ഡെങ്കിപ്പനിയെന്ന് സംശയം; ഉത്തര്‍പ്രദേശില്‍ പത്ത് ദിവസത്തിനിടെ 45 കുട്ടികള്‍ ഉള്‍പ്പെടെ 53 മരണം

First Published | Sep 2, 2021, 10:38 AM IST

ത്തര്‍പ്രദേശിലെ ഫിറോസാബാദിൽ 10 ദിവസത്തിനിടെ 45 കുട്ടികൾ ഉൾപ്പെടെ 53 പേര്‍ മരിച്ചു. ഡെങ്കിപ്പനി ബാധിച്ചാണ് ഇത്രയും മരണമുണ്ടായതെന്ന് സംശയിക്കുന്നു. സംഭവത്തില്‍ ഉത്തർപ്രദേശ് സർക്കാര്‍ അന്വേഷണത്തിന് ഉത്തരവിട്ടു. ഭൂരിഭാഗം കുട്ടികളും വൈറൽ പനി ബാധിച്ചവരാണെന്നും ചിലർക്ക് ഡെങ്കിപ്പനി പോസിറ്റീവ് ആണെന്നും മെഡിക്കൽ കോളേജിലെ ചൈൽഡ് സ്പെഷ്യലിസ്റ്റ് ഡോ എൽ കെ ഗുപ്ത പറഞ്ഞു. നിലവിൽ 186 പേർ ആശുപത്രിയിൽ ചികിത്സയില്‍ കഴിയുന്നതായി എന്‍ഡിടിവി റിപ്പോര്‍ട്ട് ചെയ്തു. 

രോഗബാധിതരായ കുട്ടികളുടെ എണ്ണം കൂടിയതിനാൽ, ജില്ലാ മജിസ്ട്രേറ്റ് ചന്ദ്ര വിജയ് സിംഗ് സെപ്റ്റംബർ 6 വരെ സർക്കാർ-സ്വകാര്യ സ്കൂളുകളിലെ ഒന്ന് മുതല്‍ ആറ് വരെ ക്ലാസുകള്‍ അടച്ചുപൂട്ടാൻ ഉത്തരവിട്ടു. 

മരിച്ചവരില്‍ മിക്കവാറും പേരും ദരിദ്രരാണെന്ന് ജില്ലാ മജിസ്ട്രേറ്റ് ചന്ദ്ര വിജയ് സിംഗ് മാധ്യമങ്ങളോട് പറഞ്ഞു.  ഫിറോസാബാദ് ജില്ല നിലവിൽ ഡെങ്കിപ്പനി പോലുള്ള രോഗലക്ഷണങ്ങളുള്ള വൈറൽ പനിയായിട്ടാണ് ചികിത്സിക്കുന്നത്. 


പനി, ജലദോഷം, ശരീരവേദന, തലവേദന, നിർജ്ജലീകരണം, പ്ലേറ്റ്‌ലെറ്റ് എണ്ണത്തിൽ പെട്ടെന്നുള്ള കുറവ്, വയറുവേദന എന്നീ രോഗലക്ഷണങ്ങളാണ് രോഗികളില്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. 


മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ഇന്നലെ ഫിറോസാബാദ് സന്ദർശിച്ചു.  മരണകാരണം സ്ഥിരീകരിക്കാൻ പ്രത്യേക സംഘത്തെ രൂപീകരിക്കും. 

മെഡിക്കൽ കോളേജിൽ മതിയായ സൌകര്യങ്ങള്‍ ഉറപ്പുവരുത്തുന്നതിനുള്ള നിർദ്ദേശങ്ങൾ നൽകിയെന്ന് ആദിത്യനാഥ് പറഞ്ഞു. ഓഗസ്റ്റ് 18 നാണ് പനിയുടെ ആദ്യ കേസുകൾ റിപ്പോർട്ട് ചെയ്തതെന്നാണ് റിപ്പോര്‍ട്ടുകള്‍. 

ഫിറോസാബാദ് മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ച കുട്ടികളെ സന്ദർശിച്ച മുഖ്യമന്ത്രി മരിച്ച കുട്ടികളുടെ വീടുകളും സന്ദര്‍ഷിച്ചെന്ന് റിപ്പോര്‍ട്ടുണ്ട്. 

രോഗികളുടെ കുടുംബങ്ങളുമായി സമ്പർക്കം പുലർത്തുകയും സ്ഥിതിഗതികൾ സൂക്ഷ്മമായി നിരീക്ഷിക്കുകയും ചെയ്യുന്നതായി മനീഷ് അസിജ  എംഎൽഎ പറഞ്ഞു. 

ഡെങ്കിപ്പനി സംശയിച്ച് കുട്ടികൾ ഉൾപ്പെടെ 40 ലധികം പേർ മരിച്ചതിനെത്തുടർന്ന് ഉത്തർപ്രദേശിലെ ഫിറോസാബാദിലെ ചീഫ് മെഡിക്കൽ ഓഫീസറെ കഴിഞ്ഞ ദിവസം സ്ഥലം മാറ്റിയിരുന്നു. 

തുടര്‍ന്ന് സിഎംഒ നീത കുൽശ്രേഷ്ഠയെ അലിഗഡിലേക്കും ഹാപൂർ സിഎംഒ ഡോ.ദിനേശ് പ്രേമിയ്ക്ക് ഫിറോസാബാദിലും ചുമതല നൽകി. കഴിഞ്ഞ 10-12 ദിവസത്തിനുള്ളിൽ ജില്ലയിൽ ഡെങ്കിപ്പനി സംശയിച്ച് 45 കുട്ടികൾ ഉൾപ്പെടെ 53 പേർ മരിച്ചതായാണ് റിപ്പോർട്ട്. 

ലക്നൗവിൽ നിന്ന് ഫിറോസാബാദിലെത്തിയ ഡോക്ടർമാരുടെ 15 അംഗ സംഘം ജില്ലാ ഭരണകൂടത്തിന്‍റെയും ആരോഗ്യ വകുപ്പിന്‍റെയും ഉദ്യോഗസ്ഥരുമായി കൂടിക്കാഴ്ച നടത്തി. ഇവര്‍ ജില്ലയിലെ ദുരിതബാധിത പ്രദേശങ്ങളിൽ പരിശോധന നടത്തി.  

ഉത്തര്‍പ്രദേശില്‍ കഴിഞ്ഞ കുറച്ചേറെ വര്‍ഷങ്ങളായി ഡെങ്കിപ്പനി വ്യാപകമായി റിപ്പോര്‍ട്ട് ചെയ്തിരുന്നു, പ്രത്യേകിച്ചും കുട്ടികളില്‍. 

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona.

Latest Videos

click me!