ഞായറാഴ്ച ജപ്പാന്‍ തീരത്ത് നന്മഡോൾ ചുഴലിക്കാറ്റ് വീശുമെന്നായിരുന്നു മുന്നറിയിപ്പുണ്ടായിരുന്നത്. ഇതിന് പിന്നാലെ ജനങ്ങളെ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റി. ഞായറാഴ്ചയോടെ ജപ്പാനിലെ നാല് പ്രധാന ദ്വീപുകളുടെ തെക്കേ അറ്റത്തുള്ള പ്രധാന ദ്വീപായ ക്യുഷുവിന്‍റെ തെക്കേ അറ്റത്തുള്ള കഗോഷിമ നഗരത്തില്‍ നന്മഡോൾ ചുഴലിക്കാറ്റ് നിലം തൊട്ടു.
വരും ദിവസങ്ങളിൽ രാജ്യത്തെ ഏറ്റവും വലിയ ദ്വീപായ ഹോൺഷുവിൽ നന്മഡോൾ ചുഴലിക്കാറ്റ് എത്തുമെന്ന് കരുതുന്നു. ചുഴലിക്കാറ്റ് മുന്നറിയിപ്പിനെ തുടര്‍ന്ന് പതിനായിരക്കണക്കിന് ആളുകളെ ഞായറാഴ്ച രാത്രി അടിയന്തര ഷെൽട്ടറുകളിലേക്ക് മാറ്റി. ചുഴലിക്കാറ്റ് വീശിയതിന് പിന്നാലെ ഏകദേശം 3,50,000 വീടുകളിലേക്കുള്ള വൈദ്യുതി വിതരണം തടസപ്പെട്ടു.
ശക്തമായ മഴയെ തുടര്‍ന്ന് രാജ്യമെമ്പാടും വെള്ളപ്പൊക്കവും മണ്ണിടിച്ചിലും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടപ്പോള്‍ ഗതാഗത സംവിധാനങ്ങളും വ്യാപാരവും തീര്‍ത്തും ഇല്ലാതായി. മിക്ക നഗരങ്ങളും അടഞ്ഞ് കിടന്നു. നന്മഡോൾ സൂപ്പര്‍ ചുഴലിക്കാറ്റ് മണിക്കൂറിൽ 234km/h (145mph) വേഗതയിലാണ് വീശിയടിക്കുന്നത്. ചില പ്രദേശങ്ങളിൽ 24 മണിക്കൂറിനുള്ളിൽ 400 mm (16 ഇഞ്ച്) മഴ പെയ്യുമെന്നും പ്രവചനങ്ങളുണ്ടായിരുന്നു.
ശക്തമായ മഴയും കാറ്റും ഉണ്ടാകുമെന്ന മുന്നറിയിപ്പിനെ തുടര്‍ന്ന് രാജ്യത്തെ ബുള്ളറ്റ് ട്രെയിൻ സർവീസുകളും ഫെറികളും നൂറുകണക്കിന് വിമാനങ്ങളും റദ്ദാക്കി. നിരവധി കടകളും മറ്റ് വ്യാപാര സ്ഥാപനങ്ങളും അടഞ്ഞു കിടക്കുന്നു. ചിലര്‍ തങ്ങളുടെ സമ്പാദ്യങ്ങള്‍ സംരക്ഷിക്കാന്‍ വീടുകള്‍ക്കും വാഹനങ്ങള്‍ക്കും ചുറ്റും മണല്‍ ചാക്കുകള്‍ നിറച്ചുവച്ചു.
ശക്തമായ മഴയ്ക്ക് പിന്നാലെ ക്യൂഷുവിലെ ഒരു നദി കരകവിഞ്ഞൊഴുകി. ഇതേ തുടര്‍ന്ന് തീരത്തെ ചെറു പട്ടണങ്ങള്‍ വെള്ളത്തിനടിയിലായി. വെള്ളപ്പൊക്കത്തിൽ കാർ മുങ്ങി, വാഹനത്തിലുണ്ടായിരുന്ന ഒരാൾ മരിച്ചതായും മണ്ണിടിച്ചിലിനിടയില്‍പ്പെട്ട് മറ്റൊരാൾ മരിച്ചതായും സ്റ്റേറ്റ് ബ്രോഡ്കാസ്റ്റർ എൻഎച്ച്കെ അറിയിച്ചു. ഒരാളെ കാണാതായി. 87 പേർക്ക് പരിക്കേറ്റു.
കെട്ടിടങ്ങളുടെ മേൽക്കൂരകൾ പറന്ന് പോയതായും പരസ്യബോർഡുകൾ മറിഞ്ഞുവീണതായും പ്രാദേശികമായി പ്രചരിക്കുന്ന വീഡിയോ ദൃശ്യങ്ങളില്‍ കാണാം. ബുധനാഴ്ചയോടെ (21.9.2022) കടലിലേക്ക് നീങ്ങുന്നതിന് മുമ്പ് കൊടുങ്കാറ്റ് കിഴക്കോട്ട് തിരിഞ്ഞ് ജപ്പാനിലെ പ്രധാന ദ്വീപായ ഹോൺഷുവിന് മുകളിലൂടെ കടന്നുപോകുമെന്നാണ് കാലാവസ്ഥാ പ്രവചനം.
തലസ്ഥാനമായ ടോക്കിയോയിൽ കനത്ത മഴയാണ് പെയ്തിറങ്ങിയത്. ഇത് മൂലം നഗരത്തില്‍ വെള്ളപ്പൊക്കം അനുഭവപ്പെട്ടു. അതിതീവ്രമഴയെ തുടര്‍ന്ന് തോസായ് ഭൂഗർഭ ലൈൻ താൽക്കാലികമായി നിർത്തിവച്ചു. ജപ്പാനിലെ ദുരന്ത മുന്നറിയിപ്പ് സ്കെയിലിലെ ഏറ്റവും ഉയർന്ന ലെവൽ-ഫൈവ് അലർട്ടായിരുന്നു കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചത്.
കഗോഷിമ, മിയാസാക്കി, ഒയിറ്റ, കുമാമോട്ടോ, യമാഗുച്ചി പ്രദേശങ്ങളിൽ 5,00,000-ത്തിലധികം ആളുകളോട് ഒഴിയാന്‍ ആവശ്യപ്പെട്ടു. ലെവൽ ഫോർ അലേർട്ടിന് ശേഷം ക്യുഷു, ഷിക്കോകു, ചുഗോകു മേഖലകളുടെ ചില ഭാഗങ്ങളില്‍ നിന്ന് ഒഴിഞ്ഞ് പോകാന്‍ ഒമ്പത് ദശലക്ഷം ആളുകളോട് സര്‍ക്കാര്‍ ആവശ്യപ്പെട്ടു.
240km/h (150mph) അല്ലെങ്കിൽ അതിൽ കൂടുതലോ വേഗതയുള്ള കൊടുങ്കാറ്റുകൾക്ക് ബാധകമായ കൊടുങ്കാറ്റിനെ വിശേഷിപ്പിക്കാന്‍ ഉപയോഗിക്കുന്ന വാക്കാണ് നൻമാഡോലിനെ വിശേഷിപ്പിക്കാന്‍ യു.എസ് ജോയിന്‍റ് ടൈഫൂൺ വാണിംഗ് സെന്‍റർ (JTWC) ഉപയോഗിച്ചത്. നന്മഡോൾ ചുഴലിക്കാറ്റ് ഒരു 'സൂപ്പർ ടൈഫൂൺ' ആണെന്നും ഇത് കാറ്റഗറി നാലോ അഞ്ചിലോ ഉള്‍പ്പെടുന്ന അതിശക്തമായ ചുഴലിക്കാറ്റിന് തുല്യമാണെന്നും യുഎസ് മുന്നറിയിപ്പ് നല്‍കുന്നു.
കൊടുങ്കാറ്റിനെ തുടര്‍ന്ന് ന്യൂയോർക്കിലെ യുഎൻ ജനറൽ അസംബ്ലിയിൽ പ്രസംഗിക്കാനായുള്ള തന്‍റെ യാത്രാ പദ്ധതി പ്രധാനമന്ത്രി ഫ്യൂമിയോ കിഷിഡ നീട്ടിവച്ചു. ലാ നിന എന്നറിയപ്പെടുന്ന പ്രകൃതി പ്രതിഭാസത്തിന്‍റെ സ്വാധീനത്തിൽ ഈ വർഷം വളരെ സജീവമായ ചുഴലിക്കാറ്റ് സീസൺ ഉണ്ടാകുമെന്ന് ശാസ്ത്രജ്ഞർ പ്രവചിച്ചിട്ടുണ്ട്.
കാലാവസ്ഥാ വ്യതിയാനത്തിന്‍റെ ഫലമായി അറ്റ്ലാന്‍റിക്, കരീബിയൻ എന്നിവിടങ്ങളിലെ ചൂട് കൂടിയ സമുദ്രോപരിതല താപനിലയുടെ സ്വാധീനം ശക്തമായിരിക്കും. കാലാവസ്ഥാ വ്യതിയാനത്തെ തുടര്‍ന്ന് ആഗോളതലത്തിൽ തീവ്രമായ ഉഷ്ണമേഖലാ ചുഴലിക്കാറ്റുകൾ വർദ്ധിക്കുമെന്ന് കാലാവസ്ഥാ വ്യതിയാനത്തെക്കുറിച്ചുള്ള ഇന്‍റർഗവൺമെന്‍റൽ പാനൽ (IPCC) മുന്നറിയിപ്പ് നല്‍കിയിരുന്നതായി ബിബിസി റിപ്പോര്‍ട്ട് ചെയ്തു.