ടാക്സ് റിട്ടേൺ ഫയൽ ചെയ്യാത്തവര്‍ക്ക് മുട്ടൻ പണി, സിം കാര്‍ഡുകൾ ബ്ലോക്ക് ചെയ്യും, കര്‍ശന നടപടികളുമായി പാകിസ്ഥാൻ
ടാക്‌സ് റിട്ടേൺ ഫയൽ ചെയ്യാത്ത അഞ്ച് ലക്ഷത്തിലധികം ഉപയോക്താക്കളുടെ മൊബൈൽ സിം കാർഡുകൾ ബ്ലോക്ക് ചെയ്യാൻ പാകിസ്ഥാൻ
ഇസ്ലാമാബാദ്: നികുതി വെട്ടിപ്പ് നടത്തുന്നവർക്കെതിരെ കര്‍ശന നടപടിയുമായി പാകിസ്ഥാൻ. ഇതിന്റെ ഭാഗമായി പാക്കിസ്ഥാനിൽ അര ദശലക്ഷത്തിലധികം ഉപയോക്താക്കളുടെ മൊബൈൽ ഫോൺ സിം കാർഡുകൾ ബ്ലോക്ക് ചെയ്യാൻ അധികൃതർ തീരുമാനിച്ചതായി റിപ്പോര്‍ട്ട്. പ്രാദേശിക മാധ്യമങ്ങളെ ഉദ്ധരിച്ച് പിടിഐയാണ് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. 2023-ലെ നികുതി റിട്ടേണുകൾ ഫയൽ ചെയ്യാത്ത് 5,06,671 പേരുടെ മൊബൈൽ സിമ്മുകൾ ബ്ലോക്ക് ചെയ്യാനാണ് നീക്കം.
ഇവ റിട്ടേൺ ഫയൽ ചെയ്തതായി ഇൻലാൻഡ് റവന്യൂ കമ്മീഷണറോ റിപ്പോര്‍ട്ട് നൽകുന്നത് വരെ ബ്ലോക്ക് ചെയ്യുമെന്ന് ഫെഡറൽ ബോർഡ് ഓഫ് റവന്യൂ (എഫ്ബിആർ) ഉത്തരവിൽ അറിയിച്ചതായി റിപ്പര്‍ട്ടിൽ പറയുന്നു. സിം കാര്‍ഡുകൾ ബ്ലോക്ക് ചെയ്യാനും, മെയ് 15-നകം കംപ്ലയൻസ് റിപ്പോർട്ട് സമർപ്പിക്കാനുമുള്ള ഉത്തരവ് ഉടനടി നടപ്പിലാക്കാൻ പാകിസ്ഥാൻ ടെലികമ്മ്യൂണിക്കേഷൻ അതോറിറ്റി(പിടിഎ)യോടും എല്ലാ ടെലികോം ദാതാക്കളോടും ഫെഡറൽ ലോ എൻഫോഴ്‌സ്‌മെന്റ് ഏജൻസി നിർദ്ദേശിച്ചു കഴിഞ്ഞു.
നികുതി അടയ്ക്കേണ്ടതും, എന്നാൽ കണക്കിൽ നിലവിലില്ലാത്തതുമായ 2.4 ദശലക്ഷം നികുതിദായകരെ എഫ്ബിആര്‍ തിരിച്ചറിഞ്ഞതായി ഒരു ഉദ്യോഗസ്ഥൻ ഡോണിനോട് പ്രതികരിച്ചത്. ഇവര്‍ക്ക് നോട്ടീസ് നൽകിയിട്ടുണ്ട്. 2.4 ദശലക്ഷം നികുതിദായകരിൽ, എഫ്ബിആര്‍ തീരുമാനിച്ച മാനദണ്ഡത്തെ അടിസ്ഥാനമാക്കി 0.5 ദശലക്ഷത്തിലധികം ആളുകളെയാണ് സിം കട്ട് ചെയ്യാനായി തെരഞ്ഞെടുത്തത്.
കഴിഞ്ഞ മൂന്ന് വർഷങ്ങളിലൊന്നിൽ അവർ നികുതി നൽകേണ്ട വരുമാനം പ്രഖ്യാപിക്കുകയും, 2023 ലെ നികുതി വർഷത്തേക്ക് റിട്ടേൺ ഫയൽ ചെയ്തിട്ടില്ലാത്തവര്‍ക്കും എതിരെയാണ് നടപടി. സജീവ നികുതിദായകരുടെ പട്ടിക അനുസരിച്ച്, 2024 മാർച്ച് ഒന്നു വരെ എഫ്ബിആറി-ന് 4.2 ദശലക്ഷം നികുതിദായകരെ ലഭിച്ചു, കഴിഞ്ഞ വർഷം ഇതേ കാലയളവിൽ 3.8 ദശലക്ഷം റിട്ടേണുകളും ലഭിച്ചുവെന്നും റിപ്പോര്‍ട്ടിൽ പറയുന്നു.
ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം