പാളത്തിൽ ഇരുമ്പ് കമ്പി, എൻജിനിൽ കുടുങ്ങിയിട്ടും മനോധൈര്യം വിടാതെ ലോക്കോ പൈലറ്റ്, ഒഴിവായത് വൻ ദുരന്തം

ഇരുപത് അടി നീളമുള്ള ഇരുമ്പ് കമ്പി പാളത്തിൽ നിന്ന് എൻജിനിൽ കുടുങ്ങിയെങ്കിലും ലോക്കോ പൈലറ്റ് മനസാന്നിധ്യത്തോടെ എമർജൻസി ബ്രേക്ക് പിടിച്ച് ട്രെയിൻ നിർത്തിയതോടെയാണ് അപകടം ഒഴിവായത്

iron rod on railway track in Pilibhit narrow escape

പിലിഭിത്ത്: ഉത്തർ പ്രദേശിൽ വീണ്ടും ട്രെയിൻ അട്ടിമറി ശ്രമം. ലോക്കോ പൈലറ്റിന്റെ തക്ക സമയത്തെ ഇടപെടലിൽ ഒഴിവായത് വലിയ അപകടം. പാസഞ്ചർ ട്രെയിൻ പാളം തെറ്റിക്കാനുള്ള ശ്രമമാണ് ലോക്കോ പൈലറ്റിന്റെ ഇടപെടലിൽ പിലിഭിത്തിൽ ഒഴിവായത്. 25 അടി നീളമുള്ള ഇരുമ്പ് കമ്പി പാളത്തിൽ വച്ചിരിക്കുന്നത് ശ്രദ്ധയിൽപ്പെട്ട ലോക്കോ പൈലറ്റ് എമർജൻസി ബ്രേക്ക് കൃത്യ സമയത്ത് പ്രയോഗിച്ചതോടെ ട്രെയിൻ നിൽക്കുകയായിരുന്നു. 

പിലിഭിത്തിൽ നിന്ന് ബറേലിയിലേക്കുള്ള റെയിൽവേ ട്രാക്കിലാണ് വലിയ ഇരുമ്പ് കമ്പി വച്ച നിലയിൽ കണ്ടെത്തിയത്. ലാലൌരിഖേര റെയിൽവേ ഹാൾട്ടിന് സമീപത്ത് വച്ചാണ് സംഭവം. വെള്ളിയാഴ്ച രാത്രി 9.30ഓടെയാണ് സംഭവം. ട്രെയിൻ നിർത്തിയതിന് പിന്നാലെ റെയിൽവേയിലെ മുതിർന്ന ഉദ്യോഗസ്ഥരും റെയിൽവേ പൊലീസും സംഭവ സ്ഥലം സന്ദർശിച്ചിരുന്നു. 

പിലിഭിത്തിൽ നിന്ന് ബറേലിയിലേക്ക് പോവുകയായിരുന്ന പിലിഭിത്ത് ബറേലി സിറ്റി എക്സ്പ്രസ് സ്പെഷ്യൽ ട്രെയിനാണ് വലിയ അപകടത്തിൽ നിന്ന് തലനാരിഴയ്ക്ക് രക്ഷപ്പെട്ടത്. 12 മില്ലിമീറ്റർ ഘനമുള്ളതാണ് പാളത്തിൽ കണ്ടെത്തിയ ഇരുമ്പ് കമ്പി. എൻജിന് അടിയിൽ കുടുങ്ങിയ നിലയിലായിരുന്നു കമ്പി ഉണ്ടായിരുന്നത്. സംഭവത്തിൽ ജഹാനാബാദ് പൊലീസ് സ്റ്റേഷൻ കേസ് എടുത്തിട്ടുണ്ട്. റെയിൽവേ ആക്ട് അനുസരിച്ചാണ് കേസ് എടുത്തിട്ടുള്ളത്. സംഭവത്തിൽ പ്രദേശവാസികൾക്ക് ഏതെങ്കിലും രീതിയിലുള്ള സംശയങ്ങൾ ഉണ്ടെങ്കിൽ പൊലീസിന് വിവരം നൽകണമെന്നാണ് അന്വേഷണ സംഘം ആവശ്യപ്പെടുന്നത്. സംഭവത്തിൽ അന്വേഷണം തുടരുകയാണ്. 

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

Latest Videos
Follow Us:
Download App:
  • android
  • ios