കാലാവസ്ഥാ വ്യതിയാനത്തോടൊപ്പം പരിഗണിക്കണം ജൈവ വൈവിധ്യ സംരക്ഷണത്തെയും

കാലാവസ്ഥ വ്യതിയാനത്തെ പോലെ തന്നെ ഏറെ പ്രധാന്യമര്‍ഹിക്കുന്ന ഒന്നാണ് ജൈവ വൈവിധ്യ സംരക്ഷണവും. എന്നാല്‍, കാലാവസ്ഥാ വ്യതിയാനത്തിന് കിട്ടുന്ന പരിഗണന പോലും ജൈവ വൈവിധ്യ സംരക്ഷണത്തിന് ലഭിക്കുന്നില്ല. ഇക്കഴിഞ്ഞ കോപ് 16 ന്‍റെ പശ്ചാത്തലത്തില്‍ ഒരന്വേഷണം

Biodiversity conservation should also be considered along with climate change


ജൈവ വൈവിധ്യത്തെ കുറിച്ചുള്ള അന്തരാഷ്ട ഉച്ചകോടി കോപ് 16 (cop 16) കാലി, കൊളംബിയയിൽ നടന്നതിന്‍റെ ഓഡിറ്റ് നടത്തുകയാണ് ആഗോള സമൂഹം. അതിന്‍റെ ജയപരാജയങ്ങളുടെ കണക്കെടുപ്പ്. കഴിഞ്ഞ ഒക്ടോബർ ഇരുപത്തൊന്ന് മുതൽ നവംമ്പർ ഒന്ന് വരെ നടന്ന ജൈവ വൈവിധ്യ ഉച്ചകോടി, മനുഷ്യരാശി നേരിടുന്ന ഏറ്റവും ഗൗരവതരമായ ഭീഷണി എന്ന നിലയിൽ ലോകം ഏറ്റവും കൂടുതൽ ചർച്ച ചെയ്യേണ്ടതും മനസിലാക്കേണ്ടതുമായ കാര്യമാണ്.  2022 -ൽ കോപ് 15 (cop 15) കുമിംഗ്  (Kunming, China)- മോൺട്രിയല്‍ (montreal, Canada) എന്നിവിടങ്ങളിലായി നടന്നത് പ്രകൃതിയുടെ 'പാരീസ് കാലാവസ്ഥ ഉടമ്പടി' എന്നാണ് അറിയപ്പെടുന്നത്. 2015  -ലെ  പാരീസ് കാലാവസ്ഥ വ്യതിയാന ഉടമ്പടി പോലെ പ്രധാനപ്പെട്ടതാണ് 2022 -ലെ പ്രകൃതിയുടെ കുമിംഗ്  - മോൺട്രിയല്‍ ഉടമ്പടി എന്ന് അർത്ഥം. കാലാവസ്ഥ വ്യതിയാനത്തിന്‍റെ പ്രശ്നങ്ങൾക്ക് ലഭിക്കുന്ന അത്ര പ്രധാന്യം ജൈവ വൈവിധ്യ നടത്തിപ്പിന് ലഭിച്ചില്ല. ഈ ജൈവ വൈവിധ്യ ഉച്ചകോടിയിലെ പ്രധാന അജണ്ടകൾ 30 ശതമാനം ഭൂമി, പ്രകൃതി സംരക്ഷണത്തിനായി നീക്കിവെക്കൽ, ലോക സാമ്പത്തിക ഘടനയെ പരിഷ്കരിക്കാനുളള ശ്രമങ്ങൾ തുടങ്ങിയ പദ്ധതികളൊന്നും വിജയിച്ചില്ല. വെള്ളിയാഴ്ച അവസാനിക്കേണ്ട ഉച്ചകോടി ശനിയാഴ്ച വരെ വലിച്ചു നീട്ടേണ്ടിവന്നു. അവസാനം ഇത് നിർത്തിവെക്കാനുള്ള തീരുമാനം എടുക്കേണ്ടതായും വന്നു. കോറം തികഞ്ഞില്ല എന്ന കാരണത്താലായിരുന്നു എല്ലാം. പ്രധാനമായും ഇതിൽ പങ്കെടുത്ത വികസ്വര രാജ്യങ്ങളിലെ പ്രതിനിധികൾക്ക്  തിരിച്ചുപോകേണ്ടി വന്നത് കൊണ്ടാണ് അങ്ങനെ സംഭവിച്ചത്. ലോകത്തിലെ  ഏറ്റവും പ്രധാനപ്പെട്ട ഒരു പരിസ്ഥിതി ഉച്ചകോടിക്ക് ഇങ്ങനെ സംഭവിച്ചത് മനുഷ്യരാശിയുടെ ഭാവിയെ സംബന്ധിച്ച പ്രതീക്ഷകള്‍ക്കേറ്റ തിരിച്ചടിയാണ്. ഈ ചർച്ചകൾ വീണ്ടും തുടങ്ങുമെങ്കിലും അതെരു തകർച്ചയായി തന്നെ കിടക്കും. 

പ്രാധാന്യമര്‍ഹിക്കുന്ന ജൈവവൈവിധ്യം 

ഈ ഉച്ചകോടി ആരംഭിക്കുന്നതിന് മുമ്പ് ലഭിച്ച റെഡ് ലിസ്റ്റ്, (Official reort - ജീവജാലങ്ങളുടെ നാശത്തിനെ കുറിച്ചുള്ളത്)  ഈ ഗ്രഹത്തിൽ ജീവജാലങ്ങൾ നേരിട്ടുകൊണ്ടിരിക്കുന്ന യഥാർത്ഥമായ അതിജീവന വെല്ലുവിളിയാണ് പുറത്ത് കൊണ്ടുവന്നത്. മൂന്നിൽ ഒരു ഭാഗം മരങ്ങളും അപകടകരമായ അവസ്ഥയിലാണ്. ഇത് ഉരഗങ്ങള്‍, പക്ഷികൾ, സസ്തനികൾ, ഉഭയജീവികൾ തുടങ്ങിയവ മൊത്തമായി കണക്കിൽ എടുത്താൽ ഉള്ളതിനേക്കാൾ കൂടുതലാണ്. കൊളംബിയൻ പ്രസിഡന്‍റ് ഗുസ്താവോ പെട്രോ പറഞ്ഞത്, 'ജീവിതത്തിനായിയുള്ള സമരം' എന്നാണ്. എന്നാല്‍ അത്തരമൊരു ജീവിത യാഥാർത്ഥ്യം ഈ ലോകം എത്രമാത്രം ഉൾക്കൊള്ളുന്നു എന്ന ചോദ്യം അവശേഷിക്കുന്നു.

വന്യജീവിത സംഖ്യ 1970 -കളിൽ നിന്നുള്ള കണക്കെടുത്ത് നോക്കുമ്പോൾ, ലോകത്ത് മൊത്തത്തില്‍ ശരാശരി 73 ശതമാനം വന്യജീവിതവും കുറഞ്ഞു വന്നതായി കാണാം. 2015 -ൽ നിന്ന് നോക്കുമ്പോള്‍ സ്വർണ്ണ തവള, പർവ്വത മഞ്ഞ് ആമ എന്നിവയെ എന്നേക്കുമായി നഷപ്പെട്ടു. 46,000 ജീവിവിഭാഗങ്ങൾ വംശനാശം നേരിടുകയാണ് എന്നാണ് റിപ്പോർട്ട് അവകാശപ്പെടുന്നത്. ഇത്തരം ജീവി വിഭാഗങ്ങളുടെ പ്രകൃതി സേവനങ്ങൾ മനുഷ്യ കേന്ദ്രീകൃത ലോകം മനസ്സിലാക്കുന്നില്ല എന്നിടത്താണ് ജൈവവൈവിധ്യം അപകടം നേരിടുന്നത്. ജൈവ വൈവിധ്യ നാശത്തിന്‍റെ അതിപ്രാധാന്യം മനസിലാക്കാതെ പോകൂകയാണ് നമ്മളോരോരുത്തരും. കാലാവസ്ഥ വ്യത്യാനത്തിന് ലഭിക്കുന്ന മാധ്യമ റിപ്പോർട്ടിൽ നിന്ന് 8 ശതമാനം കുറവാണ് ജൈവ വൈവിധ്യത്തിന്‍റെ റിപ്പോർട്ടിംഗ് എന്നത് കൂടുതൽ ഗൗരവം അർഹിക്കുന്ന കാര്യമാണ്.

Biodiversity conservation should also be considered along with climate change

പ്രകൃതിയോടൊപ്പമുള്ള സമാധാനം

എന്നാൽ, ചില പ്രധാനപ്പെട്ട തീരുമാനങ്ങൾ കോപ്16 എടുത്തിട്ടുണ്ട്. അത് പ്രകൃതിയെയും ജീവിതത്തെയും സംബന്ധിച്ചുള്ള ഇന്നുള്ള ധാരണകൾ തിരുത്തിക്കൊണ്ട് മാത്രമേ സാധ്യമാകൂ. കൊളംബിയൻ പ്രസിഡന്‍റ് ഗുസ്താവോ പെട്രോ ഇത്തരം കാര്യങ്ങൾ സൂചിപ്പിക്കുന്നുണ്ട്. എന്നാൽ, കൊളംബിയിൽ പരിസ്ഥിതി പ്രവർത്തകർക്ക് നേരിടേണ്ടിവരുന്ന ആക്രമണങ്ങൾ ചെറുതല്ല. കഴിഞ്ഞ വർഷം ലോകത്ത് കൊല ചെയ്യപ്പെട്ട 196 പരിസ്ഥിതി പ്രവർത്തകരിൽ മൂന്നിൽ ഒന്നും കൊളംബിയയിൽ നിന്നുള്ളവരായിരുന്നു. 'പ്രകൃതിയോട് ചേർന്നുള്ള സമാധാനം' (Peace with nature) എന്നതായിരുന്നു കോപ് 16 -ന്‍റെ മുദ്രാവാക്യം. ഈ സമാധാനം എന്നത് അത്ര എളുപ്പമുള്ള കാര്യമല്ല എന്നതാണ് വാസ്തവം.

ആദിവാസി / തദ്ദേശീയ ജനതയുടെ പ്രധാന്യം

ജൈവ വൈവിധ്യത്തിന്‍റെ ഏറ്റവും വലിയ സംരക്ഷകരായി  ആദിവാസി / തദ്ദേശീയ (Adivasi / Indigenous) ജനവിഭാഗങ്ങൾ മാറുമ്പോഴും അവരുടേ പ്രതിരോധം നേരിടുന്ന ഭീഷണികൾ നിരന്തരം കൂടി വരുന്ന അവസ്ഥ കൂടിയുണ്ട്. തങ്ങളുടെ ജീവിത സ്ഥല ങ്ങൾ സംരക്ഷിക്കുവാൻ (Habitus and way of ife) നടത്തുന്ന ശ്രമങ്ങളും, അതിന് കൊടുക്കേണ്ടിവരുന്ന വിലയും മനുഷ്യാവകാശങ്ങളുടെ ആധുനിക ലംഘനം കൂടിയായിവരുന്നുവെന്ന് മാത്രമല്ല, ഇത് ആധുനിക ജനാധിപത്യ മൂല്യങ്ങളെ പോലും അട്ടിമറിക്കുന്നു എന്നിടത്താണ് അപകടം കൂടുതല്‍.  ഇത്തരം ജീവിത സമരങ്ങൾ ലോകമെങ്ങുമുള്ള ആദിവാസി / തദ്ദേശീയ ജനവിഭാഗങ്ങൾക്കിടയില്‍ നടത്തുവരികയാണ്.

ജൈവ വൈവിധ്യ സംരക്ഷണത്തിൽ തദ്ദേശീയ ജനവിഭാഗങ്ങള്‍ക്കും പ്രാദേശിക സമൂഹങ്ങൾക്കുമുള്ള പങ്ക് അംഗീകരിച്ചു എന്നതാണ് കോപ് 16 -ന്‍റെ ഒരു പ്രധാന നേട്ടം. ഏറ്റവും പ്രധാന്യമുള്ള കാര്യമാണിത്. ഇത്തരം അറിവുകള്‍ അംഗീകരിക്കുക എന്നത് ജൈവ വൈവിധ്യ സംരക്ഷണത്തിലെ ഒരു കുതിച്ചു ചാട്ടമാണ്.

"നിങ്ങളുടെ എക്സിക്യൂട്ടീവ്സ് ഞങ്ങളോട് പറയുന്നു. കാർഗിൽ നല്ലൊരു കമ്പനിയാണ്. അവർ പ്രതിജ്ഞ ചെയ്തിട്ടുണ്ട് പ്രകൃതിയുടെ നാശം തടയാൻ. ഏന്നാൽ, അതല്ല നങ്ങളുടെ അനുഭവം.  ആമസോൺ മഴക്കാട്ടിലെ സമുദായത്തിന്‍റെ ജീവിതം ആകെ തകർന്നിരിക്കുന്നു.' ബെക മുണ്ട്റുക് (Beka Munduruku) എഴുതുന്നു. ഈ തകർച്ച എന്നത് ലോക ജീവിതത്തെ തന്നെ ബാധിക്കുന്നതാണ്. കാർഗിൽ  ബഹുരാഷ്ട്ര കമ്പനിയോട് ഇതിന്‍റെ  ഉത്തരവാദിത്വം ഏറ്റെടുക്കുവാൻ ആവശ്യപ്പെടുന്ന കത്ത് വെളിവാക്കുന്നത് ഇന്നത്തെ ബില്യണിയർ സാമ്പത്തികഘടനയുടെ പ്രവർത്തനമാണ്.

Biodiversity conservation should also be considered along with climate change

'നമ്മുടെ ലോകം ഒരു നൂലിനാൽ തൂങ്ങി നിൽക്കുകയാണ്'

ബ്രസീലിലെ ആമസോണിലെ സവ്രെ മയ്യൂബ് ഗ്രാമത്തിലെ (Sawre Mayub village) 21 വയസുകാരി ബെക മുണ്ട്റുക് എന്ന തദ്ദേശീയയായ ആക്റ്റിവിസ്റ്റിന്‍റെ ദി ഗാർഡിയനില്‍ വന്ന വാക്കുകളാണ് ഇത്. തങ്ങളുടെ പ്രദേശത്ത് പ്രവർത്തിക്കുന്ന അമേരിക്കൻ ബഹുരാഷ്ട്ര കാർഷിക കമ്പനിയായ കാർഗിലിന് നേരിട്ട് കത്ത് കൈമാറാനായി അമേരിക്കയിലേക്ക് അവള്‍ യാത്ര ചെയ്തു.  കാർഗിലിന്‍റെ പ്രവർത്തനം മൂലം തന്‍റെ സമുദായത്തിന് നേരിടേണ്ടിവന്ന അവസ്ഥ വിവരിക്കുന്നതാണ് ആ കത്ത്. ഒപ്പം സ്വന്തം ദേശത്ത് അവരുടേ പ്രവർത്തനം നിർത്തുവാനും അവള്‍ ആവശ്യപ്പെട്ടു. 

ജൈവ വൈവിധ്യവും ആരോഗ്യവും, ജലം, ഭക്ഷ്യ സുരക്ഷ തുടങ്ങിയ കാര്യങ്ങൾ പ്രധാന ചർച്ചാ വിഷയങ്ങളായി ഈ ഉച്ചകോടിയിൽ വന്നിരുന്നു. അതോടൊപ്പം ജൈവ വൈവിധ്യവുമായി ബന്ധപ്പെട്ടുള്ള മറ്റനേകം വിഷയങ്ങളും കോപ് 16 -നില്‍ സജീവ ചർച്ചയ്ക്ക് വിധേയമായി.

യുഎസിന്‍റെ പിന്മാറ്റം

ജൈവ വൈവിധ്യ ഉച്ചകോടി, ലോകത്ത് ഇന്ന് ഏറ്റവും പ്രധാനമുള്ള ഒന്നായിരിക്കുമ്പോള്‍ തന്നെ യുഎസ് ഇതിനെ അംഗീകരിച്ചിട്ടില്ല. അതോടൊപ്പമുള്ള മറ്റൊരു രാജ്യം ഹോളിസിയാണ്. ജൈവ വൈവിധ്യ ഉച്ചകോടി നേരിടുന്ന പ്രധാന വെല്ലുവിളി കൂടിയാണിത്. 'ദേശീയ താൽപ്പര്യം' എന്നത് അതിന്‍റെ രാഷ്ട്രീയ അർത്ഥവും. 'ജൈവ വൈവിധ്യ'മെന്നത് വിപുലമായ ഭൂമിയിലെ ജീവിതം എന്ന പ്രതിഭാവുമായി ബന്ധപ്പെട്ടതാണെന്നും നമ്മള്‍ വ്യക്തമായി മനസിലാക്കേണ്ടിയിരിക്കുന്നു. ലോകത്തിലെ ഏറ്റവും വലിയ സാമ്പത്തിക ശക്തി  ഇതിലെ ഒരു അംഗമല്ല (Non-parry) എന്നുള്ളത് ഈ ജൈവവൈവിധ്യ  ഉച്ചകോടി നേരിട്ട പരിമിതിയെ ഓർമ്മിപ്പിക്കുന്നു.

Biodiversity conservation should also be considered along with climate change

ഇന്ത്യയും ജൈവ വൈവിധ്യ ഉച്ചകോടിയും 

ഇന്ത്യ ഒരു ദേശീയ ജൈവ വൈവിധ്യ പ്രവർത്തനവും ആരംഭിച്ചിട്ടുണ്ട്.  കുമിംഗ് - മോൺട്രിയല്‍ ജൈവ വൈവിധ്യ ഉച്ചകോടിയുമായി (കോപ് 15 - 2022) ചേർന്ന് നിന്നുളള ഒരു നവജൈവ വൈവിധ്യ പ്രവർത്തനമാണ് ഇന്ത്യ ഉദ്ദേശിക്കുന്നത്. കുറഞ്ഞ പക്ഷം 50 ശതമാനം  'കാലി ഫണ്ട്' സ്വയം തിരിച്ചറിയുന്ന പ്രവർത്തനങ്ങൾക്കായി, തദ്ദേശീയ ജനവിഭാഗങ്ങളുടെയും പ്രാദേശീക സമുദായങ്ങളുടെയും  ആവശ്യങ്ങൾക്കായി  നീക്കി വെയ്ക്കുന്നതാണ്. പാരിസ്ഥിക ഗവേഷണത്തിൽ നിർണ്ണായക സ്ഥാനത്തുള്ളതാണ് ഡിജിറ്റല്‍ സീക്വൻസ് ഇന്‍ഫർമേഷന്‍ (Digital sequence information).

കോപ് 16 രൂപം കൊടുത്ത കാലി ഫണ്ട് കൊണ്ട് ഉദ്ദേശിക്കുന്നത്, തുല്ല്യവും ന്യയമായതുമായ ഡിജിറ്റല്‍ സീക്വൻസ് ഇന്‍ഫർമേഷന്‍റെ ( DNA - RNA വിവരങ്ങൾ)  വിതരണമാണ്. അതും ജനിതക വിഭവങ്ങളെ അടിസ്ഥനമാക്കിയുള്ളത്. കൊളംബിയയിൽ നടന്നിട്ടുള്ള കോപ്പ് 16 ജൈവവൈവിധ്യ ഉച്ചകോടിയെ 'ജനകീയ അസംബ്ലി' (People's Assembly) എന്നാണ് വിശേഷിക്കപ്പെട്ടിരുന്നത്. അതുപ്രകാരം ഒന്ന് രൂപപ്പെടണമെങ്കില്‍ ജൈവവൈവിധ്യ മേഖലയില്‍  പ്രാദേശികവും അന്തർദേശീയവുമായ കൂട്ടായ്മകൾ അത്യാവശ്യമാണ്. അതോടൊപ്പം ജൈവ വൈവിധ്യത്തെ സംബന്ധിച്ചുള്ള 'പാരിസ്ഥിതിക അറിവുകൾ' കൂടുതൽ ജനാധിപത്യവൽക്കരിക്കപ്പെടണം. 

അംഗീകരിച്ച ജൈവ വൈവിധ്യ കരാറുകളെ ഒരു അസാധാരണമായ സന്ദർഭം എന്നാണ് കാമില പോസ് റോ മാരിയോ വിശേഷിപ്പിച്ചത് (Indigenous spoke person). ജൈവ വൈവിധ്യ സംരക്ഷണം എന്നത് തീവ്രമായി ലോകം ഏറ്റെടുക്കേണ്ട കാലഘട്ടമാണിത്. ലോകം ഒരു പാരിസ്ഥിതിക ലക്ഷ്യവും നിറവേറ്റിയിട്ടില്ലെന്ന് യുഎൻ ചൂണ്ടിക്കാട്ടുന്നുണ്ട്. ഒരു അസാധാരണമായ ജൈവ വൈവിധ്യ സംരക്ഷണ കാലഘട്ടത്തിലൂടെയാണ് ഭൂമി കടന്ന് പോകുന്നതെന്ന് നമ്മള്‍ മനസിലാക്കേണ്ടിയിരിക്കുന്നു. അതേസമയം വികസിത രാജ്യങ്ങൾ നീക്കി വെക്കേണ്ട ഫണ്ട് ജൈവ വൈവിധ്യ സംരക്ഷണത്തിനായി മാറ്റിവയ്ക്കണമെന്ന തർക്കം തുടരുകയാണ്. ഇത് ലോക വികസനത്തിന്‍റെ തന്നെ ചോദ്യവും  ഗ്ലോബൽ നോര്‍ത്ത് സൌത്ത് (Global North - South) തർക്കത്തിനുള്ള അടിസ്ഥാനവുമാണ്. ജൈവ വൈവിധ്യ സംരക്ഷണം എന്നതിലെ ആഗോള പാരിസ്ഥിതിക ജനാധിപത്യ ചോദ്യം അതിപ്പോഴും തുടങ്ങിയയിടത്ത് തന്നെ നില്‍ക്കുന്നുവെന്നും നമ്മള്‍ കാണേണ്ടതുണ്ട്. അത് തന്നെയാണ് നമ്മള്‍ നേരിടുന്ന പ്രശ്നവും. 
 

Latest Videos
Follow Us:
Download App:
  • android
  • ios