'ബുക്ക് ചെയ്യുന്നവരിൽ 25% പേരും ശബരിമലയിൽ എത്തുന്നില്ല'; ഓൺലൈൻ ബുക്കിങ് റദ്ദാക്കാൻ അറിയിപ്പ് നൽകണമെന്ന് കോടതി
വെർച്വൽ ക്യൂ വഴി ബുക്ക് ചെയ്യുന്ന ഭക്തരിൽ 20 മുതൽ 25 ശതമാനം വരെ ശബരിമലയി? എത്താറില്ലെന്ന് തിരുവിതാംകൂർ ദേവസ്വം ബോർഡ്. വരുന്നില്ലെങ്കിൽ ബുക്കിങ് റദ്ദാക്കാനുള്ള അറിയിപ്പ് നൽകണമെന്ന് ഹൈക്കോടതി
കൊച്ചി: ശബരിമലയിൽ ദർശനത്തിനായി വെർച്വൽ ക്യൂ വഴി ബുക്ക് ചെയ്യുന്ന ഭക്തരിൽ 20 മുതൽ 25 ശതമാനം വരെ എത്താറില്ലെന്ന് തിരുവിതാംകൂർ ദേവസ്വം ബോർഡ് ഹൈക്കോടതിയെ അറിയിച്ചു. ദർശനത്തിന് വരുന്നില്ലെങ്കിൽ ബുക്കിംഗ് ക്യാൻസൽ ചെയ്യണമെന്നുള്ള നിര്‍ദേശം മാധ്യമങ്ങളിലൂടെ അടക്കം അറിയിപ്പായി നൽകണമെന്നും ഹൈക്കോടതി നിര്‍ദശിച്ചു. ശബരിമലയിൽ കാര്യങ്ങൾ പൂർണമായും നിയന്ത്രണവിധേയമെന്നും ദേവസ്വം ബോർഡ് കോടതിയെ അറിയിച്ചു.
77026 തീർത്ഥാടകരാണ് ഇന്നലെ ദർശനം നടത്തിയത്. നിലക്കൽ -പമ്പാ റൂട്ടിൽ 122 കെഎസ്ആർടിസി ചെയിൻ സർവീസ് ബസുകൾ സർവീസ് നടത്തി. സീതത്തോട് നിലയ്ക്കൽ കുടിവെള്ള പദ്ധതിയുടെ പൈപ്പിടൽ ഒരാഴ്ചയ്ക്കകം പൂർത്തിയാക്കുമെന്ന് വാട്ടർ അതോറിറ്റി അറിയിച്ചു. പ്രായമായവർ, കുട്ടികൾ, ശാരീരിക ബുദ്ധിമുട്ടുള്ളവർ എന്നിവരെ ദർശനം നടത്തുന്നതിന് സഹായിക്കാൻ സന്നിധാനത്ത് അനുഭവസമ്പത്തുള്ള പൊലീസ് ഉദ്യോഗസ്ഥർ വേണമെന്ന് ഹൈക്കോടതി നിർദേശിച്ചു. ഈ മാസം 30ന് പുതിയ ബാച്ച് പൊലീസ് ഉദ്യോഗസ്ഥർ ചുമതല ഏൽക്കുമ്പോഴും ഇക്കാര്യം ശ്രദ്ധിക്കണമെന്നും ഹൈക്കോടതി നിര്‍ദേശിച്ചു.