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. അതേസമയം, റണ്‍വേട്ടയില്‍ മധ്യ പ്രദേശിന്റെ രജത് പടിധാറാണ് രണ്ടാമത്. ഒമ്പത് ഇന്നിംഗ്‌സില്‍ നിന്ന് താരം ആര്‍സിബി താരം കൂടിയായ പടിധാര്‍ അടിച്ചെടുത്തത് 428 റണ്‍സ്. 61.14 ശരാശരിയും 186.08 സ്‌ട്രൈക്ക് റേറ്റും രജത്തിനുണ്ട്. മുംബൈക്കെതിരെ ഫൈനലില്‍ പുറത്താവാതെ നേടിയ 81 റണ്‍സാണ് ഉയര്‍ന്ന സ്‌കോര്‍. 

Latest Videos

വാശിയോടെ മുഹമ്മദ് ഷമി, ലക്ഷ്യം ബോര്‍ഡര്‍-ഗവാസ്‌കര്‍ ട്രോഫി കളിക്കുക; വീണ്ടും ബംഗാള്‍ ടീമില്‍

ബിഹാറിന്റെ സാക്കിബുള്‍ ഗനിയാണ് (353) മൂന്നാമത്. മുംബൈയുടെ ശ്രേയസ് അയ്യര്‍ (345) നാലാം സ്ഥാനത്തായി. ബംഗാളിന്റെ കരണ്‍ ലാല്‍ (338), അഭിഷേക് പോറല്‍ (335) എന്നിവര്‍ ശ്രേയസിന് തൊട്ടിപിന്നില്‍. തിലക് വര്‍മ (327) ഏഴാം സ്ഥാനത്ത്. വിക്കറ്റ് വേട്ടയില്‍ ഛണ്ഡിഗഡിന്റെ ജഗ്ജിത് സിംഗാണ് (18) ഒന്നാമത്. മധ്യ പ്രദേശിന്റെ കുമാര്‍ കാര്‍ത്തികേയ (17) രണ്ടാം സ്ഥാനത്ത്. 15 വിക്കറ്റ് വീതം നേടിയ മുകേഷ് ചൗധരി, ഷാര്‍ദുല്‍ ഠാക്കൂര്‍ എന്നിവര്‍ മൂന്നും നാലും സ്ഥാനങ്ങളില്‍.

undefined

മധ്യ പ്രദേശിനിനെതിരെ അഞ്ച് വിക്കറ്റിനായിരുന്നു മുംബൈയുടെ ജയം. ബെംഗളൂരു, ചിന്നസ്വാമി സ്‌റ്റേഡിയത്തില്‍ 175 റണ്‍സ് വിജയലക്ഷ്യം മുംബൈ 17.5 ഓവറില്‍ അഞ്ച് വിക്കറ്റ് മാത്രം നഷ്ടത്തില്‍ ലക്ഷ്യം മറികടന്നു. സൂര്യകുമാര്‍ യാദവ് (48), അജിന്‍ക്യ രഹാനെ (37) എന്നിവരുടെ ഇന്നിംഗ്‌സുകളാണ് മുംബൈയുടെ വിജയത്തില്‍ അടിത്തറയിട്ടത്. എന്നാല്‍ സൂര്യന്‍ഷ് ഷെഡ്‌ജെ (15 പന്തില്‍ പുറത്താവാതെ 36) നടത്തിയ വെടിക്കെട്ടാണ് മുംബൈ വിജയത്തിലെത്താന്‍ സഹായിച്ചത്. നേരത്തെ ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനെത്തിയ മധ്യപ്രദേശിന് ക്യാപ്റ്റന്‍ രജത് പടിധാറിന്റെ (40 പന്തില്‍ പുറത്താവാതെ 81) ഇന്നിംഗ്‌സാണ് മധ്യപ്രദേശിന് മികച്ച സ്‌കോര്‍ സമ്മാനിച്ചത്.

click me!