സംസ്ഥാന സര്‍ക്കാറിന് ഇതുവരെയുള്ള ഏറ്റവും ഉയർന്ന ലാഭ വിഹിതം കൈമാറി കെഎഫ്‍സി

2023 മാർച്ച് 31ന് അവസാനിച്ച സാമ്പത്തിക വർഷത്തിൽ ഒരു ഓഹരിക്ക് അഞ്ച് രൂപ വീതം ലാഭ വിഹിതം പ്രഖ്യാപിച്ചിരുന്നു. സംസ്ഥാന സർക്കാരിന് കെ.എഫ്.സി. നൽകുന്ന ഏറ്റവും ഉയർന്ന ലാഭ വിഹിതമാണിത്.

KFC handed over highest ever profit share to kerala government afe

തിരുവനന്തപുരം: കേരളത്തിലെ പ്രമുഖ ധനകാര്യ സ്ഥാപനമായ കേരള ഫിനാൻഷ്യൽ കോർപ്പറേഷൻ (കെ.എഫ്.സി.) സംസ്ഥാന സർക്കാരിന് 20.90 കോടി രൂപ ലാഭവിഹിതം കൈമാറി. ബുധനാഴ്ച തിരുവനന്തപുരത്ത് നടന്ന ചടങ്ങിൽ, ധനമന്ത്രി കെ.എൻ.ബാലഗോപാലിന്, കെ.എഫ്.സി.യുടെ സിഎംഡി സഞ്ജയ് കൗൾ ഐഎഎസ് ചെക്ക് കൈമാറി. കെ.എഫ്.സി. ഡയറക്ടർമാരായ ഇ.കെ.ഹരികുമാറും, അനിൽകുമാർ പരമേശ്വരനും കെ.എഫ്.സി. എക്സിക്യൂട്ടീവ് ഡയറക്ടർ  ശ്രീ.പ്രേംനാഥ് രവീന്ദ്രനാഥും ചടങ്ങിൽ പങ്കെടുത്തു.

കെ.എഫ്.സി.യുടെ ഓഹരി മൂലധനം 627 കോടി രൂപയാണ്. ഇതിൽ 99 ശതമാനം ഓഹരികളും സംസ്ഥാന സർക്കാരിന്റെ ഉടമസ്ഥതയിലാണുള്ളത്.  SIDBI, SBI, LIC തുടങ്ങിയ സ്ഥാപനങ്ങളാണ് മറ്റ് ഓഹരി ഉടമകളിൽ ഉൾപ്പെടുന്നത്. 2023 മാർച്ച് 31ന് അവസാനിച്ച സാമ്പത്തിക വർഷത്തിൽ ഒരു ഓഹരിക്ക് അഞ്ച് രൂപ വീതം ലാഭ വിഹിതം പ്രഖ്യാപിച്ചു. സംസ്ഥാന സർക്കാരിന് കെ.എഫ്.സി. നൽകുന്ന ഏറ്റവും ഉയർന്ന ലാഭ വിഹിതമാണിത്.

Read also: കടം വീട്ടാൻ കമ്പനികൾ വിൽക്കും; ആറ് മാസത്തിനകം 9800 കോടിയുടെ കടം വീട്ടുമെന്നും ബൈജൂസ്

തുടർച്ചയായ ലാഭം രേഖപ്പെടുത്തിക്കൊണ്ടിരിക്കുന്ന കേരള ഫിനാന്‍ഷ്യല്‍ കോര്‍പറേഷന്റെ അറ്റ ആസ്തി 926 കോടി രൂപയിലെത്തി. കെ.എഫ്.സി. കഴിഞ്ഞ സാമ്പത്തിക വർഷത്തിൽ എക്കാലത്തെയും മികച്ച പ്രകടനം രേഖപ്പെടുത്തുകയും നികുതിക്ക് ശേഷമുള്ള അറ്റാദായം (PAT) 50.19 കോടി രൂപ നേടുകയും ചെയ്തു. വായ്പാ ആസ്തി മുൻ വർഷത്തെ 4750.71 കോടി രൂപയിൽ നിന്ന് 6529.40 കോടി രൂപയായി മാറിക്കൊണ്ട് 37.44 ശതമാനം വളർച്ച രേഖപ്പെടുത്തി. ആദ്യമായാണ് കേരള ഫിനാന്‍ഷ്യല്‍ കോര്‍പറേഷന്‍ ഒരു സാമ്പത്തിക വർഷത്തിൽ 5000 കോടി രൂപയുടെ വായ്പാ ആസ്തി മറി കടക്കുന്നത്.

2022-23 സാമ്പത്തിക വർഷത്തിൽ സംസ്ഥാന സർക്കാറിൽ നിന്നും 200 കോടി രൂപയുടെ ഓഹരി മൂലധനം ലഭിച്ചതോടെ കെ.എഫ്.സി.യുടെ മൂലധന പര്യാപ്തത അനുപാതം (CAR) 22.41 ശതമാനത്തിൽ നിന്ന് 25.58 ശതമാനം ആയി മെച്ചപ്പെട്ടു. ആർബിഐ നിർദ്ദേശിച്ചിട്ടുള്ള ഏറ്റവും കുറഞ്ഞ മൂലധന പര്യാപ്തത അനുപാതം 15 ശതമാനമാണ്. അടുത്ത രണ്ട് വർഷത്തിനുള്ളിൽ നിലവിലെ വായ്പാ ആസ്തിയെ  വിപുലീകരിച്ച് പതിനായിരം കോടി രൂപയായി ഉയർത്താനാണ് കെഎഫ്സി ലക്ഷ്യമിടുന്നത്.

Read also: കടം തീർത്താൽ ആധാരം ഉടനെ തിരിച്ച് നൽകണം; ലഭിച്ചില്ലെങ്കിൽ വായ്പക്കാരന് നഷ്ടപരിഹാരം ഈടാക്കാം: ആർബിഐ

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബില്‍ കാണാം...

Latest Videos
Follow Us:
Download App:
  • android
  • ios