സിഗ്നലിന്‍റെ പ്രവർത്തനം നിലച്ചതിനെ തുടര്‍ന്ന് സ്പിന്നിങ് മിൽ - മാഹി റോഡിലെ ഗതാഗതം നിര്‍ത്തി വച്ചിരിക്കുകയാണ്.
കണ്ണൂർ: മാഹി ബൈപ്പാസ് സിഗ്നലിലെ ബാറ്ററികൾ മോഷണം പോയി. പള്ളൂർ ബൈപ്പാസ് സിഗ്നലിലാണ് സംഭവം. എട്ട് ബാറ്ററികളാണ് മോഷണം പോയത്. സിഗ്നലിന്‍റെ പ്രവർത്തനം നിലച്ചതിനെ തുടര്‍ന്ന് സ്പിന്നിങ് മിൽ - മാഹി റോഡിലെ ഗതാഗതം നിര്‍ത്തി വച്ചിരിക്കുകയാണ്.
കഴിഞ്ഞ ദിവസം രാത്രിയാണ് സംഭവം. 10 ബാറ്ററികളിൽ എട്ടെണ്ണം നഷ്ടപ്പെട്ടെന്നാണ് കെൽട്രോണ്‍ അധികൃതർ വ്യക്തമാക്കിയത്. ബാറ്ററികൾ സൂക്ഷിച്ചിരുന്നത് ഒരു പെട്ടിയിലായിരുന്നു. ഇതിന്‍റെ പൂട്ട് തല്ലിത്തകർത്താണ് ബാറ്ററികൾ മോഷ്ടിച്ചിരിക്കുന്നത്.
രാത്രി അടച്ചിടുന്ന റോഡ് തുറക്കാനായി രാവിലെ ട്രാഫിക് പൊലീസ് എത്തിയപ്പോഴാണ് സിഗ്നൽ പ്രവർത്തിക്കുന്നില്ലെന്ന് മനസ്സിലായത്. തുടരന്വേഷണത്തിൽ ബാറ്ററി മോഷണം കണ്ടെത്തി. മാഹി പൊലീസ് സ്ഥലത്തെത്തി പ്രാഥമിക അന്വേഷണം നടത്തി. സമീപത്തെ സിസിടിവി ദൃശ്യങ്ങളിൽ നിന്ന് എന്തെങ്കിലും തെളിവ് കിട്ടുമോ എന്ന അന്വേഷണത്തിലാണ് പൊലീസ്.