ഇത് തീരെ പ്രതീക്ഷിച്ചതല്ല! സ്വിറ്റ്സർലൻഡിൽ നിന്നും അപ്രതീക്ഷിത തിരിച്ചടി; ഇന്ത്യയുടെ എംഎഫ്‌എൻ പദവി ഒഴിവാക്കി

By Web Team  |  First Published Dec 15, 2024, 1:35 AM IST

പുതിയ ഉത്തരവ് പ്രകാരം 2025 ജനുവരി 1 മുതല്‍ സ്വിറ്റ്സര്‍ലന്‍ഡില്‍ പ്രവര്‍ത്തിക്കുന്ന ഇന്ത്യന്‍ സ്ഥാപനങ്ങളും കമ്പനികളും പൗരന്മാരും ഉയർന്ന നികുതി നല്‍കേണ്ടി വരും


ദില്ലി: ഇന്ത്യക്ക് സ്വിറ്റ്സർലൻഡിൽ നിന്നും അപ്രതീക്ഷിത തിരിച്ചടി. ഇന്ത്യയും സ്വിറ്റ്സർലൻഡും തമ്മിലുള്ള ഇരട്ട നികുതി ഒഴിവാക്കൽ കരാറിലെ (ഡി ടി എ എ) ഏറ്റവും അനുകൂലമായ രാഷ്ട്ര പദവി (എം എഫ് എൻ) വ്യവസ്ഥയിൽ നിന്നാണ് സ്വിസ് സർക്കാർ താൽക്കാലികമായി ഇന്ത്യയെ ഒഴിവാക്കിയിരിക്കുന്നത്. മുന്‍ഗണനാപട്ടികയില്‍ നിന്നും ഇന്ത്യന്‍ കമ്പനികളെ ഒഴിവാക്കിയുള്ള സ്വിറ്റ്സർലൻഡിൻ്റെ തീരുമാനം ഇന്ത്യൻ കമ്പനികളെ സംബന്ധിച്ചടുത്തോളം വലിയ തിരിച്ചടിയാണ്. ഇന്ത്യൻ കമ്പനികൾക്ക് സ്വിറ്റ്സര്‍ലന്‍ഡ് എം എഫ്‌ എന്‍ (മോസ്റ്റ് ഫേവേർഡ് നേഷൻ) പദവിയാണ്‌ ഇതുവരെ നല്‍കിയത്. ഈ പദവിയാണ്‌ ഇപ്പോള്‍ എടുത്തുകളഞ്ഞിരിക്കുന്നത്. ഇത് ഇന്ത്യയിലെ സ്വിസ് നിക്ഷേപത്തെ ബാധിക്കുകയും യൂറോപ്യൻ രാജ്യത്ത് പ്രവർത്തിക്കുന്ന ഇന്ത്യൻ കമ്പനികൾക്ക് ഉയർന്ന നികുതി ചുമത്തപ്പെടാൻ കാരണമാകുകയും ചെയ്യും.

വീണ്ടും റാഷിദ് ഖാൻ മാജിക്! പുതുചരിത്രമെഴുതി അഫ്ഗാൻ,ക്രിക്കറ്റിലെ വമ്പന്മാർക്കും അപായമണി! സിംബാബെയെ തകർത്തു

Latest Videos

സ്വിസ് ഫിനാൻസ് ഡിപ്പാർട്ട്‌മെൻ്റിൻ്റെ ഡിസംബറിലെ ഏറ്റവും പുതിയ പ്രസ്താവനയാണ് ഇന്ത്യക്ക് തിരിച്ചടിയാകുന്നത്. 2025 ജനുവരി 1 മുതല്‍ സ്വിറ്റ്സര്‍ലന്‍ഡില്‍ പ്രവര്‍ത്തിക്കുന്ന ഇന്ത്യന്‍ സ്ഥാപനങ്ങളും കമ്ബനികളും പൗരന്മാരും ഉയർന്ന നികുതി നല്‍കേണ്ടി വരും. നേരത്തെ നല്‍കിയിരുന്നത് അഞ്ച് ശതമാനം നികുതിയാണെങ്കിൽ പുതിയ തീരുമാനപ്രകാരം ഇത് പത്ത് ശതമാനമായാകും ഉയരുക.

ഇരട്ട നികുതി ഒഴിവാക്കല്‍ കരാർ (ഡി ടി എ എ) പ്രകാരമാണ് ഇന്ത്യന്‍ കമ്പനികള്‍ക്കടക്കം സ്വിസ് സര്‍ക്കാര്‍ മുന്‍ഗണനാ പട്ടികയില്‍ ഇടം നല്‍കിയത്. സുപ്രീം കോടതിയുടെ തീരുമാനത്തെ തുടർന്നാണ് പുതിയ നടപടി സ്വീകരിക്കേണ്ടി വന്നതെന്നാണ് സ്വിസ് സര്‍ക്കാര്‍ പറയുന്നത്. കഴിഞ്ഞ വർഷം നെസ്‌ലെയുമായി ബന്ധപ്പെട്ട ഒരു കേസില്‍, ആദായനികുതി നിയമപ്രകാരം വിജ്ഞാപനം ചെയ്തില്ലെങ്കില്‍ ഇരട്ട നികുതി കരാര്‍ (ഡി ടി എ എ)  നടപ്പിലാക്കാൻ കഴിയില്ലെന്ന് ഇന്ത്യൻ സുപ്രീം കോടതി വിധിച്ചിരുന്നു. ഇതാണ് സ്വിസ് സർക്കാരിനെ പ്രകോപിപ്പിച്ചതെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ പറയുന്നത്. വേള്‍ഡ് ട്രേഡ് ഓര്‍ഗനൈസേഷന് കീഴിലുള്ള എല്ലാ രാജ്യങ്ങളും പരസ്പരം എം എഫ്‌ എന്‍ പദവി നല്‍കുന്നുണ്ട്. വലിയ തടസങ്ങള്‍ ഇല്ലാതെ വ്യാപാരം നടത്താന്‍ കഴിയുന്ന ഈ പദവി രാജ്യങ്ങൾ തമ്മിലുള്ള വ്യാപാര ബന്ധത്തെ വലിയ തോതിൽ സഹായിക്കുന്നതാണ്. പുതിയ ഉത്തരവ് പ്രകാരം ഈ പദവിയിൽ നിന്നാണ് ഇന്ത്യയെ ഏകപക്ഷീയമായി സ്വിറ്റ്സര്‍ലൻഡ് സര്‍ക്കാര്‍ ഒഴിവാക്കിയിരിക്കുന്നത്.

ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം

click me!