രാജ്യത്തെ വിവിധ സംസ്ഥാനങ്ങളില്‍ നിന്ന് ഏതാണ്ട് 200 ഓളം കര്‍ഷക സംഘടനകളുടെ സംയുക്ത സമിതിയാണ് 2020 നവംബര്‍ 26 നാണ് കര്‍ഷക സമരം ആരംഭിച്ചത്. 'ദില്ലി ചലോ' മാര്‍ച്ചായി ആണ് സമരം ആരംഭിച്ചതെങ്കിലും സമരത്തെ ദില്ലി സംസ്ഥാനാതിര്‍ത്തി കടത്താന്‍ കേന്ദ്ര സര്‍ക്കാറിന്‍റെ ദില്ലി പൊലീസ് അനുവദിച്ചില്ല.
ഇതേ തുടര്‍ന്ന് ദില്ലി അതിര്‍ത്തികളായ ഗാസിയാബാദിലും മറ്റും തമ്പടിച്ച ആയിരക്കണക്കിന് കര്‍ഷകര്‍ കുടുംബത്തോടൊപ്പം അവിടെ താമസിച്ച് ഒരു വര്‍ഷത്തോളം സമരം തുടരുകയായിരുന്നു. ആയിരക്കണക്കിന് ട്രാക്ടറുകളില്‍ കര്‍ഷകര്‍ പിന്നെയും ദില്ലി അതിര്‍ത്തികളിലേക്ക് ഒഴുകിയെത്തി.
എന്നാല്‍, കര്‍ഷകരെ കേള്‍ക്കാന്‍ മാത്രം കേന്ദ്ര സര്‍ക്കാര്‍ തയ്യാറായില്ല. പകരം, വിവാദമായ മൂന്ന് കാര്‍ഷിക നിയമങ്ങളും കര്‍ഷകരുടെ നന്മയ്ക്കാണെന്ന് ആവര്‍ത്തിക്കുക മാത്രമാണ് കേന്ദ്രസര്‍ക്കാര്‍ ചെയ്തത്. ഇതോടെ രാജ്യത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ നിന്ന് കൊവിഡ് വ്യാപനത്തെ പോലും തൃണവത്ക്കരിച്ച് കര്‍ഷകര്‍ ദില്ലി അതിര്‍ത്തികളിലേക്ക് ഒഴുകി.
കര്‍ഷകര്‍ക്കെതിരെ കേസുകള്‍ ചുമത്തിയും കര്‍ഷക സംഘടനയില്‍ തീവ്രവാദി സ്വാധീനം ആരോപിച്ചു കേന്ദ്രസര്‍ക്കാര്‍ പ്രതിരോധത്തിന് ശ്രമിച്ചെങ്കിലും പിന്നോട്ട് പോകാന്‍ കര്‍ഷകര്‍ തയ്യാറായില്ല. പഞ്ചാബില്‍ നിന്നായിരുന്നു ഏറ്റവും കൂടുതല്‍ കര്‍ഷകര്‍ സമരത്തിന് പങ്കെടുത്തത്.
ഇത് ഖാലിസ്ഥാന്‍ വാദമുയര്‍ത്തി പ്രതിരോധിക്കാനായിരുന്നു കേന്ദ്രസര്‍ക്കാറിന്‍റെ നീക്കം. എന്നാല്‍ ഈ നീക്കം വിലപ്പോയില്ല. ഇതിനിടെ റിപ്പബ്ലിക്ക് ദിനത്തില്‍ ചെങ്കോട്ട കൈയേറി കൊടിയുയര്‍ത്തിയ കര്‍ഷകര്‍ക്കെതിരെ അന്വേഷണവും വേട്ടയാടലും ആരംഭിച്ചു. ഈ സംഭവത്തിലെ പ്രധാന പ്രതിയായ ദീപ് സിദ്ദു, കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായുമൊപ്പമുള്ള ചിത്രം പങ്കുവച്ചായിരുന്നു കര്‍ഷകര്‍ സര്‍ക്കാറിന്‍റെ ആരോപണങ്ങളെ പ്രതിരോധിച്ചത്.
സമരം ശക്തമാകുന്ന കാഴ്ചയായിരുന്നു പിന്നീട് ലോകം കണ്ടത്. ലോകത്തിന്‍റെ പലഭാഗങ്ങളില്‍ നിന്നും നിരവധി രാജ്യങ്ങളുടെ ഭരണാധികാരികള്‍ പ്രത്യേകിച്ചും ജോ ബൈഡനും ജസ്റ്റിന്‍ ട്രൂഡോയും പോലുള്ള ലോക നേതാക്കള്‍ പോലും കര്‍ഷക സമരത്തെ അനുകൂലിച്ച് രംഗത്തെത്തി. ഇന്ത്യയുടെ ആഭ്യന്തരകാര്യം നോക്കാന്‍ ഇന്ത്യയ്ക്കറിയാമെന്നായിരുന്നു ഇതിന് കേന്ദ്രസര്‍ക്കാര്‍ നല്‍കിയ മറുപടി.
ഇതിനിടെ ഉത്തര്‍പ്രദേശ് അടക്കമുള്ള അഞ്ച് സംസ്ഥാനങ്ങളില്‍ തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചു. ഇതോടെ ഭാരതീയ കിസാന്‍ മോര്‍ച്ച നേതാവ് വീടി കയറി ബിജെപിക്കെതിരെ വോട്ട് ചോദിക്കുമെന്ന് പ്രഖ്യാപിച്ചു. ഇതിനായി അദ്ദേഹം 'മിഷന്‍ യുപി' പദ്ധതി പ്രഖ്യാപിച്ചു. ഇതിന്‍റെ ഭാഗമായി വിവിധ സംസ്ഥാനങ്ങളില്‍ കര്‍ഷകര്‍ മഹാപഞ്ചായത്തുകള്‍ വിളിച്ച് ചേര്‍ത്തു.
അതിനിടെയാണ് ഉത്തര്‍പ്രദേശിലെ ലഖിംപൂര്‍ഖേരിയില്‍ ഉപമുഖ്യമന്ത്രിയുടെ പരിപാടി തടയാനെത്തിയ കര്‍ഷകര്‍ക്ക് നേരെ ആശിഷ് മിശ്ര ജിപ്പോടിച്ച് കയറ്റിയത്. ഈ കേസില്‍ നാല് കര്‍ഷകര്‍ക്ക് ജീവഹാനി സംഭവിച്ചു. സംഭവത്തിന് ഉത്തരവാദികളായ കേന്ദ്ര ആഭ്യന്തര സഹമന്ത്രി അജയ് കുമാര്‍ മിശ്രയെ മന്ത്രി സഭയില്‍ നിന്നും പുറത്തക്കണെന്നും മകന്‍ ആശിഷ് മിശ്രയും കൂട്ടാളികളെയും അറസ്റ്റ് ചെയ്യണമെന്നും കര്‍ഷകര്‍ ആവശ്യപ്പെട്ടു.
കര്‍ഷകര്‍ വിവിധ സംസ്ഥാനങ്ങളില്‍ വിളിച്ച് ചേര്‍ത്ത മഹാപഞ്ചായത്തുകളിലേക്ക് ആയിരക്കണക്കിനാളുകളാണ് ഒഴുകിയെത്തിയത്. തിരഞ്ഞെടുപ്പ് അടുത്തപ്പോള്‍ കര്‍ഷകര്‍ ഗ്രാമഗ്രാമാന്തരങ്ങളില്‍ ബിജെപിക്കെതിരെ തിരിയുമന്നായത്ടെ കേന്ദ്രസര്‍ക്കാര്‍ വിവാദമായ മൂന്ന് കാര്‍ഷിക നിയമങ്ങളിലും പുനര്‍വിചിന്തനത്തിന് തയ്യാറായി. കര്‍ഷകരുടെ ആവശ്യങ്ങള്‍ നിരൂപാധികം അംഗീകരിക്കാന്‍ തയ്യാറാണെന്ന് കേന്ദ്രസര്‍ക്കാര്‍ കര്‍ഷകരെ രേഖാമൂലം അറിയിച്ചു.
ഒരു വര്‍ഷത്തോളം നീണ്ട് നിന്ന് കര്‍ഷക സമരത്തിനിടെ ഏതാണ്ട് പന്ത്രണ്ടോളം തവണയാണ് കര്‍ഷക സംഘടനാ പ്രതിനിധികളും കേന്ദ്രസര്‍ക്കാരും തമ്മില്‍ ചര്‍ച്ച നടത്തിയത്. ഈ ചര്‍ച്ചകളെല്ലാം ഒന്നിന് പുറകെ ഒന്നായി പരാജയപ്പെട്ടിരുന്നു. ഒടുവില്‍ കര്‍ഷകരുടെ ആവശ്യങ്ങള്‍ കേന്ദ്രസര്‍ക്കാര്‍ അംഗീകരിച്ചതോടെ കര്‍ഷകര്‍, സമരം അവസാനിപ്പിക്കാന്‍ തീരുമാനിച്ചു.
ഒടുവില്‍ വിജയശ്രീലാളിതരായി ആഘോഷത്തോടെ ദില്ലി അതിര്‍ത്തി വിട്ട് സ്വന്തം ഗ്രാമങ്ങളിലേക്ക് കര്‍ഷകര്‍ തിരികെ പോകുമ്പോള്‍ ഏതാണ്ട് 358 ദിവസങ്ങള്‍ കഴിഞ്ഞുരുന്നു. സമരത്തിന്‍റെ മാനസീക സമ്മര്‍ദ്ദം താങ്ങാനാകാതെ ആത്മഹത്യ ചെയ്ത കര്‍ഷകരടക്കം 719 ജീവനുകളും ആ സമരപന്തലില്‍ പൊലിഞ്ഞിരുന്നു.
എന്നാല്‍, എട്ട് മാസങ്ങള്‍ക്കിപ്പുറം കര്‍ഷകര്‍ വീണ്ടുമൊരു സമരത്തിന് ഒരുങ്ങുകയാണ്. അന്ന് കേന്ദ്രസര്‍ക്കാര്‍ നല്‍കിയ വാഗ്ദാനങ്ങള്‍ പാഴ്വാക്കായിരുന്നെന്ന് കര്‍ഷകര്‍ ഇന്ന് ആരോപിക്കുന്നു. ഇതിന്‍റെ ഭാഗമായിരുന്നു ഇന്ന് ജന്ദര്‍ മന്ദിറില്‍ നടത്തിയ മഹാപഞ്ചായത്ത്. ദില്ലിയിലെ ഇന്നത്തെ ശക്തി പ്രകടനം നടത്തിയത് കിസാൻ മോർച്ച രാഷ്ട്രീയേതര വിഭാഗമാണ് എന്ന പ്രത്യേകതയുമുണ്ട്.
കഴിഞ്ഞ വര്‍ഷം കണ്ടത് പോലെ തന്നെ പടുകൂറ്റന്‍ കര്‍ഷക റാലിയാണ് ഇന്നും രാജ്യതലസ്ഥാനത്ത് അരങ്ങേറിയത്. തമിഴ്നാട് , കര്‍ണ്ണാടക സംസ്ഥാനങ്ങളില്‍ നിന്നും കേരളത്തില്‍ നിന്നുമുള്ള കര്‍ഷകരും ഇന്നത്തെ റാലിയുടെ ഭാഗമായി. ഇന്നത്തെ സമരത്തിനും പതിവ് പോലെ ദില്ലി പൊലീസ് അനുമതി നല്‍കിയിരുന്നില്ല. പക്ഷേ, സമരക്കാര്‍ പൊലീസിന്‍റെ ബാരിക്കേടുകള്‍ മാറ്റി തങ്ങളുടെ വഴി സ്വയം തുറന്നു.
ഒടുവില്‍, അവര്‍ സമരഭൂമിയായ ജന്ദര്‍ മന്ദിറില്‍ ഒത്തു കൂടി. ലഖിംപൂരിൽ കൊല്ലപ്പെട്ട കർഷകരുടെ കുടുംബങ്ങൾക്ക് നീതി ഉറപ്പാക്കുക, കേന്ദ്രമന്ത്രി അജയ് മിശ്രയെ മന്ത്രി സഭയില്‍ നിന്നും പുറത്താക്കുക എന്ന സമരകാല ആവശ്യം കര്‍ഷകര്‍ ഇന്ന് വീണ്ടും ആവര്‍ത്തിച്ചു. എംഎസ്പി അഥവാ കാര്‍ഷിക വിളകള്‍ക്ക് താങ്ങുവില ഉറപ്പാക്കുക, രാജ്യത്തെ എല്ലാ കര്‍ഷകരെയും കടത്തില്‍ നിന്നും മുക്തരാക്കുക എന്നീ ആവശ്യങ്ങളും അവര്‍ ഉയര്‍ത്തി.
2022 ലെ വൈദ്യുതി ഭേദഗതി ബിൽ റദ്ദാക്കുക, കരിമ്പിന്‍റെ താങ്ങുവില വർധിപ്പിക്കുക, ഇന്ത്യ ഡബ്ല്യുടിഒയിൽ നിന്ന് പുറത്തുവരിക എല്ലാ സ്വതന്ത്ര വ്യാപാര കരാറുകളും റദ്ദാക്കുക, കർഷക സമരകാലത്ത് രജിസ്റ്റർ ചെയ്ത എല്ലാ കേസുകളും പിൻവലിക്കുക, പ്രധാനമന്ത്രി ഫസൽ ബീമാ യോജന പ്രകാരം കർഷകർക്കുള്ള കുടിശ്ശിക നഷ്ടപരിഹാരം ഉടൻ അനുവദിക്കുക, രാജ്യത്ത് തൊഴിലില്ലായ്മ ഓരോ വര്‍ഷവും രൂക്ഷമാകുമ്പോള്‍ അവതരിപ്പിച്ച അഗ്നിപഥ് പദ്ധതി പിന്‍വലിക്കുക തുടങ്ങിയ കൂറേ കൂടി വിശാലമായ ആവശ്യങ്ങളാണ് ഇത്തവണ കര്‍ഷക സംഘടനകള്‍ ഉന്നയിച്ചിരിക്കുന്നത്.
2021 ല്‍ തങ്ങളുടെ ഗ്രാമങ്ങളിലേക്ക് തിരിച്ചു പോകുമ്പോള്‍ കര്‍ഷകര്‍ കേന്ദ്രസര്‍ക്കാറിനോട് പറഞ്ഞത്, തങ്ങളുടെ ആവശ്യങ്ങള്‍ നടപ്പിലാക്കിയില്ലെങ്കില്‍ വീണ്ടും തിരിച്ച് വരുമെന്നായിരുന്നു. ഇന്നത്തെത് ഒരു സമര പ്രഖ്യാപനമാണെങ്കില്‍ വരും നാളുകളില്‍ ദില്ലി അതിര്‍ത്തികള്‍ വീണ്ടും കര്‍ഷകരെ കൊണ്ട് നിറയുമെന്ന കാര്യത്തില്‍ സംശയമൊന്നുമില്ല.