അന്ന് വന്നപ്പോൾ, അവളുടെ കണ്ണുകൾ വെള്ളത്തണ്ട് പോലെ നിറഞ്ഞിരുന്നു

അയ്യപ്പൻ വിളക്ക്, മലയിൽ പോകാൻ കാശുണ്ടാക്കാൻ കുറിക്കല്യാണം, കെട്ടുനിറ, അച്ഛനും പാപ്പനും ഏട്ടന്മാരും കൂടി കോട്ടൂളിയിൽ പോയി  കേറാൻ പോകുന്ന ബസ് ഇതെല്ലാം ഞാൻ കേട്ടിരുന്നു. 

school time memories about sabarimala by liya

കോട്ടൂളിയിൽ നിന്ന് ബസ് കയറിയാൽ കുറച്ചു കഴിഞ്ഞ് ഇറങ്ങി മഞ്ഞ ബസിലോ ട്രെയിനിലോ കേറണ്ടേ എന്ന ചോദ്യത്തിന് അവൾക്ക് ഉത്തരമുണ്ടായിരുന്നില്ല. അവൾ ബസ്സ്റ്റാൻഡോ, ട്രെയിനോ, കടലോ, പാർക്കോ, സിനിമയോ, സർക്കസോ, എക്സിബിഷനോ, മിഠായിത്തെരുവോ ഒന്നും കണ്ടിട്ടില്ല. മയിലാമ്പാടിയിൽ നിന്നും പൊറ്റമ്മലുള്ള മാമന്റോടെ പോവും, ശിവരാത്രിക്ക് താലമെടുത്ത് അമ്പലത്തിൽ പോവും. ഇതൊക്കെയായിരുന്നു അവളുടെ ആകെയുള്ള യാത്രകൾ.

school time memories about sabarimala by liya

ഒന്നാം ക്ലാസ്സിൽ പഠിക്കുമ്പോളാണ് മലയെക്കുറിച്ച് കേട്ടത്. കൂട്ടുകാരി പതിവില്ലാതെ രാവിലെ കുളിച്ചു കുറിയിട്ട്, വഴിയിൽ നിന്ന് എവിടുന്നോ പറിച്ച വെള്ളത്തണ്ടുമായി എന്നെ കാത്തിരിക്കുകയായിരുന്നു , അച്ഛൻ മാലയിട്ടു എന്നു പറയാൻ. അതുകേട്ട് മിഴിച്ചു നിന്ന എനിയ്ക്കാ രഹസ്യം പറഞ്ഞു തന്നു. മലയ്ക്ക് പോവാൻ മാലയിട്ട് ചാരായം കുടിച്ചാൽ പുലി പിടിക്കും.

എന്നും വീട്ടിലെ ബഹളം കഴിഞ്ഞു വൈകി ഉറങ്ങിയെഴുന്നേൽക്കുന്നതിനാൽ സ്ലേറ്റ് മായിക്കാനുള്ള വെള്ളത്തണ്ട് പറിക്കാൻ അവൾക്കു സമയം കിട്ടാറില്ല. (തലേദിവസം പറിച്ചു വെച്ചത് പാത്രങ്ങളുടേയും പൊട്ടിയ സ്ലേറ്റിന്റേയും പുസ്തകങ്ങളുടേയും കൂടെ പുറത്തേക്ക് പറക്കും, ചവിട്ടുകൊണ്ട് ചതയും. സ്കൂളിലെ പൊടിപിടിച്ച മഷിത്തണ്ട് പറിച്ച് കുഞ്ഞുടുപ്പിൽ തുടയ്ക്കുന്നത് കണ്ട് എന്റെ കയ്യിലെ വെള്ളത്തണ്ട് കൊടുത്തപ്പോളാണല്ലോ ഞങ്ങൾ കൂട്ടുകാരായത്).

വീട്ടിൽ ആരെങ്കിലും മാലയിട്ടാൽ ആരും കള്ളം പറയില്ല, വാശി പിടിക്കില്ല

പിന്നെ, ഓരോ ദിവസവും ആവേശത്തോടെയാണ് മാലയിട്ടാലുള്ള ജീവിതത്തെ പറ്റി ഞാൻ കേട്ടത്. അക്കാലത്ത് മുളകരച്ചത് കൂട്ടാനിൽ മാത്രമേ ചേർക്കാറുള്ളൂ, കണ്ണിൽ വെച്ച് തേക്കില്ല. അമ്മ രാത്രി പാപ്പന്റോടയ്ക്ക് പേടിച്ചോടില്ല, വൈകുന്നേരം ഏട്ടൻമാർ വേഗം കളി നിർത്തി വീട്ടിലെത്തി കുളിച്ചു അച്ഛന്റെ കൂടെ അമ്പലത്തിൽ പോവാൻ റെഡിയാവും. അച്ഛൻ വന്നയുടൻ അവളേയും കുഞ്ഞുമോനേയും ഒരുമിച്ചെടുത്ത് കിണറ്റിൻ കരയിൽ കൊണ്ട് പോയി കുളിപ്പിച്ച് അമ്മയെ ഏൽപ്പിച്ചു കുളിക്കാൻ പോവും. വീട്ടിൽ ആരെങ്കിലും മാലയിട്ടാൽ ആരും കള്ളം പറയില്ല, വാശി പിടിക്കില്ല, മീൻ വാങ്ങില്ല ഇങ്ങനെയൊരു നീണ്ട ലിസ്റ്റ് അവളെന്നെ പഠിപ്പിച്ചു. വൈകുന്നേരം അച്ഛൻ വാങ്ങിക്കൊണ്ട് വരുന്ന പലഹാരങ്ങളുടെ പൊട്ടും പൊടിയും എനിക്ക് കാണിച്ചു തരാനായി കൊണ്ട് വന്നു.

അയ്യപ്പൻ വിളക്ക്, മലയിൽ പോകാൻ കാശുണ്ടാക്കാൻ കുറിക്കല്യാണം, കെട്ടുനിറ, അച്ഛനും പാപ്പനും ഏട്ടന്മാരും കൂടി കോട്ടൂളിയിൽ പോയി  കേറാൻ പോകുന്ന ബസ് ഇതെല്ലാം ഞാൻ കേട്ടിരുന്നു. കോട്ടൂളിയിൽ നിന്ന് ബസ് കയറിയാൽ കുറച്ചു കഴിഞ്ഞ് ഇറങ്ങി മഞ്ഞ ബസിലോ ട്രെയിനിലോ കേറണ്ടേ എന്ന ചോദ്യത്തിന് അവൾക്ക് ഉത്തരമുണ്ടായിരുന്നില്ല. അവൾ ബസ്സ്റ്റാൻഡോ, ട്രെയിനോ, കടലോ, പാർക്കോ, സിനിമയോ, സർക്കസോ, എക്സിബിഷനോ, മിഠായിത്തെരുവോ ഒന്നും കണ്ടിട്ടില്ല. മയിലാമ്പാടിയിൽ നിന്നും പൊറ്റമ്മലുള്ള മാമന്റോടെ പോവും, ശിവരാത്രിക്ക് താലമെടുത്ത് അമ്പലത്തിൽ പോവും. ഇതൊക്കെയായിരുന്നു അവളുടെ ആകെയുള്ള യാത്രകൾ. (പിന്നെ എന്റെ വീടിനടുത്തുള്ള മാടക്കുനിയിൽ തിറ കാണാൻ വരണമെന്നൊരു മോഹവും.)

നാളെ മുതൽ നീയെനിക്ക്  വെള്ളത്തണ്ട് കൊണ്ട് വരണമെന്ന് അവളെന്നോട് പറഞ്ഞൊപ്പിച്ചു

കെട്ടുനിറയുടെ അന്നും പിറ്റേന്നും അവൾ വന്നില്ല. പിന്നെ, വന്നപ്പോൾ അവളുടെ കണ്ണുകൾ വെള്ളത്തണ്ട് പോലെ നിറഞ്ഞിരുന്നു. അച്ഛനിന്ന് വരും, മാലയൂരും; നാളെ മുതൽ നീയെനിക്ക്  വെള്ളത്തണ്ട് കൊണ്ട് വരണമെന്ന് അവളെന്നോട് പറഞ്ഞൊപ്പിച്ചു. 

രണ്ടാം ക്ലാസിൽ ഞാൻ കതിരൂരാണ് പഠിച്ചിരുന്നത്. പിന്നെ തിരിച്ചു വന്നപ്പോൾ അവൾക്ക് വേറെ കൂട്ടുകാരായിട്ടുണ്ടായിരുന്നു. അടുത്ത കൊല്ലം അവളും മാലയിട്ട്, കറുത്ത ബ്ലൗസും  കുഞ്ഞിപ്പാവാടയുമിട്ട് ബസ്സും ട്രെയിനും കയറി മലക്ക് പോയി. 

Latest Videos
Follow Us:
Download App:
  • android
  • ios