Asianet News MalayalamAsianet News Malayalam

സീതാറാം യെച്ചൂരി കടന്ന് പോയ ഇന്ത്യന്‍, അന്തര്‍ദേശീയ രാഷ്ട്രീയാവസ്ഥകള്‍

സീതാറാം യെച്ചൂരി എന്ന ഇന്ത്യന്‍ കമ്മ്യൂണിസ്റ്റ് നേതാവ് കടന്ന് പോയ അന്താരാഷ്ട്രാ ദേശീയ രാഷ്ട്രീയാവസ്ഥകളെ കുറിച്ച് സി കെ വിശ്വനാഥ് എഴുതുന്നു. 

Indian and international political conditions that Sitaram Yechury went through
Author
First Published Sep 13, 2024, 7:41 PM IST | Last Updated Sep 14, 2024, 4:07 PM IST


സീതാറാം യെച്ചൂരിയുടെ മരണം ഇന്ത്യയിലെ മതേതര ജനാധിപത്യ രാഷ്ട്രീയത്തെ സംബന്ധിച്ചിടത്തോളം സൃഷ്ടിക്കുന്ന വിടവ് വളരെ വലുതാണ്. തെരഞ്ഞെടുപ്പ് രാഷ്ട്രീയ രംഗത്ത് നിന്ന് ഇന്ത്യൻ പാർലിമെന്‍ററി കമ്യൂണിസ്റ്റ് രാഷ്ട്രീയം നേരിടുന്ന പ്രതിസന്ധിയെ ഇന്ത്യയിലെ മതേതര ജനാധിപത്യ മുന്നണിയുടെ നേതാവ് എന്ന നിലയിൽ മറികടക്കുന്ന ഒരു ജീവിതമാണ് സമീപകാല സീതാറാം യെച്ചൂരിയുടെ ജീവിതം.

ഇന്ത്യയിലെ പ്രതിപക്ഷ മുന്നണിയെ നയിക്കുന്നതിൽ അതിപ്രധാനമായ പങ്കാണ് സീതാറാം യെച്ചൂരിയ്ക്കുണ്ടായിരുന്നത്. എന്നാൽ, കമ്മ്യൂണിസ്റ്റ് പ്രസ്ഥാനം നേരിടുന്ന ആഗോള പ്രതിസന്ധി, സോവിയറ്റ് - കിഴക്കൻ യൂറോപ്യൻ തകർച്ചയ്ക്ക് ശേഷമുള്ള രാഷ്ട്രീയ അവസ്ഥയെ മറികടക്കുക എന്നുള്ളത് അത്ര എളുപ്പമുള്ളതായിരുന്നില്ല. അതോടൊപ്പമാണ് ഇന്ത്യയിയിലെ ഇടത് കമ്മ്യൂണിസ്റ്റ് രാഷ്ട്രീയ അടിത്തറയ്ക്ക് സംഭവിച്ച മാറ്റവും പ്രധാനമാകുന്നത്.

ഉത്പാദന ജീവിതത്തില്‍ സംഭവിച്ച മാറ്റവും ഇടത് അടിത്തറയുടെ ഇളക്കവും

ഉൽപ്പാദന ജീവിതത്തിൽ വന്ന മാറ്റം ഇടത് രാഷ്ട്രീയത്തിന്‍റെ സെക്കുലർ രാഷ്ട്രീയത്തെയാണ് ഇല്ലാതാക്കിയത്. ഉദാഹരണത്തിന് മുംബൈ നഗരം. വൻ നഗരതൊഴിലാളി മേഖലയായിരുന്ന ഇടം. പക്ഷേ, പിന്നീട് വർഗ്ഗീയ രാഷ്ട്രീയത്തിന്‍റെ അടിസ്ഥാനകേന്ദ്രമായി മാറുന്ന കാഴ്ചയാണ് കാണുന്നത്. ഈയൊരു അവസ്ഥയിൽ നിന്ന് ഇന്ത്യയിലെ ഇടതുപക്ഷ സാമുദായിക രാഷ്ട്രീയം വികസിപ്പിക്കുക എന്ന ദൗത്യം അനിവാര്യമായിരുന്നു. 

അതാണ് മണ്ഡൽ കമ്മീഷന് ശേഷമുള്ള ഇന്ത്യയുടെ മുഖ്യധാര ജനാധിപത്യ രാഷ്ട്രീയം മുന്നോട്ട് വച്ചതും. ഇന്ന് അത് തന്നെയാണ് രാഹുൽ ഗാന്ധി മുന്നോട്ട് വെയ്ക്കുന്നതും. ഇവിടെ ജാതി സെൻസസും ജാതിയുടെ രാഷ്ട്രീയവും  പ്രധാനമായി വരുന്നു. കമ്മ്യൂണിസ്റ്റ് വർഗ്ഗ രാഷ്ട്രീയം നേരിടുന്ന പ്രധാന തർക്കമേഖല കൂടിയാണ് അതെന്ന് ഓർക്കുക. സാംസ്കാരിക ദേശീയതയുടെ രാഷ്ട്രീയ മേൽക്കോയ്മക്കെതിരെയുള്ള (ബിജെപി) പോരാട്ടം കോൺഗ്രസിന്‍റെ സിസ്റ്റത്തിന് എതിരെയുള്ള പോരാട്ടത്തിൽ നിന്ന് വളരെ വ്യത്യസ്തമാണ്. 

Indian and international political conditions that Sitaram Yechury went through

ഈ തകർച്ച പല ഇടങ്ങളിലും കമ്മ്യൂണിസ്റ്റ് പാർട്ടിയെ തന്നെ ഇല്ലാതാക്കിയിരുന്നു. ഇതിനിടയിലും, നേടിയ തെരഞ്ഞെടുപ്പ് വിജയങ്ങൾ ഇന്ത്യയിലെ ഈ ഇടത് പാർലമെന്‍ററി രാഷ്ട്രീയത്തെ ലോക ശ്രദ്ധയിൽ കൊണ്ടുവന്നു. ജനാധിപത്യ രാഷ്ട്രീയത്തിലെ കമ്മ്യൂണിസ്റ്റ് വിജയങ്ങൾ എന്ന നിലയിലായിരുന്നു അവ. കേരളം, ബംഗാൾ, ത്രിപുര എന്നീ സംസ്ഥാനങ്ങളിലെ വിജയങ്ങളാണ് ( ഇടതുപക്ഷ മുന്നണി, ഇടത് മൂന്നണി സർക്കാരുകൾ ) ഇത്തരത്തില്‍ ലോക ശ്രദ്ധയിൽപ്പെട്ടതും. കേരളത്തിലെ തുടർച്ചയായ അസംബ്ലി തെരഞ്ഞെടുപ്പ് വിജയം ഇവിടെ ഏറെ പ്രാധാന്യമർഹിക്കുന്നു. കൊവിഡ് നിയന്ത്രണം ഏറെ ചർച്ചചെയ്യപ്പെട്ടു, അതും ഒരു കമ്മ്യൂണിസ്റ്റ് വിജയം എന്ന രീതിയിൽ തന്നെ. ഇതോടൊപ്പം ചർച്ച ചെയ്യപ്പെട്ട ഒരു കമ്മ്യൂണിസ്റ്റ് പാർട്ടി ആണ് സൗത്ത് ആഫ്രിക്കൻ കമ്മ്യൂണിസ്റ്റ് പാർട്ടി (SACP).

എന്നാൽ, ബംഗാൾ, ത്രിപുര ഭരണത്തിൽ നിന്ന് പുറത്ത് പോകുകയും, ഇന്ന് കേരളത്തിൽ മാത്രം ഭരണമുള്ള അവസ്ഥയിലുമാണ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടി. ബംഗാളിലെ തുടർച്ചയായ ഭരണവും പിന്നാലെയുള്ള അതിന്‍റെ തകർച്ചയും ലോകമെമ്പാടും തന്നെ ചർച്ച ചെയ്യപ്പെട്ടതാണ്. ജനാധിപത്യത്തിലെ തുടർച്ചയായ ഭരണവും അത് സൃഷ്ടിക്കുന്ന തെരഞ്ഞെടുപ്പ് ഏകാധിപത്യവും (electoral dictatorship) പുത്തൻ കമ്മ്യൂണിസ്റ്റ് പാഠങ്ങൾ കൂടിയാണ് എന്ന് വരുന്നു. സീതാറാം യെച്ചൂരിയുടെ ജീവിതം ഇത്തരം അനുഭവങ്ങളുമായി അഭേദ്യമായി ബന്ധപ്പെട്ടു കിടക്കുന്നു.

ലോക രാഷ്ട്രീയത്തിലെ യാഥാസ്ഥിതിക വളര്‍ച്ച

അതോടൊപ്പമാണ് ലോക രാഷ്ട്രീയത്തിൽ സംഭവിച്ച മാറ്റങ്ങൾ, സാമ്രാജ്യത്വ രാഷ്ട്രീയം നേടിയെടുത്ത പുത്തൻ രാഷ്ട്രീയ മേൽക്കോയ്മ, അതിലെ ദേശീയ യാഥാസ്ഥിതിക വളർച്ച, ഇത് ഇടത് രാഷ്ട്രീയത്തെ, അതിന്‍റെ പരമ്പരാഗത കമ്മ്യൂണിസ്റ്റ് രാഷ്ട്രീയത്തെ ചോദ്യം ചെയ്താണിരിക്കുന്നത്. പടിഞ്ഞാറൻ സമൂഹങ്ങളിൽ പോർച്ചുഗൽ മുതൽ ഫ്രാൻസ് വരെയുള്ള അനുഭവമാണിത്. ഒരു കാലത്ത് ലോക സിവിൽ - രാഷ്ട്രീയ സമൂഹത്തിൽ നിർണ്ണായക സ്വാധീനം ഉണ്ടായിരുന്നതാണ് കമ്മ്യൂണിസ്റ്റ് പാർട്ടികൾക്ക്. ഇന്ന് പാർലമെന്‍ററി രാഷ്ട്രീയത്തിൽ വളരെ പാർശ്വവൽരിക്കപ്പെട്ട അവസ്ഥയിലും. പുതിയകാല ജനാധിപത്യ അസംബ്ലികൾ വളരെ നിർണ്ണായകമാകുകയാണ്. അത് കമ്മ്യൂണിസ്റ്റ് രാഷ്ട്രീയത്തിന്‍റെ ടോപ് ഡൌണ്‍ സംഘടനാ രൂപത്തിന് ഉൾക്കൊള്ളാൻ പറ്റുന്നില്ലെന്നതും ശ്രദ്ധേയം.

സീതാറാം യെച്ചൂരി: രാഷ്ട്രീയത്തിൽ ‘പെർഫക്ഷനിസ്റ്റു'കളെയല്ല വേണ്ടതെന്ന് തെളിയിച്ച കമ്യൂണിസ്റ്റ്

പാര്‍ലമെന്‍ററി അധികാരത്തിലെ രാഷ്ട്രീയ വർഗ്ഗം

പാർലമെന്‍ററി ജനാധിപത്യ അനുഭവങ്ങൾ, അത്തരം പാർലിമെന്‍ററി പ്രവർത്തനങ്ങൾ അത് ആഗോള സമൂഹങ്ങളിൽ കമ്യൂണിസ്റ്റ് പാർട്ടികൾക്ക് നൽകിയത് പുതിയ ജനാധിപത്യ പാഠങ്ങളാണ്. ഈ പാർലമെന്‍ററി പ്രവർത്തനങ്ങൾ അതിന്‍റെ അധികാരവുമായുള്ള ബന്ധം ലിബറൽ ജനാധിപത്യ ഘടനയിൽ ഒരു രാഷ്ട്രീയ വർഗ്ഗത്തെ സൃഷ്ടിക്കുന്നു. ഇത് ഇടതുപക്ഷ സർക്കാരിന്‍റെ പ്രവർത്തനങ്ങളെ ജനങ്ങളിൽ നിന്ന് അന്യവൽക്കരിക്കുന്നു.

സീതാറാം യെച്ചൂരിക്ക് നേരിടേണ്ടി വന്നിരുന്നത് പാർട്ടിയുടെ, മുന്നണിയുടെ ആധിപത്യ മേഖലയിൽ ഇടതുപക്ഷ ഭരണം എന്ന പ്രവർത്തനം  (left governmentality) ഉയർത്തുന്ന ചോദ്യമാണ്. ഇത് സമീപ കാല ഇടത് രാഷ്ട്രീയത്തിലെ പ്രധാന ചോദ്യമാണ്. പാർട്ടി ഘടനയിലൂടെ ലിബറൽ ജനാധിപത്യ ഘടനയിൽ ഉദ്യോഗസ്ഥ മേധാവികൾ രൂപപ്പെടുന്ന പ്രശ്നം. ഇതേ പ്രശ്നമാണ് സൗത്ത് ആഫ്രിക്കയിലെ കമ്മ്യൂണിസ്റ്റ് പാർട്ടി നേരിടുന്നതും.

വർഗ്ഗസമര രാഷ്ട്രീയവും കമ്മ്യൂണിസ്റ്റ് രാഷ്ട്രീയവും

ലിബറൽ ജനാധിപത്യ രാഷ്ട്രീയ ഘടനയിൽ നിന്ന് വർഗ്ഗ സമര രാഷ്ട്രീയം നയിക്കുക എന്നത് ലോകത്തെങ്ങുമുള്ള കമ്മ്യൂണിസ്റ്റ് രാഷ്ട്രീയവും അതിന്‍റെ നേതൃത്വവും നേരിടുന്ന കൂടിയതോ കുറഞ്ഞതോ ആയ പ്രതിസന്ധിയാണ്. ഇവിടെ, പൊതുവായി പുതിയ ബഹു സമൂഹ്യ പ്രസ്ഥാനങ്ങൾ ഉയർത്തുന്ന വെല്ലുവിളിയും ചോദ്യങ്ങളുമുണ്ട്. മൂലധനത്തിന്‍റെ കേന്ദ്രീകരണം അതിന്‍റെ ഒപ്പം ദേശീയതയുടെ ഇല്ലിബറൽ ജനാധിപത്യവും ഇവിടെ ചേർന്ന് വരുന്നു. സീതാറാം യെച്ചൂരിയുടെ ജീവിതത്തില്‍ പ്രതിഫലിച്ചത് ഈ രാഷ്ട്രീയ യാഥാർത്ഥ്യങ്ങളാണ്. അവയോടുള്ള ഏറ്റുമുട്ടലും.

Indian and international political conditions that Sitaram Yechury went through

പ്രശ്നവത്ക്കരിക്കപ്പെടുന്ന ജാതി

ഇന്ത്യയിലെ കമ്മ്യൂണിസ്റ്റ് ഇടതുപക്ഷം നേരിട്ട ഏറ്റവും വലിയ രാഷ്ട്രീയ സമസ്യയാണ് ഈ ജാതിയും വർഗ്ഗവും തമ്മിലുള്ള ബന്ധം. 1970 -കളിൽ മഹാരാഷ്ട്രയിൽ ശരദ് പാട്ടീൽ മുന്നോട്ട് വെച്ച ഫൂലെ അംബേദ്‍കറിസ്റ്റ് മാർക്സിറ്റ് (Phule Ambedkarist Marxist) രാഷ്ട്രീയം അതിപ്രധാനമായ വഴിത്തിരിവ് ആയിരുന്നു. സിപിഐ(എം) ചരിത്രത്തിൽ മാത്രമല്ല, ഇന്ത്യൻ ഇടത് രാഷ്ട്രീയത്തിലും, ഇന്ത്യൻ ജനാധിപത്യ രാഷ്ട്രീയത്തിലും ഈ മാറ്റം ദൃശ്യമായി. ഇന്ത്യയിലെ കീഴാള രാഷ്ട്രീയത്തിന്‍റെ മുഖ്യധാരാ ഉയിർത്തെഴുന്നേൽപ്പ്, മണ്ഡൽ കമ്മീഷൻ റിപ്പോർട്ട് നടപ്പാക്കൽ സംഭവങ്ങള്‍ അതിന്‍റെ രാഷ്ട്രീയം ഇന്ത്യൻ ദളിത് ബഹുജൻ രാഷ്ട്രീയത്തിൽ ഉണ്ടാക്കിയ ഉണർവ് കമ്മ്യൂണിസ്റ്റ് രാഷ്ട്രീയത്തെ ഉത്തരേന്ത്യയിൽ അപ്രസക്തമാക്കുകയായിരുന്നു. 

ബംഗാളിൽ ഇന്ന് ജാതി പ്രധാന ചർച്ചയാണ്. ഇന്ത്യയിലെ കീഴാള മുന്നേറ്റത്തിന്‍റെ ഏറ്റവും ഉയർന്ന മുഖമായിരുന്നു  ഫൂലെയുടെ ചിന്തകളും അത് ഉയർത്തിയ ആത്മാഭിമാന രാഷ്ട്രീയവും. ഇന്ത്യയിലെ ദളിത് ബഹുജൻ രാഷ്ട്രീയത്തിന്‍റെ അന്തസത്തയായ ഈ രാഷ്ട്രീയമാണ് ഇന്ന് രാഹുൽ ഗാന്ധി ഏറ്റെടുത്തിരിക്കുന്നത്. ജാതി ഇന്ന് വംശത്തോടൊപ്പം ചർച്ച ചെയ്യുന്ന അന്തർദേശിയ സാമൂഹ്യ യാഥാർത്ഥ്യമാണ്. അത് കേവലം കാർഷിക പരിഷ്‌കാരങ്ങളിലൂടെ മാത്രം അവസാനിക്കുന്ന ഒന്നല്ല. ജാതി ഒരു തെക്കൻ ഏഷ്യൻ അനുഭവം എന്ന നിലയിൽ ലോകത്തെവിടെയും വ്യാപിക്കുന്ന ഒന്നായി ഇന്ന് മാറിക്കഴിഞ്ഞു.  അതിന്‍റെ പ്രിവിലേജാണ് ഏറ്റവും സജീവമായ ചർച്ചാ വിഷയം. ഇത് സാധ്യമായത് തന്നെ ഒരു സമൂഹത്തില്‍ രൂപപ്പെട്ട ഒരു ക്രിട്ടിക്കൽ കാസ്റ്റ് ഇന്‍ലിജന്‍ഷ്യയുടെ രൂപപ്പെടലോടെയും. സംവരണം, ഇന്ത്യൻ സ്ഥിരീകരണ നടപടി (Affirmative action) പോളിസിയുടെ ഏറ്റവും വലിയ വിജയവുമായി മാറുന്നത് ഇവിടെയാണ്.  

Latest Videos
Follow Us:
Download App:
  • android
  • ios