ലോകം മുഴുവന്‍ നടന്ന് പാടിയൊരാള്‍ക്ക് പെട്ടെന്നൊരു നാള്‍ ശബ്‌ദം നിലച്ചപ്പോള്‍

വെൽവെറ്റ് ശബ്ദത്തിനൊപ്പം നിറഞ്ഞ സൗകുമാര്യത്തിനും ഉടമയായിരുന്ന തലത്തിന് അഭിനയത്തിലും കൈനിറയെ അവസരങ്ങൾ കിട്ടി. പാടി അഭിനയിക്കുക എന്നതായിരുന്നു അമ്പതുകളിലെ ട്രെൻഡ്. ജി.എം. ദുറാനി ആയിരുന്നു അക്കാര്യത്തിൽ അന്നത്തെ റോൾ മോഡൽ. അദ്ദേഹത്തിന്റെ ചുവടുപിടിച്ച് തലത്തും അന്ന് ഏറെ പ്രസിദ്ധരായിരുന്ന നൂതനും മാലാ സിൻഹയും സുരയ്യയും ഒക്കെ ചേർന്ന് പല ചിത്രങ്ങളിലും പാടി അഭിനയിച്ചു. 

talat mahmood birth anniversary

"ജൽതേ ഹേ ജിസ്‌കെ ലിയേ..." -  അമ്പതുകളിൽ മുംബൈയിലെ സംഗീതപരിപാടികളിൽ ജനങ്ങളുടെ പ്രിയ ഗായകർ മുകേഷ്, റഫി എന്നിവരായിരുന്നു. പരിപാടി തീരാറാവുമ്പോൾ പലപ്പോഴും തലത് മെഹ്മൂദിന്റെ 'സുജാത' എന്ന ചിത്രത്തിലെ ഈ പാട്ടാണ് ഉയർന്നുകേട്ടിരുന്നത്. അതായിരുന്നു എന്നും തലത്തിന്റെ നിയോഗം. എന്നാൽ 'ഗസലുകൾ രാജാവ്' എന്നറിയപ്പെട്ടിരുന്ന അദ്ദേഹത്തെ ഗസലിൽ വെല്ലാൻ ഇവർക്കാർക്കും തന്നെ കഴിഞ്ഞിരുന്നില്ല. ഇന്നും മുകേഷിനെയോ റഫിയെയോ ഒക്കെപ്പോലെ പാടാൻ കഴിയുന്നവരോ അതിനുവേണ്ടി ശ്രമിക്കുന്നവരോ ഒക്കെ ധാരാളമുണ്ട്.. എന്നാൽ തലത് മെഹ്‌മൂദ്  എന്ന വെൽവെറ്റ് വോയ്സിനെക്കാൾ മൃദുവായ, വികാര തരളിതമായ ഒരു ശബ്ദം പിന്നീടൊരിക്കലും ഉണ്ടായിട്ടില്ല. 

തലത്തിന്റെ പതിഞ്ഞ ശബ്ദത്തിന് ആരെയും നിശ്ശബ്ദരാക്കാനുള്ള ഒരു അപൂർവ്വസിദ്ധിയുണ്ടായിരുന്നുവെന്ന് അദ്ദേഹത്തിന്റെ ജീവചരിത്രം  'ദി വെൽവെറ്റ് വോയ്സ്' എന്ന പേരിൽ പുസ്തകമാക്കിയിട്ടുള്ള മാണിക്ക് പ്രേംചന്ദ് എന്ന ചരിത്രകാരൻ ഓർത്തെടുക്കുന്നു.1958 -ൽ അദ്ദേഹത്തിന് ഏഴുവയസ്സുള്ളപ്പോൾ  കുടുംബസമേതം അവർ റിപ്പബ്ലിക് ഡേ പരേഡ് കണ്ടു മടങ്ങുകയായിരുന്നു. അപ്പോൾ പെട്ടെന്ന്  കാറിലെ റേഡിയോയിൽ നിന്നും വിവിധഭാരതിയുടെ ടെലികാസ്റ്റ് കേട്ടുതുടങ്ങി. അതിൽ 'രാത് നെ ക്യാ ക്യാ ഖ്വാബ് ദിഖായേ..  ' എന്ന തലത് ഗാനം കേട്ടുതുടങ്ങി. അതുവരെ കലപിലാ സംസാരിച്ചുകൊണ്ടിരുന്ന സ്ത്രീകൾ അതോടെ ഒന്നൊന്നായി നിശബ്ദരായി. പിന്നെ പാട്ടുതീരുവോളം എല്ലാവരും ഒരക്ഷരം മിണ്ടാതെ  അത് കേട്ടാസ്വദിച്ചുകൊണ്ടിരുന്നു 

talat mahmood birth anniversary

1924  ഫെബ്രുവരി 24 -ന്  ഉത്തർപ്രദേശിലെ ലക്നൗവിൽ ഒരു പരമ്പരാഗത മുസ്‌ലിം കുടുംബത്തിലായിരുന്നു തലത്തിന്റെ ജന്മം. തീർത്തും ഓർത്തഡോക്സ് പാരമ്പര്യത്തിൽ കഴിഞ്ഞിരുന്ന മാതാപിതാക്കൾക്ക് മകൻ പാട്ടുപാടിനടക്കുന്നതിൽ ഒട്ടും ഇഷ്ടമുണ്ടായിരുന്നില്ല. എന്നിട്ടും അദ്ദേഹം തന്റെ സംഗീതത്തിലുള്ള അഭിരുചിയെ പിന്തുടരുന്നതിൽ വിജയിച്ചു. തന്റെ പതിനഞ്ചാമത്തെ വയസ്സിൽ തന്നെ വിവിധഭാരതിയുടെ ലക്നൗ  നിലയത്തിൽ തലത്ത്  മീർ തകി മീർ, ദാഗ്  ദെഹല്‍‌വി ,  ജിഗർ മൊറാദാബാദി തുടങ്ങിയവരുടെ ഗസലുകൾ ആലപിച്ചുപോന്നു. ഒരു ഘട്ടത്തിൽ അദ്ദേഹത്തിന്റെ പിതാവ് അദ്ദേഹത്തോട് ഒന്നുകിൽ പാട്ട് അല്ലെങ്കിൽ കുടുംബം എന്ന് പോലും പറയുന്നുണ്ട്.. അദ്ദേഹം സ്വാഭാവികമായും പാട്ടു തന്നെ തെരഞ്ഞെടുത്തു.  അദ്ദേഹം സംഗീതം ഔപചാരികമായി അഭ്യസിക്കുന്നത് അന്നത്തെ പ്രസിദ്ധ ഹിന്ദുസ്ഥാനി സംഗീതജ്ഞൻ പണ്ഡിറ്റ് എസ് സി ആർ ഭട്ട് നേതൃത്വം കൊടുത്തിരുന്ന മാറിസ് കോളേജ് ഓഫ് മ്യൂസിക്കിൽ ആയിരുന്നു. ഇന്നത് അറിയപ്പെടുന്നത് ഭട്ട്ഖണ്ഡേ മ്യൂസിക്ക് ഇൻസ്റ്റിറ്റ്യൂട്ട് എന്നാണ്. അവിടെ പ്രവേശനത്തിനായി എഴുത്തുപരീക്ഷയിരുന്ന തലത്തിന്റെ പ്രകടനം വളരെ മോശമായിരുന്നു. പാസ് മാർക്കുപോലും നേടാൻ അദ്ദേഹത്തിന് ആയില്ല. എന്നാൽ, പാട്ടുപരീക്ഷയ്ക്ക് അദ്ദേഹം ഒരു ആലാപ് പാടിയപ്പോൾ ഭട്ട് സാഹേബ് കണ്ണും മിഴിച്ച് നോക്കിയിരുന്നുപോയി.. പിന്നെ ചോദ്യവും പറച്ചിലും ഒന്നും കൂടാതെ അദ്ദേഹത്തിന് അവിടെ പ്രവേശനം കിട്ടി. അദ്ദേഹം എവിടെ മൂന്നുവർഷത്തോളം സംഗീതം അഭ്യസിക്കുകയുണ്ടായി. 

അദ്ദേഹം ഗസലിന്റെ വഴി പിന്തുടർന്ന് താമസിയാതെ കൽക്കത്തയിലെത്തി. അന്നത്തെ കൽക്കത്ത ബർഖത്ത് അലി ഖാന്റെയും കുന്ദൻ ലാൽ സൈഗാളിന്റെയും കൽക്കത്തയാണ്. പങ്കജ് മല്ലിക്ക് ഒക്കെ തിളങ്ങി നിൽക്കുന്ന കാലമാണ്. കൽക്കത്തയിൽ HMV അദ്ദേഹത്തിന് ജോലി കൊടുത്തു. ഒരു പാട്ടിന് അന്നത്തെ മുപ്പതു രൂപയായിരുന്നു പ്രതിഫലം. അക്കാലത്താണ് തലത്ത് 'ലാഗേ തോസേ നൈനാ..' പോലുള്ള ഹിന്ദുസ്ഥാനി ക്‌ളാസിക്കൽ ഗാനങ്ങൾ സിനിമയ്ക്കുവേണ്ടി ആലപിച്ച് ശ്രദ്ധ നേടുന്നത്. എന്നാൽ അദ്ദേഹത്തെ പ്രശസ്തിയുടെ വെള്ളിവെളിച്ചത്തിലേക്ക് കൈപിടിച്ച് കെട്ടിയ പാട്ട് പിന്നീടാണ് വന്നത്. 'തസ്‌വീർ തേരാ ദിൽ മേരാ ബെഹ്‌ലാ ന സകേഗീ.. സിനിമ: ദേവർ ഭാഭി, സംഗീതം: കമൽദാസ് ഗുപ്ത, രചന: ഫയ്യാസ് ഹാഷ്മി. ഈ ഗാനത്തെത്തുടർന്ന് ബംഗാളിയിലും നിരന്തരം അവസരങ്ങൾ തലത്തിനെ തേടിവന്നു. അവിടെ അന്നത്തെ ട്രെൻഡിനനുസരിച്ച് 'തപൻ കുമാർ' എന്നൊരു പേരും അദ്ദേഹത്തിന് അവർ ചാർത്തിക്കൊടുത്തു. അദ്ദേഹം അന്ന് പാടിയ ബംഗാളി ഗാനങ്ങളൊക്കെയും സൂപ്പർ ഹിറ്റുകളായിരുന്നു. 

1949 -ലാണ് ബംഗാളിയിലെ പാട്ടിന്റെ പെരുമയുമായി തലത് മെഹ്മൂദ് ബോംബെയ്ക്ക് വണ്ടി കേറുന്നത്. ചെറിയൊരു വിറ(tremor)യോട് കൂടിയ ഒരു മൃദുസ്വരമായിരുന്നു തലത് മെഹ്മൂദിന്റേത് . ബോംബെയിൽ തുടക്കത്തിൽ കയ്പ്പേറിയ ഒരുപാട് അനുഭവങ്ങളിലൂടെ അദ്ദേഹം കടന്നുപോയി. അദ്ദേഹത്തിന്റെ ശൈലി അന്ന് ഹിന്ദി സിനിമയിൽ നിലനിന്നിരുന്ന ശൈലിയിൽ നിന്നും ഏറെ വ്യത്യസ്തമായിരുന്നു. എന്നാൽ സ്വന്തം  ശബ്ദത്തെ ആ ശൈലികളോട് ഒപ്പിക്കാനായിരുന്നു ആ സംഗീതസംവിധായകരൊക്കെയും  തലത്തിനെ പ്രേരിപ്പിച്ചുകൊണ്ടിരുന്നത്. അതിനുള്ള പരിശ്രമങ്ങളിൽ അദ്ദേഹം ദയനീയമായി പരാജയപെട്ടു. ആദ്യത്തെ നാലഞ്ച് ഒഡിഷനുകൾ ഫ്ലോപ്പായി.  

അങ്ങനെ നിരാശനായി കഴിഞ്ഞുകൂടുന്നതിനിടെയാണ് അനിൽ ബിശ്വാസ് അദ്ദേഹത്തിനെ റിക്കോർഡിങ്ങിനായി വിളിക്കുന്നത്. അതുവരെയുള്ള റിക്കോർഡിങ്ങ് അനുഭവങ്ങളുടെ കയ്പ്പ് വിട്ടുമാറിയിട്ടില്ലായിരുന്ന തലത് അനിൽദായ്ക്ക്  പിടികൊടുക്കാതെ മുങ്ങി മുങ്ങി നടന്നു. ഒടുവിൽ വഴിയിലെവിടെയോ വെച്ച് അബദ്ധവശാൽ  അനിൽദായുടെ മുന്നിൽത്തന്നെ  ചെന്ന് പെടുന്നു തലത്. അനിൽദാ തെല്ലു നീരസത്തോടെ തന്നെ ചോദിച്ചു, " എന്താ തലത്.. ഇപ്പോൾ വലിയ തിരക്കുള്ള സെലിബ്രിറ്റി ആയല്ലേ.. റിക്കോർഡിങ്ങിന് വിളിച്ചാലൊന്നും വരാൻ സാവകാശമില്ല അല്ലെ..? " തലത് നേരെ സാഷ്ടാംഗം വീണു മാപ്പുപറഞ്ഞു. എന്നിട്ട് ദുരനുഭവങ്ങൾ തകർത്തുകളഞ്ഞ തന്റെ ആത്മവിശ്വാസത്തെപ്പറ്റി അദ്ദേഹത്തോട് വെളിപ്പെടുത്തി. അവന് ഒരവസരം കൂടി കൊടുക്കാൻ അനിൽദാ തയ്യാറായി.  ആർസൂ എന്ന ചിത്രത്തിൽ ദിലീപ് കുമാറിനുവേണ്ടി വേണ്ടി അനിൽദാ ആയിടെ ഈണമിട്ട എന്ന ഗാനമായിരുന്നു അവിടെ തലത്തിനെ കാത്തിരുന്നത്. തലത്ത് പാടിത്തുടങ്ങി.. പക്ഷേ, എന്തോ ഒരു പ്രശ്നം.. പഴയ ആ തലത് മെഹ്മൂദ്  മാജിക്ക് മിസ്സിങ്ങ്.. അനിൽദാ  തലത്തിനോട് ചോദിച്ചു, " നീ നിന്റെ പാട്ടിൽ എന്തെങ്കിലും മാറ്റിപ്പിടിച്ചോ..? " 
 

talat mahmood birth anniversary

'അനിൽ ബിശ്വാസ്, ലതാ മങ്കേഷ്‌കർ, മദൻ മോഹൻ, തലത് മഹ്മൂദ് '

"ഉവ്വ് ദാ.. ഇവിടത്തെ ഞാൻ ആദ്യം റെക്കോർഡിങ്ങിനു പോയിടത്തുനിന്നെല്ലാം പറഞ്ഞത്, എന്റെ ശബ്ദത്തിലെ ഈ വിറ റെക്കോർഡിങ്ങിനു ചേരില്ല എന്നാണ്.. അതുകൊണ്ട് ഞാൻ അതൊഴിവാക്കിപ്പിടിച്ചാണ് പാടിയത്.." എന്ന് തലത്.. 

"എടാ മണ്ടാ.. ആ വിറ തന്നെയാണ് നിന്റെ വെൽവെറ്റ് വോയ്സിന്റെ സൗന്ദര്യം.. വിവരമില്ലാത്തവർ പറയുന്ന വിഡ്ഢിത്തങ്ങൾക്ക് ചെവികൊടുക്കാതെ നീ നിനക്കിഷ്ടമുള്ള പോലെ പാടൂ.. "

അങ്ങനെ, മജ്‌റൂഹ് സുൽത്താൻപുരി എഴുതി, അനിൽ ബിശ്വാസ് ഈണം പകർന്ന്, തന്റെ 'പഴയ' ശബ്ദത്തിൽ തലത് മെഹ്മൂദ്  പാടിയ  'ഏ ദിൽ മുഝേ ഐസി ജഗാ ലേ ചൽ..' എന്ന ഗാനമാണ് പിന്നീട് ആർസൂ എന്ന ചിത്രത്തിൽ ദിലീപ് കുമാർ പാടി അഭിനയിച്ച് അനശ്വരമാക്കിയത്. 

വെൽവെറ്റ് ശബ്ദത്തിനൊപ്പം നിറഞ്ഞ സൗകുമാര്യത്തിനും ഉടമയായിരുന്ന തലത്തിന് അഭിനയത്തിലും കൈനിറയെ അവസരങ്ങൾ കിട്ടി. പാടി അഭിനയിക്കുക എന്നതായിരുന്നു അമ്പതുകളിലെ ട്രെൻഡ്. ജി.എം. ദുറാനി ആയിരുന്നു അക്കാര്യത്തിൽ അന്നത്തെ റോൾ മോഡൽ. അദ്ദേഹത്തിന്റെ ചുവടുപിടിച്ച് തലത്തും അന്ന് ഏറെ പ്രസിദ്ധരായിരുന്ന നൂതനും മാലാ സിൻഹയും സുരയ്യയും ഒക്കെ ചേർന്ന് പല ചിത്രങ്ങളിലും പാടി അഭിനയിച്ചു. 

അമ്പതുകളുടെ തുടക്കത്തിൽ ഒരു വിദേശപര്യടനത്തിന് പുറപ്പെടുന്ന  ആദ്യ ഹിന്ദി സിനിമാ പിന്നണി ഗായകനായിരുന്നു തലത്. അദ്ദേഹം ആദ്യമായി പുറപ്പെട്ടത് ഈസ്റ്റ് ആഫ്രിക്കയിലോട്ടായിരുന്നു. പിന്നീടദ്ദേഹം വിശ്വമൊട്ടുക്കും കറങ്ങി. ലണ്ടനിലെ റോയൽ ആൽബർട്ട് ഹാളിൽ ഒരു ഷോ ചെയ്യുന്ന ആദ്യത്തെ ഇന്ത്യൻ ഗായകനാണ് തലത്ത്. അതിനു ശേഷമായിരുന്നു ലതാ മങ്കേഷ്കറുടെ പ്രസിദ്ധമായ പരിപാടി അവിടെ നടന്നത്. 
 

talat mahmood birth anniversary

'തലത് ഒരു കൺസേർട്ടിനിടെ' 

അദ്ദേഹത്തിന്റെ പല ഗാനങ്ങളും ഏറെ ശ്രദ്ധേയമായിരുന്നു. ഫുട്ട്പാത്ത് എന്ന ചിത്രത്തിലെ 'ശാമേ ഗം കീ കസം..', ജഹാൻ ആരയിലെ 'ഫിർ വഹീ ശാം, വഹീ ഗം.. ', സോനേ കി ചിഡിയയിലെ 'പ്യാർ പർ ബസ്‌ തോ നഹീ.. ', സംഗ്ദിൽലെ 'യെ ഹവാ യെ രാത് യെ ചാന്ദ്നി.. ' , തരാനയിലെ 'സീനേ മേം സുലഗ്തേ ഹേ അർമാൻ..', വാരിസിലെ 'രാഹീ മത്വാലേ.. ', മിർസാ ഗാലിബിലെ 'ദിൽ-എ-നാദാൻ തുഝേ..', ടാക്സി ഡ്രൈവറിലെ 'ജായേ തോ ജായേ കഹാം'തുടങ്ങിയ ഗാനങ്ങൾ തലത്തിനെ ഹിന്ദി സിനിമയിലെ പിന്നണിഗായകരുടെ ഒന്നാം നിരയിലേക്കുയർത്തിയവയാണ്. 

ഗായകൻ മന്നാഡെയുമായുള്ള തലത്തിന്റെ സൗഹൃദം വളരെ ഗാഢമായിരുന്നു. മന്നാഡെ തന്റെ ആത്മകഥയിൽ ഇങ്ങനെ എഴുതുന്നു. " ഒരു ദിവസം മദൻ മോഹൻ ബോംബെ സന്ദർശിക്കാനെത്തിയ ഗസൽ രാജ്ഞി ബീഗം അക്തറിന് വേണ്ടി ഒരു വിരുന്നൊരുക്കി. അതിൽ അന്നത്തെ ബോംബെ സംഗീത ലോകത്തിലെ എല്ലാ പ്രശസ്തരും അണി നിരന്നിരുന്നു. എല്ലാവരും പ്രതീക്ഷിച്ചപോലെ തന്നെ വിരുന്നിനു മുമ്പ് ചെറിയൊരു സംഗീത പരിപാടിയും മദൻജി ഒരുക്കിയിരുന്നു. മൈക്ക് ടെസ്റ്റിങ്ങ് കഴിഞ്ഞയുടൻ മദൻമോഹൻ അനൗൺസ് ചെയ്തത്, ' തലത് മെഹമൂദ്  ഉടൻ സ്റ്റേജിലെത്തണം ' എന്നായിരുന്നു. തലത്ത് തന്റെ ആദ്യ ഗസൽ പാടി മുഴുമിച്ചപ്പോഴേക്കും അവിടെ കയ്യടിയുടെ മേളമായിരുന്നു. അതൊന്നടങ്ങിയപ്പോൾ എനിക്കും റഫിക്കും ഇടയിൽ ഇരിക്കുകയായിരുന്ന കിഷോർ കുമാർ കാതിൽ ഇങ്ങനെ മന്ത്രിച്ചു.. " ബാ.. നമുക്ക് അടുക്കള വഴി ഓടി രക്ഷപ്പെടാം.. ഇനി നമ്മൾ പാടിയിട്ട് ഒരു കാര്യവുമില്ല" എന്ന്.. "

സാക്ഷാൽ മെഹ്ദി ഹസ്സൻ സാഹേബ് തലത്ത് മഹ്മൂദിന്റെ ഗസൽ ആലാപനത്തിന്റെ ആരാധകനായിരുന്നു എന്നറിയുമ്പോഴാണ്, ഗസൽ രംഗത്ത് എത്രമാത്രം വിജയിച്ച ഒരു ഗായകനായിരുന്നു എന്നത് ഒരു ഗസൽ ആസ്വാദകൻ തിരിച്ചറിയുക. ഗസലുകളുടെ മായിക ലോകത്തേക്ക് കടന്നുവരും മുമ്പ്, അതായത് ക്‌ളാസിക്കൽ സെമിക്ലാസ്സിക്കൽ ബന്ദിഷുകളിലും ഖയാലുകളിലും ഠുംരികളിലും മാത്രം അഭിരമിച്ചുകൊണ്ടിരുന്ന കാലത്തു തൊട്ടേ മെഹ്ദി ഹസ്സൻ തലത്തിനെ ദൈവമായി കാണുന്ന ഒരാളായിരുന്നു. അതേപ്പറ്റി വളരെ രസകരമായൊരു കഥയുണ്ട്. അന്നൊരിക്കൽ, 1957-ൽ കറാച്ചിയിൽ ഏതോ വലിയൊരു പാട്ടുത്സവം നടക്കുന്നു.  മെഹ്ദി അന്ന് അറിയപ്പെട്ടു തുടങ്ങിയിട്ടില്ല. ആകെ രണ്ടേ രണ്ടു ഗസലുകൾ പാടാനുള്ള അവസരമേ അന്ന് സംഘാടകർ മെഹ്ദിക്ക് അനുവദിച്ചുകൊടുത്തിട്ടുള്ളു. അദ്ദേഹം ആദ്യമായി പാടിയത് തലത്തിന്റെ തരാനാ എന്ന സിനിമയിൽ കൈഫ് ഇർഫാനി രചിച്ച് അനിൽ ബിശ്വാസ് സംഗീതം പകർന്ന, 'മേ ഹൂം ഓർ മേരി ബേകസി കി ശാം ഹേ..' എന്ന വിശ്രുതമായ ഗസലായിരുന്നു. ഗസൽ പാടിത്തീർന്നപ്പോഴേക്കും കാണികൾ ഒന്നടങ്കം ഇളകിമറിഞ്ഞു. ബഹളം ഒന്നടങ്ങിയപ്പോൾ മെഹ്ദി ഹസൻ രണ്ടാമത്തെ ഗസൽ പാടി. സിനിമ, ബാബുൽ. ഷക്കീൽ ബദായൂനി എഴുതി, നൗഷാദിന്റെ സംഗീതത്തിൽ ഒരുക്കിയ ' ഹുസ്‌ന്‍ വാലോം കോ നാ ദിൽ ദോ, യെ മിടാ ദേതേ ഹേ..' ഈ ഗസൽ തീർന്നതും മുഴങ്ങാൻ തുടങ്ങിയ കയ്യടി നിൽക്കുന്ന ഭാവമില്ലായിരുന്നു. അടക്കാനാവാത്ത സന്തോഷം കാണികൾ പണം വാരിയെറിഞ്ഞാണ് പ്രകടിപ്പിച്ചത്.. കണ്ടുകണ്ടിരിക്കെ പണം കുമിഞ്ഞുകൂടി.. ഒടുക്കം എണ്ണി നോക്കിയപ്പോൾ പതിനാലായിരം രൂപയുണ്ടായിരുന്നു. 57-ലാണ് സംഭവം എന്നോർക്കണം. അന്നത്തെ പതിനാലായിരം രൂപ എന്ന് പറഞ്ഞാൽ ഇന്നത്തെ പതിനാലു ലക്ഷമെങ്കിലും വരും..  അതിനു ശേഷം മെഹ്ദി ഹസൻ അറിയപ്പെടുന്ന ഗസൽ ഗായകനായത് ചരിത്രത്തിന്റെ ഭാഗം.. 

സംഗീത സംവിധായകൻ നൗഷാദുമായും തലത്തിനു നല്ല സൗഹൃദമായിരുനെങ്കിലും നിസ്സാരമായൊരു സംഭവത്തിന്റെ പേരിൽ അവർ തമ്മിൽ പിണങ്ങി. നൗഷാദിന് റിക്കോർഡിങ്ങിനു മുമ്പ് തന്റെ ഗായകർ സിഗററ്റുപുകയ്ക്കുന്നത് ഇഷ്ടമല്ലായിരുന്നു. അദ്ദേഹം അത് വ്യക്തമായും പറഞ്ഞു വിലക്കിയിരുന്നു. ഇതൊക്കെ നന്നായി അറിയുമായിരുന്നു ഒരു സിഗററ്റുവലിയനായിരുന്ന തലത്തിന്. എന്നിട്ടും അദ്ദേഹത്തെ വെറിപിടിപ്പിക്കാൻ വേണ്ടി മാത്രം അദ്ദേഹം റെക്കോർഡിങ്ങിനുമുമ്പ് നൗഷാദിന്റെ മുന്നിൽ വെച്ച് ഒരു സിഗരെറ്റെടുത്ത് കൊളുത്തി ആഞ്ഞു പുക അകത്തേക്കെടുത്ത് നൗഷാദിന്റെ മുഖത്തേക്ക് പുക വിട്ടു. പിന്നീട് ഒരിക്കൽപ്പോലും നൗഷാദ് തലത് മെഹ്മൂദിനെക്കൊണ്ട് പാടിച്ചിട്ടില്ല. 

1962 ലെ ഇന്തോ-ചീനാ യുദ്ധത്തിന് മുമ്പ് ചൈനീസ് പ്രധാനമന്ത്രി 'ചൗ എൻ ലായി' ഇന്ത്യയിൽ സന്ദർശനത്തിനായി വന്നിറങ്ങി. അദ്ദേഹം ബോംബെയിൽ  വന്നപ്പോൾ അവിടെ അദ്ദേഹത്തിനായി ഒരു സംഗീത വിരുന്നൊരുക്കപ്പെട്ടു. അപ്പോൾ 'ചൗ എൻ ലായി' തനിക്ക് 'ആവാരാ ഹൂം...' കേൾക്കണം എന്നായി. മുകേഷ് അന്നവിടെ ഉണ്ടായിരുന്നില്ല. കണ്മുന്നിൽ നിന്നത് തലത്തും. തനിക്ക് ലിറിക്സ് അറിയില്ലെന്നായി അദ്ദേഹം. എന്തെങ്കിലും ലിറിക്സ് പാടൂ, ചീനിക്ക് എന്തറിയാം എന്നായി സംഘാടകർ.. അദ്ദേഹം ഒടുവിൽ 'ചൗ എൻ ലായി'ക്കായി അദ്ദേഹം ആ പാട്ടിന്റെ നാലഞ്ച് വരികൾ പാടിക്കൊടുത്തു. 

അറുപത്തിനാലിൽ ജഹാനാരായുടെ പാട്ടുകൾ റിക്കോർഡ് ചെയ്യുന്ന സമയത്ത് സംഗീത സംവിധായകനായ മദൻ മോഹനും  പ്രൊഡ്യൂസറായ ഓം പ്രകാശും തമ്മിൽ പാട്ടുകൾ ആരെക്കൊണ്ട് പാടിക്കണം എന്ന കാര്യത്തിൽ അഭിപ്രായ വ്യത്യാസം ഉടലെടുക്കുന്നു. മദൻ മോഹന്  തലത്തിന്റെ ശബ്ദം പരീക്ഷിക്കണം. നിർമാതാവാണെങ്കിൽ ജനപ്രിയനായ റഫി സാഹിബിനെ വിട്ടൊരു കളിയുമില്ല എന്ന കടുംപിടുത്തത്തിലും. പ്രശ്നം വഷളായപ്പോൾ റെക്കോർഡിന് ഒരൊറ്റ ചില്ലിക്കാശ് തരില്ലെന്നായി നിർമാതാവ്. മദൻ മോഹൻ ഒടുവിൽ സ്വന്തം പോക്കറ്റിൽ നിന്നും കാശെടുത്താണ് ആ പാട്ടുകൾ അദ്ദേഹം തലത് മഹ്മൂദിനെ വെച്ച് റെക്കോർഡ് ചെയ്യുന്നത്. തലത്തിന്റെ ശബ്ദത്തിൽ ജഹനാരയിലെ അഞ്ചു പാട്ടുകളും  ഏറെ ജനപ്രീതി നേടി. 

 

talat mahmood birth anniversary

'മദൻ മോഹനുമൊത്ത് തലത് മഹ്മൂദ് '

ഹിന്ദിയിൽ ഏറെ തിരക്കിൽ നിൽക്കുന്ന കാലത്താണ് തലത് മലയാളത്തിലും ഒരു പാട്ടുപാടുന്നത്. 1977ൽ തന്റെ ദ്വീപ് എന്ന ചിത്രത്തിനുവേണ്ടി രാമുകാര്യാട്ട് യൂസഫലി കച്ചേരി എഴുതി  ബാബുരാജ് ഈണമിട്ട 'കടലേ നീലക്കടലേ.. ' എന്ന പാട്ടിനു സ്വരം പകരാൻ കൊണ്ടുവന്നത് സാക്ഷാൽ തലത് മെഹ്മൂദിനെയായിരുന്നു. മലയാളം ഒരക്ഷരം പോലും അറിയാതിരുന്നിട്ടും അദ്ദേഹം ആ പാട്ട് മനോഹരമായി ആലപിച്ചു. 

പന്ത്രണ്ട് ഇന്ത്യൻ ഭാഷകളിലായി 747 പാട്ടുകൾ പാടിയിട്ടുണ്ട് തന്റെ കരിയറിൽ തലത്ത്. പതിമൂന്നു സിനിമകളിൽ പാടി അഭിനയിച്ചിട്ടുള്ള തലത്തിനെ വെല്ലാൻ അക്കാര്യത്തിൽ കിഷോർ കുമാർ മാത്രമേയുള്ളൂ.. 

ഏതൊരു പാട്ടുകാരന്റെയും സംഗീതജീവിതം അതിന്റെ കൊടുമുടിയിൽ എത്തുന്നത് ഒരു നാല്പതുവയസ്സൊക്കെ  ആവുമ്പോഴാണ്. നാല്പതാം വയസ്സിൽ തന്റെ പാട്ടുജീവിതത്തിന്റെ  പീടിക പൂട്ടി പലകയും വലിച്ചിട്ട് ആരും സ്ഥലം വിടാറില്ല. എന്നാൽ ഇങ്ങനെ പ്രസിദ്ധിയുടെ കൊടിപാറിച്ച് നിന്നിട്ടും നാല്പതാം വയസ്സുതൊട്ടങ്ങോട്ട് തലത്തിന്റെ കരിയർ ഗ്രാഫ് കീഴ്പ്പോട്ടായിരുന്നു. സ്വതവേ മൃദുലമായ ഒരു ശബ്ദമായിരുന്നല്ലോ തലത്തിന്റേത്. റോക്ക് ആൻഡ് റോൾ ആവേശിച്ച, ഓർക്കസ്‌ട്ര വളരെ ഹെവി ആയ അറുപതുകളുടെ അന്ത്യത്തിലും എഴുപതുകളിലും തലത്തിന് അവസരങ്ങൾ പാടേ കുറഞ്ഞുകൊണ്ടിരുന്നു. അന്നത്തെ ബഹളങ്ങളുടെ പാട്ടുകൾക്ക് തന്റെ ശബ്ദം ചേരില്ല എന്ന് തിരിച്ചറിഞ്ഞ അദ്ദേഹം പിന്മടങ്ങി എന്നുപറയുന്നതാവും ശരി. 

വിഷാദം അദ്ദേഹത്തിന്റെ ആരോഗ്യത്തെ പിന്നെയും ക്ഷയിപ്പിച്ചു

അവസാന കാലത്ത് അദ്ദേഹത്തെ പാർക്കിൻസൺസ് രോഗം ബാധിച്ചു. അദ്ദേഹത്തിന് തന്റെ ശബ്ദത്തിന്മേലുള്ള നിയന്ത്രണം പതിയെ നഷ്ടപ്പെട്ടുതുടങ്ങി. അദ്ദേഹം പതുക്കെ സ്റ്റേജ് പരിപാടികൾ ഒഴിവാക്കിത്തുടങ്ങി. പോകെപ്പോകെ സംസാരം കുഴഞ്ഞുതുടങ്ങി.  അവസാനകാലത്ത് പാടാൻ പോയിട്ട് നേരാം വണ്ണം ഒന്ന് മിണ്ടാൻ പോലും അദ്ദേഹത്തിനായിരുന്നില്ല. അദ്ദേഹം നിരാശയുടെ പാതാളങ്ങളിലേക്ക് വീണുപോയി. വീട്ടിൽ നിന്നും പുറത്തിറങ്ങാതെയായി. ലോകം മുഴുവൻ കറങ്ങി നടന്ന് തിങ്ങിനിറഞ്ഞ ഹാളുകളിൽ പതിനായിരക്കണക്കിന് ആരാധകരെ തന്റെ പാട്ടുകൾ കൊണ്ട് മോഹിതരാക്കിയ ഒരു പ്രതിഭയുടെ ശബ്ദം ഒരു സുപ്രഭാതത്തിൽ നിലച്ചു പോവുമ്പോൾ ഉണ്ടാവുന്ന ശൂന്യതയിലേക്ക് പലതും വലിച്ചെടുക്കപ്പെടുക സ്വാഭാവികമാണല്ലോ.. വിഷാദം അദ്ദേഹത്തിന്റെ ആരോഗ്യത്തെ പിന്നെയും ക്ഷയിപ്പിച്ചു. ദീർഘകാലം അസുഖം ബാധിച്ചുകിടന്ന് ഒടുവിൽ 1998 മെയ് 9 -ന് അദ്ദേഹം മരണത്തിനു കീഴടങ്ങി. 

അദ്ദേഹത്തിന്റെ ഒരു പാട്ടിലെ വരികൾ അപ്പോൾ തീർത്തും അന്വർത്ഥമായിരുന്നു, "പാട്ടുകേട്ടവർ, എന്റെ സ്വരത്തിനു കാതോർത്തു.. എന്റെ ഭഗ്നഹൃദയത്തിന്റെ ചിലമ്പൊലികളും അവർ കേട്ടു..."
 

Latest Videos
Follow Us:
Download App:
  • android
  • ios