Class rooms at covid19 time photo story
Gallery Icon

അസാധാരണ കാലത്തെ ക്ലാസ് മുറികള്‍; കാണാം

ജൂണ്‍ ഒന്ന് എന്നാല്‍ ക്ലാസുകള്‍ തുറക്കുന്ന ദിവസം എന്ന പതിവ് കേരളത്തില്‍ തുടങ്ങിയിട്ട് കാലമേറെയായി. കൃത്യം ആ ദിവസം നോക്കി രാവിലെ മഴയും പെയ്യും എന്ന് ചില വിരുതന്മാര്‍ പറയുമെങ്കിലും അതിലും കാര്യമില്ലാതില്ല. കാലവര്‍ഷവും പഠനവര്‍ഷാരംഭവും നമ്മുക്ക് ഏതാണ്ടൊരേ കാലത്താണ്. എന്നാല്‍ ഇത്തവണ കേരളത്തില്‍ ആ പതിവ് തെറ്റി, ഒരു പക്ഷേ ചരിത്രത്തില്‍ ആദ്യമായി. അതേ, ഇതൊരു അസാധാരണ കാലമാണ്. നാളെ ലോകം എങ്ങനെയായിരിക്കുമെന്നതിന് ഒരു സിദ്ധാന്തവും കൂട്ടുനില്‍ക്കാത്ത കാലം. മഹാമാരി പിടിപെട്ട് ദിവസേന ആയിരങ്ങളാണ് ലോകത്ത് മരിച്ച് വീഴുന്നത്. എന്നാല്‍ രോഗവ്യാപനം ശക്തമല്ലാത്ത ഇടങ്ങളില്‍ കാര്യങ്ങള്‍ക്ക് ഇളവുകള്‍ പ്രഖ്യാപിക്കുകയാണ് സര്‍ക്കാരുകള്‍. ഇളവുകള്‍ വന്നതോടെ കാര്യങ്ങള്‍ പഴയപടിയായിത്തുടങ്ങിയിരിക്കുന്നു. 

 

ജൂണ്‍ ഒന്നിന് കേരളത്തില്‍ സര്‍ക്കാര്‍ സ്കൂളുകള്‍ തുറന്നു. പക്ഷേ ക്ലാസ് മുറികള്‍ സ്വന്തം വീടുകളായി. പഠനം ഓണ്‍ലൈനായി. എന്നാല്‍ ഏവരെയും ദുഃഖത്തിലാക്കി കേരളത്തില്‍ ടെലിവിഷന്‍ പഠനമാരംഭിച്ച ജൂണ്‍ ഒന്നിന് തന്നെ, മലപ്പുറം ഇരുമ്പിയം സര്‍ക്കാര്‍ സ്കൂളിലെ ഒമ്പതാം ക്ലാസുകാരി  ദേവിക ആത്മഹത്യ ചെയ്തു. ആത്മഹത്യയുടെ കാരണം വീട്ടില്‍ സ്മാര്‍ട്ട്ഫോണും ടിവിയും ഇല്ലാത്തതിനാല്‍ പഠനം മുടങ്ങുമെന്ന ദേവികയുടെ ആധിയായിരുന്നു. ഓണ്‍ലൈന്‍ പഠനം എന്ന ആശയം മുന്നോട്ട് വന്നപ്പോള്‍ തന്നെ കേരളത്തില്‍ രണ്ടരലക്ഷത്തിലേറെ കുട്ടികള്‍ക്ക് ഓണ്‍ലൈന്‍ പഠനത്തിനുള്ള അടിസ്ഥാന ഉപകരണങ്ങള്‍ ഇല്ലെന്ന പരാതിയും ഉയര്‍ന്നു. ഈ വിടവ് ആയിരത്തിലേക്ക് ചുരുക്കിയെന്നാണ് രണ്ടാഴ്ചയ്ക്ക് ശേഷം സംസ്ഥാന സര്‍ക്കാര്‍ അവകാശപ്പെടുന്നത്. എന്നാല്‍ ഇതിന്‍റെ കണക്കുകള്‍ ലഭ്യമല്ലെന്നും സര്‍ക്കാര്‍ പറയുന്നു. ടിവി പോയിട്ട് സ്വന്തമായൊരു സ്മാര്‍ട്ട് ഫോണ്‍ പോലുമില്ലാത്ത കുടുംബങ്ങള്‍ കേരളത്തില്‍ ഏറെയാണെന്നും അതിനാല്‍ തന്നെ ഓണ്‍ലൈന്‍ വിദ്യാഭ്യാസം പ്രായോഗികമല്ലെന്നുമാണ് ചിലരുടെ  വാദം. കാണാം, മഹാമാരിയുടെ കാലത്തെ ലോകത്തിലെ ചില സ്കൂള്‍ പഠനങ്ങള്‍.