ഐഎഫ്എഫ്‍കെ; മഹാപ്രതിഭകളുടെ ഓർമ്മയിൽ സ്‌മൃതിദീപ പ്രയാണത്തിന് തിരുവനന്തപുരത്ത് സമാപനം

By Web Team  |  First Published Dec 12, 2024, 11:01 PM IST

പ്രയാണം നെയ്യാറ്റിൻകര മുതൽ തിരുവനന്തപുരം വരെ


29-ാമത് കേരള രാജ്യാന്തര ചലച്ചിത്ര മേളയു‌ടെ ഭാ​ഗമായി മലയാള സിനിമയിലെ മൺമറഞ്ഞ മഹാപ്രതിഭകൾക്ക് ആദരം.‌ നെയ്യാറ്റിൻകര മുതൽ തിരുവനന്തപുരം വരെ ചലച്ചിത്ര അക്കാദമിയു‌ടെ നേതൃത്വത്തിൽ നടന്ന സ്മൃതിദീപ പ്രയാണം പങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായി. നെയ്യാറ്റിൻകരയിൽ മലയാള സിനിമയുടെ പിതാവ് ജെ സി ഡാനിയലിന്റെ സ്‌മൃതികുടീരത്തിന് മുന്നിൽ നിന്നാണ് യാത്രയ്ക്ക് തുടക്കമായത്.  കെ ആൻസലൻ എം എൽ എ, നെയ്യാറ്റിൻകര നഗരസഭാ ചെയർമാൻ പി കെ രാജ്‌മോഹൻ എന്നിവർ ചേർന്ന്  സ്‌മൃതിദീപം തെളിയിച്ചു. തുടർന്ന് ദീപം ചലച്ചിത്ര അക്കാദമി ചെയർമാൻ പ്രേംകുമാറിന് കൈമാറി പരിപാടി ഉദ്ഘാടനം ചെയ്തു. മൺമറഞ്ഞ പ്രതിഭകളെ ആദരിക്കാനായി സ്മൃതിദീപ യാത്ര സംഘടിപ്പിക്കുകയെന്ന ആശയം മുന്നോ‌ട്ടുവച്ചത് സാംസ്കാരിക വകുപ്പ് മന്ത്രി സജി ചെറിയാൻ ആണെന്ന് പ്രേംകുമാർ പറഞ്ഞു. അമ്പതോളം അത്‌ലറ്റുകളുടെ നേതൃത്വത്തിൽ വിവിധ കേന്ദ്രങ്ങളിലൂടെയായിരുന്നു സ്മൃതിദീപത്തിന്റെ യാത്ര.

മലയാളത്തിന്റെ ആദ്യകാല നായിക നെയ്യാറ്റിൻകര കോമളത്തിന്റെ വഴുതൂരിലുള്ള വസതിയിൽ സ്മൃതിദീപ പ്രയാണത്തിന് സ്വീകരണം നല്‍കി. നെയ്യാറ്റിൻകര കോമളത്തിന്റെ കുടുംബാംഗങ്ങളും സാംസ്കാരിക പ്രവർത്തകരും നാട്ടുകാരും പങ്കെടുത്തു. തുടർന്ന് മലയാള സിനിമയുടെ ഒരു കാലഘട്ടത്തെ അടയാളപ്പെടുത്തിയ മെറിലാൻഡ് സ്റ്റുഡിയോയിലും സ്മൃതിദീപ പ്രയാണം എത്തി. മെറിലാൻഡ് സ്റ്റുഡിയോ ഉടമയും ആദ്യകാല നിർമാതാവുമായിരുന്ന പി സുബ്രഹ്മണ്യത്തിന്റെ കുടുംബാം​ഗങ്ങൾ പ്രയാണത്തിന് സ്വീകരണം നല്‍കി.

Latest Videos

തുടർന്ന് മലയാളത്തിന്റെ നിത്യഹരിത നായകൻ പ്രേംനസീറിന്റെ നാടായ ചിറയിൻകീഴിൽ പ്രേംനസീർ സ്മാരകത്തിലും സ്‌മൃതിദീപ പ്രയാണമെത്തി. പ്രേംനസീറിന്റെ കുടുംബവും പ്രേംനസീർ സുഹൃദ് സമിതിയും ചേർന്ന്  സ്വീകരിച്ചു‍. വി ശശി എം എൽ എ പങ്കെടുത്തു. സംസ്ഥാന ചലച്ചിത്ര അക്കാദമി എക്സിക്യൂട്ടീവ് അംഗം പ്രകാശ് ശ്രീധർ, ജനറൽ കൗൺസിൽ അംഗങ്ങളായ സന്തോഷ് കീഴാറ്റൂർ, എൻ അരുൺ, ഷൈജു മുണ്ടയ്ക്കൽ, എ എഫ് ജോബി, ചലച്ചിത്ര അക്കാദമി ജീവനക്കാർ  തുടങ്ങിയവർ യാത്രയെ അനുഗമിച്ചു.  

വട്ടിയൂർക്കാവിലെത്തിയ സ്മൃതിദീപ പ്രയാണത്തിന്  മലയാള സിനിമയിലെ ആദ്യ നായിക പി കെ റോസിയുടെ കുടുംബാം​ഗങ്ങളും പി കെ റോസി ഫൗണ്ടേഷൻ അം​ഗങ്ങളും സ്വീകരണമൊരുക്കി. ചടങ്ങിൽ വി കെ പ്രശാന്ത് എം എൽ എ പങ്കെടുത്തു. തുടർന്ന് പാളയത്ത് സത്യൻ സ്മാരകത്തിന് സമീപം ഒരുക്കിയ സ്വീകരണത്തിൽ മഹാനടൻ സത്യന്റെ മക്കളായ സതീഷ് സത്യൻ, ജീവൻ സത്യൻ എന്നിവർ പങ്കെടുത്തു. 127 കിലോമീറ്റർ സഞ്ചരിച്ച് വൈകിട്ട് ആറിന് മാനവീയം വീഥിയിൽ മലയാളത്തിന്റെ പ്രിയ ഗാനരചയിതാവും കവിയുമായ പി ഭാസ്കരന്റെ പ്രതിമയ്ക്ക് മുന്നിൽ പ്രയാണം  സമാപിച്ചു. ആന്റണി രാജു എം എൽ എ സ്മൃതിദീപം ഏറ്റുവാങ്ങി. പ്രതിമക്ക് മുന്നിൽ സ്ഥാപിച്ച ദീപം മേള അവസാനിക്കുന്ന ഡിസംബർ 20 വരെ കെടാവിളക്കായി ജ്വലിക്കും. മലയാള സിനിമാചരിത്രത്തിലെ എല്ലാ മഹാപ്രതിഭകളെയും അനുസ്മരിക്കുന്നതായിരുന്നു സ്‌മൃതിദീപ പ്രയാണം എന്ന് ചലച്ചിത്ര അക്കാദമി ചെയർമാൻ പ്രേംകുമാർ പറഞ്ഞു. സാംസ്കാരിക പ്രവർത്തക ക്ഷേമനിധി ബോർഡ് ചെയർമാൻ മധുപാൽ, ഹാരിസ് ഡാനിയൽ, സതീഷ് സത്യൻ, ജീവൻ സത്യൻ, പ്രമോദ് പയ്യന്നൂർ, വിനോദ് വൈശാഖി, അക്കാദമി ജനറൽ കൗൺസിൽ അംഗങ്ങൾ തുടങ്ങിയവർ പങ്കെടുത്തു.

undefined

ALSO READ : 'പിറന്നാൾ ആഘോഷമാക്കിയ എല്ലാവർക്കും നന്ദി'; ചിത്രങ്ങൾ പങ്കുവെച്ച് മെർഷീന നീനു

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം

click me!