മറ്റൊരു ബാങ്ക് അക്കൗണ്ടിന്റെ വിവരങ്ങള്‍ എസ്എംഎസ് ആയി ലഭിക്കുന്നുണ്ടോ? തട്ടിപ്പ് ഇങ്ങനെയുമാകാം...
സുരക്ഷിതമായ ബാങ്കിംഗിന് എസ്ബിഐ നല്കുന്ന മുന്നറിയിപ്പുകള്‍
നമുക്ക് ബന്ധമില്ലാത്ത ഒരു ബാങ്ക് അകൗണ്ടിന്റെ വിവരങ്ങള്‍ നമ്മുടെ ഫോണിലേക്ക് വരികയാണെങ്കിലോ.. ? ഉടനെത്തന്നെ ബാങ്കിനെ അറിയിക്കണമെന്ന് ആവശ്യപ്പെട്ടിരിക്കുകയാണ് എസ്ബിഐ. ആ അകൗണ്ടിന്റെ വിവരങ്ങളും പങ്കിടണമെന്ന് ബാങ്ക് നിര്‍ദ്ദേശിച്ചു. ബാങ്കിന്റെ കസ്റ്റമര്‍ കെയര്‍ വിഭാഗവുമായി ബന്ധപ്പെട്ട് വിഷയത്തില്‍ പരാതി നല്‍കണമെന്നാണ് എസ്ബിഐയുടെ അഭ്യര്‍ത്ഥന. സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമായ എക്സില്‍ ഒരു ഉപഭോക്താവാണ് തനിക്ക് ബന്ധമില്ലാത്ത എസ്ബിഐ അകൗണ്ടുമായി തന്റെ ഫോണ്‍ നമ്പര്‍ ബന്ധിപ്പിച്ചിട്ടുണ്ടെന്നും ആ അകൗണ്ടിന്റെ വിവരങ്ങള്‍ തനിക്ക് ലഭിക്കുന്നുണ്ടെന്നും എസ്ബിഐയെ ടാഗ് ചെയ്ത് പോസ്റ്റിട്ടത്. ഇതിന് മറുപടിയായാണ് ഉടന്‍ പരാതി നല്കാന് ബാങ്ക് ആവശ്യപ്പെട്ടത്. ഉപഭോക്താക്കള്‍ക്ക് എസ്ബിഐ ഡെബിറ്റ്/എടിഎം കാര്‍ഡ് അല്ലെങ്കില്‍ ബാങ്ക് അക്കൗണ്ടുമായി ബന്ധപ്പെട്ട് എന്തെങ്കിലും പ്രശ്നങ്ങളുണ്ടെങ്കില്‍ ബാങ്കുമായി ബന്ധപ്പെടാനോ https://bank.sbi വെബ്സൈറ്റ് സന്ദര്‍ശിക്കാനോ ബാങ്ക് നിര്‍ദ്ദേശിക്കുന്നു.
അത്തരം സന്ദേശങ്ങള്‍ ലഭിച്ചതിന് ശേഷം വല്ല കോളുകള്‍ വരുകയോ വ്യക്തിഗത വിവരങ്ങളോ ഒടിപിയോ ചോദിക്കുകയോ ചെയ്താല്‍ അത് പങ്കിടരുതെന്ന് എസ്ബിഐ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. ദുരൂഹമായി ലഭിക്കുന്ന എസ്എംഎസുകളിലെ ലിങ്കുകളില്‍ ക്ലിക്ക് ചെയ്യരുതെന്നും ബാങ്ക് ആവശ്യപ്പെട്ടിട്ടുണ്ട്.
സുരക്ഷിതമായ ബാങ്കിംഗിന് എസ്ബിഐ നല്കുന്ന മുന്നറിയിപ്പുകള്‍
* എസ്ബിഐ ഒരിക്കലും എസ്എംഎസിലൂടെയോ കോളിലൂടെയോ വ്യക്തിഗത വിവരങ്ങള്‍ ചോദി്ക്കില്ല
* സ്വകാര്യ വിവരങ്ങളോ ബാങ്കിംഗ് വിശദാംശങ്ങളോ പങ്കിടാന്‍ ആവശ്യപ്പെടുന്ന ഇമെയിലുകള്‍/എസ്എംഎസ് എന്നിവയോട് ഒരിക്കലും പ്രതികരിക്കരുത്.
* ഏത് പ്രശ്നത്തിനും, എസ്ബിഐയുടെ ഔദ്യോഗിക വെബ്സൈറ്റില്‍ നല്‍കിയിരിക്കുന്ന കസ്റ്റമര്‍ കെയര്‍ നമ്പറുകളില്‍ മാത്രം ബന്ധപ്പെടുക.
* ഉപഭോക്താക്കള്‍ അവരുടെ നെറ്റ് ബാങ്കിംഗ് ഐഡിയിലേക്ക് ലോഗിന്‍ ചെയ്യുമ്പോള്‍ പ്രത്യേകം ശ്രദ്ധിക്കണം.
* എസ്ബിഐ ഒരിക്കലും സന്ദേശങ്ങളോടൊപ്പം ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് നല്‍കാറില്ല.
* ഓണ്‍ലൈന്‍ ബാങ്കിംഗ് വഴി മാത്രമേ എസ്ബിഐ റിവാര്‍ഡ് പോയിന്റുകള്‍ ഉപയോഗിക്കാനാകൂ.