Asianet News MalayalamAsianet News Malayalam

രാത്രിയായാൽ അപരിചിതരായ ആണുങ്ങളെത്തും, വാതിലിൽ മുട്ടും, ശുചിമുറിയിൽ പോലും പോവാനാവാതെ പെൺകുട്ടികൾ

”25 -നും 40 -നും ഇടയിൽ പ്രായമുള്ള ഒരു കൂട്ടം പുരുഷന്മാരാണ് ഹോസ്റ്റലിലെത്തിയത്. അവർ ഞങ്ങളുടെ ജനലിലൂടെ നോക്കുന്നത് കണ്ടപ്പോൾ ഞങ്ങളെല്ലാവരും ഭയപ്പെട്ടു. ഞങ്ങൾ നിലവിളിക്കുകയും സഹായത്തിനായി വിളിക്കുകയും ചെയ്തു. ഞങ്ങളെ കേൾക്കാൻ ആരും ഉണ്ടായിരുന്നില്ല.”

172 students left their hostel after stranger men knock their door
Author
First Published Oct 4, 2024, 5:59 PM IST | Last Updated Oct 4, 2024, 5:59 PM IST

ഹോസ്റ്റൽ വാതിലിൽ പുരുഷന്മാരുടെ നിർത്താതെയുള്ള മുട്ട്. പിന്നാലെ ഹോസ്റ്റലിൽ നിന്നിറങ്ങിയത് 172 വിദ്യാർത്ഥിനികൾ. ഗ്രേറ്റർ നോയിഡയിലെ ബദൽപൂരിലെ കുമാരി മായാവതി ഗവൺമെൻ്റ് ഗേൾസ് പോളിടെക്‌നിക് കോളേജിൽ പഠിക്കുന്ന 172 പെൺകുട്ടികളാണ് പുരുഷന്മാർ രാത്രിയിൽ കാമ്പസിനുള്ളിൽ അതിക്രമിച്ച് കയറി വാതിലിൽ മുട്ടിയെന്നാരോപിച്ച് ഹോസ്റ്റൽ വിട്ടുപോയതെന്നാണ് ടൈംസ് ഓഫ് ഇന്ത്യ റിപ്പോർട്ട് ചെയ്യുന്നത്.

തിങ്കളാഴ്ച ക്യാംപസ് ഹോസ്റ്റലിൽ താമസിക്കുന്ന വിദ്യാർത്ഥികൾ കഴിഞ്ഞ ആഴ്ച അജ്ഞാതരായ പുരുഷന്മാർ തങ്ങളുടെ ഹോസ്റ്റലുകളിൽ അതിക്രമിച്ച് കയറുന്നതായും അതിൽ ആശങ്കയുള്ളതായും അധികൃതരെ വിവരമറിയിച്ചിരുന്നു. എന്നാൽ, അത് അവിടെ നിന്നും കടന്ന് തങ്ങളുടെ വാതിലിൽ മുട്ടുന്ന അവസ്ഥയെത്തിയതോടെ വിദ്യാർത്ഥിനികൾ തങ്ങളുടെ സുരക്ഷയിൽ ഭയക്കുകയും അത് അധികൃതരെ അറിയിക്കുകയും ചെയ്തിരുന്നു. 

”25 -നും 40 -നും ഇടയിൽ പ്രായമുള്ള ഒരു കൂട്ടം പുരുഷന്മാരാണ് ഹോസ്റ്റലിലെത്തിയത്. അവർ ഞങ്ങളുടെ ജനലിലൂടെ നോക്കുന്നത് കണ്ടപ്പോൾ ഞങ്ങളെല്ലാവരും ഭയപ്പെട്ടു. ഞങ്ങൾ നിലവിളിക്കുകയും സഹായത്തിനായി വിളിക്കുകയും ചെയ്തു. ഞങ്ങളെ കേൾക്കാൻ ആരും ഉണ്ടായിരുന്നില്ല” എന്നാണ് ഹോസ്റ്റലിൽ താമസിക്കുന്ന ഒന്നാം വർഷ വിദ്യാർത്ഥി TOI -യോട് പറഞ്ഞത്. അവൾ തിങ്കളാഴ്ച ഗോരഖ്പൂരിലെ വീട്ടിലേക്ക് മടങ്ങി.

അലിഗഡിലെ വീട്ടിലേക്ക് മടങ്ങിയ ഒരു രണ്ടാം വർഷ വിദ്യാർത്ഥിനിയും ഹോസ്റ്റലിലെ സ്ത്രീകളുടെ സുരക്ഷയെക്കുറിച്ചുള്ള തന്റെ ആശങ്ക പങ്കുവച്ചു. ആളുകൾ ഒളിഞ്ഞു നോക്കും എന്ന് ഭയന്ന് പെൺകുട്ടികൾ രാത്രിയിൽ ശുചിമുറി ഉപയോ​ഗിക്കാൻ പോലും ഭയപ്പെടുകയാണ് എന്നും വിദ്യാർത്ഥിനി പറയുന്നു. 

ക്യാംപസിന് നേരത്തെ ഒരു ഹോസ്റ്റൽ മാത്രമേ ഉണ്ടായിരുന്നുള്ളൂ. പിന്നീട് അത് കൂട്ടുകയായിരുന്നു. മതിയായ സുരക്ഷ ഉറപ്പാക്കണമെങ്കിൽ 12 ഗാർഡുകളും ഹോസ്റ്റൽ വാർഡൻമാരും വേണമെന്നാണ് കോളേജ് പ്രിൻസിപ്പൽ ശ്യാം നാരായൺ സിംഗ് പറയുന്നത്. 16 സിസിടിവി ക്യാമറകൾ വയ്ക്കാൻ ആലോചിച്ചിരുന്നുവെങ്കിലും പത്തെണ്ണം മാത്രമേ ഇതുവരെ വച്ചിട്ടുള്ളൂ, അതിൽ ആറെണ്ണം മാത്രമേ പ്രവർത്തിക്കുന്നുള്ളൂ എന്നാണ് മാനേജ്മെന്റ് പറയുന്നത്. 

Latest Videos
Follow Us:
Download App:
  • android
  • ios