കോടതി നടപടികൾ റീൽസ് ആക്കി, 24കാരനെ അറസ്റ്റ് ചെയ്ത് പൊലീസ്
കോടതി മുറിയില്‍ നടപടിക്രമങ്ങളുടേയും വനിതാ ജീവനക്കാരുടേയും വീഡിയോ ഫോണില്‍ ചിത്രീകരിച്ച് ഇൻസ്റ്റാഗ്രാം അക്കൗണ്ട് വഴി പ്രചരിപ്പിച്ച യുവാവ് അറസ്റ്റിൽ
മലപ്പുറം: കോടതി നടപടികൾ റീൽസാക്കിയ യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തു. ഒമാനൂർ സ്വദേശി മൻസൂർ അലി (24)ക്കെതിരെയാണ് നടപടി. ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിക്കകത്തെ നടപടി ക്രമങ്ങള്‍ ഫോണില്‍ ചിത്രീകരിച്ച് സോഷ്യല്‍ മീഡിയ റീല്‍സായി പ്രചരിപ്പിക്കുകയായിരുന്നു. കോടതി മുറിയില്‍ നടപടിക്രമങ്ങളുടേയും വനിതാ ജീവനക്കാരുടേയും വീഡിയോ ഫോണില്‍ ചിത്രീകരിച്ച് ഇൻസ്റ്റാഗ്രാം അക്കൗണ്ട് വഴിയാണ് പ്രചരിപ്പിച്ചത്. ഇയാള്‍ തന്‍റെ പേരിലെ ഒരു കേസുമായി ബന്ധപ്പെട്ടാണ് കോടതിയില്‍ എത്തിയത്.
ഇതിനിടെയാണ് കോടതിയുടെ നപടിക്രമങ്ങള്‍ ഫോണില്‍ പകർത്തി സോഷ്യല്‍ മീഡിയയില്‍ വൈറലാവാൻ ഒരു ശ്രമം നടത്തിയത്. ഇത് യുവാവിനെ പണിയാവുകയായിരുന്നു. കേരള പൊലീസ് ആക്ടിലെ 120 (0), ഇൻഫർമേഷൻ ടെക്നോളജി ആക്ടിലെ 67 വകുപ്പ്, ഭാരതീയ ന്യായ സൻഹിത 73, 78 എന്നീ വകുപ്പുകള്‍ പ്രകാരം മലപ്പുറം പൊലീസാണ് കേസെടുത്ത് യുവാവിനെ അറസ്റ്റ് ചെയ്തത്. മലപ്പുറം ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് മുമ്പാകെ ഹാജരാക്കിയ പ്രതിയെ മഞ്ചേരി സബ് ജയിലില്‍ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടു.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം