Rain Updates | കേരളത്തില്‍ രണ്ട് ദിവസത്തേക്ക് മുന്നറിയിപ്പ്; കനത്തനാശം, ട്രെയിനുകള്‍ റദ്ദാക്കി

First Published | Nov 13, 2021, 3:44 PM IST

തിരുവനന്തപുരം (Thiruvananthapuram) ജില്ലയുടെ തീര-മലയോരമേഖലകളില്‍ കനത്ത നാശം വിതച്ച് ശക്തമായ മഴ (Heavy Rain) തുടരുകയാണ്. തിരുവനന്തപുരം ജില്ലയിൽ ഇന്ന് (13.10.'21) റെഡ് അലർട്ടും നാളെ (14.10.'21) ഓറഞ്ച് അലർട്ടും പ്രഖ്യാപിച്ചു. കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി ജില്ലകളിൽ ഇന്ന് ഓറഞ്ച് അലർട്ടാണ്. തിരുവനന്തപുരം - കന്യാകുമാരി റൂട്ടിൽ പന്ത്രണ്ട് തീവണ്ടികൾ പൂർണമായോ ഭാഗികമായോ റദ്ദാക്കിയിട്ടുണ്ട്. സംസ്ഥാനത്ത് ഇന്നും നാളെയുമായി മത്സ്യബന്ധനം നിരോധിച്ചു. സംസ്ഥാനത്ത് അടുത്ത രണ്ട് ദിവസം ശക്തമായ മഴക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണകേന്ദ്രം മുന്നറിയിപ്പ് നൽകി. 

നാളെ ഏഴ് ജില്ലകളിലാണ് ഓറഞ്ച് അലർട്ട്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, കാസർകോട് എന്നീ ജില്ലകളിൽ ഓറഞ്ച് അലർട്ടും മറ്റെല്ലാ ജില്ലകളിലും യെല്ലോ അലർട്ടുമാണ്. 

തെക്കൻ കേരളത്തിലാകും കൂടുതൽ മഴ. തെക്ക് കിഴക്കൻ അറബിക്കടലിലും വടക്കൻ തമിഴ്നാടിനും മുകളിലും ചക്രവാതച്ചുഴി നിലനിൽക്കുന്നതാണ് കാരണം. 


ബംഗാൾ ഉൾക്കടലിൽ ആൻഡമാൻ തീരത്ത് രാവിലെ ന്യൂനമർദ്ദം രൂപപ്പെട്ടതും മഴക്കുള്ള മറ്റൊരു കാരണമാണ്. ആൻഡമാൻ തീരത്തെ ന്യൂനമർദ്ദം തീവ്ര ന്യൂനമർദ്ദമായി രൂപപ്പെട്ട് ആന്ധ്രാ തീരത്ത് പ്രവേശിക്കാനാണ് സാധ്യത.

മഴ മുന്നറിയിപ്പിന്‍റെ പശ്ചാത്തലത്തിൽ മലയോരമേഖലയിലും തീരപ്രദേശത്തുമുള്ളവർ കൂടുതൽ ജാഗ്രത പാലിക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ ആവശ്യപ്പെട്ടു.

(കനത്ത മഴയില്‍ തമിഴ്നാട് കന്യകുമാരിയില്‍ വെള്ളം കയറിയ നിലയില്‍))

തിരുവനന്തപുരത്ത് വൻനാശ നഷ്ടം 

കനത്ത മഴയിൽ തിരുവനന്തപുരത്ത് വൻ നാശനഷ്ടം. തിരുവനന്തപുരം - നാഗർകോവിൽ റൂട്ടിൽ മൂന്നിടത്ത് ട്രാക്കിലേക്ക് മണ്ണിടിഞ്ഞ് വീണ് ട്രെയിൻ ഗതാഗതം പൂർണ്ണമായും തടസ്സപ്പെട്ടു. രണ്ട് ട്രെയിനുകൾ പൂർണ്ണമായും പത്ത് ട്രെയിനുകൾ ഭാഗികമായും റദ്ദാക്കി.

(കനത്ത മഴയില്‍ നാശനഷ്ടം നേരിട്ട വിഴിഞ്ഞം മത്സ്യമാര്‍ക്കറ്റ് തിരുവനന്തപുരം മേയര്‍ ആര്യാ രാജേന്ദ്രന്‍ സന്ദര്‍ശിക്കുന്നു. )

പാറശ്ശാലയിലും ഇരണിയലിലും കുഴിത്തുറയിലുമാണ് മണ്ണിടിച്ചിൽ. നാഗർകോവിൽ -കന്യാകുമാരി റൂട്ടിൽ പാളത്തിൽ വെള്ളം കയറി. മഴ തുടരുന്നതിനിടെ പാറശ്ശാല ട്രാക്കിലേക്ക് മണ്ണിടിഞ്ഞ് വീണുകൊണ്ടിരിക്കുകയാണെന്നാണ് റിപ്പോര്‍ട്ടുകള്‍. 

(കന്യാകുമാരിയ്ക്ക് അടുത്ത് ട്രാക്കിൽ വെള്ളം കയറിയപ്പോള്‍)

നെയ്യാറ്റിൻകരയിൽ റോഡിന്‍റെ ഒരു ഭാഗം ഇടിഞ്ഞ് പാലം അപകടാവസ്ഥയിലായി. ഇതോടെ നെയ്യാറ്റിൻകരയിലേക്ക് പോകുന്ന വാഹനങ്ങൾ വഴി തിരിച്ചു വിട്ടു. വിഴിഞ്ഞത്ത് വീടുകൾക്ക് മേൽ മണ്ണിടിഞ്ഞു വീണത് പരിഭ്രാന്തി പരത്തി. 

(എരണിയലിൽ റെയില്‍വെ ട്രാക്കിലേക്ക് മണ്ണിടിഞ്ഞ് വീണ നിലയില്‍.)

നെയ്യാറ്റിൻകര മൂന്നുകല്ലുമൂട്ടിൽ റോഡിന്‍റെ ഒരുഭാഗം ഇടിഞ്ഞ് പാലം അപകടാവസ്ഥയിലായി. കോവളം വാഴമുട്ടത്താണ് വീടുകൾക്ക് മേൽ മണ്ണിടിഞ്ഞ് വീണത്. ഇന്നലെ രാത്രി മുതൽ പെയ്ത ശക്തമായ മഴയാണ് നഗരത്തിലടക്കം വലിയ ദുരിതം വിതച്ചത്.  

(തിരുവനന്തപുരം - നാഗര്‍കോവില്‍ - കന്യാകുമാരി റെയില്‍ ലൈനില്‍ വെള്ളം കയറിയ നിലയില്‍ )

മലയോര മേഖലയിലും വിതുര, പൊന്മുടി, പാലോട്, നെടുമങ്ങാട് മേഖലകളിലും ശക്തമായ മഴ പെയ്യുകയാണ്. അരുവിക്കര ഡാമിന്‍റെ ഷട്ടറുകൾ 220 സെന്‍റിമീറ്ററും, നെയ്യാർ ഡാമിന്‍റെ ഷട്ടറുകൾ 60 സെന്‍റിമീറ്ററും,  പേപ്പാറ ഡാം ഷട്ടറുകൾ 80 സെന്‍റിമീറ്ററും ഉയർത്തിയിട്ടുണ്ട്. 

(തിരുവനന്തപുരം വിഴിഞ്ഞ് മശ്യമാര്‍ക്കറ്റില്‍ വെള്ളം കയറിയപ്പോള്‍ )

വാമനപുരം നദിയിൽ ജലനിരപ്പ് ഉയരുകയാണ്. ശക്തമായ മഴയുടെ പശ്ചാത്തലത്തിൽ  ജാഗ്രത പാലിക്കണമെന്ന് ജില്ലാ കളക്ടർ നിർദേശം നൽകി. അനാവശ്യ യാത്രകൾ ഒഴിവാക്കണം. സാഹചര്യം നേരിടാൻ  നഗരസഭ കൺട്രോൾ റൂം തുറന്നിട്ടുണ്ട്.

( കനത്ത കാറ്റിലും മഴയിലും കരയിലേക്ക് അടിച്ച് കയറി തകര്‍ന്ന വള്ളങ്ങള്‍. )

തിരുവനന്തപുരം നഗരസഭ മഴക്കെടുതികൾ ഫലപ്രദമായി നേരിടുന്നതിന് പൊതുജനങ്ങളെ സഹായിക്കുന്നതിനായി 24 മണിക്കൂറും പ്രവർത്തിക്കുന്ന കൺട്രോൾ റൂം നഗരസഭയിൽ സജ്ജമാക്കിയിട്ടുണ്ട്. അടിയന്തര സാഹചര്യങ്ങൾ നേരിടാൻ നഗരസഭാ ഹെൽത്ത്, എൻജിനിയറിംഗ് വിഭാഗങ്ങൾക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്. കൺട്രോൾ റൂമിന്‍റെ സേവനം ആവശ്യമുള്ളവർ താഴെപ്പറയുന്ന നമ്പറുകളിൽ ബന്ധപ്പെടേണ്ടതാണ്. 0471 2377702, 04712377706

കൂടുതല്‍ വായനയ്ക്ക് : തിരുവനന്തപുരത്ത് ഇന്ന് റെഡ് അലർട്ട്, നാശം വിതച്ച് കനത്ത മഴ, ട്രെയിനുകൾ റദ്ദാക്കി
 

( കോവളം വാഴമുട്ടത്ത് വീടുകൾക്ക് അരികിലെ മണ്ണിടിഞ്ഞ് വീണ നിലയില്‍. )

ബംഗാൾ ഉൾകടലിൽ തെക്കു ആൻഡമാൻ  കടലിൽ തായ്‌ലൻഡ് തീരത്തിനോട് ചേർന്ന് ഇന്ന് (13 നവംബർ 2021) രാവിലെ 8.30 നാണ്  ന്യുനമർദ്ദം രൂപപ്പെട്ടത്. നവംബർ പതിനഞ്ചോടെ ഇത് അതിതീവ്ര ന്യൂനമർദ്ദമാകും. 

(നെയ്യാറ്റിൻകര റോഡിടിഞ്ഞ് പാലം അപകടാവസ്ഥയിൽ.)

ബംഗാൾ ഉൾക്കടലിലെ പുതിയ ന്യൂനമര്‍ദ്ദം ശക്തിപ്രാപിച്ച് അറബിക്കടലിലേക്ക് നീങ്ങുമെന്നാണ് പ്രവചനം.  സംസ്ഥാനത്ത് അടുത്ത രണ്ട് ദിവസം ശക്തമായ മഴക്ക് സാധ്യതയുണ്ടെന്നും മുന്നറിയിപ്പുണ്ട്.  തെക്ക് കിഴക്കൻ അറബിക്കടലിലും വടക്കൻ തമിഴ്നാടിന് മുകളിലും ചക്രവാതച്ചുഴി നിലനിൽക്കുന്നത് കാരണം പടിഞ്ഞാറൻ കാറ്റ് ശക്തി പ്രാപിച്ചിരിക്കുകയാണ്. 

(നെയ്യാറ്റിൻകര മൂന്ന്കല്ല്മൂട്ടില്‍ പാലത്തിന്‍റെ ഒരു വശമിടിഞ്ഞ് വീണ നിലയില്‍. )

ഇത് മൂലം തെക്കൻ കേരളത്തില്‍ കൂടുതൽ മഴ ലഭിക്കുമെന്നാണ് മുന്നറിയിപ്പ്.  ബംഗാൾ ഉൾക്കടലിൽ ആൻഡമാൻ തീരത്ത് രാവിലെ ന്യൂനമർദ്ദം രൂപപ്പെട്ടതും മഴക്കുള്ള മറ്റൊരു കാരണമാണ്. 

ആൻഡമാൻ തീരത്തെ ന്യൂനമർദ്ദം തീവ്ര ന്യൂനമർദ്ദമായി രൂപപ്പെട്ട് ആന്ധ്രാ തീരത്ത് പ്രവേശിക്കാനാണ് സാധ്യത. മഴ മുന്നറിയിപ്പിന്‍റെ പശ്ചാത്തലത്തിൽ മലയോരമേഖലയിലും തീരപ്രദേശത്തുമുള്ളവർ കൂടുതൽ ജാഗ്രത പാലിക്കണമെന്ന് മുഖ്യമന്ത്രി ആവശ്യപ്പെട്ടു.

കൂടുതല്‍ വായനയ്ക്ക്: ബംഗാൾ ഉൾക്കടലിൽ പുതിയ ന്യൂനമർദ്ദം; 43 ദിവസത്തിനിടെ ഇത് ഏഴാമത്തെ ന്യൂനമർദ്ദം 

 

Latest Videos

click me!