ദുബായില്‍ തിരിച്ചെത്താന്‍ മുന്‍കൂര്‍ അനുമതി വേണം; കൊവിഡ് പരിശോധന വിമാനത്താവളത്തില്‍ വെച്ച്
അപേക്ഷ അംഗീകരിക്കപ്പെട്ടാല്‍ പ്രവാസികള്‍ക്ക് മടങ്ങാനുള്ള അനുമതി ലഭിക്കും. അനുമതി ലഭിക്കാത്തവര്‍ക്ക് പിന്നീട് ശ്രമിക്കാം. അംഗീകാരം ലഭിച്ചവര്‍ക്ക് വിമാനങ്ങളില്‍ ടിക്കറ്റ് ബുക്ക് ചെയ്യാം.
ദുബായ്: വിവിധ രാജ്യങ്ങളില്‍ കുടുങ്ങിയ പ്രവാസികള്‍ക്ക് ദുബായിലേക്ക് തിരികെ വരാനായി പുതിയ മാര്‍ഗനിര്‍ദേശങ്ങള്‍ പുറത്തിറക്കി. തിങ്കളാഴ്ച മുതല്‍ പ്രവാസികള്‍ക്ക് മടങ്ങി വരാന്‍ ദുബായ് സുപ്രീം കമ്മിറ്റി ഓഫ് ക്രൈസിസ് ആന്റ് ഡിസാസ്റ്റര്‍ മാനേജ്മെന്റ് അനുമതി നല്‍കിയിരുന്നു. ടിക്കറ്റ് ബുക്ക് ചെയ്യുന്നതിന് മുമ്പ് പ്രവാസികള്‍ ജനറല്‍ ഡയറക്ടറേറ്റ് ഓഫ് റെസിഡന്‍സി ആന്റ് ഫോറിനേഴ്‍സ് അഫയേഴ്സില്‍ നിന്ന് അനുമതി വാങ്ങണം.
അപേക്ഷ അംഗീകരിക്കപ്പെട്ടാല്‍ പ്രവാസികള്‍ക്ക് മടങ്ങാനുള്ള അനുമതി ലഭിക്കും. അനുമതി ലഭിക്കാത്തവര്‍ക്ക് പിന്നീട് ശ്രമിക്കാം. അംഗീകാരം ലഭിച്ചവര്‍ക്ക് വിമാനങ്ങളില്‍ ടിക്കറ്റ് ബുക്ക് ചെയ്യാം. ജനറല്‍ ഡയറക്ടറേറ്റ് ഓഫ് റെസിഡന്‍സി ആന്റ് ഫോറിനേഴ്‍സ് അഫയേഴ്സില്‍ സമര്‍പ്പിച്ച അപേക്ഷയുടെ നമ്പറും ടിക്കറ്റ് ബുക്ക് ചെയ്യുമ്പോല്‍ നല്‍കണം. അനുമതി അറിയിച്ചുകൊണ്ട് ലഭിക്കുന്ന ഇ-മെയില്‍ സന്ദേശത്തിന്റെ പ്രിന്റ് എടുത്ത് കൈയില്‍ സൂക്ഷിക്കണമെന്ന് എമിറേറ്റ്സ് അറിയിച്ചു.
എല്ലാ യാത്രക്കാരും ഹെല്‍ത്ത് ഡിക്ലറേഷന്‍, ക്വാറന്റീന്‍ ഡിക്ലറേഷന്‍ എന്നിവ നല്‍കണം. ഇവ രണ്ടും പ്രിന്റ് എടുത്ത് പൂരിപ്പിച്ച് കൈയില്‍ കരുതുകയും ദുബായിലെത്തിയ ശേഷം ഹെല്‍ത്ത് അതോരിറ്റി ജീവനക്കാര്‍ക്ക് നല്‍കുകയും വേണം. സര്‍വീസ് നടത്തുന്ന വിമാനക്കമ്പനികളുടെ വെബ്സൈറ്റില്‍ നിന്ന് നേരിട്ട് ടിക്കറ്റുകള്‍ എടുക്കണം. കൊവിഡ് ബാധിക്കുന്ന പക്ഷം പരിശോധനയ്ക്കും ചികിത്സയ്ക്കുമുള്ള ചിലവ് സ്വയം വഹിക്കാമെന്നുള്ള സത്യവാങ്മൂലവും നല്‍കണം.
പുറപ്പെടുന്നതിന് മുമ്പ് പി.സി.ആര്‍ ടെസ്റ്റ് ചെയ്യേണ്ടതില്ല. എന്നാല്‍ ദുബായിലെത്തിയ ശേഷം വിമാനത്താവളത്തില്‍ വെച്ച് തന്നെ ടെസ്റ്റ് ചെയ്യും. റിസള്‍ട്ട് വരുന്നത് വരെ വീടുകളില്‍ തന്നെ കഴിയണം. കൊവിഡ് പോസ്റ്റീവാണെങ്കില്‍ 14 ദിവസം ക്വാറന്റീനില്‍ കഴിയണം. മാസ്ക് ധരിക്കല്‍, രണ്ട് മീറ്റര്‍ സാമൂഹിക അകലം പാലിക്കല്‍, ഇടയ്ക്കിടയ്ക്ക് കൈകള്‍ കഴുകല്‍ എന്നിങ്ങനെയുള്ള പൊതു സുരക്ഷാ മാര്‍ഗ നിര്‍ദേശങ്ങള്‍ പാലിക്കണം.