അങ്കമാലിയിൽ പ്രത്യേക സ്റ്റോപ്പ് അനുവദിച്ചു; മൂന്ന് മണിക്കൂർ വൈകി; തകരാർ പരിഹരിച്ച് വന്ദേ ഭാരത് യാത്ര തുടങ്ങി
വഴിയിൽ കുടുങ്ങിയ കാസർകോട്-തിരുവനന്തപുരം വന്ദേഭാരത് ട്രെയിൻ തകരാർ പരിഹരിച്ച് യാത്ര പുനരാരംഭിച്ചു
ഷൊർണൂർ: സാങ്കേതിക തകരാറിനെ തുടർന്ന് വഴിയിൽ കുടുങ്ങിയ കാസർകോട്-തിരുവനന്തപുരം വന്ദേഭാരത് ട്രെയിൻ യാത്ര പുനരാരംഭിച്ചു. മൂന്ന് മണിക്കൂർ വൈകി ഓടുന്ന ട്രെയിനിന് അങ്കമാലിയിൽ പ്രത്യേക സ്റ്റോപ്പ് അനുവദിച്ചു. കൊച്ചി വിമാനത്താവളത്തിലേക്കുള്ള യാത്രക്കാർക്ക് വേഗത്തിൽ നെടുമ്പാശേരിയിൽ എത്താൻ വേണ്ടിയാണ് സ്റ്റോപ്പ്. ട്രെയിൻ വൈകിയ സാഹചര്യത്തിൽ യാത്രക്കാർ നേരിട്ട അസൗകര്യം പരിഹരിക്കാനാണ് ശ്രമം.
ഷൊർണൂർ പാലത്തിന് സമീപത്ത് വച്ചാണ് ട്രെയിൻ സാങ്കേതിക തകരാർ നേരിട്ടത്. വാതിൽ തുറക്കാനാകാതിരുന്ന ട്രെയിനിൽ എസിയും പ്രവർത്തിച്ചില്ല. ഒരു മണിക്കൂറോളം വഴിയിൽ കിടന്ന ട്രെയിൻ പിന്നീട് ഷൊർണൂർ റെയിൽവെ സ്റ്റേഷനിലേക്ക് തിരിച്ചെത്തിച്ച ശേഷം തകരാർ പരിഹരിക്കുകയായിരുന്നു. ഇതിന് ശേഷമാണ് യാത്ര തുടർന്നത്. വന്ദേ ഭാരതിൻ്റെ പവർ സർക്യൂട്ടിലാണ് തകരാർ ഉണ്ടായതെന്നാണ് പ്രാഥമിക കണ്ടെത്തൽ. ട്രെയിൻ തിരുവനന്തപുരത്ത് എത്തിച്ച് കൂടുതൽ പരിശോധന നടത്തുമെന്ന് റെയിൽവെ അറിയിച്ചു.