ഗ്യാസ് കട്ടർ ഉപയോഗിച്ച് ബാങ്കിനുള്ളിൽ കടന്നു, എസ്ബിഐയിൽ നിന്ന് അടിച്ച് മാറ്റിയത് പണയം വച്ച 19 കിലോ സ്വർണം

ബാങ്കിനുള്ളിലെ സിസിടിവി സംഘം അടിച്ച് തകർത്ത മോഷ്ടാക്കൾ ഡിജിറ്റൽ വീഡിയോ റെക്കോർഡറും കൊണ്ടുപോയി. ബാങ്കിൽ  ആളുകൾ പണയം വച്ച സ്വർണമാണ് നഷ്ടമായത്.

19 kilogram gold worth Rs 13 crore stolen from SBI bank

വാറങ്കൽ: എസ്ബിഐയിൽ നിന്ന് ഇടപാടുകാർ പണയം വച്ച 19 കിലോ സ്വർണം മോഷണം പോയി. തെലങ്കാനയിലെ വാറങ്കലിലെ റായപാർഥി മണ്ടലിൽ നിന്നാണ് വലിയ മോഷണം നടന്നത്. 13 കോടിയിൽ അധികം മൂല്യമുള്ള സ്വർണ ആഭരണങ്ങളാണ് കളവ് പോയിട്ടുള്ളത്. ചൊവ്വാഴ്ച പുലർച്ചെയായിരുന്നു മോഷണം നടന്നത്. ബാങ്കിന്റെ ഗ്രില്ലുകളും റിയർ ഡോറും ഗ്യാസ് കട്ടർ ഉപയോഗിച്ച് തകർത്ത ശേഷമാണ് മോഷ്ടാക്കൾ അകത്തു കടന്നത്. 

ഇതിന് പിന്നാലെ ലോക്കർ റൂമിലേക്കും ഗ്യാസ് കട്ടർ ഉപയോഗിച്ച് സംഘം കടക്കുകയായിരുന്നു. രാവിലെ ബാങ്ക് ജീവനക്കാർ ജോലിക്ക് എത്തിയപ്പോഴാണ് വലിയ രീതിയിൽ കൊള്ളയടിക്കപ്പെട്ട വിവരം മനസിലാക്കിയത്. 13 കോടിയുടെ സ്വർണമാണ് മോഷ്ടിക്കപ്പെട്ടതെന്നാണ് ബാങ്ക് ഓഡിറ്റർ വിശദമാക്കിയിട്ടുണ്ട്. സംഭവത്തിൽ പൊലീസ് കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. പ്രത്യേക അന്വേഷണ സംഘമാണ് കേസ് പരിഗണിക്കുന്നത്. 

അതേസമയം മോഷണ വിവരം അറിഞ്ഞ് ബാങ്കിലേക്ക് എത്തിയ ഇടപാടുകാർ വലിയ രീതിയിൽ ബഹളമുണ്ടാക്കി. ഇവരെ ആരെയും ബാങ്കിന് അകത്തേക്ക് കയറാൻ പൊലീസ് അനുവദിച്ചിട്ടല്ല. ബാങ്കിലെ സിസിടിവി സിസ്റ്റം അടിച്ച് തകർത്ത മോഷ്ടാക്കൾ ഡിജിറ്റൽ വീഡിയോ റെക്കോർഡറും മോഷ്ടിച്ചിട്ടുണ്ട്. ബാങ്കിലേയും പരിസര മേഖലയിലേയും സിസിടിവി ദൃശ്യങ്ങളെ അടിസ്ഥാനമാക്കിയാണ് അന്വേഷണം പുരോഗമിക്കുന്നത്. 
 

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

Latest Videos
Follow Us:
Download App:
  • android
  • ios