അടച്ചുവച്ച കുപ്പി, അകത്ത് നാണയങ്ങൾ, കത്ത്; പുരാവസ്തുഗവേഷകരെ ആവേശം കൊള്ളിച്ച കണ്ടെത്തൽ
ഒരു വീഡിയോയിൽ, ആഴത്തിൽ കുഴിച്ചിട്ടിരിക്കുന്ന കുപ്പി ഗവേഷകർ ആവേശത്തോടെ കുഴിച്ചെടുക്കുന്നത് കാണാം. വൈക്കിംഗ് കാലത്തെ ശ്മശാന സ്ഥലത്താണ് ഇത് കണ്ടെത്തിയത്.
നോർവേയിൽ അടുത്തിടെ പുരാവസ്തുഗവേഷകർ ഒരു വിശേഷപ്പെട്ട കണ്ടെത്തൽ നടത്തി. നാണയങ്ങളും കടലാസിലെഴുതിയ കത്തും അടങ്ങിയ 150 വർഷം പഴക്കമുള്ള ഒരു ഗ്ലാസ് ബോട്ടിലാണ് കണ്ടെത്തിയത്. തികച്ചും വ്യത്യസ്തമായ കണ്ടെത്തലായതിനാൽ തന്നെ വലിയ ആകാംക്ഷയും ആവേശവുമാണ് ഇത് ഗവേഷകരിലുണ്ടാക്കിയത്.
വളരെ ശ്രദ്ധാപൂർവ്വമാണ് അവർ ആ കുപ്പി തുറന്നത്. ശേഷം അതിനകത്തുള്ള കാര്യങ്ങൾ അവർ പരിശോധിച്ചു. കൈകൊണ്ട് എഴുതിയ ഒരു കത്ത്, നാണയങ്ങൾ, ഒരു ബിസിനസ് കാർഡ് എന്നിവയായിരുന്നു അതിലുണ്ടായിരുന്നത്. വൈക്കിംഗ് യുഗത്തിലേക്കും അതിൽ നിന്നും കണ്ടെത്തിയ കുഴിമാടങ്ങളിലേക്കും വെളിച്ചം വീശുന്നവയുമായിരുന്നു ഈ കണ്ടെത്തൽ.
വൈക്കിംഗ് ചരിത്രത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്ന Sagastad എന്ന ഇൻസ്റ്റാഗ്രാം അക്കൗണ്ടിൽ ഈ കണ്ടെത്തലുകളുടെ വിവിധ വീഡിയോകൾ പങ്കുവച്ചിട്ടുണ്ട്. ഒരു വീഡിയോയിൽ, ആഴത്തിൽ കുഴിച്ചിട്ടിരിക്കുന്ന കുപ്പി ഗവേഷകർ ആവേശത്തോടെ കുഴിച്ചെടുക്കുന്നത് കാണാം. വൈക്കിംഗ് കാലത്തെ ശ്മശാന സ്ഥലത്താണ് ഇത് കണ്ടെത്തിയത്.
1874 -ൽ ഈ സ്ഥലത്ത് പഠനം നടത്തിയ പുരാവസ്തു ഗവേഷകൻ എഴുതിവച്ചതാണ് ഇത് എന്നാണ് പറയുന്നത്. തുടർന്നുള്ള അന്വേഷണത്തിൽ, അക്കാലത്തെ പ്രശസ്ത പുരാവസ്തു ഗവേഷകനായിരുന്ന ആൻഡേഴ്‌സ് ലോറേഞ്ച് വൈക്കിംഗ് ശവക്കുഴിയിൽ മനപ്പൂർവം വച്ചതാണ് ഈ കുപ്പിയും അതിലെ വസ്തുക്കളും എന്ന് കണ്ടെത്തിയത്രെ. ലോറേഞ്ചിൻ്റെ കത്തിൽ എന്തൊക്കെയാണ് ഇവിടെ നിന്നും കണ്ടെത്തിയത് അതിന്റെ കാലമേത് എന്നതെല്ലാം വെളിപ്പെടുത്തിയിരുന്നു.
എന്നാൽ, അതേസമയത്ത് തന്നെ വീഡിയോ വൈറലായതോടെ പലരും ഇതിന്റെ ആധികാരികതയെ ചോദ്യം ചെയ്തു. വൈക്കിംഗ് കാലഘട്ടത്തിലെ ശവക്കുഴി ആണെങ്കിലും കുപ്പിയിൽ നിന്നും കണ്ടെത്തിയ നാണയങ്ങൾക്കും മറ്റും അത്രയൊന്നും പഴക്കം തോന്നിക്കുന്നില്ല എന്നതായിരുന്നു പ്രധാന ആരോപണം.
എന്നാൽ, കുപ്പിയിൽ നിന്നും കണ്ടെത്തിയ കത്തിൽ പറയുന്നത്, വൈക്കിംഗ് കാലഘട്ടത്തിലെ വിവിധ ആയുധങ്ങളും മറ്റുമാണ് ഇവിടെ നടത്തിയ പഠനത്തിൽ കണ്ടെത്തിയത് എന്നാണ്.