11,000 -ത്തിലധികം വര്‍ഷം പഴക്കമുള്ള ശില്‍പം; രതിയുടെ സാന്നിധ്യമുള്ള ആദ്യ കലാസൃഷ്‍ടി ഇതാണോ?

ഇരുപതാം നൂറ്റാണ്ടിന്റെ തുടക്കത്തിൽ, ഇസ്രായേൽ നഗരമായ ബെത്‌ലഹേമിന് സമീപമുള്ള എയ്ൻ സഖ്റി ഗുഹകളിൽ ഒരു ബെഡൂയിൻ മനുഷ്യനാണ് ഈ ശില്‍പം കണ്ടെത്തിയത്.

The oldest sexual representation in history

കലയിൽ ലൈംഗികതയുടെ സ്വാധീനം എന്ന് മുതലാണ് കണ്ടുതുടങ്ങിയത്? ഒരുപക്ഷേ, അത് രാജ്യങ്ങളും, പണവും, നഗരങ്ങളും ഒക്കെ വരുന്നതിന് മുൻപ് തന്നെ ഉണ്ടായിരുന്നിരിക്കാം. എങ്കിലും കൃത്യമായി അത് ഇന്ന കാലത്ത് ഉണ്ടായി എന്ന് പറയുക സാധ്യമല്ല. പക്ഷേ, ഒരോ കാലത്തും എഴുതപ്പെടുന്ന കാവ്യങ്ങളും നിര്‍മ്മിക്കപ്പെടുന്ന ശില്‍പങ്ങളുമെല്ലാം ആ കാലത്തെ പ്രണയവും രതിയും എങ്ങനെയായിരുന്നുവെന്നതിനെ കുറിച്ച് നമുക്ക് ഏകദേശ ധാരണ തരാറുണ്ട്.  ആധുനിക ചിത്രകലയുടെ തുടക്കത്തിലെ 'മാസ്റ്റര്‍പീസ്' എന്ന് വിളിക്കുന്ന ചിത്രമാണ് ഓസ്ട്രിയൻ സിമ്പോളിസ്റ്റ് ചിത്രകാരനായ ഗുസ്‍താവ് ക്ലിംത് വരച്ച 'ചുംബനം' (The Kiss). 1907-1908 കാലഘട്ടത്തിലാണ് ക്ലിംത് ഈ ചിത്രം വരക്കുന്നത്. വിയന്നയിലെ ബെൽവഡേർ കൊട്ടാരത്തിലുള്ള മ്യൂസിയത്തിലാണ് ചിത്രമിപ്പോള്‍. അങ്ങനെ പ്രണയവുമായി, രതിയുമായി ബന്ധപ്പെട്ട് കുറേയേറെ ചിത്രങ്ങളും എഴുത്തുകളുമെല്ലാം കാലാകാലങ്ങളിലുണ്ടായി വന്നിട്ടുണ്ട്.

The oldest sexual representation in history

ദ കിസ്

കലയിൽ എന്ന് മുതലാണ് ലൈംഗികത ഉണ്ടായത് എന്നതിനെ കുറിച്ച് പല അനുമാനങ്ങളുമുണ്ടെങ്കിലും, നിലവിൽ വിശ്വസിക്കുന്നത് ഏകദേശം 11,000 വർഷങ്ങൾക്ക് മുമ്പാണ് ആദ്യത്തെ രതിയുമായി ബന്ധപ്പെട്ട ശിൽപ്പം ഉണ്ടായത് എന്നാണ്. അതായത്, വിക്ടോറിയന്‍ കാലഘട്ടത്തിനും മുമ്പേ... എയ്ൻ സഖ്റി ലവേഴ്‍സ് (Ain Sakhri Lovers) എന്നറിയപ്പെടുന്നതാണ് ആ ശില്‍പം. കൊത്തുപണികൾ ചെയ്‌ത ഈ കല്ലാണ് രതിയെ കുറിച്ചുള്ള ആദ്യ ശില്‍പമെന്നാണ് കരുതപ്പെടുന്നത്. രതിയില്‍ ഏർപ്പെടുന്ന രണ്ടുപേരുടെ ഏറ്റവും പഴയ ചിത്രീകരണമാണിത്. ശില്‍പത്തിൽ, മുഖമില്ലാത്ത, ലിംഗഭേദമില്ലാത്ത രണ്ട് രൂപങ്ങൾ പരസ്‍പരം അഭിനിവേശത്തോടെ ചുറ്റിപ്പിടിച്ചിരിക്കുന്നതായാണ് കാണാൻ സാധിക്കുന്നത്. 

ഇരുപതാം നൂറ്റാണ്ടിന്റെ തുടക്കത്തിൽ, ഇസ്രായേൽ നഗരമായ ബെത്‌ലഹേമിന് സമീപമുള്ള എയ്ൻ സഖ്റി ഗുഹകളിൽ ഒരു ബെഡൂയിൻ മനുഷ്യനാണ് ഈ ശില്‍പം കണ്ടെത്തിയത്. അതിനുശേഷം ഇതൊരു പ്രാദേശിക മ്യൂസിയത്തിലേക്ക് മാറ്റി. എന്നാല്‍, പ്രാധാന്യം തിരിച്ചറിയപ്പെടാത്തതിനാല്‍ അവിടെ ഇത് എല്ലാവരാലും അവഗണിക്കപ്പെട്ടു കിടന്നു. ഒടുവിൽ 1933 -ൽ ജറുസലേമിൽ നിന്നുള്ള റെനെ ന്യൂവില്ലെ എന്ന ഫ്രഞ്ച് നയതന്ത്രജ്ഞനാണ് ഇതിന്‍റെ പ്രാധാന്യം മനസ്സിലാക്കിയത്. അദ്ദേഹം ഇത് കണ്ടെത്തിയ ബെഡൂയിന്‍ മനുഷ്യനെ തിരക്കിച്ചെന്നു. അയാളാണ് റെനെയെ ഇത് കണ്ടെത്തിയ ഗുഹയിലേക്ക് നയിക്കുന്നത്. അങ്ങനെയാണ് ഗുഹയുടെ പേരായ എയ്‍ന്‍ സാഖ്‍റി കൂടിച്ചേര്‍ത്ത് ശില്‍പ്പത്തിന് ആ പേര് കിട്ടിയത്. പിന്നീട്, അതിന്‍റെ പഴക്കത്തെ കുറിച്ചും കലയില്‍ അതിനുള്ള പ്രാധാന്യത്തെ കുറിച്ചുമെല്ലാം ലോകമറിഞ്ഞു. ആ ഗുഹയിലാകട്ടെ ആര്‍ക്കിയോളജിസ്റ്റുകള്‍ കൂടുതല്‍ പഠനം നടത്തുകയും ശില്‍പം നിര്‍മ്മിക്കപ്പെട്ടു എന്ന് കരുതുന്ന കാലത്ത് ജീവിച്ചിരുന്ന മനുഷ്യരെക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങളും കണ്ടെത്തി. 

The oldest sexual representation in history

എയ്ൻ സഖ്റി ലവേഴ്‍സ് മ്യൂസിയത്തില്‍

എയ്ൻ സഖ്റി ലവേഴ്‍സ് ഇപ്പോൾ ബ്രിട്ടീഷ് മ്യൂസിയത്തിലാണുള്ളത്. ഇത് ഒരു അമച്വർ കലയോ, മനസ്സിലാക്കാൻ കഴിയാത്ത ഒരു വസ്‍തുവോ ഒന്നുമല്ല. ഏത് ഭാഷക്കാരനും, ഏത് രാജ്യക്കാരനും എളുപ്പത്തിൽ മനസിലാക്കാൻ കഴിയുന്ന രീതിയിൽ ശ്രദ്ധാപൂർവ്വമാണ് ഇത് രൂപകൽപന ചെയ്‍തിട്ടുള്ളത്. മാത്രവുമല്ല, ഏത് ചരിത്രത്തെ പിന്തുടരുന്നവരായാലും, ഏതുതരം വിശ്വാസം പുലര്‍ത്തുന്നവരായാലും, ഏതവസ്ഥയില്‍ ജീവിക്കുന്നവരായാലും ഈ ശില്‍പം മനസിലാക്കാനും താദാത്മ്യം പ്രാപിക്കാനും കഴിയുമെന്ന് ചരിത്രകാരന്മാര്‍ പറയാറുണ്ട്. 

മാത്രവുമല്ല, കഴിഞ്ഞ 11,000 വർഷത്തിനിടയിൽ പ്രേമിക്കുന്ന രണ്ടുപേര്‍ തമ്മിലുള്ള സ്നേഹബന്ധത്തിനോ ശാരീരികാടുപ്പത്തിനോ ഒന്നും വലിയ മാറ്റമൊന്നും സംഭവിച്ചിട്ടില്ലെന്ന് തോന്നും ഈ ശില്‍പം കണ്ടാല്‍. 
 

Latest Videos
Follow Us:
Download App:
  • android
  • ios