ഗാന്ധിജിയോ അംബേദ്‍കറോ എന്ന ചര്‍ച്ച ഇനിയെങ്കിലും അവസാനിപ്പിക്കണം -എം എന്‍ കാരശ്ശേരി സംസാരിക്കുന്നു

ഒരു പ്രത്യയശാസ്ത്രം ഉണ്ടാക്കിയ ശേഷം പ്രവർത്തനം തുടങ്ങിയ ആൾ അല്ല ഗാന്ധിജി. മാർക്സ് അങ്ങനെയാണ്. എന്നാൽ, ഗാന്ധിജിയുടെ പ്രത്യയശാസ്ത്രമെന്നത് അദ്ദേഹത്തിന്റെ പ്രവർത്തനങ്ങളിലൂടെ പതുക്കെപ്പതുക്കെ ഉണ്ടായി വരുന്ന ഒന്നാണ്. 

Gandhijayanthi special interview with M N Karassery

ഇന്ന് ഗാന്ധിജയന്തി. ഈ ഗാന്ധിവിരുദ്ധതയുടെ കാലത്ത് ആരാണ് ഗാന്ധി എന്നതിനെക്കുറിച്ച്, അദ്ദേഹത്തിന്‍റെ ജീവിതത്തെയും വീക്ഷണങ്ങളെയും കുറിച്ച് എഴുത്തുകാരനും ഭാഷാപണ്ഡിതനും സാമൂഹിക നിരീക്ഷകനുമായ എം എന്‍ കാരശ്ശേരി സംസാരിക്കുന്നു. ബാബു രാമചന്ദ്രന്‍ നടത്തിയ അഭിമുഖം. 

Gandhijayanthi special interview with M N Karassery

ഗാന്ധിവിരുദ്ധതയ്ക്ക് ജനപ്രീതി ഏറിവരുന്ന ഒരു കാലഘട്ടത്തിലാണ് നമ്മൾ ഉള്ളത്. അത് ഗാന്ധിജിയിൽ സ്ത്രീ വിരുദ്ധത കണ്ടെത്തുന്ന അരുന്ധതി റോയ് ആയാലും, ഗാന്ധിജിയിൽ ഹൈന്ദവതയും, ദളിത് വിരുദ്ധതയും അന്വേഷിക്കുന്ന സണ്ണി എം കപിക്കാട് ആയാലും. ഇതേപ്പറ്റി അങ്ങേയ്ക്ക് എന്താണ് പറയാനുള്ളത് ? 

ഒരാൾ നന്നാണ് എന്ന് പറയുമ്പോൾ കിട്ടുന്നതിനേക്കാൾ പിന്തുണ ഒരാൾ ചീത്തയാണ് എന്ന് പറയുമ്പോൾ കിട്ടും. അങ്ങനെ പറയുമ്പോൾ, പറയുന്ന ആൾ മേലെയായല്ലോ. ഉദാ. വേണമെങ്കിൽ നമുക്ക് യേശുക്രിസ്തുവിന്റെ സകലനന്മകളെയും ഒരൊറ്റ പ്രസ്താവന കൊണ്ട് ഡിസ്മിസ് ചെയ്യാം, 'യേശുവിന്റെ പന്ത്രണ്ടു ശിഷ്യന്മാരും പുരുഷന്മാരായിരുന്നു' യേശുക്രിസ്തുവിന്റെ ജീവിതം എന്ന മഹത്തായ സംഭവത്തെ ഈ ഒരൊറ്റ ചോദ്യം കൊണ്ട് നിങ്ങൾ ഡിസ്മിസ് ചെയ്തു കഴിഞ്ഞു. അരുന്ധതി റോയിയെപ്പോലുള്ളവർ ചേർന്ന് ചെയ്യുന്നത് വലിയ അന്യായമാണ്. ഇന്നത്തെ ഹിന്ദുത്വരാഷ്ട്രീയത്തിന്റെ ഏറ്റവും വലിയ ശത്രു ഗാന്ധിയാണ്. അതുകൊണ്ടാണവർ 1948 -ൽ അദ്ദേഹത്തെ വെടിവെച്ചു കൊന്നുകളഞ്ഞത്. ഗാന്ധിജിയെ വെടിവെച്ചുകൊന്നത് ഒരു അന്യമതസ്ഥനോ മതരഹിതനോ യുക്തിവാദിയോ കമ്യൂണിസ്റ്റുകാരനോ ഒന്നുമല്ല. ഒരു ഹിന്ദുരാഷ്ട്ര വാദിയാണ്. ഗാന്ധിജി വിമർശനങ്ങൾക്ക് അതീതനാണ് എന്ന് വിചാരിക്കുന്ന ഒരാളല്ല ഞാൻ. ഗാന്ധിജി വിമർശിക്കപ്പെടട്ടെ. അരുന്ധതി റോയി വിമർശിക്കട്ടെ, സണ്ണി കപിക്കാട് വിമർശിക്കട്ടെ. ജീവിച്ചിരുന്ന കാലത്ത് വിമർശനത്തെ സ്വാഗതം ചെയ്തയാളാണ് ഗാന്ധിജി. അദ്ദേഹത്തിൽ പ്രസക്തമായ കാര്യങ്ങളുണ്ടല്ലോ. അത് പറഞ്ഞിട്ട് വിമർശിച്ചോട്ടെ.

ഉദാ. ആയുധമെടുത്തിട്ട് ഒരു പ്രശ്നത്തിനും പരിഹാരമുണ്ടാക്കാനാവില്ല എന്ന് പറഞ്ഞത് ഗാന്ധിജിയാണ്. ഇതൊരു അടിസ്ഥാന നിലപാടാണ്. ഇതദ്ദേഹത്തിന്റെ രീതിശാസ്ത്ര (methodology)മാണ്. ഗാന്ധിജിയിൽ പ്രത്യയശാസ്ത്രത്തേക്കാൾ പ്രധാനമാണ് രീതിശാസ്ത്രം. പ്രത്യയശാസ്ത്രം ഏതുതന്നെയായാലും അതിനുപയോഗിക്കുന്ന മാർഗം നിരായുധമാകണം, സായുധ സമരം പറ്റില്ല എന്ന് ഗാന്ധിജിക്കൊരു നിലപാടുണ്ട്. ഈ നിലപാടുകാരനാണ് റാം മനോഹർ ലോഹ്യ. ഇതേ നിലപാടുകാരനാണ് അംബേദ്‍കർ. ഗാന്ധിയിൽ ഏറ്റവും പ്രധാനം അദ്ദേഹത്തിന്റെ ഈ രീതിശാസ്ത്രമാണ്. ബാക്കിയുള്ളതൊക്കെ വിമർശിക്കാം, എന്നിരുന്നാലും, എന്ത് പ്രശ്നമുണ്ടായാലും അതിനുള്ള പരിഹാരം സായുധമായുള്ള സമരങ്ങളാവരുത് എന്ന അടിസ്ഥാനമായ രീതിശാസ്ത്രത്തെ അടിയുറച്ചു വിശ്വസിച്ചിരുന്ന ഒരാളാണ് ഗാന്ധിജി. അത് ഗാന്ധി കണ്ടുപിടിച്ച ഒരു കാര്യമല്ല. ക്രിസ്തു പറഞ്ഞിരുന്നതും അതുതന്നെയാണ്. രണ്ടായിരം കൊല്ലം മുമ്പ്. അതിനും അഞ്ഞൂറ് കൊല്ലം മുമ്പ് ബുദ്ധനും അതുതന്നെ പറഞ്ഞു. അന്നൊക്കെ രാജാധിപത്യത്തിന്റെ കാലമാണ്. ജനാധിപത്യത്തിന്റെ കാലത്തും അത്തരം ഒരു നിലപാട് സാധ്യമാണ് എന്ന് തെളിയിച്ചതാണ് ഗാന്ധിജിയുടെ സംഭാവന. 

ഇക്കാലത്തെ പല ചർച്ചകളും നീങ്ങുന്നത് ഗാന്ധിജിയാണോ പ്രസക്തം അതോ അംബേദ്‍കർ ആണോ എന്ന രീതിയിലാണ്. ഗാന്ധിയെക്കാൾ ആഘോഷിക്കപ്പെടേണ്ടയാൾ അംബേദ്‌കറല്ലേ? അദ്ദേഹമല്ലേ നമ്മൾ ഇന്ന് അനുഭവിക്കുന്ന അവകാശങ്ങളൊക്കെ ഭരണഘടനയിൽ എഴുതിച്ചേർത്തത്..? 

ഒരല്പം അതിശയോക്തി കലർത്തി പറഞ്ഞാൽ അംബേദ്‍കർ ഒരു ഗാന്ധിയനാണ്. ഉദാ. അഹിംസാവാദത്തിൽ രണ്ടുപേരും തുല്യരാണ്. മാത്രമല്ല, മതം വേണ്ട എന്നല്ല ഈ രണ്ടുപേരുടെയും അഭിപ്രായം, മതം വേണം എന്നാണ്. അംബേദ്‍കർ, "ഞാൻ ഹിന്ദുവായിട്ട് ജനിച്ചു, പക്ഷേ ഹിന്ദുവായിട്ട് മരിക്കില്ല എന്നുപറഞ്ഞു. അതേ അംബേദ്‍കർ, 1956 -ൽ ഏഴുലക്ഷത്തോളം അനുയായികളെയും കൂട്ടി അദ്ദേഹം ബുദ്ധമതം സ്വീകരിച്ചു. അപ്പോൾ അംബേദ്‍കറിന് മതം വേണം. ഗാന്ധിജിയെ സംബന്ധിച്ചിടത്തോളം ബുദ്ധമതം വേറൊരു മതമല്ല. ഹിന്ദുമതത്തിന്റെ പരിഷ്കൃതമായ ഒരു രൂപം മാത്രം. അദ്ദേഹം ബുദ്ധനെ അനുകൂലിക്കുന്ന ആളാണ്. ഗാന്ധി ഒരർത്ഥത്തിൽ ബുദ്ധന്റെ ഒരു അനുയായി തന്നെയാണ്, ബുദ്ധമതം വേറൊരു മതമാണ് എന്നദ്ദേഹം കരുതുന്നില്ല എന്നുമാത്രം. 

Gandhijayanthi special interview with M N Karassery

മാത്രവുമല്ല, ഗാന്ധിജിയോട് വ്യക്തിപരമായി ഏറെ ബഹുമാനം കാത്തുസൂക്ഷിക്കുന്ന ഒരാളാണ് അംബേദ്‍കർ. ആദ്യഭാര്യ മരിച്ചുപോയശേഷം അദ്ദേഹം രണ്ടാമതൊരു വിവാഹം കഴിക്കുമ്പോൾ, അന്ന് ഗാന്ധി ജീവനോടില്ല. അദ്ദേഹം അന്ന് ഗാന്ധിജിയുടെ സെക്രട്ടറിയായിരുന്ന പ്യാരേലാലിനോട് പറഞ്ഞിരുന്നത്, "ഗാന്ധിജി ജീവനോടെ ഉണ്ടായിരുന്നെങ്കിൽ അദ്ദേഹത്തിന്റെ കാർമ്മികത്വത്തിൽ ഞാൻ എന്റെ വിവാഹം നടത്തിയിരുന്നേനെ" എന്നായിരുന്നു. നെഹ്രുവിന്റെ മിനിസ്ട്രിയിൽ അംബേദ്കറെ നിയമമന്ത്രിയാക്കണം എന്നാണ് ഗാന്ധിജി വാദിച്ചിരുന്നത്. ഗാന്ധിജിയെ അങ്ങേയറ്റം വിമർശിച്ചിരുന്ന ഒരാളായിരുന്നു അംബേദ്‍കർ. തിരിച്ച് അംബേഡ്കറിനെയും ഏറെ വിമർശിച്ചിരുന്നു ഗാന്ധിജി. എന്നാൽ അതിനിശിതമായി വിമർശിച്ചുകൊണ്ട് ലേഖനങ്ങൾ എഴുതിയിരുന്നപ്പോഴും അംബേദ്‍കർ  'ഗാന്ധിജി' എന്നാണ് പേരെഴുതിയിരുന്നത്. തീർച്ചയായും ഗാന്ധി വിമർശിക്കപ്പെടണം ആരും വിമർശനാതീതരല്ല. അതിനർത്ഥം അവർക്ക് ഒരു യോഗ്യതയുമില്ല എന്നാണ്. 

ജാതി സാമൂഹിക സ്ഥാപനമല്ല. വ്യക്തിയുടെ ധാർമികമായ വീഴ്ച മാത്രം എന്ന് കണ്ടു. ജാതീയ വിവേചനങ്ങൾ സവർണ്ണൻ ധാർമ്മികമായി പരിഹരിക്കേണ്ട ഒന്നായി ഗാന്ധി കണ്ടു. ഇത് ജാതി എന്ന യാഥാർഥ്യത്തെ ഇല്ലാതാക്കണം എന്ന ആവശ്യത്തിലേക്ക് ഗാന്ധി വരുന്നില്ല. ഗാന്ധി വർണ്ണത്തെ അംഗീകരിച്ചിരുന്നു. വർണത്തെ നിരാകരിക്കാൻ ഒരു ഹിന്ദുവിന് ആവില്ല എന്ന് ഗാന്ധി പറഞ്ഞിരുന്നു. ഇതാണ് ഗാന്ധിജിയെപ്പറ്റിയുള്ള ഒരു പ്രധാന ദളിത്പക്ഷ വിമർശനം. എന്തുപറയുന്നു? 

ഗാന്ധി പിറന്നു വീണത് പോർബന്ദറിലെ പ്രധാനമന്ത്രി കരംചന്ദ് ഗാന്ധിയുടെ മകനായിട്ടാണ്. അദ്ദേഹം സമ്പത്തും ജാതിയുടെ കോയ്മയുമുള്ള വൈശ്യകുലത്തിൽ ജനിച്ചവനാണ്. പ്രധാനമന്ത്രിയുടെ മകൻ എന്നുപറഞ്ഞാൽ, അതിനു മുകളിലായി അവിടെ ഇനി രാജകുമാരൻ മാത്രമേ ഉള്ളൂ. അപ്പോൾ ഗാന്ധിജിക്ക് ജാതിവിവേചനത്തിന്റേതായ നേരനുഭവങ്ങൾ ഇല്ല. അതേ സമയം ജാതിയുടേതായ എല്ലാ വിവേചനങ്ങളും അനുഭവിച്ചുകൊണ്ട് മഹഡ് ജാതിയിലാണ് അംബേദ്‍കർ പിറന്നു വീഴുന്നത്. അതുകൊണ്ടുതന്നെ ജാതിയെപ്പറ്റി നമ്മൾ ഗാന്ധിജി പറയുന്നതിനേക്കാൾ കാതോർക്കേണ്ടത് അംബേദ്‍കർ പറയുന്നതിനോടാണ്. യാതൊരു സംശയവും വേണ്ട. 

ജാതിക്ക് മതവുമായി ബന്ധമില്ല. ജാതി ഒരു ആചാരമാണ്. ഉറവിടം അറിയില്ല. എന്റെ 'ആധ്യാത്മിക ക്ഷുത്ത്' അടക്കാൻ അതറിയേണ്ട ആവശ്യമില്ല. ആരോടെങ്കിലും എനിക്കുത്തരവാദിത്തമുണ്ടെങ്കിൽ അത് ആത്മാവിന്റെ വിളിയോട് മാത്രമാണ് എന്നൊക്കെ ഗാന്ധിജി പറഞ്ഞിട്ടുണ്ട് എന്ന് ഗാന്ധിവിമർശകർ പലരും പറയുന്നുണ്ട്. ജാതിയെപ്പറ്റിയുള്ള ഗാന്ധിജിയുടെ നിരീക്ഷണങ്ങൾ എത്രകണ്ട് ശരിയാണ്?

അയിത്തമില്ലാതെയായാൽ ജാതി ഇല്ലാതെയാകും എന്നായിരുന്നു ഗാന്ധിജിയുടെ തെറ്റിദ്ധാരണ. അത് സത്യമല്ല. അയിത്തം ഇല്ലാതെയായതുകൊണ്ട് ജാതീയത ഇല്ലാതെയാകുന്നില്ല. ഉദാ. നമ്മുടെ കേരളസമൂഹത്തിൽ പ്രത്യക്ഷത്തിൽ അയിത്തോച്ചാടനം എന്നേ സംഭവിച്ചു കഴിഞ്ഞു. ഹോട്ടലിലോ, അമ്പലത്തിലോ, ആശുപത്രിയിലോ ഒന്നും ആരും ആരെയും മാറ്റിനിർത്തുന്നില്ലലോ. എന്നിട്ട്, ഇവിടെ ആളുകളുടെ മനസ്സിൽ ജാതിയില്ലേ..? അവിടെയാണ് ഗാന്ധിജിക്ക് തെറ്റിയത്. ജാതി എന്താണ് എന്നത് സാമ്പത്തികമായും സാമൂഹികമായും വ്യക്തിപരമായും എല്ലാ നിലയ്ക്കും അറിഞ്ഞയാളാണ് അംബേദ്‍കർ. ചെറിയ ആളല്ല അദ്ദേഹം. ഭരണഘടനാ ഡ്രാഫ്റ്റിംഗ് കമ്മിറ്റിയുടെ ചെയർമാനായിരുന്നു. നമ്മളിന്ന് അനുഭവിക്കുന്ന മതേതരജനാധിപത്യത്തിന് നമ്മൾ ഗാന്ധിയോടും, അംബേദ്‍കറോടും ആസാദിനോടും ഒക്കെ കടപ്പെട്ടിരിക്കുന്നുണ്ട്. അതുകൊണ്ട്, നമ്മൾ ഇന്ന് കൈക്കൊള്ളേണ്ട നിലപാട് ഗാന്ധിജിയോ അംബേദ്‍കറോ എന്നതാവരുത്, ഗാന്ധിജിയും അംബേദ്കറും എന്നതാവണം. അവിടെയാണ് സണ്ണി എം കപിക്കാടിനോട് ഞാൻ വിയോജിക്കുന്നത്. 

ജാതി എന്താണ് എന്ന് അനുഭവിച്ചറിഞ്ഞ ആൾക്കേ മനസ്സിലാവുകയുള്ളൂ. അത് ഹിന്ദു സമൂഹത്തിന്റെ ഒരു ജീർണതയാണ്. അതിന്റെ അടിസ്ഥനം വർണവ്യവസ്ഥയാണ് എന്നത് ഒരു യാഥാർഥ്യമാണ്. ആ വർണവ്യവസ്ഥയെ ഗാന്ധിജി തള്ളിപ്പറഞ്ഞിട്ടില്ല. അവിടെയാണ് പ്രശ്നം. അന്ന് അംബേദ്‍കർ വളരെ ബുദ്ധിപൂർവം ഗാന്ധിജിയോട് ഒരു ചോദ്യം ചോദിക്കുന്നുണ്ട്, "വർണവ്യവസ്ഥ പ്രകാരം അങ്ങൊരു വൈശ്യനാണ്. വൈശ്യന്റെ കുലത്തൊഴിൽ വ്യാപാരവും കൃഷിയുമല്ലേ..? അങ്ങയുടെ അച്ഛനെങ്ങനെ പ്രധാനമന്ത്രിയാകും..? അങ്ങ് എങ്ങനെ രാഷ്ട്രീയത്തിലിറങ്ങും.'' ഗാന്ധിജിയിൽ സ്വീകരിക്കാൻ ഏറെയുണ്ട്. തള്ളിക്കളയാൻ ഏറെയുണ്ട്. അതുകൊണ്ട് തള്ളേണ്ടത് തള്ളുക. ഉൾക്കൊള്ളേണ്ടത് ഉൾക്കൊള്ളുക. ഗാന്ധി വിമർശനത്തിൽ അംബേദ്‍കറിൽ നിന്ന് എടുക്കാനുള്ളതൊക്കെ എടുക്കുക, നമുക്ക് രണ്ടുപേരെയും ആവശ്യമുണ്ട്. മറ്റൊരു ഉദാഹരണം പറഞ്ഞാൽ, മാർക്സിസത്തെ രണ്ടുപേരും തള്ളിക്കളഞ്ഞു. അവർ തമ്മിൽ ഏറെ സമാനതകൾ ഉണ്ട്. 

യുവതലമുറയ്ക്കിടയിൽ ഗാന്ധിജിയെപ്പറ്റിയുള്ള മറ്റൊരു പ്രധാന വിമർശനം, ഇന്നത്തെക്കാലത്ത് ഗാന്ധിയൻ ആദർശങ്ങൾ അപ്രായോഗികമാണ് എന്നതാണ്. അതേപ്പറ്റി എന്താണ് അഭിപ്രായം? 

അവരിൽ മിക്കവാറും ഇതൊന്നും തന്നെ വായിച്ചു നോക്കിയിട്ടുള്ളവരല്ല. പഠിക്കാൻ അവർ ശ്രമിച്ചുകാണില്ല. ഗാന്ധിജിയെ തള്ളിക്കളയാൻ ശ്രമിച്ച ഒരു കൂട്ടർ കമ്യൂണിസ്റ്റുകാർ ആണ്. ഇ എം എസ് നമ്പൂതിരിപ്പാട് 1957 -ൽ എഴുതിയ 'ഗാന്ധിയും ഗാന്ധിസവും' എന്ന പുസ്തകമാണ് കേരളത്തിലെ ഗാന്ധിവിരോധത്തിന്റെ അടിത്തറ. കേരളത്തിലെയും ബംഗാളിലെയും നക്‌സലൈറ്റുകൾ അവരുടെ പ്രവർത്തനങ്ങൾ ആരംഭിക്കുന്നത് ഗാന്ധിപ്രതിമയുടെ തല അറുത്തുകൊണ്ടാണ്. ഈയടുത്ത് സംഘ്പരിവാറിലെ ഒരു വനിതാ നേതാവ് ഗാന്ധിയുടെ രൂപമുണ്ടാക്കി അതിലേക്ക് പ്രതീകാത്മകമായി വെടിവെച്ചു എന്ന് പരാതിപ്പെടുന്നുണ്ട് പലരും. അതിലും വലിയ അക്രമം പ്രവർത്തിച്ചുകൊണ്ടാണ് ഇവിടെ നക്സലൈറ്റുകളുടെ പ്രവർത്തനം തന്നെ തുടങ്ങുന്നത്. 

ഗാന്ധിജിക്ക് കറുത്തവർഗക്കാരെ ഇഷ്ടമല്ലായിരുന്നു. അവരെ ഗാന്ധി 'Kaffir' എന്ന് വിളിച്ചിരുന്നു. ഗാന്ധിജിയുടെ ദക്ഷിണാഫ്രിക്കയിലെ ഒരു സമരം അവിടത്തെ പോസ്റ്റോഫീസുകളിൽ മൂന്നാമത് ഒരു വാതിൽ ഉണ്ടാക്കാൻ വേണ്ടി ആയിരുന്നു. ഇന്ത്യക്കാർക്ക് കറുത്തവർഗക്കാർ ഉപയോഗിക്കുന്ന വാതിൽ ഉപയോഗിക്കേണ്ടി വരരുത്. ഇന്ത്യൻ ബിസിനസുകാരുടെ അവകാശങ്ങൾക്കുവേണ്ടിയായിരുന്നു പോരാട്ടങ്ങൾ. അവിടത്തെ സാധാരണക്കാരായ തൊഴിലാളികൾക്ക് വേണ്ടി ആയിരുന്നില്ല. എന്ന് അരുന്ധതി റോയ് പറയുന്നുണ്ടല്ലോ.. അതിനെക്കുറിച്ചു എന്താണ് അഭിപ്രായം..? 

കറുത്തവരോട് അങ്ങേയറ്റത്തെ അന്യായം കാണിച്ചു ഗാന്ധിജി എന്ന് അരുന്ധതി റോയ് ആക്ഷേപം പറയുന്നുണ്ട്. ഒരു പ്രത്യയശാസ്ത്രം ഉണ്ടാക്കിയ ശേഷം പ്രവർത്തനം തുടങ്ങിയ ആൾ അല്ല ഗാന്ധിജി. മാർക്സ് അങ്ങനെയാണ്. എന്നാൽ, ഗാന്ധിജിയുടെ പ്രത്യയശാസ്ത്രമെന്നത് അദ്ദേഹത്തിന്റെ പ്രവർത്തനങ്ങളിലൂടെ പതുക്കെപ്പതുക്കെ ഉണ്ടായി വരുന്ന ഒന്നാണ്. ഗാന്ധി ആദ്യകാലത്ത് കറുത്തവർഗക്കാരെ അവഗണിക്കുന്നുണ്ട്. ഗാന്ധിജിയുടെ ആത്മകഥയിൽ നീഗ്രോ എന്ന പിൽക്കാലത്ത് അപലപനീയമായ പദം ആകെ രണ്ടിടത്താണ് ഉപയോഗിക്കപ്പെടുന്നത്. അദ്ദേഹം പിന്നെയും ഏറെക്കാലം ജീവിച്ചിരുന്നു. തനിക്ക് തെറ്റുകൾ പറ്റുമ്പോഴൊക്കെ അദ്ദേഹം അത് സമ്മതിച്ചിരുന്നു, തെറ്റുപറ്റി എന്ന് ഏറ്റുപറഞ്ഞിരുന്നു. എന്റെ 'ഹിമാലയൻ അബദ്ധം' എന്നാണ് ഗാന്ധിജി ഒരിക്കൽ പറഞ്ഞത്. ഇന്ന് പലരും എടുത്തുപയോഗിക്കുന ആ പ്രയോഗത്തിന്റെ സ്രഷ്ടാവ് ഗാന്ധിജിയാണ്. തെറ്റുകൾ സമ്മതിക്കാൻ ഒരു മടിയുമില്ല അദ്ദേഹത്തിന്. ഇന്ന് അങ്ങനെയാണോ..? ഒരു രാഷ്ട്രീയ നേതാവ് കോടതിയിലെ ജഡ്ജിയെ 'ശുംഭൻ' എന്ന് വിളിക്കുന്നു ആദ്യം. പിന്നെ നടപടി നേരിടും എന്നായപ്പോൾ നിഘണ്ടു തുറന്ന് 'ശുംഭൻ' എന്ന വാക്കിന് 'പ്രകാശം പരത്തുന്നവൻ എന്നൊരർത്ഥം' കൂടിയുണ്ട്, ഞാൻ അതാനുദ്ദേശിച്ചത് എന്നൊരു തൊടുന്യായം പറയുന്നു. 

ഗാന്ധിജി അക്കാലത്ത് 'ഖിലാഫത്ത്' പ്രസ്ഥാനത്തിനെ പിന്തുണച്ചിരുന്നു. ആ നയം തെറ്റാണ് എന്ന് അംബേദ്‍കറിന് അഭിപ്രായമുണ്ടായിരുന്നു, നെഹ്‌റുവിന് അഭിപ്രായമുണ്ടായിരുന്നു, പട്ടേലിനും അതേ അഭിപ്രായം തന്നെ ആയിരുന്നു. എന്തിന്, മുഹമ്മദലി ജിന്ന പോലും അതിന് എതിരായിരുന്നു.കാരണം ബ്രിട്ടീഷ് വിരുദ്ധമായി ആരംഭിച്ച്, ജന്മിവിരുദ്ധമായി പടർന്ന്, ചിലയിടങ്ങളിൽ വിശിഷ്യാ മലബാറിൽ ഹിന്ദുവിരുദ്ധമായി പരിണമിച്ച ഒരു സമരമായിരുന്നു അത്. ആ അർത്ഥത്തിൽ അതൊരു ജനാധിപത്യവിരുദ്ധസമരമായിരുന്നു. രാജാധിപത്യത്തിനെയും മതാധിപത്യത്തിനെയും പിന്തുണയ്ക്കുന്ന ഒന്ന്. അതിനെ ഗാന്ധിജി പിന്തുണച്ചത് തെറ്റുതന്നെയായിരുന്നു. 

ഗാന്ധിജിയുടെ ഈ സമര പരീക്ഷണങ്ങൾക്ക് പകരം സായുധമായി സംഘടിച്ച് ബ്രിട്ടീഷുകാരെ നേരിട്ടിരുന്നു എങ്കിൽ രണ്ടു നൂറ്റാണ്ട് വൈകില്ലായിരുന്നു സ്വാതന്ത്ര്യം. ഒന്നാം സ്വാതന്ത്ര്യ സമരത്തിന് തുടർച്ചകൾ ഉണ്ടായേനെ. ഇന്ത്യയുടെ സമ്പത്ത് മുഴുവൻ ബ്രിട്ടീഷുകാർ കൊള്ളയടിക്കില്ലായിരുന്നു. ഇന്ത്യ കൂടുതൽ ശക്തമായിരുന്നേനെ ഇന്ന് എന്ന് തോന്നുന്നുണ്ടോ..?

രണ്ടാം ലോകമഹായുദ്ധകാലത്ത് ജപ്പാൻ സായുധമായി മോചിപ്പിച്ചെടുത്ത ഒരു ദ്വീപാണ് ആൻഡമാൻ നിക്കോബാർ. ഞാനവിടെ രണ്ടുതവണ പോയിട്ടുണ്ട്. ആയുധങ്ങൾ കൊണ്ട് നേടിയതൊന്നും നിലനിന്നിട്ടില്ല. 1933 -ൽ ഹിറ്റ്‌ലർ പറഞ്ഞത് ആയിരം കൊല്ലത്തേക്കുള്ള ഭരണമാണ് നമ്മൾ തുടങ്ങാൻ പോവുന്നത് എന്നായിരുന്നു. വെറും 12 കൊല്ലം കൊണ്ട് ഹിറ്റ്ലർക്ക് ആത്മഹത്യ ചെയ്യേണ്ടിവന്നു. 1917 -ലാണ് റഷ്യൻ വിപ്ലവം. 1991 -ൽ സോവിയറ്റ് യൂണിയൻ തകർന്നടിഞ്ഞു. 1949 -ലായിരുന്നു ചൈനീസ് വിപ്ലവം. സായുധമായിരുന്നു അതും. ഇപ്പോൾ അവിടെ കമ്യൂണിസത്തിന്റെ ഒരു തരിയെങ്കിലും ബാക്കിയുണ്ടോ..? ബുദ്ധൻ ബാക്കിയായി, കാരണം അദ്ദേഹം ആയുധമെടുത്തില്ല. ക്രിസ്തു ബാക്കിയായി, കാരണം അദ്ദേഹവും ആയുധം എടുത്തിട്ടില്ല. ക്രിസ്തുവിനെ രാജാവാക്കാം എന്ന് പറഞ്ഞതാണ് അപ്പോൾ അദ്ദേഹം പറഞ്ഞത് എനിക്ക് നിങ്ങളുടെ രാജാവൊന്നും ആകേണ്ട, ഞാൻ മറ്റൊരു ലോകത്തെ രാജാവാണ് എന്നാണ്. ബുദ്ധനാകട്ടെ രാജസിംഹാസനങ്ങൾ ഉപേക്ഷിച്ചിറങ്ങിപ്പോന്നയാളാണ്. 

മഹാത്മാഗാന്ധിയെ ബ്രിട്ടനിലെ ഇന്നർ ടെംപിളിൽ അയച്ച് ബാരിസ്റ്റാറാകാൻ പഠിപ്പിച്ചത് കാബാ ഗാന്ധിയുടെ കാലശേഷം രാജാവിന്റെ ദിവാനാകാൻ വേണ്ടിത്തന്നെയായിരുന്നു. എന്നാൽ ഗാന്ധിജി രാജഭരണത്തിനെ എതിർത്തിരുന്ന ഒരാളായിരുന്നു. ഗാന്ധി സ്വന്തം അച്ഛനെപ്പറ്റി എഴുതുന്നുണ്ട്, "അച്ഛൻ രാജാവിന്റെ ദിവാനായിരുന്നു.." അടുത്ത വരി എന്തെന്നെറിയാമോ..? " ദാസനും." അടുത്ത വരി, "രാജാവിന് അച്ഛനോടുള്ള സ്നേഹം, അദ്ദേഹത്തിന്റെ ദാസ്യം വർധിപ്പിച്ചിട്ടേയുള്ളൂ..." എന്ന്. ആ ദിവാന്റെ അധികാരസ്ഥാനം വേണ്ടെന്നുവെച്ചിട്ടാണ് ഗാന്ധിജി ജനങ്ങൾക്കുവേണ്ടി പ്രവർത്തിക്കാൻ ഇറങ്ങിയത്. 

Gandhijayanthi special interview with M N Karassery

പറഞ്ഞുവന്നത്, ആയുധം കൊണ്ട് ഒന്നും നേടാനാകില്ല, അഥവാ അങ്ങനെ നേടുന്നതൊന്നും തന്നെ നിലനിൽക്കുന്നതല്ല. ഗാന്ധിജിയെ കൊള്ളാൻ ഗോഡ്‌സെ ആദ്യം ചെന്നപ്പോൾ ഗാന്ധിജി അദ്ദേഹത്തെ ചർച്ചയ്ക്ക് ക്ഷണിക്കുകയാണ് ചെയ്തത്. അക്രമങ്ങൾ മുമ്പും ഗാന്ധിക്കെതിരെ ഉണ്ടായിട്ടുണ്ട്. ദക്ഷിണാഫ്രിക്കയിൽ വെച്ച്, ബ്രിട്ടീഷുകാരിൽ നിന്ന് പണം പറ്റി, ഒരാൾ ഗാന്ധിജിയെ കല്ലുകൊണ്ട് അടിച്ച് അദ്ദേഹം ബോധം കേട്ട് വീണുപോകുന്നുണ്ട്. ഗാന്ധി ബ്രിട്ടീഷുകാരുടെ ഏജന്റാണ് എന്ന് കമ്യൂണിസ്റ്റുകാർ പറഞ്ഞില്ലേ..? ഇന്ത്യക്ക് സ്വാതന്ത്ര്യം കിട്ടിയിട്ടില്ല എന്ന് അവർ പറഞ്ഞില്ലേ..? ഇന്ത്യൻ മുഴുവൻ സ്വാതന്ത്ര്യദിനം ആഘോഷിച്ചപ്പോൾ അവർ കരിദിനം ആഘോഷിച്ചില്ലേ..? ആറേഴുകൊല്ലം കഴിഞ്ഞ് ക്രൂഷ്ചേവ് ഇവിടെ വന്ന നെഹ്‌റുവിനെ കെട്ടിപ്പിടിച്ചപ്പോഴാണ് അവർക്ക് ഇന്ത്യക്ക് സ്വാതന്ത്ര്യം കിട്ടി എന്നത് ബോധ്യപ്പെട്ടത്. 

ഗാന്ധിക്കും നേതാജിക്കും ഇടയിൽ തികഞ്ഞ ബഹുമാനമുണ്ടായിരുന്നു. അംബേദ്‍കറിനും ഗാന്ധിക്കുമിടയിലും അങ്ങനെ തന്നെ. അതുകൊണ്ട് അംബേദ്‍കറോ ഗാന്ധിയോ എന്ന ദിശയിലേക്ക് ചർച്ചകൾ നീളാതെ, ഗാന്ധിയിൽ നിന്ന് അംബേദ്‍കറിലേക്ക് എന്തൊക്കെ എടുക്കാം, അംബേദ്‍കറിൽ നിന്ന് ഗാന്ധിയിലേക്ക് എന്തൊക്കെ എടുക്കാം എന്ന് ആലോചിക്കണം. അതാണ് ഇനിയുള്ള കാലം നമ്മൾ ചെയ്യേണ്ടത്. 

 

മോഹൻ ദാസിൽ നിന്നും മഹാത്മയിലേക്കുള്ള വളര്‍ച്ചയും, ജീവിതസമരങ്ങളും
ഗാന്ധിയെന്ന മനുഷ്യന്‍, അദ്ദേഹത്തിന്‍റെ ബ്രഹ്മചര്യപരീക്ഷണങ്ങള്‍; വിവാദവും യാഥാര്‍ത്ഥ്യവും
ഗാന്ധിവധത്തിന്റെ അറിയാക്കഥകൾ, മഹാത്മാവിനു നേരെ വെടിയുതിർത്ത തോക്കിന്റെ ഉടമയാര്?
കോട്ടും സ്യൂട്ടുമിട്ട ബാരിസ്റ്റർ മോഹൻദാസിൽ നിന്ന് അർദ്ധനഗ്നനായ ഫക്കീറിലേക്കുള്ള പരിവർത്തനം

Latest Videos
Follow Us:
Download App:
  • android
  • ios