യുപിയില്‍ ഒമ്പത് മരണം; സംഭവ സ്ഥലത്തേക്ക് പ്രതിപക്ഷ നേതാക്കള്‍ക്ക് വിലക്കും അറസ്റ്റും

First Published | Oct 4, 2021, 11:40 AM IST

ടുത്ത വര്‍ഷം നടക്കാനിരിക്കുന്ന സംസ്ഥാന തെഞ്ഞെടുപ്പിന് മുമ്പ് ഉത്തര്‍പ്രദേശ് (Uttarpradesh)സംഘര്‍ഷത്തിലേക്ക്. ഇന്നലെ ഉത്തര്‍പ്രദേശിലെ ലഖിംപൂർ ഖേരിയിൽ (lakhimpur Kheri) ഉപമുഖ്യമന്ത്രി  കേശവ് പ്രസാദ് മൗര്യ(Keshav Prasad Maurya )ക്കെതിരെ കരിങ്കൊടി കാണിക്കാനെത്തിയ കര്‍ഷകര്‍ക്ക് നേരെ വാഹനം ഓടിച്ച് കയറ്റിയതിനെ തുടര്‍ന്നുണ്ടായ സംഘര്‍ഷത്തില്‍ ഒമ്പത് പേരാണ് മരിച്ചത്. ഒരാള്‍ ഗുരുതരാവസ്ഥയിലാണ്. പ്രദേശിക മാധ്യമപ്രവര്‍ത്തകനായ രാം കശ്യപ് ഇന്നലെ രാത്രിയോടെ മരിച്ചെന്ന് റിപ്പോര്‍ട്ടുകളുണ്ട്. സംഘര്‍ഷത്തെ തുടര്‍ന്ന്  കേന്ദ്ര ആഭ്യന്തര സഹമന്ത്രി അജയ് കുമാർ മിശ്രയുടെ (Ajaykumar Mishra) മകൻ ആശിഷ് മിശ്രയ്ക്കും (Ashish Mishra) 14 പേർക്കുമെതിരെ കേസെടുത്തു. എന്നാല്‍ ഇയാളെ ഇതുവരെ അറസ്റ്റ് ചെയ്തിട്ടില്ല. അജയ് കുമാർ മിശ്രയെ കേന്ദ്ര ആഭ്യന്തര സഹമന്ത്രി പദത്തില്‍ നിന്ന് പുറത്താക്കണമെന്നും ആശിഷ് മിശ്രയെ അറസ്റ്റ് ചെയ്യണമെന്നും കര്‍ഷകര്‍ ആവശ്യപ്പെട്ടു. ഇതിന് ശേഷം മാത്രമേ മരിച്ചവരുടെ മൃതദേഹങ്ങള്‍ സംസ്കരിക്കാന്‍ തയ്യാറാകൂവെന്നും കര്‍ഷകര്‍ പറഞ്ഞു. ഇതിനിടെ സംഭവ സ്ഥലം സന്ദര്‍ഷിക്കാനെത്തിയ പ്രിയങ്കാ ഗാന്ധി (priyanka gandhi) എംപിയെയും ഭീം ആര്‍മി നേതാവ് ചന്ദ്രശേഖര്‍ ആസാദിനെയും ( Chandrashekhar Azad)അറസ്റ്റ് ചെയ്തെന്നും വാര്‍ത്തകളുണ്ട്. മാത്രമല്ല ഒരു പ്രതിപക്ഷ നേതാവിനെയും സംഭവസ്ഥലം സന്ദര്‍ശിക്കാന്‍ പൊലീസ് അനുവദിക്കുന്നില്ല. അതിനിടെ കര്‍ഷകരുടെ കൊലപാതകത്തെ തുടര്‍ന്ന് ഇന്ന് രാജ്യവ്യാപകമായി പ്രതിഷേധിക്കാന്‍ കര്‍ഷക സംഘടനകള്‍ ആഹ്വാനം ചെയ്തു. 

ഉത്തര്‍പ്രദേശ് തെരഞ്ഞെടുപ്പില്‍ ബിജെപിയെ തോല്‍പിക്കാന്‍ ഏതറ്റം വരെയും പോകുമെന്ന് കഴിഞ്ഞ ദിവസം കര്‍ഷക സംഘടനാ നേതാവ് രാകേഷ് ടിക്കായത്ത് പറഞ്ഞിരുന്നു. അതിനായി മിഷന്‍ യുപി എന്ന പദ്ധതിയും തയ്യാറായതായി അദ്ദേഹം അറിയിച്ചിരുന്നു.

കേന്ദ്രസര്‍ക്കാറിന്‍റെ വിവാദമായ കാര്‍ഷിക നിയമങ്ങള്‍ ജനങ്ങളെ അറിയിക്കുകയും സര്‍ക്കാറിനെതിരെ പ്രചാരണം നടത്തുകയും ചെയ്യുമെന്നും അദ്ദേഹം പറഞ്ഞിരുന്നു. അതിനിടെയാണ് ഉത്തര്‍പ്രദേശിലെ ലഖിംപൂർ ഖേരിയിൽ ഉപമുഖ്യമന്ത്രി കേശവപ്രസാദ് സന്ദര്‍ശനത്തിനെത്തിയത്. 


ലഖിംപൂർ ഖേരിയിൽ കേശവ പ്രസാദ് വന്നിറങ്ങുന്ന ഹെലിപാടില്‍ കര്‍ഷകര്‍ ട്രാക്റ്റര്‍ കയറ്റിയിട്ട് ഉപരോധിച്ചതോടെ കേശവപ്രസാദും സംഘവും യാത്ര റോഡ് മാര്‍ഗ്ഗമാക്കി. എന്നാല്‍ അവിടെയും കരിങ്കൊടിയുമായി കര്‍ഷകരെത്തി. 

ഇതിനിടെ ബിജെപി സംഘത്തിലുണ്ടായിരുന്ന കേന്ദ്രമന്ത്രി അജയ് കുമാർ മിശ്രയുടെ മകൻ ആശിഷ് മിശ്ര കരിങ്കൊടി വീശിയ കര്‍ഷകര്‍ക്ക് നേരെ തന്‍റെ വാഹനം ഓടിച്ച് കയറ്റുകയായിരുന്നു. ഇതിനെ തുടര്‍ന്ന് നാല് കര്‍ഷകര്‍ മരിച്ചു. 

വാഹനം കര്‍ഷകര്‍ക്കിടയിലേക്ക് പാഞ്ഞ് കയറിയതിന് പിന്നാലെ കര്‍ഷകര്‍ പൊലീസിനു നേരെ കല്ലെറിയുകയും രണ്ട് വാഹനങ്ങള്‍ക്ക് തീയിടുകയും ചെയ്തു. തീയിട്ട വാഹനത്തിലുണ്ടായിരുന്ന മൂന്ന് ബിജെപി പ്രവര്‍ത്തകരും ഒരു ഡ്രൈവറും ഈ സംഭവത്തില്‍ കൊല്ലപ്പെട്ടു. 

സംഘര്‍ഷത്തില്‍ 15 പേര്‍ക്ക് പരിക്കേറ്റെന്നും റിപ്പോര്‍ട്ടുകളുണ്ട്. സംഭവത്തെ തുടര്‍ന്ന് സമാജ്‍വാദി പാര്‍ട്ടി നേതാവ് അഖിലേഷ് യാദവിനെ അപ്രഖ്യാപിത വീട്ടുതടങ്കലാക്കിയെന്നും വാര്‍ത്തകള്‍ വരുന്നു. ഇതിനിടെ കൊല്ലപ്പെട്ട കര്‍ഷകരുടെ മൃതദേഹങ്ങളുമായി കര്‍ഷകര്‍ റോഡ് ഉപരോധിക്കുകയാണ്. 

സംഭവ സ്ഥലം സന്ദര്‍ശിക്കാനായെത്തിയ പ്രിയങ്കാ ഗാന്ധിയെ ഇന്നലെ രാത്രി ലഖ്നൌവിൽ വച്ച് അറസ്റ്റ് ചെയ്യുകയായിരുന്നെന്ന് ഉത്തര്‍പ്രദേശ് കോണ്‍ഗ്രസ് പറഞ്ഞു. പ്രിയങ്കയെ സീതാപൂർ പൊലീസ് സ്റ്റേഷനിലേക്ക് മാറ്റിയതായാണ് ഒടുവിൽ ലഭിക്കുന്ന വിവരം.

സ്ഥലത്തേക്ക് എത്തുമെന്ന് കരുതിയ ഭീം ആർമി നേതാവ് ചന്ദ്രശേഖർ ആസാദിനെ പൊലീസ് ഇന്നലെ രാത്രിയില്‍ തന്നെ കരുതല്‍ കസ്റ്റഡിയിൽ എടുത്തു. ഭൂപേഷ് ബാഗലിന്‍റെ വിമാനത്തിന് ലക്നൗവിൽ ഇറങ്ങാൻ പോലും പൊലീസ് അനുമതി നൽകിയില്ല. 

കർഷകർക്ക് പിന്തുണ പ്രഖ്യാപിച്ച യുപി മുൻ മുഖ്യമന്ത്രി അഖിലേഷ് യാദവിനെയും ബിഎസ്പി നേതാക്കളെയും വീടിന് പുറത്തിറങ്ങാൻ ഉത്തര്‍പ്രദേശ് പൊലീസ് അനുവദിക്കുന്നില്ല. സ്ഥിതി മെച്ചപ്പെടാതെ നേതാക്കളെ ലഖിംപുർ ഖേരിയിൽ എത്താൻ അനുവദിക്കില്ലന്നാണ് യുപി പൊലീസ് നിലപാട്.

ലഖിംപുർ ഖേരി സംഭവത്തിൽ പ്രതിഷേധിച്ച് കർഷകർ ഇന്ന് രാജ്യവ്യാപക പ്രതിഷേധത്തിന് ആഹ്വാനം ചെയ്തു. കളക്ട്രേറ്റുകൾ വളഞ്ഞുള്ള സമരത്തിന് സംയുക്ത കിസാൻ മോർച്ചയാണ് ആഹ്വാനം നൽകിയത്.  ഉച്ചയ്ക്ക് 12 മണി മുതൽ 1 മണിവരെ കളക്ട്രേറ്റ് വളയാനാണ് ആഹ്വാനം.

സംസ്ഥാന മന്ത്രിമാ‍ര്‍ക്കെതിരെ നടന്ന കര്‍ഷക പ്രതിഷേധത്തിലേക്ക് കേന്ദ്ര ആഭ്യന്തര സഹമന്ത്രിയുടെ മകന്‍ വാഹനം ഒടിച്ച് കയറ്റുകയായിരുന്നുവെന്നാണ് കര്‍ഷകരുടെ ആരോപണം. എന്നാല്‍ തന്‍റെ മകന്‍ സംഭവസ്ഥലത്തില്ലായിരുന്നെന്നും കര്‍ഷകരുടെ കല്ലേറില്‍ വാഹന വ്യൂഹത്തിന്‍റെ നിയന്ത്രണം നഷ്ടപ്പെട്ടതാണ് അപകടകാരണമെന്നും കേന്ദ്രസഹമന്ത്രി അജയ് മിശ്ര പ്രതികരിച്ചു.

ഏറ്റുമുട്ടൽ നിർഭാഗ്യകരമെന്ന് ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് പറഞ്ഞു. സംഭവത്തെക്കുറിച്ച് അന്വേഷിച്ച് കുറ്റക്കാർക്കെതിരെ കർശന നടപടിയെടുക്കും. കേന്ദ്ര ആഭ്യന്തര സഹമന്ത്രിയുടെയും എംപിയുമായ അജയ് കുമാർ മിശ്രയുടെ ഗ്രാമമായ ബൻബീർപൂരിലെ മൗര്യയുടെ സന്ദർശനത്തെ എതിർക്കാൻ കർഷകർ അവിടെ ഒത്തുകൂടിയിരുന്നു. 

ലക്കിംപൂർ ഖേരി ജില്ലയിലെ യുപി സർക്കാർ ഇന്‍റര്‍നെറ്റ് സേവനങ്ങൾ താൽക്കാലികമായി നിർത്തിവച്ചതായി അധികൃതർ പറഞ്ഞു. കേന്ദ്ര ആഭ്യന്തര സഹമന്ത്രിയുടെ മകൻ കർഷകരെ ചവിട്ടിമെതിക്കുന്നത് മനുഷ്യത്വരഹിതവും ക്രൂരവുമായ നടപടിയാണെന്ന് അഖിലേഷ്  യാദവ് പറഞ്ഞു. 

ബിജെപിയുടെ അടിച്ചമർത്തൽ യുപി സഹിക്കില്ല. ഈ അവസ്ഥ തുടരുകയാണെങ്കിൽ, ബി.ജെ.പിക്കാര്‍ക്ക് വാഹനത്തിൽ പോകാനോ, അതിൽ നിന്ന് ഇറങ്ങാനോ കഴിയില്ലെന്നും അദ്ദേഹം പറഞ്ഞു. അഖിലേഷ് യാദവ് ഇന്ന് ലഖിംപൂർ ഖേരി സന്ദർശിച്ചേക്കുമെന്ന് റിപ്പോര്‍ട്ടുകളുണ്ട്. 

അതിനിടെ ഉത്തര്‍പ്രദേശിലെ പ്രധാനപ്പെട്ട പ്രതിപക്ഷ നേതാക്കളെയെല്ലാം അപ്രഖ്യാപിത വീട്ടുതടങ്കലിലാക്കിയിരിക്കുകയാണെന്നും അഖിലേഷ് യാദവിനെ അടക്കം വീട്ടില്‍ നിന്ന് പുറത്തിറക്കാന്‍ സംസ്ഥാന പൊലീസ് തയ്യാറാകുന്നില്ലെന്നും വാര്‍ത്തകള്‍ വരുന്നു. 

ഇതിനിടെ കേന്ദ്രമന്ത്രിയെ പുറത്താക്കണമെന്നാവശ്യപ്പെട്ട് കര്‍ഷക സംഘടനകള്‍ രാഷ്ട്രപതിക്ക് കത്ത് നല്‍കുമെന്ന് അറിയിച്ചു. ഇന്നലെ രാത്രി തന്നെ രാകേഷ് ടിക്കായത്തും നൂറ് കണക്കിന് കര്‍ഷകരും  ലഖിംപൂർ ഖേരിയിലേക്ക് തിരിച്ചു. സുപ്രീം കോടതിയുടെ മേല്‍നോട്ടത്തില്‍ കേസ് അന്വേഷിക്കമെന്നും കര്‍ഷകര്‍ ആവശ്യപ്പെട്ടു.

കേന്ദ്രസര്‍ക്കാറിന്‍റെ വിവാദമായ കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് കര്‍ഷകര്‍ നടത്തുന്ന സമരം നവംബര്‍ 26 ആകുന്നതോടെ ഒരു വര്‍ഷം പിന്നിടും. രാജ്യത്തെ കര്‍ഷകര്‍ ഇത്രയും കാലം സമരം ചെയ്തിട്ടും കേന്ദ്രസര്‍ക്കാര്‍ നിയമങ്ങള്‍ പിന്‍വലിക്കാന്‍ തയ്യാറല്ല. മറിച്ച് നിയമം കര്‍ഷകര്‍ക്ക് എതിരല്ലെന്നും അവകാശപ്പെടുന്നു. 

എന്നാല്‍, പുതിയ നിയമം കുത്തകളെ സഹായിക്കാനാണെന്നും രാജ്യത്തിന്‍റെ ഭക്ഷ്യസുരക്ഷയ്ക്ക് വെല്ലുവിളി ഉയര്‍ത്തുന്നതാണെന്നും കര്‍ഷകരും ആരോപിക്കുന്നു.

മണ്ടികള്‍ ഇല്ലാതാകുന്നതോടെ കര്‍ഷകര്‍ക്ക് കൃഷി ഉത്പന്നങ്ങള്‍ക്ക് മിതമായ പണം പോലും ലഭിക്കില്ലെന്നും ഇത് രാജ്യത്തെ കൃഷിയുടെ ആണിക്കല്ലൂരുമെന്നുമാണ് കര്‍ഷക സംഘടനകള്‍ ആരോപിക്കുന്നത്. 

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്സിൻ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യർത്ഥിക്കുന്നു. ഒന്നിച്ച് നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona

Latest Videos

click me!