പാതിരാ റെയ്ഡ് മുതല്‍ പാര്‍ട്ടിമാറല്‍ വരെ; വോട്ടരങ്ങിലെ പകിടകളികളും വോട്ടര്‍മാരുടെ മുന്നറിയിപ്പുകളും!

ഉപതിരഞ്ഞെടുപ്പ് ഫലത്തില്‍ നിന്ന് കൂടുതല്‍ പാഠങ്ങള്‍ പഠിക്കേണ്ടത് പ്രതിപക്ഷ മുന്നണിയാണ്. ലോക് സഭയിലേതു പോലെ അനായാസമാവില്ല വരുന്ന നിയമസഭാ തെരഞ്ഞെടുപ്പിലെ മത്സരം എന്നതാണ് അതിലെ ഒന്നാമത്തെ അധ്യായം.-ഉപതെരഞ്ഞെടുപ്പ് നല്‍കുന്ന പാഠങ്ങള്‍. ബി ശ്രീജന്‍ എഴുതുന്നു

Analysis Palakkad Wayanad Chelakkara Byelections 2004 by B Sreejan

കഷ്ടിച്ച് ഒരു വര്‍ഷം കഴിയുമ്പോള്‍ കേരളത്തില്‍ ത്രിതല പഞ്ചായത്ത് തെരഞ്ഞെടുപ്പ് നടക്കുകയാണ്. അത് കഴിഞ്ഞ് ഏതാനും മാസങ്ങള്‍ കൂടെ മതി, അടുത്ത നിയമസഭാ തിരഞ്ഞെടുപ്പാവാന്‍. ഈ ഈ പശ്ചാത്തലത്തില്‍ വേണം പാലക്കാട്, ചേലക്കര, വയനാട് ഉപതെരഞ്ഞെടുപ്പുകളെ വിലയിരുത്താന്‍.

Analysis Palakkad Wayanad Chelakkara Byelections 2004 by B Sreejan

വോട്ടെടുപ്പ് ദിവസം പാലക്കാട് നൂറണി സ്‌കൂളില്‍നിന്നുള്ള ദൃശ്യങ്ങള്‍. ഫോട്ടോ: രാഗേഷ് തിരുമല/Asianet News 
 

വോട്ടര്‍ തന്നെയാണ് ജനാധിപത്യത്തിലെ രാജാവ് എന്ന് ഒന്നുകൂടെ രാഷ്ട്രീയ പാര്‍ട്ടികളെയും നേതാക്കളെയും ബോധ്യപ്പെടുത്തുന്ന വിധിയായിരുന്നു ഇന്ന് കേരളത്തില്‍ നടന്ന ഉപതെരഞ്ഞെടുപ്പുകളിലേത്. അപ്രതീക്ഷിത ഭൂരിപക്ഷവുമായി പാലക്കാടന്‍ കോട്ട കാത്ത യുവനേതാവ് രാഹുല്‍ മാങ്കൂട്ടത്തിലും പ്രതിസന്ധികള്‍ക്കിടയിലും മാന്യമായ ജയത്തോടെ ചേലക്കരയെ ഇടതുപക്ഷത്ത് ചേര്‍ത്ത് നിര്‍ത്തിയ യു ആര്‍ പ്രദീപും പ്രതീക്ഷിച്ച പോലെ നാലു ലക്ഷം ഭൂരിപക്ഷത്തില്‍ വയനാട് നിന്ന് ലോക്‌സഭയിലേക്ക് പോകുന്ന നെഹ്റു കുടുംബാംഗം പ്രിയങ്ക ഗാന്ധിയും ജനവിധിയുടെ വ്യത്യസ്ത പരിപ്രേക്ഷ്യങ്ങളുടെ ഗുണഭോക്താക്കളാണ്. ഭരണകക്ഷിയായ എല്‍ ഡി എഫിനും പ്രതിപക്ഷമായ യു ഡി എഫിനും ഒരുപോലെ അവകാശപ്പെടാവുന്ന തരത്തില്‍ വിജയത്തെ ആഖ്യാനം ചെയ്ത വോട്ടര്‍മാര്‍ നിരാശപ്പെടുത്തിയത് കേന്ദ്രം ഭരിക്കുന്ന ബിജെപിയുടെ പ്രതീക്ഷകളെയാണ്. തൃശ്ശൂരിലെ സുരേഷ് ഗോപിയുടെ വിജയത്തില്‍ നിന്ന് ഊര്‍ജം ഉള്‍ക്കൊണ്ടു പാലക്കാട് പിടിക്കാന്‍ ഇറങ്ങിയ ബിജെപിക്ക് വോട്ടുനിലയിലുണ്ടായ ഗണ്യമായ ഇടിവ് വല്യ പ്രഹരം തന്നെയാണ്.

കഷ്ടിച്ച് ഒരു വര്‍ഷം കഴിയുമ്പോള്‍ കേരളത്തില്‍ ത്രിതല പഞ്ചായത്ത് തെരഞ്ഞെടുപ്പ് നടക്കുകയാണ്. അത് കഴിഞ്ഞ് ഏതാനും മാസങ്ങള്‍ കൂടെ മതി, അടുത്ത നിയമസഭാ തിരഞ്ഞെടുപ്പാവാന്‍. ഈ ഈ പശ്ചാത്തലത്തില്‍ വേണം പാലക്കാട്, ചേലക്കര, വയനാട് ഉപതെരഞ്ഞെടുപ്പുകളെ വിലയിരുത്താന്‍. വയനാട് രാഹുല്‍ ഗാന്ധി ഒഴിഞ്ഞ സീറ്റില്‍ സഹോദരി പ്രിയങ്ക ഗാന്ധിയെ സ്ഥാനാര്‍ത്ഥിയായി തീരുമാനിച്ച അന്ന് തന്നെ വിജയി ആരെന്നു തീരുമാനമായതാണ്. മുതിര്‍ന്ന നേതാവ് സത്യന്‍ മൊകേരിയെ കളത്തിലിറക്കിയ സിപിഐ പോലും ജനാധിപത്യത്തിന്റെ സ്പിരിറ്റിന് ചേര്‍ന്ന മത്സരം എന്നതിലുപരി അതിനെ കണ്ടിരുന്നില്ല. ബിജെപിക്ക് കെട്ടിവച്ച കാശ് നഷ്ടപ്പെട്ടു എന്നത് മാത്രമാണ് ഈ വിധിയിലെ വേറിട്ട കൗതുകം.

 


 

ആത്മകഥാ വിവാദവും ചേലക്കരയും 

ഭരണവിരുദ്ധ വികാരം അതിന്റെ പരകോടിയില്‍ നില്‍ക്കുന്നുവെന്ന പ്രതീതി സൃഷ്ടിക്കപ്പെട്ട സമയത്ത് നടന്ന തെരഞ്ഞെടുപ്പില്‍ സിറ്റിംഗ് സീറ്റ് എന്ന അനുകൂല്യമുണ്ടെങ്കില്‍ പോലും ചേലക്കരയില്‍ നേടിയ ആധികാരിക വിജയം ഇടതുമുന്നണിക്ക് അഭിമാനാര്‍ഹമായ നേട്ടം ആണെന്ന് വിലയിരുത്തേണ്ടിവരും. ചേലക്കരയില്‍ ജയിച്ചാല്‍ മാത്രമേ യു ഡി എഫ് രാഷ്ട്രീയ വിജയം നേടിയെന്നു കരുതാനാവൂ എന്ന നിലപാട് പാര്‍ട്ടിക്കുള്ളില്‍ ആവര്‍ത്തിച്ച് പറഞ്ഞിരുന്നു, പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. മണ്ഡലത്തില്‍ സുപരിചിതയായ മുന്‍ എം പി രമ്യ ഹരിദാസ് കോണ്‍ഗ്രസിന് ചേലക്കരയില്‍ മത്സരിപ്പിക്കാന്‍ പറ്റിയ മികച്ച സ്ഥാനാര്‍ഥിയുമായിരുന്നു. എന്നാല്‍, രണ്ടു തവണ മത്സരിച്ച്, ഒരു തവണ ജയിച്ച ലോക്‌സഭ മണ്ഡലത്തില്‍ പെട്ട നിയമസഭാ മണ്ഡലം ആയിട്ടുപോലും സാഹചര്യങ്ങള്‍ മുതലെടുത്ത് കോണ്‍ഗ്രസിന് രാഷ്ട്രീയ വിജയം നേടിക്കൊടുക്കാന്‍ യുവ നേതാവായ രമ്യ ഹരിദാസിന് എന്തുകൊണ്ട് കഴിഞ്ഞില്ല എന്ന ചോദ്യമാവും വരും ദിവസങ്ങളില്‍ കോണ്‍ഗ്രസ് ക്യാമ്പുകളില്‍ ഉച്ചത്തില്‍ മുഴങ്ങുക.

മുന്‍ എം എല്‍ എയും നാട്ടുകാര്‍ക്ക് സുപരിചിതനുമായ യു ആര്‍ പ്രദീപ് സ്ഥാനാര്‍ത്ഥിയായതും സീറ്റ് ഒഴിഞ്ഞ മുന്‍ മന്ത്രിയും നിലവില്‍ എം പിയുമായ കെ രാധാകൃഷ്ണന് ഇപ്പോഴും മണ്ഡലത്തിലുള്ള ജനപ്രിയതയും ചേലക്കരയില്‍ എല്‍ ഡി എഫ് വിജയത്തിന് കാരണമായെന്നത് വസ്തുതയാണ്. രാഷ്ട്രീയ വിഷയങ്ങളില്‍ ഊന്നിനിന്നു ശക്തമായ പ്രചാരണം നടത്തിയിട്ടും ഭരണപക്ഷത്തെ തോല്‍പിക്കാന്‍ കഴിയാത്തത് യു ഡി എഫ് നേതൃത്വത്തെ ആത്മപരിശോധനയ്ക്ക് നിര്‍ബന്ധമാക്കുന്ന ഘടകമാണ്. സംസ്ഥാന സര്‍ക്കാരിന്റെ ജനക്ഷേമ പദ്ധതികളില്‍ അടിസ്ഥാനവര്‍ഗ വോട്ടര്‍മാര്‍ക്ക് ഇപ്പോഴും വിശ്വാസമുണ്ടെന്നും ഇടതുപക്ഷ മനസുള്ള വോട്ടര്‍മാര്‍ പാര്‍ട്ടിയുടെ പിഴവുകളൊക്കെ നിര്‍ണായക ഘട്ടങ്ങളില്‍ പൊറുക്കാന്‍ തയാറാകുമെന്നതും അടുത്ത തിരഞ്ഞെടുപ്പിന് ആവേശത്തോടെ ഒരുങ്ങാന്‍ സിപിഎമ്മിനെ പ്രചോദിപ്പിക്കുന്ന ഘടകങ്ങളാകുമെന്ന് ഉറപ്പാണ്.

വോട്ടിങ് ദിനത്തില്‍ കൊടുങ്കാറ്റായെത്തിയ ഇ പി ജയരാജന്റെ ആത്മകഥയ്ക്ക് പോലും ചേലക്കരയുടെ ഇടത് ചായ്വിനെ സ്വാധീനിക്കാന്‍ കഴിഞ്ഞില്ലെന്ന വസ്തുതയും ഇടതുമുന്നണിക്ക് പ്രതീക്ഷ നല്‍കുന്നതാണ്. പാര്‍ലമെന്റ് തിരഞ്ഞെടുപ്പില്‍ മുന്നണിയില്‍ നിന്ന് അകന്നുപോയ വോട്ടര്‍മാരെ വീണ്ടും ഒപ്പം കൊണ്ടുവരാന്‍ കഴിയുമെന്ന ആത്മവിശ്വാസത്തിന് ശക്തി കൂട്ടുന്ന ഘടകമാണ് ചേലക്കരയിലെ വിജയം. കഴിഞ്ഞ മാസങ്ങളില്‍ സംസ്ഥാനത്ത് നടന്ന തദ്ദേശ സ്ഥാപനങ്ങളിലെ ഉപതെരഞ്ഞെടുപ്പുകളിലും ഇടതുമുന്നണിക്ക് മോശമല്ലാത്ത പ്രകടനം കാഴ്ച വയ്ക്കാനായെന്നത് ഇതുമായി കൂട്ടിവായിക്കണം. അങ്ങനെ ചിന്തിച്ചാല്‍, തിരിച്ചുവരവിന് ഒരുങ്ങുന്ന ഇടതുമുന്നണിക്ക് അതിനുള്ള ആവേശം പകര്‍ന്നുനല്‍കാന്‍ ചേലക്കരയിലെ വിജയത്തിന് കഴിയും.

 

 

രണ്ട് പാര്‍ട്ടിമാറ്റങ്ങളും ഒരു ജനവിധിയും

പാലക്കാട്ടെ ജനവിധി ഒരേ സമയം തീവ്രവര്‍ഗീയതയ്ക്കും ജനങ്ങളെ കബളിപ്പിക്കാനുള്ള കുടില തന്ത്രങ്ങള്‍ക്കും എതിരാണെന്ന് കാണണം. കഴിഞ്ഞ തവണ ഇ ശ്രീധരന്‍ എന്ന സമരാധ്യനായ ടെക്‌നോക്രാറ്റിനെ മുന്‍നിര്‍ത്തി ജയത്തിന്റെ വക്കിലെത്തിയ പാലക്കാട്ട് തികഞ്ഞ പാര്‍ട്ടിക്കാരനായ സ്ഥാനാര്‍ഥിയെ മത്സരിപ്പിച്ച ബിജെപി വല്ലാതെ പിന്നോട്ടുപോയ കാഴ്ചയാണ് കണ്ടത്. യുഡിഎഫ് സ്ഥാനാര്‍ഥി തെക്കു നിന്നെത്തിയ വരത്തനാണെന്നും സ്ഥാനമൊഴിഞ്ഞ എം എല്‍ എ ഷാഫി പറമ്പില്‍ പിന്‍ഗാമിയായി വാഴിച്ച ബെനാമിയാണെന്നുമൊക്കെ പ്രചാരണം കൊഴുപ്പിച്ചിട്ടും വോട്ടര്‍മാര്‍ അതിനെ പാടെ അവഗണിക്കുകയായിരുന്നു. പ്രചാരണ തന്ത്രങ്ങളിലും മുഖ്യധാരാ മാധ്യമങ്ങളിലെ കവറേജിലും തങ്ങള്‍ ജയിക്കാന്‍ പോകുന്നെന്ന പ്രതീതി സൃഷ്ടിക്കാന്‍ ബിജെപിക്ക് കഴിഞ്ഞു. എന്നാല്‍ വസ്തുതകള്‍ വ്യക്തമായി വിലയിരുത്തി തീരുമാനമെടുക്കുന്ന വോട്ടര്‍മാരെ ഈ ബഹളങ്ങളൊന്നും സ്വാധീനിച്ചില്ല.

മത്സരത്തലേന്നു കോണ്‍ഗ്രസില്‍ നിന്ന് കാലുമാറി എത്തിയ പി സരിനെ സ്ഥാനാര്‍ഥിയാക്കിയ ഇടതുമുന്നണിക്കും പിഴച്ചു. ഒരു സ്ഥാനാര്‍ഥി എന്ന നിലയില്‍ കുറ്റമറ്റ പ്രചാരണം കാഴ്ചവയ്ക്കാന്‍ സരിനു കഴിഞ്ഞെങ്കിലും ആ മാറ്റം വോട്ടര്‍മാര്‍ക്ക് തീരെ ഇഷ്ടമായിട്ടില്ലെന്നു തോന്നുന്നു. ഐ എ എ എസ് ഉപേക്ഷിച്ച് രാഷ്ട്രീയത്തിലിറങ്ങി അധികം വൈകാതെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയായ സരിന്‍ നിസ്സാര കാരണങ്ങള്‍ പറഞ്ഞ് പാര്‍ട്ടി വിട്ടതും ശത്രുപാളയത്തില്‍ ചേക്കേറി മത്സരിക്കാനിറങ്ങിയതുമൊന്നും ധാര്‍മികമായ നടപടിയല്ലെന്നാണ് വോട്ടര്‍മാര്‍ വിധിയെഴുതിയത്. രസകരമായ മറ്റൊരു വസ്തുത, ഇതേപോലെ കൂറുമാറി കോണ്‍ഗ്രസ് ക്യാമ്പില്‍ എത്തിയ സന്ദീപ് വാര്യരുടെ നീക്കമാണ്. സന്ദീപ് ചതിച്ചതിനു പകരം വീട്ടാന്‍ ഭിന്നിച്ചുനിന്ന ബിജെപി പ്രാദേശിക നേതാക്കള്‍ ഒന്നിച്ചെന്നും അവരുടെ ഐക്യം ബിജെപിയെ അവസാന നിമിഷം വിജയിപ്പിക്കും എന്നായിരുന്നു ഒരു പ്രചാരണം. എന്നാല്‍ ശക്തികേന്ദ്രങ്ങളില്‍ പോലും ബിജെപി പിന്നോട്ടുപോയെന്നാണ് വോട്ടുകണക്കുകള്‍ കാണിക്കുന്നത്. അതായത്, സന്ദീപ് വാര്യരുടെ പോക്ക് ബിജെപിയെ ദോഷകരമായി ബാധിച്ചുവെന്ന് വേണമെങ്കില്‍ വ്യാഖ്യാനിക്കാം.

സരിന്‍ കൂറുമാറിയപ്പോള്‍ ഇഷ്ടപ്പെടാത്ത വോട്ടര്‍ എന്തുകൊണ്ടാണ് സന്ദീപ് വാര്യരുടെ കൂറുമാറ്റത്തെ എതിര്‍ക്കാത്തത് എന്ന ചോദ്യത്തിന് ഉത്തരം 10 വര്‍ഷം മുന്‍പേ അന്ന് സിപിഎം സെക്രട്ടറിയായിരുന്ന ഇന്നത്തെ മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞിട്ടുണ്ട്. ആര്‍ എസ് എസ് നേതാക്കളായ ഒ കെ വാസുവിനെയും അശോകനെയും സിപിഎം സ്വീകരിച്ചപ്പോള്‍, വര്‍ഗീയത തെറ്റാണെന്നു തിരിച്ചറിഞ്ഞു വര്‍ഗീയ കക്ഷിയെ തള്ളിപ്പറഞ്ഞു വരുന്നവരെ സ്വീകരിക്കാനുള്ള ബാധ്യത മതേതര കക്ഷികള്‍ക്കുണ്ടെന്നും അത് അവരുടെ രാഷ്ട്രീയ ഉത്തരവാദിത്തമാണെന്നുമാണ് അദ്ദേഹം പറഞ്ഞത്. ആ യുക്തി പ്രയോഗിച്ചാല്‍ സന്ദീപ് വാര്യര്‍ ബിജെപിയെ തള്ളിപ്പറഞ്ഞു കോണ്‍ഗ്രസില്‍ ചേര്‍ന്നത് മതേതര വോട്ടര്‍മാര്‍ സ്വാഗതം ചെയ്ത നീക്കമായി വിലയിരുത്താം. വോട്ടുകണക്കുകള്‍ എന്തായാലും സന്ദീപ് വാര്യരുടെ രാഷ്ട്രീയ ഭാവി ശുഭകരമാക്കാന്‍ പ്രാപ്തിയുള്ളതാണ്.

ബിജെപി-സിപിഎം ധാരണ ശക്തമാണെന്ന പ്രചാരണം കോണ്‍ഗ്രസ് വ്യാപകമായി നടത്തിയിരുന്നു. പിണറായി വിജയനും കുടുംബങ്ങള്‍ക്കും എതിരെയുള്ള കേസുകളിലെ മെല്ലെപ്പോക്ക് മുതല്‍ പൂരം കലക്കി തൃശ്ശൂരില്‍ സുരേഷ് ഗോപിയെ വിജയിപ്പിച്ചുവെന്നത് വരെയുള്ള കുറെയധികം കാരണങ്ങള്‍ ഈ പ്രചാരണത്തെ സ്ഥാപിക്കാനായി കോണ്‍ഗ്രസ് ഉന്നയിക്കുകയും ചെയ്തു. ആ പ്രചാരണവും പാലക്കാട്ടെ വിജയത്തിന് കോണ്‍ഗ്രസിനെ സഹായിച്ചിരിക്കണം. പാതിരാത്രിയിലെ ഹോട്ടല്‍ റെയ്ഡ് മുതല്‍ പോളിങ് തലേന്നത്തെ വര്‍ഗീയ പരസ്യം വരെ എല്‍ ഡി എഫ് നേതൃത്വം പയറ്റിയ കുതന്ത്രങ്ങള്‍ക്കുള്ള ശക്തമായ താക്കീതും പാലക്കാട്ടെ വിധിയിലുണ്ട്. പാര്‍ട്ടിക്കുള്ളില്‍ തന്നെ രണ്ട് അഭിപ്രായം ഉയര്‍ന്ന ഈ വിഷയങ്ങളില്‍ നേരിട്ട് ഉത്തരവാദിത്തമുള്ള മന്ത്രി എം ബി രാജേഷ് ഉള്‍പ്പെടെ പ്രദേശിക നേതാക്കള്‍ക്ക് ഈ വിധി തിരിച്ചടിയാണ്.

ഷാഫി പറമ്പില്‍ എന്ന യുവനേതാവിന്റെ നേതൃശേഷിയുടെ മാറ്റുരയ്ക്കല്‍ ആയിരുന്നു പാലക്കാട്ടെ മത്സരം. വടകര ലോക്‌സഭ മണ്ഡലത്തില്‍ മുതിര്‍ന്ന സിപിഎം നേതാവ് കെ കെ ശൈലജയെ വന്‍ ഭൂരിപക്ഷത്തില്‍ പരാജയപ്പെടുത്തിയ ഷാഫി തന്റെ നോമിനിയായി പാര്‍ട്ടി അംഗീകരിച്ച രാഹുല്‍ മാങ്കൂട്ടത്തിലിനെ പാലക്കാട്ട് വിജയിപ്പിച്ചതിലൂടെ കിംഗ് മേക്കര്‍ ആയും തനിക്ക് തിളങ്ങാന്‍ കഴിയുമെന്ന് തെളിയിച്ചിരിക്കുകയാണ്. ഈ ആധികാരിക വിജയത്തിലൂടെ കോണ്‍ഗ്രസിന്റെ ഭാവി നേതൃത്വത്തില്‍ സ്വന്തമായ ഒരിടം തനിക്കായി സൃഷ്ടിച്ചിരിക്കുകയാണ് ഷാഫി.

 

 

യുഡിഎഫിനുള്ള പാഠങ്ങള്‍

ഈ ഉപതിരഞ്ഞെടുപ്പ് ഫലത്തില്‍ നിന്ന് കൂടുതല്‍ പാഠങ്ങള്‍ പഠിക്കേണ്ടത് പ്രതിപക്ഷ മുന്നണിയാണ്. ലോക് സഭയിലേതു പോലെ അനായാസമാവില്ല വരുന്ന നിയമസഭാ തെരഞ്ഞെടുപ്പിലെ മത്സരം എന്നതാണ് അതിലെ ഒന്നാമത്തെ അധ്യായം. കരുത്തുറ്റ നേതൃത്വവും എണ്ണയിട്ട യന്ത്രം പോലെ പ്രവര്‍ത്തിക്കുന്ന പാര്‍ട്ടി സംവിധാനവും സാമൂഹിക മാധ്യമങ്ങളിലെ സ്വാധീനവും സിപിഎമ്മിനെ ഏത് ദുര്‍ഘട സന്ധിയിലും സഹായിക്കുന്ന ഘടകങ്ങളാണ്. പടലപ്പിണക്കക്കങ്ങള്‍ മാറ്റിവച്ച്, പാലക്കാട് കണ്ടതുപോലെ വിജയ സാധ്യത എന്ന മാനദണ്ഡം മാത്രം നോക്കി സ്ഥാനാര്‍ത്ഥികളെ തീരുമാനിച്ചു നീങ്ങിയില്ലെങ്കില്‍ കേരളം തിരിച്ചു പിടിക്കുന്നത് യു ഡി എഫിന് അത്ര എളുപ്പമാവില്ല. 

Latest Videos
Follow Us:
Download App:
  • android
  • ios