ഇത് നസ്രിയ 2.0; 'പ്രിയദര്‍ശിനി'യായി പ്രേക്ഷകരെ കൈയിലെടുത്ത് താരം
എം സി ജിതിനാണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്
19 കൊല്ലം മുമ്പ് മിനിസ്ക്രീനിലൂടെയാണ് പ്രേക്ഷകർ നസ്രിയയെ കണ്ടുതുടങ്ങിയത്. ബിഗ് സ്ക്രീനിൽ 'പളുങ്കി'ലെ ഗീതുവായി മലയാളി മനസ്സുകളിൽ ഈ നടി ചേക്കേറി. പിന്നീട് ഒട്ടേറെ സിനിമകളിൽ ബാലതാരമായി, നായികയായി ഏവരുടേയും ഇഷ്ടം നേടിയ താരമായി. ഇപ്പോഴിതാ 'സൂക്ഷ്മദർശിനി'യിൽ തന്‍റെ ഇതുവരെ കാണാത്തതരത്തിലുള്ള ഒരു കഥാപാത്രവും പ്രകടനവുമായി എത്തിയിരിക്കുകയാണ് നസ്രിയ നസിം. കുസൃതിയും കുറുമ്പും കൗതുകവുമൊക്കെ നിറഞ്ഞ വേഷങ്ങളിൽ മുമ്പ് കണ്ട നസ്രിയയേ അല്ല ഈ സിനിമയിൽ. മലയാളത്തിൽ 4 വർഷത്തെ ഇടവേളയ്ക്ക് ശേഷം നസ്രിയ തിരിച്ചെത്തിയപ്പോൾ പ്രിയദർശിനി എന്ന മികച്ചൊരു കഥാപാത്രവുമായാണ് എത്തിയിരിക്കുന്നത്.
ഒരേ സമയം കൗതുകം ജനിപ്പിക്കുകയും ഉദ്വേഗത്തിന്‍റെ മുൾമുനയിൽ പ്രേക്ഷകരെ നിർത്തുകയും ചെയ്യുന്ന കഥാപാത്രമായി ശ്രദ്ധ നേടിയിരിക്കുന്നു താരം. ചിത്രം തിയേറ്ററുകളിൽ മൂന്നാം വാരത്തിലേക്ക് കടക്കുമ്പോൾ മികച്ച ബോക്സോഫീസ് കളക്ഷനാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. ബേസിൽ നായകനാവുന്ന ചിത്രം 50 കോടി ക്ലബ്ബില്‍ ഇടംപിടിക്കുമെന്നാണ് ബോക്സ് ഓഫീസ് ട്രാക്കര്‍മാരുടെ കണക്കുകൂട്ടല്‍.
അയൽപക്കങ്ങളിൽ നമ്മൾ കണ്ടിട്ടുള്ള സാധാരണ ഒരു വീട്ടമ്മയാണ് പ്രിയദർശിനി. പക്ഷേ സംതിങ് സ്പെഷലാണ് കക്ഷി. ചിത്രത്തിന്‍റെ പേര് പോലെ ചുറ്റുവട്ടങ്ങളിൽ മറ്റാരും കണ്ടുപിടിക്കാത്ത കാര്യങ്ങൾ വരെ അവൾ കണ്ടെത്തും. പ്രിയദർശിനിയും അവളുടെ ഭർത്താവ് ആന്‍റണിയും കുഞ്ഞും ഉള്‍പ്പെട്ടതാണ് അവരുടെ കുടുംബം. അയൽപക്കത്ത് എന്തിനും ഏതിനും ഓടിയെത്താനുള്ള കുറച്ച് നല്ലവരായ അയൽവാസികളുമുണ്ട്. വാട്സാപ്പ് ഗ്രൂപ്പാണ് പ്രധാന നാട്ടുകൂട്ടം സദസ്സ്. അങ്ങനെ ഒരുദിവസം ഇവരുടെ അയല്‍പക്കത്തേക്ക് മാനുവല്‍ എന്നൊരു ചെറുപ്പക്കാരന്‍ അമ്മയുമൊത്ത് വരുന്നതും തുടർന്ന് നടക്കുന്ന കോലാഹലങ്ങളുമൊക്കെയാണ് 'സൂക്ഷ്മദർശിനി'യുടെ ഇതിവൃത്തം.
ഒന്നാന്തരം ഒരു മിസ്റ്റിക് ത്രില്ലറായാണ് ചിത്രം ഒരുക്കിയിരിക്കുന്നതെങ്കിലും പോലീസ് ഇൻവെസ്റ്റിഗേഷനും തെളിവെടുപ്പും സൈക്കോ പരിപാടികളുമൊന്നും ഇല്ലാതെ തികച്ചും ഒരു സാധാരണ നാട്ടിൻപുറത്തെ ചിത്രമെന്ന രീതിയിലാണ് സിനിമ നീങ്ങുന്നത്. അതോടൊപ്പം ഒരു വീട്ടമ്മയുടെ കുറ്റാന്വേഷണം കൂടിയാണ് ചിത്രം എന്ന് പറയാം. 'അയലത്തെ ഷെർലക് ഹോംസ് ' ആയി വിസ്മയിപ്പിച്ചിരിക്കുകയാണ് നസ്രിയ. മികച്ച പ്രേക്ഷക, നിരൂപക പ്രശംസയാണ് ചിത്രം ഇതിനകം നേടിയിരിക്കുന്നത്.
നസ്രിയ അവതരിപ്പിക്കുന്ന പ്രിയദർശിനിയുടേയും ഒപ്പമുള്ള ചില കൂട്ടുകാരികളുടേയും കണ്ണിലൂടെയാണ് പ്രേക്ഷകർ സിനിമയിലെ ഓരോ കാര്യങ്ങളും നോക്കികാണുന്നത്. തന്‍റെ സ്വതസിദ്ധമായ രീതിയിൽ തികച്ചും അനായാസമായി പ്രിയദർശിനിയെ ഓരോ നോക്കിലും നടപ്പിലും വാക്കിലും വരെ നസ്രിയ ഗംഭീരമാക്കിയിട്ടുണ്ട്.
ജീന, പൂജ, കുഞ്ഞു, ജെന്നി, എസ്തേർ അങ്ങനെ മുമ്പ് പല സിനിമകളിലും താൻ അവതരിപ്പിച്ച ശ്രദ്ധേയ കഥാപാത്രങ്ങളുടെ യാതൊരു ഷെയ്ഡുകളും പ്രിയദർശിനിയിലേക്ക് വരാത്ത രീതിയില്‍ പ്രിയദര്‍ശിനിയെ അവതരിപ്പിച്ചിട്ടുണ്ട് നസ്രിയ. സംവിധായകൻ ജിതിൻ എം സിയുടെ ഹിച്‍കോക്ക് സ്റ്റൈൽ മേക്കിങ്ങിനൊപ്പം നസ്രിയയുടെ മികച്ച പെർഫോമൻസ് കൂടിയാണ് 'സൂക്ഷ്മദർശി'നിയെ സൂക്ഷ്മതയോടെ കണ്ടിരിക്കാൻ പ്രേരിപ്പിക്കുന്നത്. ബേസിലും നസ്രിയയും ഒരുമിച്ചെത്തുന്ന രംഗങ്ങളൊക്കെ സിനിമയുടെ ഹൈ പോയിന്‍റുകളാണ്. തീർച്ചയായും 'സൂക്ഷ്മദർശിനി'യിലൂടെയുള്ള നസ്രിയയുടെ തിരിച്ചുവരവ് കുടുംബപ്രേക്ഷകരോടൊപ്പം പ്രായവ്യത്യാസമില്ലാതെ എല്ലാ പ്രേക്ഷകരും ഏറ്റെടുത്തതായാണ് തിയറ്ററുകളിലെ വൻ ജനപ്രവാഹം സൂചിപ്പിക്കുന്നത്.
ALSO READ : ഹൊറര്‍ ത്രില്ലറുമായി ഷൈന്‍ ടോം ചാക്കോ; 'ദി പ്രൊട്ടക്റ്റര്‍' പൂര്‍ത്തിയായി