'സ്ത്രീകള്‍ക്ക് വിദ്യാഭ്യാസം നല്‍കാന്‍ അനുവദിക്കൂ'; താലിബാനെതിരെ തുറന്നടിച്ച് റാഷിദ് ഖാന്‍
അഫ്ഗാനിസ്ഥാനിലെ പെണ്‍കുട്ടികള്‍ക്കും സ്ത്രീകള്‍ക്കും പിന്തുണച്ചുകൊണ്ട് അദ്ദേഹം സോഷ്യല്‍ മീഡിയയില്‍ നയം വ്യക്തമാക്കി.
കാബൂള്‍: അഫ്ഗാനിസ്ഥാനില്‍ സ്ത്രീകള്‍ക്ക് മേല്‍ കൂടുതല്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്താനൊരുങ്ങുകയാണ് താലിബാന്‍. നഴ്സിംഗ്, മിഡ്വൈഫറി കോഴ്സുകളില്‍ ചേരുന്നതില്‍ സ്ത്രീകള്‍ക്ക് നിരോധനം ഏര്‍പ്പെടുത്താന്‍ താലിബാന്‍ ഭരണകൂടം ആലോചിക്കുന്നുണ്ട്. മുതിര്‍ന്ന നേതാക്കളെ ഉദ്ധരിച്ച് അന്താരാഷ്ട്ര വാര്‍ത്താ ഏജന്‍സികള്‍ റിപ്പോര്‍ട്ട് ചെയ്തു. താലിബാന്‍ പരമോന്നത നേതാവിന്റെ ഉത്തരവിനെ തുടര്‍ന്നാണ് തീരുമാനമെന്നും റിപ്പോര്‍ട്ടുണ്ട്. ഇപ്പോള്‍ തീരുമാനത്തിനെതിരെ ആഞ്ഞടിച്ചിരിക്കുകയാണ് അഫ്ഗാന്‍ സ്റ്റാര്‍ സ്പിന്നര്‍ റാഷിദ് ഖാന്‍.
അഫ്ഗാനിസ്ഥാനിലെ പെണ്‍കുട്ടികള്‍ക്കും സ്ത്രീകള്‍ക്കും പിന്തുണച്ചുകൊണ്ട് അദ്ദേഹം സോഷ്യല്‍ മീഡിയയില്‍ നയം വ്യക്തമാക്കി. പെണ്‍കുട്ടികള്‍ക്ക് വിദ്യാഭ്യാസം നിഷേധിക്കുന്നത് നിരാശാജനകമാണെന്ന് റാഷിദ് പോസ്റ്റില്‍ പറയുന്നു. ''വനിത ഡോക്ടര്‍മാരുടെയും നഴ്‌സുമാരുടെയും അഭാവം സ്ത്രീകളുടെ ആരോഗ്യത്തെയും അന്തസിനെയും ബാധിക്കും. അറിവ് നേടാന്‍ വനിതകള്‍ക്കുള്ള അവകാശം ഖുര്‍ ആന്‍ ഉയര്‍ത്തുന്നുണ്ട്. പെണ്‍കുട്ടികള്‍ക്ക് വിദ്യാഭ്യാസം വിലക്കുന്ന ഉത്തരവ് പിന്‍വലിക്കണം. എല്ലാ മുസ്ലീം പുരുഷന്മാര്‍ക്കും സ്ത്രീകള്‍ക്കും വിദ്യാഭ്യാസം നിര്‍ബന്ധമാണ്. പുതിയ തീരുമാനങ്ങളില്‍ എനിക്ക് നിരാശ തോന്നുന്നു. ഒരു രാജ്യത്തിന്റെ വികസനത്തിന്റെ അടിത്തറ വിദ്യാഭ്യാസത്തില്‍ നിന്നാണ് ആരംഭിക്കുന്നത്.'' റാഷിദ് കുറിച്ചിട്ടു.
രോഹിത് ഓപ്പണിംഗ് സ്ഥാനം വിട്ടേക്കും? ഓസീസിനെതിരെ രണ്ടാം ടെസ്റ്റിനുള്ള ഇന്ത്യയുടെ സാധ്യതാ ഇലവന്‍
തീരുമാനം പുനഃപരിശോധിക്കുമെന്നും റാഷിദ് പറയുന്നു. ''നമ്മുടെ സഹോദരിമാര്‍ക്ക് വിശുദ്ധ മതത്തിന്റെ തത്വങ്ങള്‍ക്കനുസൃതമായി വിദ്യാഭ്യാസം നല്‍കുകയാണ് വേണ്ടത്. അഫ്ഗാനിസ്ഥാനിലെ സഹോദരിമാര്‍ക്കും അമ്മമാര്‍ക്കും വേണ്ടിയുള്ള വിദ്യാഭ്യാസ, മെഡിക്കല്‍ സ്ഥാപനങ്ങള്‍ അടച്ചുപൂട്ടിയത് വേദനയോടെ അല്ലാതെ കാണാന്‍ കഴിയുന്നില്ല. ഈ തീരുമാനം അവരുടെ ഭാവിയെ മാത്രമല്ല, അഫ്ഗാന്‍ സമൂഹത്തെ മൊത്തത്തില്‍ ബാധിക്കും. വനിതാ ഡോക്ടര്‍മാരുടെയും നഴ്‌സുമാരുടെയും ക്ഷാമം ആശങ്കാജനകമാണ്. കാരണം ഇത് സ്ത്രീകളുടെ ആരോഗ്യ സംരക്ഷണത്തെയും അന്തസ്സിനെയും നേരിട്ട് ബാധിക്കുന്നു. നമ്മുടെ സഹോദരിമാര്‍ക്കും അമ്മമാര്‍ക്കും അവരുടെ ആവശ്യങ്ങള്‍ ശരിക്കും മനസ്സിലാക്കുന്ന മെഡിക്കല്‍ പ്രൊഫഷണലുകള്‍ നല്‍കുന്ന പരിചരണം ലഭ്യമാക്കേണ്ടത് അത്യാവശ്യമാണ്. അഫ്ഗാന്‍ പെണ്‍കുട്ടികള്‍ക്ക് വിദ്യാഭ്യാസത്തിനുള്ള അവരുടെ അവകാശം എടുത്തുകളയരുത്. തീരുമാനം വീണ്ടും പരിശോധിക്കണം.'' റാഷിദ് വ്യക്തമാക്കി.
എക്കാലത്തേയും മികച്ച സ്പിന്നര്‍മാരില്‍ ഒരാളാണ് റാഷിദ്. താരത്തിന്റെ നിലപാട് പോസിറ്റീവായിട്ടാണ് ആരാധകര്‍ കണ്ടതും.