പാമ്പ് കടിച്ചാല്‍ കാണുന്ന ലക്ഷണങ്ങള്‍; ഉടന്‍ ചെയ്യേണ്ടതും- ചെയ്യരുതാത്തതുമായ കാര്യങ്ങള്‍....
നമ്മുടെ നാട്ടില്‍ സര്‍വസാധാരണമായി കണ്ടുവരുന്ന ജീവിവര്‍ഗമാണ് പാമ്പുകള്‍. നഗരങ്ങളില്‍ പോലും ഒഴിഞ്ഞ കോണുകളില്‍ അവ ജീവിച്ചുവരുന്നു. അങ്ങനെയുള്ള പശ്ചാത്തലത്തില്‍ പാമ്പുകടിച്ചാല്‍ ചെയ്യേണ്ട കാര്യങ്ങളെ കുറിച്ചും, വിഷമേറ്റിട്ടുണ്ടെന്ന് തിരിച്ചറിയുന്നതെങ്ങനെ എന്നതിനെ കുറിച്ചും നമുക്ക് കൃത്യമായ ധാരണ വേണ്ടതല്ലേ
ഇക്കഴിഞ്ഞ ദിവസമാണ് വയനാട്ടില്‍ ക്ലാസില്‍ വച്ച് പാമ്പ് കടിയേറ്റതിനെ തുടര്‍ന്ന് അഞ്ചാം ക്ലാസ് വിദ്യാര്‍ത്ഥിനി മരിച്ചത്. പാമ്പ് കടിച്ചതാണെന്ന് എത്ര പറഞ്ഞിട്ടും അധ്യാപകര്‍ അത് ശ്രദ്ധിച്ചില്ലെന്നാണ് വിദ്യാര്‍ത്ഥികള്‍ പറയുന്നത്. അതോടൊപ്പം തന്നെ ചികിത്സ വൈകിയതിനെതിരെയും ഇപ്പോള്‍ കടുത്ത പ്രതിഷേധങ്ങളുയരുന്നുണ്ട്.
നമ്മുടെ നാട്ടില്‍ സര്‍വസാധാരണമായി കണ്ടുവരുന്ന ജീവിവര്‍ഗമാണ് പാമ്പുകള്‍. നഗരങ്ങളില്‍ പോലും ഒഴിഞ്ഞ കോണുകളില്‍ അവ ജീവിച്ചുവരുന്നു. അങ്ങനെയുള്ള പശ്ചാത്തലത്തില്‍ പാമ്പുകടിച്ചാല്‍ ചെയ്യേണ്ട കാര്യങ്ങളെ കുറിച്ചും, വിഷമേറ്റിട്ടുണ്ടെന്ന് തിരിച്ചറിയുന്നതെങ്ങനെ എന്നതിനെ കുറിച്ചും നമുക്ക് കൃത്യമായ ധാരണ വേണ്ടതല്ലേ.
പലപ്പോഴും ഏത് അപകടത്തിലും ഒരാളുടെ ജീവന്‍ പോകാതെ കാക്കുന്നത് അയാള്‍ക്ക് ലഭിക്കുന്ന പ്രാഥമിക ചികിത്സയുടെ ഭാഗമായാണ്. എന്നാല്‍ എന്താണ് സംഭവിച്ചത് എന്നുപോലും മനസിലാക്കാന്‍ നമുക്കാകുന്നില്ല-എങ്കില്‍ പിന്നെയെങ്ങനെയാണ് നമ്മള്‍ പ്രാഥമിക ചികിത്സയിലേക്കും മറ്റ് നടപടികളിലേക്കും കടക്കുന്നത്!
പാമ്പ് കടിയേറ്റാല്‍ എങ്ങനെ തിരിച്ചറിയാം?
പാമ്പ് കടിയേറ്റാല്‍ കാഴ്ചയില്‍ വലിയ മുറിവോ മാറ്റമോ ഒന്നും കാണണമെന്ന് എപ്പോഴും നിര്‍ബന്ധമില്ല.
വിഷപ്പാമ്പുകള്‍ കടിച്ചാല്‍ സാധാരണഗതിയില്‍ അടുത്തടുത്തായി പല്ലുകളുടെ രണ്ട് പാടുകള്‍ കാണാം. ഇരുട്ടില്‍ നടന്നുപോകുമ്പോഴോ, അല്ലെങ്കില്‍ പാമ്പിനെ കാണാതെ തന്നെയോ ഇത്തരത്തില്‍ മുറിവേറ്റാല്‍ വൈകരുത്, ഉടന്‍ തന്നെ ആശുപത്രിയിലെത്തുക.
ഓരോ പാമ്പിന്റെയും വിഷം വ്യത്യസ്തമാണ്. ചിലയിനത്തില്‍പ്പെടുന്ന പാമ്പുകള്‍ കടിച്ചാല്‍ വിഷം കയറില്ല. അതുപോലെ ശരീരത്തിലെത്തുന്ന വിഷം ഓരോ മനുഷ്യനിലും പ്രവര്‍ത്തിക്കുന്നതിന്റെ തീവ്രതയും വ്യത്യസ്തമായി വരാറുണ്ട്.
ചിലരില്‍ പാമ്പ് കടിച്ച ശേഷം ശരീരത്തില്‍ വിഷം കയറിയിരിക്കും. എന്നാല്‍ അതിന്റെ ലക്ഷണങ്ങള്‍ കാണിക്കാന്‍ അല്‍പം സമയമെടുത്തേക്കാം. അത്തരം സാഹചര്യങ്ങളിലും ചികിത്സ വൈകുന്നത് മൂലം രോഗി മരണപ്പെട്ടേക്കാം.
സാധാരണഗതിയില്‍ ഛര്‍ദ്ദി, തളര്‍ച്ച, എന്നിവയാണ് പാമ്പുകടിയുടെ ആദ്യലക്ഷണങ്ങളായി വരാറ്. നല്ല തോതില്‍ വിഷമുള്ള പാമ്പാണ് കടിച്ചതെങ്കില്‍ കാഴ്ച മങ്ങുകയും കണ്ണുകള്‍ തളര്‍ന്നുവീഴുകയും, ശരീരം കുഴയുകയും ചെയ്യുന്ന അനുഭവമുണ്ടാകാം. അത്തരം കേസുകളില്‍ ചികിത്സ വൈകുന്നത് കൂടുതല്‍ അപകടമാണ്.
പേശികള്‍ തളര്‍ന്നുപൊയ്‌ക്കൊണ്ടിരുന്നാല്‍ ക്രമേണ ശ്വാസതടസമുണ്ടാവുകയും ശ്വാസം ലഭിക്കാതെ രോഗി മരിച്ചുപോവുകയും ചെയ്യുന്ന അവസ്ഥയുണ്ടാകാം.
അണലിപ്പാമ്പാണ് കടിച്ചതെങ്കില്‍ കടുത്ത വേദനയും തടിപ്പും കണ്ടേക്കാം. അതുപോലെ അണലിയുടെ കടിയേറ്റാല്‍ ശരീരത്തിനകത്ത് പലയിടങ്ങളിലായി രക്തസ്രാവമുണ്ടാകുന്ന സാഹചര്യമുണ്ടാകാറുണ്ട്. വായില്‍ നിന്നും മൂക്കില്‍ നിന്നുമെല്ലാമുണ്ടാകുന്ന രക്തസ്രാവം വൈകുന്നതോടെ തലച്ചോറ്, ശ്വാസകോശം, വൃക്ക എന്നിവിടങ്ങളിലൊക്കെ കണ്ടേക്കം. ഇത് വളരെയധികം അപകടം പിടിച്ച സാഹചര്യമാണെന്ന് മനസിലാക്കണം.
ചികിത്സയില്‍ പിന്നീട് രോഗിയുടെ രക്തം മാറ്റേണ്ട അവസ്ഥയാണ് ഇതുണ്ടാക്കുക. എങ്കിലും സമയത്തിന് ആശുപത്രിയിലെത്തിച്ചില്ലെങ്കില്‍ മരണം തന്നെ ഫലം. ഇന്ത്യയില്‍ പാമ്പ് കടിയേറ്റ് മരിക്കുന്നതില്‍ ഏറ്റവുമധികം കേസുകളും അണലിയുടെ കടിയേറ്റാണ് മരിക്കുന്നതെന്ന കാര്യവും ശ്രദ്ധേയമാണ്.
പാമ്പ് കടിച്ചതാണെന്ന് മനസിലായാല്‍...
പാമ്പ് കടിച്ചതാണെന്ന് മനസിലായാല്‍ സ്വയം ചികിത്സയക്ക് മുതിരാതെ ഉടന്‍ തന്നെ ആശുപത്രിയിലെത്തിക്കുകയാണ് വേണ്ടത്. പാമ്പ് കടിയേറ്റ ഭാഗത്ത് മുറിവുണ്ടാക്കി രക്തമൊഴുക്കിക്കളയുന്നതും, ചരട് കെട്ടുന്നതും, രക്തം വായില്‍ വലിച്ചൂറ്റിക്കളയുന്നതുമൊന്നും ഫലപ്രദമായ പ്രാഥമിക ചികിത്സയല്ലെന്ന് ഡോക്ടര്‍മാര്‍ ചൂണ്ടിക്കാട്ടുന്നു. എന്ന് മാത്രമല്ല, ഇത്തരം കാര്യങ്ങള്‍ കൂടുതല്‍ സങ്കീര്‍ണ്ണതകളുണ്ടാക്കുമെന്നും ഇവര്‍ പറയുന്നു.
കയ്യിലോ കാലിലോ ഒക്കെയാണ് കടിയേറ്റതെങ്കില്‍ നെഞ്ചിന് താഴേക്കായി തൂക്കിയിടത്തക്ക തരത്തില്‍ മുറിവുള്ള ഭാഗം പിടിക്കണം. വിഷം പടരുന്നത് കുറയ്ക്കാനാണ് ഇങ്ങനെ ചെയ്യുന്നത്. അതുപോലെ തന്നെ പരുത്ത കോട്ടണ്‍ തുണി കൊണ്ട് പതിയെ മുറിവിനേയും ചുറ്റുമുള്ള ഭാഗങ്ങളേയും കെട്ടിവയ്ക്കാം. ഉദാഹരണത്തിന്, കാല്‍പാദത്തിലാണ് കടിയേറ്റിരിക്കുന്നത് എങ്കില്‍ അവിടം മുതല്‍ മുന്നോട്ടും മുകളിലേക്കുമായി മുഴുവന്‍ കാല്‍ തുണി കൊണ്ട് ചുറ്റിച്ചുറ്റി കെട്ടിവരിക.
ഒരുകാരണവശാലും ഈ കെട്ട് വളരെയധികം മുറുകരുത്. രക്തയോട്ടം പതുക്കെയാക്കുക എന്ന ഉദ്ദേശം മാത്രമാണ് ഇതുകൊണ്ടുള്ളത്. അതായത്, രക്തത്തിലൂടെ വിഷം പടരുന്നതിനെ പരമാവധി വൈകിപ്പിക്കുക. എന്നാല്‍ അമര്‍ത്തിക്കെട്ടുന്നതോടെ രക്തയോട്ടം തന്നെ നില്‍ക്കുന്ന സാഹചര്യമുണ്ടാകും. ഇത് കൂടുതല്‍ പ്രശ്‌നങ്ങളിലേക്ക് രോഗിയെ നയിച്ചേക്കാം.
ഏറ്റവും പ്രധാനം രോഗിയെ പരിഭ്രാന്തിയിലാക്കാതെ സൂക്ഷിക്കലാണ്. പരിഭ്രാന്തിപ്പെടുത്തുന്നതോടെ, രക്തസമ്മര്‍ദ്ദം ഉയരാനും അത് കൂടുതല്‍ അപകടങ്ങളിലേക്ക് രോഗിയെ നയിക്കാനും കാരണമാകുന്നു. പാമ്പ് കടിയേറ്റതാണെന്ന് മനസിലാക്കിയാല്‍ ഉടന്‍ തന്നെ രോഗിയെ ശാന്തനാക്കാന്‍ ശ്രമിക്കണം. തുടര്‍ന്ന് വൈകാതെ 'ആന്റിവെനം' കയറ്റാന്‍ സൗകര്യമുള്ള ആശുപത്രിയിലെത്തിക്കണം.
സാധാരണഗതിയില്‍ സര്‍ക്കാര്‍ ആശുപത്രികളിലെല്ലാം 'ആന്റിവെനം' കയറ്റാന്‍ സംവിധാനമുണ്ടായിരിക്കും. രോഗിയുടെ ശരീരം അധികം അനക്കാത്ത തരത്തില്‍ ഇരുത്തിയോ കിടത്തിയോ ആശുപത്രിയിലെത്തിക്കണം. വിഷം കയറിയെന്നുറപ്പായ ഒരാളെ ഒരുകരാണവശാലും കൂടുതല്‍ നടത്തരുത് അത് വിഷം പെട്ടെന്ന് ശരീരമാകെ പടരാന്‍ ഇടയാക്കും. കഴിയുമെങ്കില്‍ ഇടതുവശം ചരിഞ്ഞ് കിടത്തുക.