വഴിഞ്ഞം പദ്ധതി നിർത്തിവയ്ക്കണമെന്ന ആവശ്യത്തില്‍ കെപിസിസി നിലപാട് തേടി രാഹുല്‍ ഗാന്ധി

First Published | Sep 12, 2022, 5:03 PM IST

രാഹുല്‍ ഗാന്ധിയുടെ നേതൃത്വത്തില്‍ ഇന്ത്യയുടെ ഐക്യം വീണ്ടെടുക്കുന്നതിനായി കോണ്‍ഗ്രസ് നടത്തുന്ന ജോഡോ യാത്ര ഇന്ന് തിരുവനന്തപുരത്ത് നിന്നും ആരംഭിച്ചു.  150 ദിവസങ്ങള്‍ക്കൊണ്ട് 12 സംസ്ഥാനങ്ങളിലൂടെ രാജ്യത്തെ 22 നഗരങ്ങളിലൂടെ കടന്ന് പോകുന്ന പദയാത്ര ഇന്ന് തിരുവന്തപുരം ജില്ലയിലൂടെ കടന്ന് പോയി. പദയാത്ര കടന്നു പോകുന്ന പ്രദേശത്തെ ജനങ്ങളുമായും അവരുടെ അടിസ്ഥാന പ്രശ്നങ്ങളുമായി സംവദിച്ചാണ് യാത്ര മുന്നോട്ട് പോകുന്നത്. ഇന്ന് തിരുവന്തപുരത്തെത്തിയ യാത്ര വിഴിഞ്ഞം സമര സമിതിയുമായി സംസാരിച്ചു. സമരത്തിന് രാഹുൽ ഗാന്ധിയുടെ പിന്തുണ തേടിയതായി സമര സമിതി അറിയിച്ചു. വഴിഞ്ഞം പദ്ധതി നിർത്തിവയ്ക്കണമെന്ന ആവശ്യത്തിൽ കെപിസിസിയോട് രാഹുൽ നിലപാട് തേടിയതായും ലത്തീൻ അതിരൂപത അറിയിച്ചു. രാഹുലുമായി നടത്തിയ കൂടിക്കാഴ്ചയ്ക്ക് ശേഷമാണ് സമര സമിതി പ്രവർത്തകർ ഇക്കാര്യം വ്യക്തമാക്കിയത്. 

രാഹുലുമായി നടത്തിയ കൂടിക്കാഴ്ചയ്ക്ക് ശേഷം തുറമുഖ നിര്‍മ്മാണം നിര്‍ത്തിവയ്ക്കുന്നത് സംബന്ധിച്ച് രാഹുല്‍ ഗാന്ധി കെപിസിസിയുടെ നിലപാട് തേടിയതായി ലത്തീൻ അതിരൂപത അറിയിച്ചു. ദേശീയ നേതാവ് എന്ന നിലയിൽ ഈ വിഷയം ഉന്നയിക്കണമെന്ന് രാഹുൽ ഗാന്ധിയോട് ആവശ്യപ്പെട്ടതായും സമരസമിതി കൺവീനർ ഫാദർ യൂജിൻ പെരേര പറഞ്ഞു. 

വിഷയങ്ങൾ രേഖാമൂലം രാഹുലിനെ അറിയിച്ചു. വിഴിഞ്ഞം പദ്ധതിയെ തുടർന്നുള്ള തീരശോഷണവും വീടുകളുടെ നഷ്ടവും ഉപജീവനത്തിലെ പ്രതിസന്ധിയും അദ്ദേഹത്തെ ബോധ്യപ്പെടുത്തി. മത്സ്യത്തൊഴിലാളികൾക്ക് കടലിൽ പൂർണ അവകാശം ഉറപ്പിക്കുന്ന ബിൽ പാർലമെന്റിൽ അവതരിപ്പിക്കണമെന്നും ആവശ്യപ്പെട്ടതായും സമര സമിതി പറഞ്ഞു.


രാഹുൽ ഗാന്ധിയുടെ ഭാരത് ജോഡോ യാത്രയുടെ കേരളാ പര്യടനത്തിന് തലസ്ഥാനത്ത് വൻ ആൾക്കൂട്ടത്തിന്‍റെ  അകമ്പടിയോടെയാണ് തുടങ്ങിയത്. തിരുവനന്തപുരം വെങ്ങാനൂർ അയ്യങ്കാളി സ്മൃതി മണ്ഡപത്തിൽ രാഹുൽ പുഷ്പാർച്ചന അ‍ര്‍പ്പിച്ചു.

യാത്രക്ക് കേരളത്തിൽ നൽകിയ വൻ വരവേൽപ്പിന് നന്ദിയറിയിച്ച രാഹുൽ ഗാന്ധി, ശ്രീനാരായണ ഗുരുവിന്‍റെ സന്ദേശമാണ് ഭാരത് ജോഡോ യാത്രയിലൂടെ സാധ്യമാക്കുന്നതെന്നും വിശദീകരിച്ചു. 'ഒന്നിച്ച് നിൽക്കുന്നവരാണ് കേരളീയർ. ഭിന്നിപ്പിക്കുന്നവരെ അനുവദിക്കില്ലെന്നതാണ് ഈ നാടിന്റെ പ്രത്യേകതയെന്നും അദ്ദേഹം പറഞ്ഞു. 

പാര്‍ലമെന്‍റ് ജനപ്രതിനിധിയെന്ന നിലയിൽ കേരളത്തെ മനസിലാക്കാൻ തനിക്ക്  സാധിച്ചുവെന്നും രാഹുൽ വിശദീകരിച്ചു. നല്ല വിദ്യാഭ്യാസ സമ്പ്രദായം കേരളത്തിനുണ്ട്. പക്ഷെ എന്തുകൊണ്ടാണ് കേരളം മുന്നിലെത്തിയതെന്ന് ആരും ചോദിക്കുന്നില്ല. ഐക്യമാണ് കേരളത്തിന്റെ പ്രത്യേകത. ജനങ്ങളെ ഭിന്നിപ്പിക്കാൻ കേരളം അനുവദിക്കില്ലെന്നും അദ്ദേഹം പറഞ്ഞു. 

കേരളത്തിലുള്ള ആ ഐക്യത്തിന്‍റെ സന്ദേശം രാജ്യം മുഴുവൻ പടർത്തുന്നതിനാണ് ഈ യാത്രയെന്നും അദ്ദേഹം വിശദീകരിച്ചു. ഭാരത് ജോഡോ യാത്ര ഇന്ന് രാവിലെ ഏഴുമണിക്ക് നേമത്ത് നിന്നാണ് തുടങ്ങിയത്. പത്തുമണിയോടെ പട്ടത്താണ് രാവിലെയുളള പദയാത്ര അവസാനിപ്പിച്ചത്. 

തുടര്‍ന്ന് സാമൂഹിക, സാംസ്ക്കാരിക മേഖലകളിലെ ക്ഷണിക്കപ്പെട്ട വ്യക്തിത്വങ്ങൾക്കൊപ്പമാണ് രാഹുൽ ഗാന്ധിയുടെ ഉച്ചഭക്ഷണം. ജവഹർ ബാൽ മഞ്ച് നടത്തിയ ചിത്രരചനാ മത്സരത്തിൽ വിജയികളായ കുട്ടികൾക്ക് സമ്മാന വിതരണവും കുട്ടികളുമായുള്ള ആശയവിനിമയവും അദ്ദേഹം നടത്തി.  ഇതിനിടയാണ് വിഴിഞ്ഞം സമര സമിതി നേതാക്കള്‍ അദ്ദേഹത്തെ സന്ദര്‍ശിച്ചത്. 

കണ്ണമൂലയിൽ ചട്ടമ്പി സ്വാമികളുടെ ജന്മഗൃഹവും രാഹുല്‍ ഗാന്ധി സന്ദർശിച്ചു. വൈകീട്ട് നാലുമണിക്ക് പദയാത്ര പട്ടം ജംഗ്ഷനിൽ നിന്ന് വീണ്ടും തുടങ്ങി. തിരുവനന്തപുരം ജില്ലയിലെ പ്രവർത്തകരെക്കൂടാതെ പത്തനംതിട്ട ജില്ലയിലെ പ്രവർത്തകരും യാത്രയിൽ രാഹുലിനൊപ്പം പങ്കെടുക്കുന്നുണ്ട്. 

വൈകീട്ട് ഏഴിന് കഴക്കൂട്ടത്താണ് സമാപന പൊതുയോഗം നടക്കുക. യോഗത്തിൽ ദേശീയ, സംസ്ഥാന നേതാക്കൾ പങ്കെടുക്കും. രാഹുൽ ഗാന്ധിയുടെ യാത്രയുമായി ബന്ധപ്പെട്ട് നഗരത്തിൽ ഗതാഗത നിയന്ത്രണമേര്‍പ്പെടുത്തിയിരുന്നു. 

ഇതിനിടെ നെയ്യാറ്റിന്‍കര നിംസ് ആശുപത്രിയില്‍ സ്വാതന്ത്ര്യസമര സേനാനികളുടെ സ്മൃതി മണ്ഡപം ഉദ്ഘാടനം ചെയ്യാന്‍ രാഹുല്‍ ഗാന്ധിയെത്താതിരുന്നത് സംസ്ഥാന കോൺഗ്രസ് നേതാക്കൾക്ക് നാണക്കേടായി. നേതാക്കളും വന്‍ ജനക്കൂട്ടവും കാത്തുനിന്നിട്ടും സ്മൃതി മണ്ഡപം ഉദ്ഘാടനം ചെയ്യാൻ രാഹുൽ ഗാന്ധി എത്താത്തതാണ് കല്ലുകടിയായത്. ഇതിനിടെ ബിജെപിക്ക് പിന്നാലെ സിപിഎമ്മും ഭാരത് ജോഡോ യാത്രയ്ക്കെതിരെ രംഗത്തെത്തിയിരുന്നു. 

Latest Videos

click me!