വാഹനപരിശോധനക്കിടെ ബൈക്ക് നിർത്തിയ യുവാക്കൾ ഓടി, പിന്നാലെ ഓടി പിടികൂടി പൊലീസ്; ബൈക്ക് മോഷണം തെളിഞ്ഞു
മോട്ടോര്‍ സൈക്കിളിന്റെ നമ്പര്‍ പ്ലേറ്റുകളില്‍ ചില നമ്പറുകള്‍ ചുരണ്ടി മാറ്റിയിട്ടുണ്ടായിരുന്നു
തൃശൂര്‍: വാഹന പരിശോധനയ്ക്കിടെ ബൈക്ക് മോഷ്ടാക്കളെ പിടികൂടി ഈസ്റ്റ് പൊലീസ്. സബ് ഇന്‍സ്‌പെ്കടര്‍ സുനില്‍ കുമാറും സംഘവും അശ്വിനി ജങ്ഷന്‍ സമീപത്ത് വാഹന പരിശോധന നടത്തുന്നതിനിടെയാണ് ബൈക്ക് മോഷ്ടാക്കളായ തൃശൂര്‍ പട്ടാളം റോഡ് സ്വദേശിയായ മുത്തു (28), മാടക്കത്തറ പനമ്പിള്ളി സ്വദേശിയായ ജാതിക്കപറമ്പില്‍ തദ്ദേവൂസ് (19) എന്നിവരെ പിടികൂടിയത്. നവംബര്‍ 26 ന് പുറനാട്ടുകര സ്വദേശി പൂങ്കുന്നം റെയില്‍വേ സ്റ്റേഷന്‍ പരിസരത്ത് പാര്‍ക്കുചെയ്തിരുന്ന മോട്ടോര്‍ സൈക്കിളാണ് പ്രതികളിൽ നിന്നും കണ്ടെത്തിയത്.
വിശദ വിവരങ്ങൾ ഇങ്ങനെ
നവംബര്‍ 26 ന് പുറനാട്ടുകര സ്വദേശി പൂങ്കുന്നം റെയില്‍വേ സ്റ്റേഷന്‍ പരിസരത്ത് പാര്‍ക്കുചെയ്തിരുന്ന മോട്ടോര്‍ സൈക്കിള്‍ നഷ്ടപ്പെട്ടതിന് ഈസ്റ്റ് പോലീസില്‍ പരാതി നല്‍കിയിരുന്നു. സംഭവത്തിൽ കേസ് രജിസ്റ്റര്‍ ചെയ്ത് കേസ് അന്വേഷിച്ച് വരികയായിരുന്നു. നിരവധി സി സി ടി വി ദൃശ്യങ്ങള്‍ ശേഖരിച്ചും മറ്റും അന്വേഷിച്ചു വരുന്നതിനിടെയാണ് വാഹന പരിശോധനയില്‍ പ്രതികൾ കുടുങ്ങിയത്. വാഹന പരിശോധനയ്ക്കിടയില്‍ രണ്ടുപേര്‍ മോട്ടോര്‍ സൈക്കിളില്‍ വരുന്നത് കണ്ട് തടഞ്ഞ് നിര്‍ത്തി രേഖകള്‍ പരിശോധിക്കുന്നതിനിടെ പ്രതികള്‍ ഓടി രക്ഷപ്പെടാന്‍ ശ്രമിക്കുകയായിരുന്നു. ഇതോടെ എസ് ഐയും സംഘവും ഇവരെ പിടിച്ചുനിര്‍ത്തി വാഹനം പരിശോധിച്ചപ്പോഴാണ് മോഷണം പുറത്ത് വന്നത്. ഇവര്‍ സഞ്ചരിച്ച മോട്ടോര്‍ സൈക്കിളിന്റെ നമ്പര്‍ പ്ലേറ്റുകളില്‍ ചില നമ്പറുകള്‍ ചുരണ്ടി മാറ്റിയിട്ടുണ്ടായിരുന്നു. ഇതേകുറിച്ചുള്ള അന്വേഷണം മോഷണത്തിന് തെളിവായി. കോടതിയില്‍ ഹാജരാക്കിയെ പ്രതികളെ റിമാൻഡ് ചെയ്തു. അന്വേഷണ സംഘത്തില്‍ സബ് ഇന്‍സ്‌പെക്ടര്‍മാരായ സുനില്‍കുമാര്‍, ബിബിന്‍ പി നായര്‍, സീനിയര്‍ സിവില്‍ പൊലീസ് ഓഫീസര്‍മാരായ സൂരജ്, സുനി, സാംസണ്‍, ശശിധരന്‍, സിവില്‍ പൊലീസ് ഓഫീസര്‍മാരായ അജ്മല്‍, സാംസണ്‍, സുഹീല്‍ എന്നിവരാണ് ഉണ്ടായിരുന്നത്.
ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം