Asianet News MalayalamAsianet News Malayalam

സീതാറാം യെച്ചൂരി: രാഷ്ട്രീയത്തിൽ ‘പെർഫക്ഷനിസ്റ്റു'കളെയല്ല വേണ്ടതെന്ന് തെളിയിച്ച കമ്യൂണിസ്റ്റ്

രാഷ്ട്രീയത്തില്‍ പെർഫക്ഷനിസ്റ്റുകളല്ല വേണ്ടതെന്ന് ജീവിതം കൊണ്ട് തെളിയിച്ച് കമ്മ്യൂണിസ്റ്റുകാരന്‍. രാഷ്ട്രീയ എതിരാളികളെ പോലും തന്‍റെ സിഗരറ്റ് വലിക്കമ്പനിയാക്കിയ, ഭക്ഷണപ്രിയനായ സാധാരണക്കാരന്‍. സീതാറാം യെച്ചൂരിയുടെ മറ്റൊരു ജീവിതം കാട്ടിത്തരുന്നു ഏഷ്യാനെറ്റ് ന്യൂസ് സീനിയർ അസോഷ്യേറ്റ് എഡിറ്റർ പ്രശാന്ത് രഘുവംശം.
 

Sitaram Yechury Communists who have proved that they don't need perfectionists in politics
Author
First Published Sep 13, 2024, 4:25 PM IST | Last Updated Sep 13, 2024, 6:26 PM IST

ണ്ടായിരത്തി പതിനാലിൽ നരേന്ദ്ര മോദി അധികാരത്തിൽ വന്നതിന് ശേഷം രാജ്യസഭ സംഘർഷഭരിതമായ ഒരു ദിവസം. വൻ ഏറ്റുമുട്ടലാണ് സഭയിൽ നടക്കുന്നത്. ഗുലാംനബി ആസാദാണ് പ്രതിപക്ഷ നേതാവെങ്കിലും ആ റോൾ സഭയിൽ പലപ്പോഴും നിർവഹിച്ചത് സീതാറാം യെച്ചൂരിയാണ്. യെച്ചൂരി എണീക്കുമ്പോൾ എണ്ണത്തിൽ കുറവുള്ള പാർട്ടിയുടെ നേതാവായി അവഗണിക്കാൻ ആർക്കും കഴിയുമായിരുന്നില്ല. പാർട്ടിയുടെ സംഖ്യയല്ല യെച്ചൂരിയുടെ തലയെടുപ്പ് നിശ്ചയിച്ചത്. നരേന്ദ്ര മോദിയുടെ പല നീക്കങ്ങളും രാജ്യസഭയിൽ ചെറുത്തു നിർത്താൻ യെച്ചൂരിയാണ് രാഷ്ട്രീയവും സഭാ ചട്ടങ്ങളും കൂട്ടിച്ചേർത്തുള്ള പോരാട്ടത്തിന് നേതൃത്വം നൽകിയിരുന്നത്.

യെച്ചൂരിയുടെ വാദങ്ങളെ ശക്തമായി ഖണ്ഡിച്ചിരുന്നത് അരുൺ ജെയ്റ്റ്‌ലിയായിരുന്നു.നിയമവശങ്ങളിലെ അവഗാഹവുമായി കരുക്കൾ നീക്കുന്ന ജെയ്റ്റ്‌ലിക്കും എന്നാൽ യെച്ചൂരിയുടെ മന:സാന്നിധ്യം എളുപ്പം മറികടക്കാൻ കഴിയാത്ത കോട്ടയായിരുന്നു. ഒരു ദിവസം ഈ വാദപ്രതിവാദം വൻ വഴക്കിലേക്ക് എത്തി. യെച്ചൂരിയോട് കയർത്ത് സഹമന്ത്രിമാരായ മുക്താർ അബ്ബാസ് നഖ്‌വിയും കിരൺ റിജിജുവും എഴുന്നേറ്റു. അങ്ങോട്ടും ഇങ്ങോട്ടും വെല്ലുവിളിച്ചും വിട്ടുകൊടുക്കാതെ കയർത്തും യെച്ചൂരിയും മന്ത്രിമാരും മുന്നോട്ടു പോയപ്പോൾ സഭ ബഹളത്തിൽ മുങ്ങി.

Sitaram Yechury Communists who have proved that they don't need perfectionists in politics

(പാർട്ടി പ്രവർത്തകരെ അഭിസംബോധന ചെയ്യുന്ന ജനനായകന്‍)

ചാംസ് യൂണിയന്‍

ഞാൻ സെൻട്രൽ ഹാളിലെ ടിവി സ്ക്രീനിലാണ് ഈ വാഗ്വാദം കണ്ടു കൊണ്ടിരുന്നത്. എപ്പോൾ വേണമെങ്കിലും സഭയിൽ അടിപൊട്ടാം എന്ന സ്ഥിതി. ബഹളം നിയന്ത്രിക്കാൻ കഴിയാതായതോടെ ചെയർ, സഭ നിർത്തി വച്ചു. സഭ പിരിഞ്ഞു നേതാക്കൾ സെൻട്രൽ ഹാളിലേക്ക് വന്നു തുടങ്ങി. അതുവരെ സഭയിൽ പോരാടിയ നഖ്‌വിയോടും കിരൺ റിജുജുവിനോടും ഒപ്പമാണ് യെച്ചൂരി ഹാളിലേക്ക് കയറിയത്. സഭയ്ക്കുള്ളിൽ ‘അടികൂടിയവർ’ ഒന്നിച്ചു വരുന്ന കാഴ്ച എല്ലാവരെയും അത്ഭുതപ്പെടുത്തി. രണ്ട് മന്ത്രിമാരും യെച്ചൂരിയോട് എന്തോ ചോദിക്കുന്നുണ്ടായിരുന്നു. നേരെ സെൻട്രൽ ഹാളിലെ ‘സ്മോക്കിംഗ് റൂമി’ലേക്ക് അവർ ഓടിക്കയറി. യെച്ചൂരി നൽകിയ സിഗരറ്റ് വലിച്ച് ഇരുവശത്തുമായി മന്ത്രിമാർ ഇരുന്നു. ഇതുവരെ തമ്മിലടിച്ചവരാണല്ലോ നിങ്ങൾ എന്ന് ഞാൻ ചോദിച്ചു. യെച്ചൂരി നന്നായി ചിരിച്ചു... ‘ചാംസ് യുണൈറ്റ്സ് അസ്' (ചാംസ് സിഗരറ്റ്} എന്നായിരുന്നു മറുപടി. ഇതായിരുന്നു സീതാറാം യെച്ചൂരി. രാഷ്ട്രീയത്തിലെ കടുംവെട്ടിന് അപ്പുറമുള്ള ജനാധിപത്യ രീതികളോട് മുഖം തിരിക്കാതെ അത് അംഗീകരിക്കാനുള്ള വഴക്കം വേണ്ടവിധമുള്ള നേതാവ്.
 
സീതാറാം യെച്ചൂരിയോട് അടുക്കാൻ സിഗരറ്റ് വലിക്കാത്ത ചില മാധ്യമപ്രവർത്തകർ അതു വലിച്ചു തുടങ്ങിയെന്നതാണ് യാഥാർത്ഥ്യം. ഹൈദരാബാദിലെ പാർട്ടി കോൺഗ്രസിൽ സീതാറാം യെച്ചൂരിയെ ജനറൽ സെക്രട്ടറി സ്ഥാനത്ത് നിന്ന് മാറ്റി വൃന്ദ കാരാട്ടിനെ ആ സ്ഥാനത്ത് കൊണ്ടു വരാൻ ചില നീക്കങ്ങൾ നടക്കുന്നു എന്ന വാർത്ത പരന്നു. സിപിഎം പിബി അംഗങ്ങൾ താമസിച്ചിരുന്ന ഹോട്ടലിലാണ് ഞങ്ങളും താമസിച്ചിരുന്നത്. യെച്ചൂരിയുടെ മുറി ഞങ്ങളുടെ അതേ നിലയിൽ തന്നെയായിരുന്നു. ഇടനാഴിയിൽ വച്ച് കണ്ടപ്പോൾ യെച്ചൂരി പറഞ്ഞു,'നിങ്ങൾ മലയാളികൾ സമർത്ഥൻമാരാണല്ലോ. ഞങ്ങളുടെ അതേ നിലയിൽ മുറിയെടുത്താണല്ലോ നിരീക്ഷണം'. ഉദ്വേഗം നിറഞ്ഞ ആ ദിനങ്ങളിൽ യെച്ചൂരി രാത്രി പത്തരയ്ക്ക് ഹോട്ടലിന് താഴേക്കിറങ്ങും. പിബിയിലെ യെച്ചൂരിയുടെ ‘സിഗരറ്റ് മേറ്റ്സ്’ ആയ ബിമൻ ബസുവും സൂര്യകാന്ത് മിശ്രയുമൊക്കെ ഒത്തു കൂടും. സംഭാഷണം നീളുന്നതിനൊപ്പം ചാംസ് പാക്കറ്റുകൾ തീർന്നു കൊണ്ടിരിക്കും. ഈ സംഭാഷണങ്ങളിലേക്ക് ചേർന്ന് എന്തെങ്കിലും വീണു കിട്ടാൻ ചില മാധ്യമപ്രവർത്തകരും താൽക്കാലികമായെങ്കിലും സ്മോക്കേഴ്സ് ആയി.

Sitaram Yechury Communists who have proved that they don't need perfectionists in politics

(ലേഖകനോടൊപ്പം സീതാറാം യെച്ചൂരി)

ഏക ബ്രാഹ്മണിക്കൽ ദുശീലം

രാഷ്ട്രീയം, സിഗരറ്റ് എന്നതു പോലെ സീതാറാം യെച്ചൂരിയുടെ മറ്റൊരു ഇഷ്ടം നന്നായിട്ട് ഭക്ഷണം കഴിക്കുക എന്നതായിരുന്നു. സിപിഎം ഓഫീസിന്‍റെ താഴത്തെ നിലയിലെ ചെറിയ കാൻറീനിൽ എത്തിയാലും ഭക്ഷണം ആസ്വദിച്ച് കഴിക്കും. കേന്ദ്ര കമ്മിറ്റി യോഗത്തിന്‍റെ ഇടവേളകളിലൊക്കെ ചില സഖാക്കളുടെ കൂടെയിരുന്നാവും ഭക്ഷണം. അവസരം കിട്ടുമ്പോഴൊക്കെ പാർലമെന്‍റ് കാന്‍റീനിലും കോൺസ്റ്റിറ്റ്യൂഷൻ ക്ലബിലെ ഭക്ഷണശാലയിലും യെച്ചൂരി എത്തും. നോൺവെജ് ഭക്ഷണത്തോട് പ്രിയമായിരുന്നു. കേരള ഹൗസിലെ ഓണസദ്യയ്ക്ക് ക്ഷണിച്ചാലും യെച്ചൂരി ഹാജർ.

ഒരിക്കൽ പ്രകാശ് കാരാട്ടും യെച്ചൂരിയും ഒന്നിച്ചാണ് ഓണസദ്യ ഉണ്ടത്. ഭക്ഷണം കഴിച്ചു കഴിഞ്ഞ പ്രകാശ് കാരാട്ട് യെച്ചൂരി അത് പൂർത്തിയാക്കാൻ കാത്ത് കുറച്ചു നേരം ഇരുന്നു. ഇങ്ങനെ ആസ്വദിച്ചു കഴിക്കുന്നതിനെക്കുറിച്ച് ചോദിച്ചപ്പോൾ യെച്ചൂരി പറഞ്ഞത്, “എന്‍റെ ബാക്കിയുള്ള ഏക ബ്രാഹ്മണിക്കൽ ദുശ്ശീലം ഇതാണ്. ഓരോ അരിയും മെല്ലെ ആസ്വദിച്ചു കഴിക്കുന്നതായിരുന്നു കുട്ടിക്കാലത്തെ വീട്ടിലെ രീതി.” പോകുന്ന എവിടെയും ആ സൗകര്യങ്ങളോട് യെച്ചൂരി ഇണങ്ങി താമസിക്കും. ബംഗാളിൽ പോയാൽ പാർട്ടി ഓഫീസിലെ മുറിയിൽ തന്നെ കിടക്കും. ആഡംബരപ്രിയനെന്ന് യെച്ചൂരിയെക്കുറിച്ച് പ്രചരിക്കുന്ന കഥകളിൽ സത്യമില്ലെന്നാണ് പലപ്പോഴും നേരിട്ട് മനസ്സിലാക്കാനായിട്ടുള്ളത്.

Sitaram Yechury Communists who have proved that they don't need perfectionists in politics

(കേരളാ ഹൌസില്‍ ഒരു ഒണസദ്യയ്ക്കിടെ)

പ്രതിഷേധങ്ങളിൽ പതറാതെ

2016ൽ ഏതോ വിഷയത്തിന് യെച്ചൂരിയെ വിളിച്ച് ഒരു പ്രതികരണം ചോദിച്ചു. പാർട്ടി ഓഫീസിലെ താൽക്കാലിക പിബിക്ക് ശേഷം ഇറങ്ങി വരാം എന്നായിരുന്നു മറുപടി. പറഞ്ഞത് പോലെ യെച്ചൂരി ഇറങ്ങി വന്നു. ബൈറ്റ് തരുന്നതിന് മുമ്പ് അതേക്കുറിച്ച് സംസാരിച്ച് നിൽക്കുന്നതിനിടയിൽ സിപിഎം പാർട്ടി ഓഫീസിന് മുന്നിൽ ഒരു ബഹളം. രണ്ട് പേർ ഓടി വന്നു സിപിഎം ഓഫീസിലെ ബോർഡിൽ കറുത്ത പെയിൻറ് കൊണ്ട് 'സിപിഎം മുർദ്ദാബാദ്' എന്നൊക്കെ എഴുതി വച്ചു. യെച്ചൂരി പതിവ് പോലെ സംയമനം വിടാതെ എന്താണ് സംഭവിക്കുന്നത് എന്ന് നോക്കി എന്‍റെ ഒപ്പം അവിടെ തന്നെ നിന്നു. 2017ൽ ഒരിക്കൽ യെച്ചൂരിയുടെ വാർത്താസമ്മേളനം റിപ്പോർട്ട് ചെയ്യാൻ എകെജി ഭവനിലേക്ക് പോയി. യെച്ചൂരി എകെജി ഭവനിലെ മൂന്നാം നിലയിൽ നിന്ന് താഴേക്ക് ഇറങ്ങി വന്നപ്പോൾ ഞാൻ ചിരിച്ചു. വാർത്താ സമ്മേളനം നടക്കുന്ന ഹാളിലേക്ക് യെച്ചൂരിയുടെ കൂടെ നടന്നപ്പോൾ പെട്ടെന്ന് രണ്ടു പേർ യെച്ചൂരിക്ക് അടുത്തേക്ക് ചാടി വീണ് സിപിഎമ്മിനെതിരെ മുദ്രാവാക്യം മുഴക്കാൻ തുടങ്ങി. വർഗീയത പരത്തുന്ന ചില വിഷയങ്ങളിൽ യെച്ചൂരി ശക്തമായി പ്രതികരിച്ചതാണ് പ്രകോപനം. അന്ന് ആ സംഘർഷം കെട്ടടങ്ങിയ ശേഷം യെച്ചൂരിയെ കണ്ടപ്പോഴും ശാന്തനായിരുന്നു. "എപ്പോഴും നിങ്ങളാണല്ലോ ഈ അക്രമികളെ വിളിച്ചോണ്ട് വരുന്നത്. എഷ്യാനെറ്റ് ന്യൂസാണോ സ്പോൺസർ” യെച്ചൂരിയുടെ ഈ തമാശ കേട്ട് പാർട്ടി ഓഫീസിലുള്ളവർ പൊട്ടിച്ചിരിച്ചത് ഓർമ്മ വരുന്നു.

ജനകീയ 'അലസത'

പ്രകാശ് കാരാട്ടും യെച്ചൂരിയും ഒരേ സമയം പാർട്ടിയിലേക്ക് വന്നവരാണ്. ജ്യോതി ബസു പ്രധാനമന്ത്രിയാകുന്നതിനെ ഒന്നിച്ച് എതിർത്തവരാണ്. എന്നാൽ, രണ്ടു പേരുടെയും ശൈലികൾ ഏറെ വ്യത്യസ്തമായിരുന്നു. പ്രകാശ് കാരാട്ട് ഒരഭിമുഖത്തിന് സമയം തന്നാൽ കൃത്യം ആ സമയം അത് നടന്നിരിക്കും. യെച്ചൂരിയാണെങ്കിൽ ഒന്നോ രണ്ടോ മണിക്കൂറൊക്കെ കാത്തിരിക്കണം. ചിലപ്പോൾ ഒരേ സമയത്ത് രണ്ട് സ്ഥാപനങ്ങളുടെ ഇൻർവ്യൂ ഉണ്ടാകും. ഒരു വിമാനയാത്ര പോകുകയാണെങ്കിൽ പ്രകാശ് കാരാട്ട് രണ്ട് മൂന്ന് മണിക്കൂർ മുമ്പ് വിമാനത്താവളത്തിൽ എത്തും. യെച്ചൂരിയാണെങ്കിൽ അവസാനം ഓടി പാഞ്ഞ് എത്തും. ഈ അലസത തന്നെയാണ് ഒരു രീതിയിൽ യെച്ചൂരി എന്ന നേതാവിന്‍റെ ജനകീയതയ്ക്കും ആധാരം. മാറാനും തിരുത്താനും മറ്റുള്ളവരെ മനസ്സിലാക്കാനും ജനങ്ങളോട് ചേർന്ന് നിൽക്കാനുമൊക്കെ യെച്ചൂരിക്ക് മെയ്‌വഴക്കമുണ്ട്. രാഷ്ട്രീയത്തിൽ ‘പെർഫക്ഷനിസ്റ്റുകളെയല്ല വേണ്ടത്' എന്ന് യെച്ചൂരി ഒരുപക്ഷേ തെളിയിക്കുന്നു.

Sitaram Yechury Communists who have proved that they don't need perfectionists in politics

(സീതാറാം യെച്ചൂരി മകന്‍ ആശിഷിനൊപ്പം)

ഒറ്റ ചോദ്യത്തിൽ വിഎസിന്‍റെ സ്ഥാനാർത്ഥിത്വം

വിഎസ് അച്യുതാനന്ദനെ 2016 -ൽ മത്സരിപ്പിക്കുന്ന കാര്യത്തിൽ സംസ്ഥാന ഘടകത്തിന്‍റെ എതിർപ്പ് യെച്ചൂരി അവസാനിപ്പിച്ചത് ഒറ്റ ചോദ്യത്തിലൂടെയായിരുന്നു. വിഎസ് വീണ്ടും മത്സരിക്കുന്നതിനോട് സംസ്ഥാന പാർട്ടിക്ക് യോജിപ്പില്ലാത്ത കാര്യം പിബിയിൽ റിപ്പോർട്ട് ചെയ്തപ്പോൾ യെച്ചൂരി പിണറായിയോട് ചോദിച്ചു. “നിങ്ങൾക്ക് മുഖ്യമന്ത്രിയാകണ്ടേ?” ആ ചോദ്യത്തിന്‍റെ അർത്ഥം ആരും ചോദിച്ചില്ല. യെച്ചൂരി വിശദീകരിച്ചതുമില്ല. പിബി തീർന്നപ്പോൾ വിഎസിനെ വീണ്ടും മത്സരിപ്പിക്കാൻ ധാരണയായി.

മകന്‍റെ വേർപാട്

2016 -ൽ ഒരു ദിവസം പാർലമെൻറിന്‍റെ നാലാം നമ്പർ ഗേറ്റിൽ നിൽക്കുമ്പോൾ യെച്ചൂരി കാറിൽ വന്ന് ഇറങ്ങുന്നത് കണ്ടു. അടുത്തു ചെന്നപ്പോൾ ഭക്ഷണം കഴിച്ചോ എന്നായി ചോദ്യം. ഇല്ലെങ്കിൽ പാർലമെന്‍റ് ക്യാൻറീനിലേക്ക് പോകാൻ വിളിച്ചു. സാധാരണ ആ വിളി പതിവില്ലാത്തതാണ്. പരമാവധി സെൻട്രൽ ഹാളിലെ ബ്രഡ് ടോസ്റ്റും കട്ടൻ കാപ്പിയുമാണ് ഓഫർ ചെയ്യാറുള്ളത്. സന്തോഷത്തോടെ ആ ക്ഷണം സ്വീകരിച്ച് പാർലമെന്‍റ് ക്യാൻറീനിലേക്ക് നടന്നു. അവിടേക്ക് കുറച്ചു കഴിഞ്ഞപ്പോൾ മകൻ ആശിഷും എത്തി. ആശിഷിനെ പരിചയപ്പെടുത്താനാണ് അന്ന് ക്യാൻറീനിലേക്ക് വിളിച്ചത്. ടൈംസ് ഓഫ് ഇന്ത്യയിലെ മാധ്യമപ്രവർത്തകനായിരുന്നു ആശിഷ്. നരേന്ദ്ര മോദി സർക്കാർ വന്ന ശേഷം ന്യൂസ് റൂമുകളുടെ അവസ്ഥ മാറുന്നതൊക്കെ ആശിഷ് സംസാരിച്ചു.

പിന്നീട് രണ്ടു പേരും ചേർന്നുള്ള ഫോട്ടോ എടുക്കാൻ തുടങ്ങിയപ്പോൾ ആശിഷ് സംശയം പ്രകടിപ്പിച്ചു. “ഇവരെ വിശ്വാസമാണ്, കുഴപ്പമൊന്നും ചെയ്യില്ല” എന്ന് യെച്ചൂരി സമാധാനിപ്പിച്ചു. രണ്ടുപേരും ഒന്നിച്ച് പോസ് ചെയ്തു. ആ മകനെ കൊവിഡ് കാലത്ത് നഷ്ടപ്പെട്ടത് യെച്ചൂരിയെ ഏറെ തളർത്തി. അന്നത്തെ ആ ഫോട്ടോസ് അയച്ചു കൊടുക്കണം എന്ന് പറഞ്ഞ് യെച്ചൂരി വിളിച്ചു. “ഇതിങ്ങനെ വേണ്ടി വരുമെന്ന് കരുതിയില്ലല്ലോ പ്രശാന്ത്” എന്ന് പറഞ്ഞത് കാതിൽ മുഴങ്ങുന്നു. ആശിഷിന്‍റെ ഒന്നാം ചരമ വാർഷികത്തിൽ ദില്ലിയിൽ കൂട്ടുകാർ തയ്യാറാക്കിയ ഫോട്ടോ ആൽബത്തിൽ ഈ ചിത്രവുമുണ്ടായിരുന്നു. അന്ന് ചടങ്ങ് കഴിഞ്ഞ് യെച്ചൂരി ഏറെ നേരം കൈപിടിച്ച് ഒന്നും പറയാനാകാതെ നീന്നു. ഇന്ത്യയിലെ വിപ്ലവ പ്രസ്ഥാനങ്ങൾക്ക് ആവേശം പകർന്ന, ഒരു ഭരണകൂടത്തിന് മുന്നിലും മുട്ടുമടക്കാത്ത ആ ധൈര്യശാലിയുടെ ഹൃദയവായ്പും മനുഷ്യത്വും അന്ന് ആ കൈകളിൽ തൊട്ടറിഞ്ഞു.

Latest Videos
Follow Us:
Download App:
  • android
  • ios