നിഖിലിന്റെ സഹോദരിയും ബിജു പി ജോർജിൻ്റെ സഹോദരിയും വിദേശത്ത് നിന്ന് എത്തിയതിന് ശേഷമായിരിക്കും സംസ്കാരം നടക്കുക.
പത്തനംതിട്ട: പത്തനംതിട്ട കൂടൽ മുറിഞ്ഞകല്ലിൽ ശബരിമല തീർത്ഥാടകരുടെ ബസും കാറും കൂട്ടിയിടിച്ച് മരിച്ച 4 പേരുടെ മൃതദേഹങ്ങൾ മോർച്ചറിയിലേക്ക് മാറ്റി. പോസ്റ്റുമോർട്ടം പൂർത്തിയാക്കിയാണ് മൃതദേഹങ്ങൾ പത്തനംതിട്ടയിലെ മോർച്ചറിയിലേക്ക് മാറ്റിയത്. നിഖിലിന്റെ സഹോദരിയും ബിജു പി ജോർജിൻ്റെ സഹോദരിയും വിദേശത്ത് നിന്ന് എത്തിയതിന് ശേഷമായിരിക്കും സംസ്കാരം നടക്കുക. ഇന്ന് വൈകുന്നേരത്തോടു കൂടി സമയം തീരുമാനിക്കുമെന്ന് അടുത്ത ബന്ധുക്കൾ പറഞ്ഞു. മല്ലശ്ശേരി സ്വദേശികളായ അനു, നിഖിൽ, ബിജു പി ജോർജ്, മത്തായി ഈപ്പൻ എന്നിവരാണ് മരിച്ചത്.
കാറിൻ്റെ ഡോർ തുറന്നപ്പോൾ കണ്ട കാഴ്ച്ച പറയാനാകാത്തതാണെന്ന് രക്ഷാപ്രവർത്തനത്തിന് മുൻകൈ എടുത്ത നാട്ടുകാരൻ പറയുന്നു. അനുവൊഴികെ മറ്റു മൂന്നുപേരും സംഭവ സ്ഥലത്തുവെച്ചു തന്നെ മരിച്ചിരുന്നു. കാറിൻ്റെ ഡോർ വെട്ടിപ്പൊളിച്ച് അകത്ത് നോക്കിയപ്പോൾ അനുവിന് മാത്രമായിരുന്നു ജീവനുണ്ടായിരുന്നത്. ഉടൻ തന്നെ ആശുപത്രിയിലേക്ക് കൊണ്ടുപോകാനായി ആംബുലൻസിൽ കയറ്റിയെങ്കിലും വഴിമധ്യേ മരണത്തിന് കീഴടങ്ങി. ഈ സമയത്ത് അനുവിൻ്റെ അമ്മ ഫോണിൽ വിളിച്ചിരുന്നു. മോളേ, എവിടെയെത്തി എന്നായിരുന്നു ചോദ്യം. മകളല്ല, അവർക്കൊരു അപകടം പറ്റിയെന്നും പത്തനംതിട്ട ആശുപത്രിയിലേക്ക് കൊണ്ടുപോവുകയാണെന്നും താൻ പറഞ്ഞെന്നും നാട്ടുകാരൻ പറയുന്നു.
അതേസമയം, സംഭവത്തിൽ അലക്ഷ്യമായും അശ്രദ്ധമായും വാഹനമോടിച്ചതാണ് അപകടകാരണമെന്നാണ് എഫ്ഐആർ. കാർ ഡ്രൈവറുടെ അശ്രദ്ധയാണ് അപകടത്തിന് കാരണമെന്ന് എഫ്ഐആറിൽ പറയുന്നു. സംഭവ സ്ഥലത്ത് സ്ഥിരമായി അപകടം നടക്കാറുണ്ടെന്ന് നാട്ടുകാരും പറയുന്നുണ്ട്. അപകടം നടക്കുന്നതിന് തൊട്ടു മുന്‍പ് കാര്‍ പോകുന്ന സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവന്നിരുന്നു. ഇന്ന് രാവിലെ നാലരയോടെ നടന്ന അപകടത്തിൽ ഒരു കുടുംബത്തിലെ നാല് പേരുടെ ജീവനാണ് നിരത്തിൽ പൊലിഞ്ഞത്. കഴിഞ്ഞ നവംബർ 30 നായിരുന്നു അനുവിന്റെയും നിഖിലിന്റെയും വിവാഹം.
എട്ടു വർഷത്തെ പ്രണയത്തിനൊടുവിലാണ് ഇരുവരും വിവാഹിതരായത്. മധുവിധു ആഘോഷിക്കാൻ മലേഷ്യയിലേക്ക് പോയി മടങ്ങിയെത്തിയ ഇവരെ വിമാനത്താവളത്തിൽ സ്വീകരിക്കാൻ പോയതായിരുന്നു ബിജു ജോർജും മത്തായി ഈപ്പനും. നിഖിലിന്റെ അച്ഛനാണ് മത്തായി ഈപ്പൻ. അനുവിന്റെ പിതാവാണ് ബിജു ജോർജ്. കാനഡയിൽ എഞ്ചിനീയറായി ജോലി ചെയ്യുന്ന നിഖിൽ കഴിഞ്ഞ മാസം 25നാണ് വിവാഹത്തിനായി നാട്ടിലെത്തിയത്. കാർ അമിതവേഗത്തിൽ വന്നിടിച്ചു എന്നാണ് തീർത്ഥാടകർ സഞ്ചരിച്ചിരുന്ന ബസിന്റെ ഡ്രൈവർ സതീഷ് പറയുന്നത്. കാർ വരുന്നത് കണ്ട് വേഗം കുറച്ച് വശത്തേക്ക് വാഹനം ഒതുക്കി. പക്ഷേ കാർ ഇടിച്ചു കയറി. ബസ് സാധാരണ വേഗത്തിൽ മാത്രമായിരുന്നുവെന്നും ഡ്രൈവർ സതീഷ് വ്യക്തമാക്കി. ബസ്സിൽ ഉണ്ടായിരുന്നത് ഹൈദരാബാദ് സ്വദേശികളായ 19 തീർഥാടകരാണ്. ഇവർ മറ്റൊരു വാഹനത്തിൽ യാത്ര തുടരുകയാണ്.
undefined