വെള്ളിയാഴ്ച അർദ്ധരാത്രിക്ക് ശേഷമായിരുന്നു അപകടമെന്നാണ് അധികൃതർ അറിയിച്ചത്.
ന്യൂയോർക്ക്: യു.എസിലുണ്ടായ വാഹനാപകടത്തിൽ ഇന്ത്യൻ വിദ്യാർത്ഥിനി മരിച്ചു. രണ്ട് പേർക്ക് പരിക്കേറ്റു. ടെന്നസിയിലെ മെംഫിസിൽ വെള്ളിയാഴ്ച അർദ്ധരാത്രിക്ക് ശേഷമായിരുന്നു സംഭവം. അന്ധ്രാപ്രദേശ് സ്വദേശിയായ 26 വയസുകാരി നാഗ ശ്രീ വന്ദന പരിമളയാണ് മരിച്ചതെന്ന് അധികൃതർ അറിയിച്ചിട്ടുണ്ട്.
മെംഫിസ് യൂണിവേഴ്സിറ്റിയിൽ മാസ്റ്റർ ഓഫ് സയൻസ് ബിരുദ വിദ്യാർത്ഥിയാണ് മരിച്ചത്. അപകടം നടന്നയുടൻ വിദ്യാർത്ഥിനിയെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ആന്ധ്രാപ്രദേശിലെ ഗുണ്ടൂർ സ്വദേശിനിയായ നാഗ ശ്രീ വന്ദന പരിമള 2022ലാണ് ഉപരി പഠനത്തിനായി അമേരിക്കയിലേക്ക് പോയത്.
ഒപ്പമുണ്ടായിരുന്ന പവൻ, നികിത് എന്നിവർക്കാണ് പരിക്കേറ്റത്. ഇവർ സഞ്ചരിച്ചിരുന്ന കാർ അർദ്ധരാത്രിക്ക് ശേഷം മറ്റൊരു വാഹനവുമായി കൂട്ടിയിടിക്കുകയായിരുന്നു. പരിക്കേറ്റ രണ്ട് പേരെയും ഉടൻ തന്നെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇവരിൽ പവൻ ഗുരുതരാവസ്ഥയിലാണെന്നും അധികൃതർ അറിയിച്ചിട്ടുണ്ട്. ഒരു വാഹനത്തിന്റെ നിയന്ത്രണം നഷ്ടമായതാണ് അപകടത്തിന് കാരണമായതെന്ന് അധികൃതരുടെ പ്രാഥമിക അന്വേഷണത്തിൽ കണ്ടെത്തിയിട്ടുണ്ട്. നിയന്ത്രണം നഷ്ടമായ വാഹനം മറ്റേ വാഹനത്തിലേക്ക് ഇടിച്ചു കയറുകയായിരുന്നു.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബിൽ കാണാം