നഴ്സിങ് വിദ്യാർത്ഥിനി അമ്മുവിൻ്റെ മരണം; ക്രൈംബ്രാഞ്ച് അന്വേഷണം ആവശ്യപ്പെട്ട് കെഎസ്‍യു, പൊലീസ് മേധാവിക്ക് കത്ത്

അമ്മു സജീവിൻ്റെ മരണത്തിൽ അടിമുടി ദുരൂഹതയാണ് നില നിൽക്കുന്നതെന്നും സംഭവത്തിൻ്റെ ഗൗരവം കണക്കിലെടുത്ത് ക്രൈംബ്രാഞ്ചിന് കേസ് കൈമാറണമെന്നുമാണ് കെഎസ്‍യുവിന്‍റെ ആവശ്യം.

Nursing student ammu death latest news KSU demand crime branch investigation

തിരുവനന്തപുരം: അമ്മു സജീവിൻ്റെ മരണത്തിൽ ക്രൈംബ്രാഞ്ച് അന്വേഷണം ആവശ്യപ്പെട്ട് കെഎസ്‍യു. ഇക്കാര്യം ചൂണ്ടിക്കാട്ടി സംസ്ഥാന പ്രസിഡൻ്റ് അലോഷ്യസ് സേവ്യർ സംസ്ഥാന പൊലീസ് മേധാവിക്ക് കത്ത് നൽകി. ചുട്ടിപ്പാറ എസ്.എം.ഇ നേഴ്സിംഗ് കോളേജ് വിദ്യാർത്ഥിനിയും തിരുവനന്തപുരം ആയിരുപ്പാറ സ്വദേശിനിയുമായ അമ്മു സജീവിൻ്റെ മരണത്തിൽ അടിമുടി ദുരൂഹതയാണ് നില നിൽക്കുന്നതെന്നും സംഭവത്തിൻ്റെ ഗൗരവം കണക്കിലെടുത്ത് ക്രൈംബ്രാഞ്ചിന് കേസ് കൈമാറണമെന്നുമാണ് കത്തിലെ പ്രധാന ആവശ്യം.

2024  ഒക്ടോബർ 10ന് അമ്മുവിൻ്റെ പിതാവ് സജീവ് “മകളുടെ ജീവന് പോലും ഭീഷണിയുണ്ടെന്ന് ചൂണ്ടിക്കാട്ടി” പരാതി നൽകിയിരുന്നു. നടപടിയുണ്ടാകുമെന്ന് പ്രിൻസിപ്പൽ ഉറപ്പ് നൽകിയെങ്കിലും വീണ്ടും ഉപദ്രവം നേരിടേണ്ടി വന്നതിനാൽ ഒക്ടോബർ 27 ന് വീണ്ടും പരാതി നൽകേണ്ട സാഹചര്യം ഉണ്ടായി. എന്നിട്ടും വേട്ടക്കാർക്കൊപ്പം നിലകൊള്ളുകയാണ് കേളേജ് പ്രിൻസിപ്പലിൻ്റെയും അധികൃതരുടെയും ഭാഗത്ത് നിന്നുണ്ടായത് എന്നും കെഎസ്‍യു സംസ്ഥാന പ്രസിഡൻ്റ് നൽകിയ കത്തിൽ പറയുന്നു.

Also Read: അമ്മുവിൻ്റെ മരണം: സഹപാഠികൾക്കെതിരെ കേസെടുത്തത് ശക്തമായ തെളിവിൻ്റെ അടിസ്ഥാനത്തിൽ; വിലങ്ങായി വിശദീകരണ കുറിപ്പ്

ലഭ്യമായ വിവരങ്ങൾ അനുസരിച്ച് സംഭവ ദിവസം വൈകിട്ട് 4.5ന് വാട്സാപ്പ് വഴി ചാറ്റ് ചെയ്തപ്പോൾ അമ്മു സന്തോഷമായി ഇരിക്കുകയായിരുന്നു. തുടർന്ന് അമ്മു കെട്ടിടത്തിൽ നിന്ന് ചാടിയെന്ന് വൈകിട്ട് നാലരയോടെ ക്ലാസ് ടീച്ചറെ വിളിച്ചറിയിച്ചെന്നാണ് കോളേജിൽ നിന്ന് പറഞ്ഞത്. 2.6 കിലോമീറ്റർ മാത്രം അകലെയുള്ള പത്തനംതിട്ട ജനറൽ ആശുപത്രിയിൽ എത്തിച്ച സമയമായി രേഖപ്പെടുത്തിയിട്ടുള്ളത് 5.15 നാണ്. 2.6 കിലോമീറ്റർ സഞ്ചരിക്കാൻ അരമണിക്കൂറിലേറെ സമയം എന്തിനെടുത്തു എന്നതും ദുരൂഹമാണ്. 37 മിനിറ്റോളം ഹോസ്പിറ്റലിൽ കിടത്തിയതായും പറയുന്നു.

തിരുവല്ലയിൽ മികച്ച സ്വകാര്യ മെഡിക്കൽ കോളേജുകൾ ഉണ്ടായിട്ടും ഐവി ലൈൻ പോലുമില്ലാത്ത ആംബുലൻസിൽ കിലോമീറ്ററുകൾ അകലെയുള്ള തിരുവനന്തപുരം മെഡിക്കൽ കോളേജിലേക്ക് മാറ്റാൻ തീരുമാനിച്ചതിനു പിന്നിലും ദുരൂഹതയുള്ളതായും വിഷയത്തിൻ്റെ ഗൗരവം കണക്കിലെടുത്ത് അന്വേഷണം ക്രൈംബ്രാഞ്ചിന് കൈമാറണമെന്നുമാണ് കെഎസ്‍യു കത്തിൽ ആവശ്യപ്പെടുന്നത്.

Latest Videos
Follow Us:
Download App:
  • android
  • ios