മഞ്ചാടിനിന്നവിള ഗ്രാമത്തിലെ അരുവികളില്‍ നിന്നും അപൂർവ്വ ഇനം തുമ്പിയെ കണ്ടെത്തി

ഈ ജനുസ്സിലുള്ള ഏക തുമ്പിയാണ് വടക്കൻ മുളവാലൻ എന്ന് കരുതിയിരുന്നിടത്താണ് അതേ ജനുസിലെ മറ്റൊരു തുമ്പിയെ കൂടി ആദ്യമായി കേരളത്തില്‍ നിന്നും കണ്ടെത്തുന്നത്. 

new species of trunk has been found in Manchadininnavila village


രോ ദേശത്തിനുമുണ്ടാകുന്ന മാറ്റം ആദ്യം പ്രകടമാകുന്ന ജീവിവർഗമാണ് തുമ്പികൾ. കാലാവസ്ഥാ വ്യതിയാനത്തിന്‍റെ ആദ്യ സ്പന്ദനങ്ങൾ ഏറ്റു വാങ്ങുന്നവരാണ് എന്നതിനാൽ ജൈവലോകത്ത് ഏറെ പ്രാധാന്യമർഹിക്കുന്ന ജീവിവർഗം  കൂടിയാണ് തുമ്പികൾ. ഓരോ ദേശത്തും തുമ്പികളുടെ വൈവിദ്ധ്യം ഏറെയാണ്. ശുദ്ധജലത്തിലോ മലിനജലത്തിലോ മാത്രം സജീവമാകുന്ന തുമ്പികൾ, അവയുടെ ഇനവും തരവും തിരിച്ചാൽ ആ ദേശത്തിന്‍റെ ആവാസവ്യവസ്ഥയുടെ ആരോഗ്യം വരെ കണക്ക് കൂട്ടാം എന്നിടത്താണ്, അവ ജൈവവൈവിധ്യത്തിലെ ഏറെ ശ്രദ്ധവേണ്ട ജീവിവർഗമായി തീരുന്നതും. 

സഹ്യപർവ്വതം അങ്ങോളമിങ്ങോളം വൈവിദ്ധ്യമാർന്ന മറ്റനേകം ജീവികളുടേതെന്ന പോലെ തുമ്പികളുടെയും കലവറയാണ്. അവയിൽ ഒരു തുമ്പിയെ കൂടി ഇപ്പോൾ ഒരു കൂട്ടം തുമ്പി ഗവേഷകർ തിരിച്ചറിഞ്ഞിരിക്കുന്നു. അഗസ്ത്യമല മുളവാലൻ. (Melanoneura agasthyamalaica).

വയനാടൻ കാടുകളിൽ കാണപ്പെടുന്ന വടക്കൻ മുളവാലൻ (Melanoneura bilineata) ആണ് ഈ ജനുസ്സിലുള്ള ഏക തുമ്പി എന്നാണ് ശാസ്ത്രലോകം ഈ കണ്ടെത്തലിന് മുൻപ് വരെ കരുതിയിരുന്നത്. ആ ധാരണ തിരുത്തുകയാണ് അഗസ്ത്യമല മുള വാലൻ തുമ്പി. ആര്യനാട് പഞ്ചായത്തിലെ മഞ്ചാടിനിന്നവിള എന്ന ഗ്രാമത്തിൽ നിന്നാണ് ഈ അപൂർവ ഇനം സൂചിത്തുമ്പിയെ കണ്ടെത്തിയത്. നീണ്ട് മുളം തണ്ട് പോലെയുള്ള  ഉദരവും വാലുമായതിനാൽ മുളവാലന്മാർ (bambootails) എന്നാണ് ഈ വിഭാഗം തുമ്പികൾ അറിയപ്പെടുന്നത്. 

പാറമുത്തൻ മുളവാലൻ ! പൊന്മുടിയില്‍ നിന്നും പുതിയ തുമ്പി ഇനത്തെ കണ്ടെത്തി മലയാളി ഗവേഷകര്‍

new species of trunk has been found in Manchadininnavila village

(ചിത്രങ്ങള്‍ റെജി ചന്ദ്രന്‍)

പശ്ചിമഘട്ടത്തിലെ അഗസ്ത്യമലയോട് ചേർന്ന് കിടക്കുന്ന പ്രദേശത്ത് നിന്ന് കണ്ടെത്തിയതിനാൽ ഇവയ്ക്ക്  അഗസ്ത്യമല മുളവാലൻ എന്ന പേര് നൽകുകയായിരുന്നു എന്ന് ഗവേഷണത്തിന് നേതൃത്വം നൽകിയ ഇരിഞ്ഞാലക്കുട ക്രൈസ്റ്റ് കോളേജിലെ വിവേക് ചന്ദ്രൻ പറയുന്നു. നീണ്ട് മെലിഞ്ഞ ഈ തുമ്പിയുടെ കറുത്ത ശരീരത്തിൽ നീല കുറികളും പൊട്ടുകളും കാണാം. പിൻകഴുത്തിന്‍റെയും ചെറുവാലുകളുടെയും ആകൃതിയാണ് ഈ തുമ്പിയെ മലബാർ മുളവാലനിൽ നിന്നും വ്യത്യസ്തമാക്കുന്നത്. പരീക്ഷണശാലയിൽ നടത്തിയ വിശദപഠനത്തിൽ ഇവയുടെ ജനിതകഘടനയിലും ജനനേന്ദ്രിയത്തിന്‍റെ ആകൃതിയിലും വ്യത്യാസമുണ്ടെന്ന് തെളിഞ്ഞതായും വിവേക് ചന്ദ്രൻ പറഞ്ഞു. 

ഇണ ചേർന്നാലും പിടിവിടില്ല; ഇണ ചേർന്നതിന് പിന്നാലെ മുട്ടകൾ നിക്ഷേപിക്കും; ഇത് പച്ചക്കണ്ണന്‍ ചേരാച്ചിറകന്‍ !

new species of trunk has been found in Manchadininnavila village

(ചിത്രങ്ങള്‍ റെജി ചന്ദ്രന്‍)

മഞ്ചാടിനിന്നവിള ഗ്രാമത്തിലെ പറമ്പുകളിലൂടെ കരമനയാറ്റിലേക്ക് ഒഴുകുന്ന ചെറിയ നീർച്ചാലിന് സമീപത്താണ് ഇവയെ കണ്ടെത്തിയത്. ആറിന്‍റെ മറുകരയിൽ പേപ്പാറ വന്യജീവി സാങ്കേതത്തിലെ നിബിഡ വനം. അതിനും വടക്കുള്ള പൊന്മുടി, ബോണക്കാട് എന്നീ സ്ഥലങ്ങളിൽ നിന്നും ഈ പുതിയയിനം തുമ്പിയുടെ ചിത്രങ്ങൾ ലഭിച്ചിട്ടുണ്ടെന്നും ഗവേഷക സംഘം പറയുന്നു. ഇരിഞ്ഞാലക്കുട ക്രൈസ്റ്റ് കോളേജിലെ വിവേക് ചന്ദ്രൻ, ഡോക്ടർ സുബിൻ കെ ജോസ്, സൊസൈറ്റി ഫോർ ഒഡോണേറ്റ് സ്റ്റഡീസ് അംഗം റെജി ചന്ദ്രൻ, പൂനെ എംഐടി വേൾഡ് പീസ് യൂണിവേഴ്സിറ്റിയിലെ ഡോക്ടർ പങ്കജ് കൊപാർഡേ, അരാജുഷ് പയ്ര എന്നിവരാണ് ഗവേഷക സംഘത്തിൽ ഉണ്ടായിരുന്നത്. 

തരിശ് നിലം എന്നൊരവസ്ഥയില്ലെന്നും ഓരോ പ്രദേശവും അതാത് ആവാസ വ്യവസ്ഥകളില്‍ അവയുടെതായ പ്രാധാന്യത്തെ അടയാളപ്പെടുത്തുന്നുമുണ്ടെന്ന് പുതിയ പഠനങ്ങള്‍ പറയുന്നു. അത്തരമൊരു കാലത്ത്, സംരക്ഷിത വനപ്രദേശങ്ങൾക്ക് പുറമെയുള്ള ആവാസവ്യവസ്ഥകളും ജൈവവൈവിധ്യ സംരക്ഷണത്തിൽ വലിയ പങ്ക് വഹിക്കുന്നു എന്നാണ് അഗസ്ത്യമല മുളവാലനും മഞ്ചാടിനിന്നവിള ഗ്രാമത്തിൽ പറന്ന് നടന്ന് പറയുന്നതും. അന്താരാഷ്ട്രാ പ്രസിദ്ധീകരണമായ ഇന്‍റർനാഷണൽ ജേർണൽ ഓഫ് ഒഡോണേറ്റോളജിയിൽ അഗസ്ത്യമല മുളവാലനെ കുറിച്ചുള്ള പുതിയ പഠനം പ്രസിദ്ധീകരിച്ചിട്ടുണ്ട്. നേരത്തെ പൊന്മുടിയില്‍ നിന്നും പാറമുത്തന്‍ മുളവാലന്‍ എന്ന ഇനം തുമ്പിയെ കണ്ടെത്തിയിരുന്നു. പ്രദേശത്തിന്‍റെ ജൈവവൈവിധ്യം സംരക്ഷിക്കേണ്ടതിന്‍റെ പ്രാധാന്യമാണ് ഇത് ചൂണ്ടിക്കാണിക്കുന്നത്. 

വിശാല പൊതുനന്മയിൽ പൊതുഭൂമി സംരക്ഷണത്തിന്‍റെ പങ്ക്


 

Latest Videos
Follow Us:
Download App:
  • android
  • ios