'വടകരയ്ക്ക് തുടർച്ചയായി തൃശൂർ വഴി പാലക്കാട് ഡീൽ'; തോൽവിക്ക് പിന്നാലെ ഡീൽ ആക്ഷേപത്തിൽ മലക്കം മറിഞ്ഞ് സിപിഎം
പാലക്കാട്ടെ തോൽവിക്ക് പിന്നാലെ ബിജെപി ഡീൽ ആക്ഷേപത്തിൽ മലക്കം മറിഞ്ഞ് സിപിഎം. ഫലം വരും മുമ്പ് വടകര -പാലക്കാട് ഡീൽ ആക്ഷേപം യുഡിഎഫിനെതിരെ ഉന്നയിച്ച സിപിഎം, ഫലം വന്നതോടെ അത് തൃശ്ശൂര്‍- പാലക്കാട് ഡീൽ എന്ന് കളം മാറ്റി.
തിരുവനന്തപുരം: പാലക്കാട്ടെ തോൽവിക്ക് പിന്നാലെ ബിജെപി ഡീൽ ആക്ഷേപത്തിൽ മലക്കം മറിഞ്ഞ് സിപിഎം. ഫലം വരും മുമ്പ് വടകര -പാലക്കാട് ഡീൽ ആക്ഷേപം യുഡിഎഫിനെതിരെ ഉന്നയിച്ച സിപിഎം ഫലം വന്നതോടെ അത് തൃശ്ശൂര്‍- പാലക്കാട് ഡീൽ എന്ന് കളം മാറ്റി. പ്രചാരണത്തിൽ പിഴച്ചെന്ന വലിയ വിമര്‍ശനം ഉയരുമ്പോഴും തീരുമാനങ്ങളെല്ലാം കൂട്ടായെടുത്തതെന്നാണ് മന്ത്രി എംബി രാജേഷിന്‍റെ വിശദീകരണം.
വടകരയിൽ ഷാഫി പറമ്പിലിനെ ജയിപ്പിച്ച് പാലക്കാട് ബിജെപിക്ക് ജയിക്കാൻ യുഡിഎഫ് കളമൊരുക്കുന്നു എന്നായിരുന്നു സിപിഎമ്മിനറെ ആദ്യ ഡീൽ ആക്ഷേപം. വടകരയിലെ തെരഞ്ഞെടുപ്പ് സമയത്ത് ബിജെപി വോട്ടര്‍മാര്‍ തങ്ങള്‍ ഇത്തവണ ഷാഫി പറമ്പിലിനാണ് വോട്ട് ചെയ്യുന്നതിനെന്ന് തുറന്നു പറഞ്ഞിട്ടുണ്ടെന്നായിരുന്നു എകെ ബാലൻ പറഞ്ഞിരുന്നത്. എന്നാൽ, പാലക്കാട്ടെ ഫലം വന്നപ്പോൾ എകെ ബാലൻ തന്നെ അത് നേരെ തിരിച്ചിട്ടു. ഡീൽ ഉണ്ടെന്നും പക്ഷെ അത് വടകരയുടെ തുടര്‍ച്ചയായി തൃശ്ശൂർ വഴി പാലക്കാട് നടന്നുവെന്നുമാണ് എകെ ബാലന്‍ ഇന്ന് പ്രതികരിച്ചത്. കെ മുരളീധരനെ തോൽപ്പിച്ചതിന് പകരം പാലക്കാട്ടെ ബിജെപിയുടെ വോട്ടിലൊരു പങ്ക് യുഡിഎഫ് നേടിയെന്ന ആരോപണമാണ് പുതിയ ഡീൽ എന്ന നിലയിൽ സിപിഎം ഉന്നയിക്കുന്നത്.
ബിജെപിക്ക് കളമൊരുക്കുന്നത് ആരെന്നതിനെ ചൊല്ലിയായിരുന്നു കോണ്‍ഗ്രസിന്‍റെയും സിപിഎമ്മിന്‍റെയും പ്രചാരണ വേദിയിലെ വാഗ്വാദങ്ങളത്രയും. ബിജെപി ദയനീയ പ്രകടനം കാഴ്ചവെച്ചതോടെ അത് ബിജെപി വോട്ട് ആര് വാങ്ങിയെന്നതിനെ ചൊല്ലിയായി. പെട്ടി, പത്ര പരസ്യം അടക്കം പാലക്കാട്ടെ ഇടത് തന്ത്രങ്ങളെല്ലാം പാളി. മണ്ഡലത്തിന്‍റെ ചുമതലയുണ്ടായിരുന്ന ചില യുവ നേതാക്കൾക്ക് വീഴ്ചയുണ്ടായെന്ന് ചില നേതാക്കൾ വിലയിരുത്തുന്നു. എന്നാൽ, വിമര്‍ശനങ്ങളെയെല്ലാം പ്രതിരോധിച്ചുകൊണ്ടായിരുന്നു മന്ത്രി എംബി രാജേഷിന്‍റെ പ്രതിരണം.
പക്ഷെ തീരുമാനങ്ങളെല്ലാം ഏകപക്ഷീയമായിരുന്നില്ലെന്നും നേതാക്കളെല്ലാം ഒറ്റക്കെട്ടായാണ് പ്രവര്‍ത്തിച്ചതെന്നുമാണ് എംബി രാജേഷിന്‍റെ വിശദീകരണം. പരസ്യം ഉണ്ടായിട്ടാണോ കഴിഞ്ഞതവണ ഞങ്ങൾക്ക് ഇതിനേക്കാൾ കുറവ് വോട്ട് കിട്ടിയതെന്നും എംബി രാജേഷ് പറഞ്ഞു. പരമ്പരാഗതമായി എൽഡിഎഫിന് അനുകൂല സാഹചര്യമില്ലാത്ത മണ്ഡലത്തിൽ ശക്തമായ രാഷ്ട്രീയ മത്സരമാണ് എൽഡിഎഫ് ലക്ഷ്യമിട്ടത്. ഞാൻ പ്രസ്ഥാനത്തിനുവേണ്ടിയാണ് പൊരുതിയത്. അതിനാൽ കല്ലേറുകളെ പുല്ലുപോലെ അവഗണിക്കുകയാണെന്നും എംബി രാജേഷ് പറഞ്ഞു.
വടകര ഡീലെന്ന് നേരത്തെ പറഞ്ഞതാണെന്നും അതിന്‍റെ തുടർച്ചയാണ് പാലക്കാട്ട് നടന്നതെന്നാണ് എകെ ബാലന്‍റെ ആരോപണം സരിൻ നൽകിയ മുന്നറിയിപ്പ് ഇക്കാര്യത്തിൽ പൂർണ്ണമായും ശരിയായി. ചരിത്രത്തിലാദ്യമാണ് ആർഎസ്എസ് പ്രവർത്തകൻ യുഡിഎഫിൽ നിന്ന് പ്രവർത്തിച്ചത്. യുഡിഎഫ് ആർഎസ്എസ് പാലം ആയിരുന്നു സന്ദീപ് വാര്യരെന്നും എകെ ബാലൻ കൂട്ടിച്ചേര്‍ത്തു.
എസ് ഡിപിഐയുടെ പിന്തുണയാണ് കോൺഗ്രസ് ജയത്തിന് കാരണമെന്ന് എംബി രാജേഷും എകെ ബാലനും ഉള്‍പ്പെടെയുള്ള നേതാക്കൾ കൂട്ടത്തോടെ ആവർത്തിക്കുകയാണ്. എന്നാൽ എല്ലാ ആയുധങ്ങളും ഉപയോഗിച്ചിട്ടും ആയിരത്തിൽ താഴെ വോട്ട് മാത്രം കൂടി വീണ്ടും മൂന്നാമത് പോയത് സിപിഎം ഇഴകീറി പരിശോധിക്കും.
അതേസമയം, പാലക്കാട് യുഡിഎഫ് ജയിച്ചത് വർഗീയ വോട്ട് കൊണ്ടെന്ന് എൽഡിഎഫ് സ്ഥാനാര്‍ത്ഥി ഡോ. പി സരിൻ ആരോപിച്ചു. പള്ളികളിൽ അടക്കം ലഘുലേഖ വിതരണം ചെയ്തെന്ന് ചൂണ്ടിക്കാട്ടിയ സരിൻ പാലക്കാട് കണ്ടത് അപകടകരമായ വിജയഫോർമുലയാണെന്നും കൂട്ടിച്ചേർത്തു. ലീഗ് അവരുടെ നിയന്ത്രണം തന്നെ എസ്ഡിപിഐയ്ക്ക് നൽകിയെന്നും സരിൻ വിമർശിച്ചു. പരസ്യത്തിൽ തെറ്റില്ലെന്നായിരുന്നു പത്ര പരസ്യവിവാദത്തിൽ സരിന്റെ പ്രതികരണം. പത്രപരസ്യം നൽകിയതിൽ ഒരു തെറ്റും കാണുന്നില്ലെന്ന് സരിൻ പറഞ്ഞു. അതേ സമയം പരസ്യത്തിനെതിരായ വിമർശനത്തെ ഉൾക്കൊള്ളുകയും ചെയ്യുന്നുവെന്നും സരിൻ വ്യക്താക്കി. ഏഷ്യാനെറ്റ് ന്യൂസിനോടായിരുന്നു സരിന്‍റെ പ്രതികരണം.