കൊവിഡ്19; ഒറ്റദിവസം ലോകത്ത് 1.83 ലക്ഷം പേര്‍ക്ക് രോഗബാധ
കൊവിഡ്19 എന്ന വൈറസ് ലോകത്തെ മുള്‍മുനയില്‍ നിര്‍ത്താന്‍ തുടങ്ങിയിട്ട് എട്ട് മാസം. പ്രതിരോധത്തില്‍ പരാജയപ്പെട്ട രാജ്യങ്ങളിലെ ഭരണാധികാരികള്‍ സ്വന്തം ജനതയോട് കൊവിഡിനൊപ്പം ജീവിക്കാന്‍ ആവശ്യപ്പെട്ട് ലോക്ഡൗണുകളില്‍ ഇളവുകള്‍ നല്‍കിത്തുടങ്ങി. മറ്റ് രാജ്യങ്ങള്‍ ലോക്ഡൗണിന് ഇളവുകള്‍ നല്കുമ്പോഴും ഇന്നും വൈറസിനെതിരെ പോരാട്ടം തുടരുന്നു. ഇതിനിടെ ലോകത്തെ ഞെട്ടിച്ച് കൊവിഡ് വൈറസ് ബാധിതര്‍ ഒറ്റ ദിവസം തന്നെ ഒരുന്നര ലക്ഷത്തിന് മുകളിലെത്തി. ഏറ്റവും കൂടുതല്‍ രോഗികള്‍ ലോകത്ത് റിപ്പോര്‍ട്ട് ചെയ്യപ്പെട്ട ദിവസമായിരുന്നു ഇന്നലെ. 1.83 ലക്ഷം പേര്‍ക്കാണ് കൊവിഡ്19 ഇന്നലെ മാത്രം ലോകത്ത് സ്ഥിരീകരിച്ചത്. അമേരിക്കയും (23,56,715), ബ്രസീലും (10,86,990), റഷ്യയും (5,84,680) കഴിഞ്ഞാല്‍ ലോകത്ത് ഏറ്റവും കൂടുതല്‍ രോഗികള്‍ ഉള്ളത് ഇന്ത്യയിലാണ് (4,26,910). എന്നാല്‍ മരണനിരക്കില്‍ ഇന്ത്യ പതിമൂന്നാം സ്ഥാനത്താണ്.
ലോകാരോഗ്യ സംഘടനയാണ് കഴിഞ്ഞ 24 മണിക്കൂറിൽ ലോകത്ത് 1.83 ലക്ഷം പേർക്ക് പുതുതായി കോവിഡ് രോഗം സ്ഥിരീകരിച്ചെന്ന് അറിയിച്ചത്. കൊവിഡ് പൊട്ടിപ്പുറപ്പെട്ട ശേഷം ഇതുവരെ രേഖപ്പെടുത്തിയ ഏറ്റവും ഉയർന്ന പ്രതിദിന വർധനയാണിത്.
ബ്രസീലിൽ മാത്രം ഇന്നലെ അര ലക്ഷത്തിലേറെ പേർക്ക് രോഗം സ്ഥിരീകരിച്ചു. അമേരിക്കയിൽ 36,000 പുതിയ രോഗികൾ ഉണ്ടായി.
ഓരോ ദിവസവും രേഖപ്പെടുത്തുന്ന പുതിയ രോഗബാധിതരുടെ എണ്ണത്തിൽ മൂന്നാം സ്ഥാനത്താണ് ഇന്ത്യ. പതിനയ്യായിരത്തോളം പേർക്കാണ് ഇന്ത്യയിൽ ഇപ്പോൾ ദിവസവും രോഗം സ്ഥിരീകരിക്കുന്നത്.
ലോകത്ത് കൊവിഡ് രോഗികളുടെ ആകെ എണ്ണം 90,51,949 ആയി. 4,70,822 പേരാണ് ഇതുവരെ ലോകത്ത് കോവിഡ് ബാധിച്ച് മരിച്ചത്. 48,42,043 പേര് ഇതുവരെയായി രോഗമുക്തി നേടി.
ഉഗാണ്ട, വിയറ്റ്നാം, കംബോഡിയ, മംഗോളിയ, എറിത്രിയ, ബൂട്ടാന്‍, നമീബിയ, മക്കവോ തുടങ്ങിയ രാജ്യങ്ങളില്‍ കൊവിഡ് 19 രോഗികളുണ്ടെങ്കിലും ഇതുവരെയായി ഒരു മരണവും രേഖപ്പെടുത്തിയിട്ടില്ല.
ലോകത്ത് രോഗമുക്തി നേടുന്നവരുടെ കണക്കില്‍ ഇന്ത്യ നാലാമതാണ്. ഇതുവരെയായി ഇന്ത്യയില്‍ 2,37,252 പേരാണ് രോഗമുക്തി നേടിയത്.
ഇന്ത്യയിലെ രോഗമുക്തി നിരക്ക് 55.77 ശതമാനമാണെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു. നിലവിൽ 1,75,955 പേരാണ് ഇന്ത്യയില്‍ ചികിത്സയിലുള്ളത്.
രാജ്യത്ത് ഇതുവരെയായി 4,26,910 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. ഇന്നലെ രാവിലെ മുതൽ ഇതുവരെ 14,821 പേർക്കാണ് കൊവിഡ് രോഗം സ്ഥിരീകരിച്ചത്. ഒരു ദിവസത്തെ ഏറ്റവും ഉയര്‍ന്ന കണക്കാണിത്.
24 മണിക്കൂറിനുള്ളിൽ രോഗംബാധിച്ച് മരിച്ചവരുടെ എണ്ണത്തിലും രാജ്യത്ത് വൻ വർധനവാണ് ഉണ്ടായത്.
ഒറ്റ ദിവസം കൊണ്ട് 445 പേരുടെ മരണമാണ് ഇന്ത്യയില്‍ ഇന്നലെ മാത്രം രേഖപ്പെടുത്തിയത്. ഇതോടെ രാജ്യത്ത് കൊവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 13703 ആയി.
ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ രോഗികളുള്ളത് മഹാരാഷ്ട്രയിലാണ്. 1,32,075 പേര്‍ക്കാണ് മഹാരാഷ്ടയില്‍ മാത്രം രോഗം സ്ഥിരീകരിച്ചത്. ഏഷ്യയിലെ ഏറ്റവും വലിയ ചേരിയായ ധാരാവിയില്‍ കൊവിഡ് വ്യാപനം കുറഞ്ഞത് മാത്രമാണ് മുംബൈയ്ക്ക് ആശ്വാസമായിട്ടുള്ളത്.
മരണ നിരക്കിലും മറ്റ് സംസ്ഥാനങ്ങളേക്കാള്‍ ഉയര്‍ന്ന നിരക്കാണ് മഹാരാഷ്ട്രയില്‍. ഇതുവരെയായി 6,170 പേരാണ് മഹാരാഷ്ട്രയില്‍ മാത്രം കൊവിഡ്19 ബാധിച്ച് മരിച്ചത്.
മഹാരാഷ്ട്ര കഴിഞ്ഞാല്‍ ഏറ്രവും കൂടുതല്‍ രോഗികളുള്ളത് ഇന്ത്യയുടെ തലസ്ഥാനമായ ദില്ലിയിലാണ്. 59,746 പേര്‍ക്കാണ് ദില്ലിയില്‍ മാത്രം രോഗം സ്ഥിരീകരിച്ചത്. 2,175 പേര് ദില്ലിയില്‍ മാത്രം രോഗബാധയെ തുടര്‍ന്ന് മരിച്ചു.
എന്നാല്‍ രോഗം സ്ഥിരീകരിച്ച 1000 ത്തോളം രോഗികളെ ഇതുവരെ കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ലെന്ന ദുഖകരമായ വാര്‍ത്തയും ദില്ലിയില്‍ നിന്ന് റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നു.
പരിശോധനയ്ക്കായി ശ്രവം കൊടുത്ത 1000 ത്തോളം പേര് കൃത്യമായ വിലാസമായിരുന്നില്ല ആശുപത്രികളില്‍ കൊടുത്തിരുന്നത്. ഇതിനാല്‍ തന്നെ രോഗം സ്ഥിരീകരിച്ച് പരിശോധനാഫലം വരുമ്പോള്‍ ഇവരെ കണ്ടെത്താന്‍ കഴിയാതെ പോകുന്നെന്ന് ആശുപത്രി അധികൃതരും പറയുന്നു.
ഇത്തരത്തില്‍ രോഗം സ്ഥിരീകരിച്ചവരെ കണ്ടെത്താന്‍ കഴിഞ്ഞില്ലെങ്കില്‍ അത് രോഗവ്യാപനത്തെ കൂടുതല്‍ ശക്തിപ്പെടുത്തു. ഇത് വലിയ അപകടത്തിലേക്കാകും കാര്യങ്ങളെത്തിക്കുകയെന്ന് വിദഗ്ദരും പറയുന്നു.
മരണനിരക്കില്‍ മഹാരാഷ്ട്രയ്ക്കും ദില്ലിക്കും ഏറെ പുറകിലാണെങ്കിലും തമിഴ്നാടില്‍ രോഗം സ്ഥിരീകരിക്കുന്നവരുടെ എണ്ണവും ദിനംപ്രതി കൂടുകയാണ്. 59,377 പേര്‍ക്കാണ് ഇതുവരെയായി തമിഴ്നാട്ടില്‍ രോഗബാധ സ്ഥിരീകരിച്ചത്.
തമിഴ്നാട്ടില്‍ കൊവിഡ്19 ബാധിച്ച് മരിച്ചവരുടെ എണ്ണം 757 ആണ്. എന്നാല്‍ 27,260 പേര്‍ക്ക് രോഗം സ്ഥിരീകരിച്ച ഗുജറാത്തില്‍ മരണനിരക്ക് തമിഴ്നാടിനേക്കാള്‍ ഒരുപാട് ഉയരത്തിലാണ്. ഇതുവരെയായി ഗുജറാത്തില്‍ 1,663 പേരാണ് മരിച്ചത്.
ഗുജറാത്തിലെ കണക്കുകള്‍ കൃത്യമല്ലെന്നും രോഗികളുടെ പരിചരണത്തില്‍ ഏറെ പുറകിലാണെന്നുമുള്ള ആരോപണങ്ങള്‍ നേരത്തെ ഉയര്‍ന്നിരുന്നു. കൊവിഡ്19 രാജ്യത്ത് ഇത്രയേറെ രൂക്ഷമാകുന്നതിന് മുമ്പ് തന്നെ ഗുജറാത്തില്‍ രോഗം സ്ഥിരീകരിച്ച ഒരാളെ ബസ് സ്റ്റോപ്പില്‍ കിടന്ന് മരിച്ച നിലയില്‍ കണ്ടെത്തിയത് ഏറെ വിവാദമായിരുന്നു.
ഇതിനിടെയാണ് ഗുജറാത്തിലെ മരണനിരക്കിലും രോഗം സ്ഥിരീകരിക്കുന്നവരുടെ കണക്കിലും എണ്ണം കുറച്ച് കാണിക്കുന്നുവെന്ന ആരോപണം ഉയര്‍ന്നത്.
ഗുജറാത്തിന് താഴെ 17,731 പേര്‍ക്കാണ് ഉത്തര്‍പ്രദേശില്‍ ഇതുവരെയായി രോഗം സ്ഥിരീകരിച്ചത്. 550 മരണമാണ് രേഖപ്പെടുത്തിയത്. 349 പേര് മരിച്ച രാജസ്ഥാനിലാകട്ടെ 13,930 പേര്‍ക്കാണ് ഇതുവരെയായി രോഗം സ്ഥിരീകരിച്ചത്.
എന്നാല്‍ കൂടുതല്‍ രോഗികളുള്ള രാജസ്ഥാന്, ഉത്തര്‍പ്രദേശ് സംസ്ഥാനങ്ങളെക്കാള്‍ മരണനിരക്ക് കൂടുതല്‍ ബംഗാളിലാണ്. 555 പേര് മരിച്ച ബംഗാളില്‍ ഇതുവരെയായി രോഗം സ്ഥിരീകരിച്ചത് 13,945 പേര്‍ക്കാണ്.
മധ്യപ്രദേശില്‍ 515 പേര് മരിച്ചപ്പോള്‍ 11,903 പേര്‍ക്കാണ് രോഗ ബാധ സ്ഥിരീകരിച്ചത്. ഇന്ത്യയില്‍ രോഗികളുടെ എണ്ണം പതിനായിരം കടന്ന മറ്റൊരു സംസ്ഥാനം ഹരിയാനയാണ്.
കൂടുതല്‍ രോഗികളുള്ള ദില്ലിക്കും ഉത്തര്‍പ്രദേശിനും ഇടയില്‍ കിടക്കുന്ന ഹരിയാനയില്‍ ലോക്ഡൗണില്‍ ഇളവുകള്‍ അനുവദിച്ചതിന് ശേഷമാണ് രോഗികളുടെ എണ്ണത്തില്‍ ക്രമാധീതമായ വര്‍ദ്ധനവ് ഉണ്ടായത്.
ഹരിയാനയില്‍ ഇതുവരെയായി 10,635 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. എന്നാല്‍ മരണനിരക്കില്‍ ഹരിയാനയ്ക്ക് ആശ്വസിക്കാം. ഇതുവരെയായി 160 ജീവനുകള്‍ മാത്രമേ ഹരിയാനയ്ക്ക് നഷ്ടമായിട്ടുള്ളൂ.
21 മരണം രേഖപ്പെടുത്തിയ കേരളത്തില്‍ 3,172 പേര്‍ക്കാണ് ഇതുവരെയായി രോഗം രേഖപ്പെടുത്തിയത്. ഉറവിടം രേഖപ്പെടുത്താത്ത കൊവിഡ്19 കേസുകള്‍ കേരളത്തില്‍ ഉയരുന്നത് ഏറെ ആശങ്കയാണുയര്‍ത്തുന്നത്.
സാമൂഹികമായ അകലം പാലിച്ചും മാസ്ക് ധരിച്ചും ആരോഗ്യ നിര്‍ദ്ദേശങ്ങള്‍ പാലിച്ചു മാത്രമേ ഇതുപോലൊരു മഹാമാരിയുടെ കാലം നമ്മുക്ക് മറികടക്കാന്‍ കഴിയൂ.