പരീക്ഷ തുടങ്ങാൻ മുക്കാൽ മണിക്കൂർ വൈകിയതു സംബന്ധിച്ചാണ് ആദ്യം തന്നെ പ്രശ്നങ്ങൾ തുടങ്ങിയത്. ഇത് പിന്നീട് നിയന്ത്രണാതീതമായി.
പാറ്റ്ന: ബിഹാർ പബ്ലിക് സർവീസ് കമ്മീഷൻ നടത്തിയ പരീക്ഷയ്ക്കിടെയുണ്ടായ അക്രമങ്ങളുടെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നു. പരീക്ഷ കേന്ദ്രത്തിൽ സൂക്ഷിച്ചിരുന്ന ചോദ്യ പേപ്പറുകൾ തട്ടിയെടുത്തു കൊണ്ട് വലിയൊരു വിഭാഗം ഉദ്യോഗാർത്ഥികൾ പുറത്തേക്ക് ഓടുന്നത് ദൃശ്യങ്ങളിൽ കാണാം. പരീക്ഷ എഴുതുകയായിരുന്ന ചില വിദ്യാർത്ഥികളിൽ നിന്നും ഇവർ ചോദ്യ പേപ്പറുകൾ പിടിച്ചുവാങ്ങി.
പരീക്ഷ തുടങ്ങാൻ 45 മിനിറ്റോളം വൈകിയത് സംബന്ധിച്ച് ആദ്യം തന്നെ പ്രശ്നങ്ങളുണ്ടായിരുന്നു. ഇത് സംബന്ധിച്ച് ഉദ്യോഗസ്ഥർ ചില പരീക്ഷാർത്ഥികളോട് സംസാരിച്ചുകൊണ്ടിരിക്കുന്നതിനിടെ ചിലർ ഉദ്യോഗാർത്ഥികൾ അവിടേക്ക് ഇരച്ചുകയറുന്നതാണ് സിസിടിവി ദൃശ്യങ്ങളിൽ ഉള്ളത്. അതേസമയം പരീക്ഷ തുടങ്ങാൻ വൈകിയതിനാൽ അധിക സമയം അനുവദിക്കുമെന്ന് ഉദ്യോഗാർത്ഥികളെ അറിയിച്ചിരുന്നതായി പരീക്ഷാ ചുമതലയുള്ള ജീവനക്കാർ പറയുന്നു.
ചോദ്യ പേപ്പർ സൂക്ഷിച്ചിരുന്ന മുറിയിലേക്ക് ഇരച്ചുകയറിയ ഉദ്യോഗാർത്ഥികൾ ചോദ്യ പേപ്പറുകൾ വെച്ചിരുന്ന പെട്ടികൾ തുറന്ന് അവ എടുത്തുകൊണ്ടു പോവുകയായിരുന്നു. ചിലർ ചോദ്യ പേപ്പറുകൾ വലിച്ചുകീറി. മറ്റുചിലർ പേപ്പറുകളുമായി പുറത്തിറങ്ങി അവിടെ കൂടി നിന്നവർക്കിടയിൽ വിതരണം ചെയ്തു.
ചോദ്യ പേപ്പർ ശരിയായ രീതിയിൽ തന്നെ തുറന്ന് അവ വിവിധ ബ്ലോക്കുകളിലെ റൂമുകളിൽ വിതരണം ചെയ്തുകൊണ്ടിരിക്കുന്നതിനിടെ പരീക്ഷ തുടങ്ങാൻ വൈകിയതിൽ പ്രതിഷേധിച്ച് ചിലർ പ്രശ്നങ്ങളുണ്ടാക്കുകയായിരുന്നു എന്നാണ് പരാതിയിൽ ആരോപിക്കുന്നത്. അധിക സമയം നൽകാമെന്ന് അറിയിച്ചെങ്കിലും വഴങ്ങിയില്ല. സീൽ ചെയ്ത പെട്ടികൾ എന്തുകൊണ്ട് തങ്ങൾക്ക് മുന്നിൽ വെച്ച് തുറന്നില്ല എന്ന് ചോദിച്ച് പ്രശ്നമുണ്ടാക്കി. ഇതുകേട്ട് മറ്റ് മുറികളിൽ നിന്ന് ചില ഉദ്യോഗാർത്ഥികൾ കൂടി ഇറങ്ങിവന്ന് ചോദ്യ പേപ്പറുകൾ തട്ടിയെടുക്കാനും വലിച്ചുകീറാനും തുടങ്ങി. പരീക്ഷ റദ്ദാക്കിയെന്ന് ഇവർ പ്രചരിപ്പിച്ചതായും പരാതിയിലുണ്ട്.
undefined
എന്താണ് സംഭവിക്കുന്നത് എന്ന് അറിയാൻ ആളുകൾ സെന്ററിന് മുന്നിൽ കൂട്ടം കൂടി. ഇതിനിടെ ഒരു ഉദ്യോഗാർത്ഥി സ്റ്റോറേജ് ബോക്സിൽ നിന്ന് ചോദ്യ പേപ്പറിന്റെ പാക്കറ്റ് മോഷ്ടിച്ച് പുറത്തേക്ക് ഇറങ്ങുകയും അത് പൊട്ടിച്ച് വിതരണം ചെയ്യുകയും ചെയ്തു. തുടർന്ന് ഇവർ റൂമുകളിൽ കയറി ഹാജർ ഷീറ്റുകളും മറ്റ് രേഖകളും നശിപ്പിച്ചു. എക്സാം കേന്ദ്രത്തിലുണ്ടായിരുന്ന മജിസ്ട്രേറ്റും പൊലീസും സ്ഥിതിഗതികൾ നിയന്ത്രിച്ചെന്നും പരീക്ഷ പൂർത്തിയാക്കിയെന്നുമാണ് ഔദ്യോഗിക വിശദീകരണം. ആകെ 5,674 പേർ പ്രശ്നങ്ങളൊന്നുമില്ലാതെ പരീക്ഷ എഴുതിയെന്നും അധികൃതർ പറയുന്നു.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബിൽ കാണാം