കെ.എം.സി.സിയുടെ നേതൃത്വത്തില്‍ ഒമാനില്‍ നിന്ന് കേരളത്തിലേക്ക് പറന്നത് 18 ചാർട്ടേഡ് വിമാനങ്ങൾ
ജൂൺ 23ന് കൊച്ചിയിലേക്കും 25ന് കോഴിക്കോട്ടേക്കും രണ്ട് ചാർട്ടേർഡ് വിമാനങ്ങൾ കൂടി കെ.എം.സി.സി തയ്യാറാക്കിയിട്ടുണ്ടെന്ന് മസ്‍കത്ത് കെ.എം.സി.സി ട്രഷററും കൊവിഡ് കർമ്മ സമിതി ചീഫ് കോർഡിനേറ്ററുമായി യൂസഫ് സാലിം പറഞ്ഞു.
മസ്‍കത്ത്: ജൂണ്‍ ഏഴ് മുതല്‍ ഇന്നലെ വരെ ഒമാനില്‍ നിന്ന് കെ.എം.സി.സിയുടെ നേതൃത്വത്തില്‍ ഇതുവരെ കേരളത്തിലേക്ക് പറന്നത് 18 ചാര്‍ട്ടര്‍ വിമാനങ്ങള്‍. ആകെ 3240 പ്രവാസികളാണ് ഇവയില്‍ സംസ്ഥാനത്തെത്തിയത്. മസ്‍കത്തില്‍ നിന്ന് 16 വിമാനങ്ങളും സലാലയില്‍ നിന്ന് രണ്ട് വിമാനങ്ങളും കെ.എം.സി.സി പ്രവർത്തകരുടെ നേതൃത്വത്തില്‍ യാത്രക്കാരുമായി കേരളത്തിലേക്ക് മടങ്ങിയത്.
ജൂൺ 23ന് കൊച്ചിയിലേക്കും 25ന് കോഴിക്കോട്ടേക്കും രണ്ട് ചാർട്ടേർഡ് വിമാനങ്ങൾ കൂടി കെ.എം.സി.സി തയ്യാറാക്കിയിട്ടുണ്ടെന്ന് മസ്‍കത്ത് കെ.എം.സി.സി ട്രഷററും കൊവിഡ് കർമ്മ സമിതി ചീഫ് കോർഡിനേറ്ററുമായി യൂസഫ് സാലിം പറഞ്ഞു. തുടർചികിത്സ ആവശ്യമുള്ളവർ, രോഗികൾ, ഗർഭിണികൾ, വിസാ കാലാവധി കഴിഞ്ഞവർ, ബന്ധുക്കളുടെ മരണവുമായി ബന്ധപെട്ട് നാട്ടിൽ എത്തേണ്ടിയിരുന്നവർ, തൊഴിൽ നഷ്ടമായവർ എന്നിവർക്കായിരുന്നു ചാർട്ടേർഡ് വിമാനങ്ങളിൽ മുൻഗണന നല്കിയിരുന്നതെന്നും അദ്ദേഹം പറഞ്ഞു.
ഇന്ത്യൻ കൾച്ചറൽ ഫൗണ്ടേഷൻ (ഐ.സി.എഫ്) ഇതിനോടകം നാല് വിമാനങ്ങളിലായി 720 പ്രവാസികളെ കേരളത്തിലെത്തിച്ചെന്ന് ഗൾഫ് കൗൺസിൽ സെക്രട്ടറി നിസ്സാർ സഖാഫി പറഞ്ഞു. ഒ.ഐ.സി.സി ചാർട്ടർ ചെയ്ത വിമാനത്തിൽ 180 യാത്രക്കാരെ കൊച്ചിയിലേക്ക് മടക്കി അയച്ചുവെന്നും, ജൂൺ 24ന് രണ്ട് വിമാനങ്ങൾ കൂടി കേരളത്തിലേക്ക് ഉണ്ടാകുമെന്നും ഒമാൻ ദേശിയ സമിതി അദ്ധ്യക്ഷൻ സിദ്ധിക്ക് ഹസ്സൻ അറിയിച്ചു.
അതേസമയം കേരളത്തില്‍ തിരുവനന്തപുരം, കൊച്ചി, കണ്ണൂർ, കോഴിക്കോട് എന്നിവിടങ്ങളിലേക്കും ഇന്ത്യയിലെ മറ്റു നഗരങ്ങളിലേക്കുംയി ജൂൺ 21 വരെ വന്ദേഭാരത് ദൗത്യത്തിന് കീഴിൽ 43 വിമാനങ്ങളാണ് സര്‍വീസ് നടത്തിയത്. 7740ഓളം പ്രവാസികള്‍ ഈ വിമാനങ്ങളില്‍ ഒമാനിൽ നിന്ന് മടങ്ങി.