എന്നാലും, ഈ ഷമ്മി ആളത്ര 'വെടിപ്പല്ല'ല്ലോ...

അങ്ങനെയൊക്കെ കഷ്ടപ്പെട്ട് കുലപുരുഷനായി പിടിച്ചു നില്‍ക്കുന്ന ഷമ്മിയെ അവസാനത്തെ ഒരു ഫൈറ്റ് സീനിലൂടെ വട്ടനാക്കുകയാണ്
തിരക്കഥാകൃത്ത്. ആ വീട്ടിലെ സ്ത്രീ അധികാരത്തെ (അമ്മ) കൊണ്ട് തന്നെ അയാള്‍ക്ക് ‌ വട്ടാണെന്ന് പറയിപ്പിക്കുന്നതിലൂടെ അതുവരെ അയാള്‍
ചെയ്തത് മൊത്തം ന്യയീകരിക്കപ്പെട്ടു. 

shammi in kumbalangi nights and patriarchichal society

കുമ്പളങ്ങിയില്‍ ഒരു മനോരോഗിയുണ്ടെങ്കില്‍ അത് ഷമ്മി മാത്രമാകാനാണ് സാധ്യത. പക്ഷെ, നിലവിലെ രോഗനിര്‍ണയ രീതികള്‍ വെച്ചു അയാളുടെ രോഗത്തെ ഏതെങ്കിലുമൊരു മാനദണ്ഡത്തില്‍ ഉള്‍പ്പെടുത്താന്‍ പ്രയാസമാകും. ആദ്യത്തെ സീനുകള്‍ കാണുമ്പോള്‍ അയാള്‍ വൃത്തി കൂടുതലുള്ള OCD രോഗിയാണെന്ന് തോന്നും. ചില സീനുകളില്‍ ഒരല്പം മാനിയാക് ആണോ എന്ന്, മറ്റു ചിലതില്‍ നാര്‍സിസ്റ്റിക് ആണോ എന്ന്, ഏറ്റവും ഒടുവില്‍ വയലന്‍റായൊരു സ്കിസോഫ്രീനിയാക്കിനെ പോലെയും. സത്യത്തില്‍ ഷമ്മിക്ക് വട്ടുണ്ടോ? ഉണ്ടെങ്കില്‍ തന്നെ ഏത് ഗണത്തില്‍ പെടുത്താവുന്ന മാനസികരോഗമാണ്? 

shammi in kumbalangi nights and patriarchichal society

സിനിമയുടെ തുടക്കത്തില്‍ തന്നെ കുട്ടികളിലൊരാള്‍ ഷമ്മിയെ പറ്റി പറയുന്നത് “ആളത്ര വെടിപ്പല്ല” എന്നാണ്. പക്ഷെ, സ്ക്രീനില്‍ കാണുന്ന ഷമ്മി കുളിച്ച് കുട്ടപ്പനായി കട്ടിമീശ വൃത്തിയായി വെട്ടിയൊതുക്കി തന്‍റെ ആകാരത്തെ 'complete man' എന്ന് define ചെയ്തുകൊണ്ട് നിര്‍വൃതി അടയുകയാണ്. ചില പ്രത്യേക ശീലങ്ങള്‍ പിന്തുടരുന്ന ആളാണ്‌ ഷമ്മിയെന്ന് കൂട്ടുകാരനില്‍ നിന്നും സിമിക്കും പ്രേക്ഷകര്‍ക്കും വ്യക്തമാകുന്നുണ്ട്. തന്‍റെ ശീലങ്ങളില്‍ നിന്നും വ്യതിചലിക്കാത്ത ഒരാളാണ് അയാളെന്നു പറയുന്നതിലൂടെ തന്റേതായ കുറെയധികം പ്രിന്‍സിപ്പിള്‍സ് അയാള്‍ ഫോളോ ചെയ്യുന്നുണ്ടെന്ന് മനസിലാക്കാം.

ഞാനാണ് അതിന്‍റെ അധികാരി എന്ന് സ്ഥാപിക്കുകയും ചെയ്യുകയാണ് അയാള്‍

ഭാര്യക്ക് മുന്നില്‍ വളരെ സോഫ്റ്റ്‌ ആയി സംസാരിക്കുകയും 'മോളു' എന്ന വിളിയിലൂടെ അവളുടെ സംശയങ്ങള്‍ ഉണ്ടാകാനുള്ള വിദൂര സാധ്യതകളെ പോലും ഇല്ലാതാക്കുകയും, എന്നാല്‍ അതേ സമയം തന്നെ തന്റെ മാനറിസങ്ങളിലൂടെയും ശരീര ഭാഷയിലൂടെയും അധികാരം ഉറപ്പിക്കുകയും ചെയ്യുന്നുണ്ട് അയാള്‍. ബൈക്കിന്‍റെ ആക്സലേറ്റര്‍ റൈസ് ചെയ്യുമ്പോള്‍ പേടിക്കുന്ന സിമിയെ നോക്കി, 'എന്നാ പേടിയാ മോളെ' എന്ന് ചോദിക്കുന്നുണ്ട്. തന്റെ ഉള്ളിലെ കംപ്ലീറ്റ് മാന്‍ ഈഗോയെ സിനിമയിലുടനീളം  ഇങ്ങനെ ബൂസ്റ്റ്‌ ചെയ്യുന്നുണ്ട് അയാള്‍. കുടുംബം ഒരു യുണിറ്റാണെങ്കിലും അതിനകത്തുള്ള മനുഷ്യര്‍ വ്യത്യസ്തരാണെന്നും ഓരോ വ്യക്തിയുടെയും സ്വകാര്യതയെ (personal space) കുറിച്ചും കാര്യമായ ധാരണ ഒന്നും അയാള്‍ക്കില്ല. കുടുംബത്തില്‍ നടക്കുന്നതെന്തും ഗൃഹനാഥന്‍ എന്ന നിലയ്ക്ക് ഞാന്‍ അറിഞ്ഞിരിക്കണമെന്ന് അയാള്‍ക്ക് ‌ നിര്‍ബന്ധമുണ്ട്. അതിനയാള്‍ സിമിയെ കണ്ടീഷന്‍ ചെയ്യുന്ന രീതി ഫലപ്രദമായി വര്‍ക്കാവുന്നുമുണ്ട്. 

ഇനി മുതല്‍ ഈ വീട്ടില്‍ എല്ലാവരും ഒരുമിച്ചിരുന്നു ഭക്ഷണം കഴിക്കണം എന്ന പ്രസ്ഥാവനയിലൂടെ ഉത്തമനായ ഗൃഹനാഥന്‍ ആവുകയും കസേര തലപ്പത്തേക്ക് വലിച്ചിട്ട് കൊണ്ട്, ഞാനാണ് അതിന്‍റെ അധികാരി എന്ന് സ്ഥാപിക്കുകയും ചെയ്യുകയാണ് അയാള്‍. ഒരു ഉറുമ്പ്‌ പോലും അറിയാതെ, ആര്‍ക്കും കൂടുതലൊന്നും ചിന്തിക്കാന്‍ ഇടകൊടുക്കാതെ, അത്രയ്ക്ക് സോഫ്റ്റായിട്ടാണ് അയാള്‍ സംസാരിക്കുന്നത്. 

പുറമേ നിന്ന് നോക്കുമ്പോള്‍ ഷമ്മി രോഗിയാണെന്ന് തോന്നേണ്ട യാതൊരു കാരണവുമില്ല. ഷമ്മിയെ സംബന്ധിച്ചിടത്തോളം അയാള്‍ വിശ്വസിക്കുന്നതും പിന്തുടരുന്നതും ശരിയാണെന്ന് അയാള്‍ അടിയുറച്ചു സ്ഥാപിക്കുന്നുണ്ട്. പണിക്കു പോകുന്ന, വൃത്തിയായി കുടുംബം നോക്കുന്ന, ‘അല്ലേ അമ്മാ’ എന്ന് കൂടെ കൂടെ ചോദിക്കുന്നതിലൂടെ സ്ത്രീകളുടെ അഭിപ്രായം കൂടി കണക്കിലെടുത്ത് തീരുമാനങ്ങളെടുക്കുന്ന, 'പെണ്‍കുട്ടികള്‍ക്ക് അത്യാവശ്യം ഫ്രീഡമൊക്കെ കൊടുക്കുന്ന' ഒരു പുരുഷനെ പറ്റി മറിച്ചൊന്നും ചിന്തിക്കേണ്ട കാര്യമില്ലല്ലോ.

ചിലയിടങ്ങളില്‍ ഷമ്മിയുടെ പ്രവൃത്തികള്‍ അവന്‍റെ സമൂഹം ഡിമാന്‍റ് ചെയ്യുന്ന ഒന്നാണ് എന്ന് വ്യക്തമാക്കുന്നുണ്ട്. 'നിങ്ങള്‍ക്കെന്തെങ്കിലും പറ്റിയാല്‍ ആളുകള്‍ എന്നോടാണ് ചോദിക്കുന്നത്, ഞാന്‍ അല്ലേ പുറത്തിറങ്ങി നടക്കുന്നത്', എന്നതൊക്കെ അയാളുടെ ആണ്‍ബോധത്തിന്‍റെ ഉത്കണ്ഠകള്‍ ആണ്. “നീ നല്ല കുട്ടിയാണ്, നിന്നെ പറ്റി എനിക്കൊരു സംശയവുമില്ല, പക്ഷെ പുറം ലോകം അത്ര നല്ലതല്ല, ആളുകള്‍ നിന്നെ പറ്റി മോശം പറയുന്നതെനിക്കിഷ്ട്ടമല്ല” എന്നൊക്കെ ആകുലനാകുന്ന മറ്റു പുരുഷന്മാരെ പോലെ തന്നെ  അമ്മ, പെങ്ങള്‍, കാമുകി, ഭാര്യ തുടങ്ങിയവരുടെ സല്‍പ്പേരിനെ ചൊല്ലി കരുതലോടെ ചിന്തിക്കുന്നുണ്ട് ഷമ്മി. 'എല്ലാരെക്കൊണ്ടും നല്ലത് പറയിപ്പിക്കേണ്ട'തിന്‍റെ ഉത്തരവാദിത്തം മൊത്തമായും ചില്ലറയായും ഏറ്റെടുക്കുകയാണ് അയാള്‍. 

അങ്ങനെയൊക്കെ കഷ്ടപ്പെട്ട് കുലപുരുഷനായി പിടിച്ചു നില്‍ക്കുന്ന ഷമ്മിയെ അവസാനത്തെ ഒരു ഫൈറ്റ് സീനിലൂടെ വട്ടനാക്കുകയാണ് തിരക്കഥാകൃത്ത്. ആ വീട്ടിലെ സ്ത്രീ അധികാരത്തെ (അമ്മ) കൊണ്ട് തന്നെ അയാള്‍ക്ക് ‌ വട്ടാണെന്ന് പറയിപ്പിക്കുന്നതിലൂടെ അതുവരെ അയാള്‍ ചെയ്തത് മൊത്തം ന്യയീകരിക്കപ്പെട്ടു. സത്യത്തില്‍ ഷമ്മിക്ക് വട്ടില്ല. ഷമ്മി എന്നത് തന്റെ ശരികളില്‍ മാത്രം ജീവിക്കുന്ന, പെണ്ണുങ്ങളുടെ ഫ്രീഡം അനുവദിച്ചു കൊടുക്കേണ്ട ഒന്നാണെന്ന് വിശ്വസിക്കുന്ന, നാടിന്റെ സദാചാരം ഒളിഞ്ഞു നോക്കിയിട്ടാനെങ്കിലും കണ്ടുപിടിക്കണമെന്നു നിര്‍ബന്ധമുള്ള  ഒരു വലിയ പുരുഷ സമൂഹത്തിന്റെ പ്രതിനിധിയാണ്. അയാളുടെ ചിന്തകളെയും പ്രവൃത്തികളെയും രോഗമായി ചിത്രീകരിച്ചതിലൂടെ 'ഷമ്മിത്തരങ്ങള്‍' ഉള്ളിലുള്ളവര്‍ക്ക് ആശ്വസിക്കാന്‍ ഇടകൊടുത്തിരിക്കയാണ് സിനിമ. 

പക്ഷെ, ചരിത്രത്തിലാദ്യമായി ഒരു വ്യത്യാസമുണ്ടായി

മറ്റൊരുതരത്തില്‍ പറഞ്ഞാല്‍ മലയാള സിനിമ നാളിതുവരെ കണ്ടിട്ടുള്ള ഹീറോയിസത്തിന്‍റെ miniature വേര്‍ഷന്‍ മാത്രമാണ് കുമ്പളങ്ങിയിലെ ഷമ്മി. പക്ഷെ, ചരിത്രത്തിലാദ്യമായി ഒരു വ്യത്യാസമുണ്ടായി. സ്വയം ഹീറോ ആണെന്ന് പറയുമ്പോഴും ഡയലോഗടിച്ചു സ്ലോമോഷനില്‍ നടന്നു പോകുന്നതിനു പകരം വലയില്‍ വീണ വട്ടനായി പോയെന്നു മാത്രം. ഷമ്മിയിലെ ഫാസിസ്റ്റു കാഴ്ചപ്പാടുകളെ തിരക്കഥാകൃത്തും സംവിധായകനും സപ്പോര്‍ട്ട് ചെയ്യുന്നില്ലെങ്കില്‍ കൂടി അയാളെ ന്യായീകരിക്കാതെ സിനിമ അവസാനിപ്പിക്കാന്‍ കഴിയാതെ പോയത് പെണ്ണിന് വേണ്ടി ആണെഴുതുമ്പോള്‍ ഉണ്ടാകുന്ന സ്വാഭാവിക പരിമിതിയാകാം.  

അതുകൊണ്ടൊക്കെ തന്നെ കുമ്പളങ്ങിയിലെ മനോരോഗി ഷമ്മി അല്ല. 'ഞാനൊരു വില്ലനാണ്' എന്നറിയാത്ത ഒരു 'പാവം ഹീറോ' മാത്രമാണയാള്‍. 

Latest Videos
Follow Us:
Download App:
  • android
  • ios