മുനമ്പം: ജുഡീഷ്യൽ കമ്മീഷനെ നിയോഗിച്ചതിനെതിരെ വിഡി സതീശൻ; 'സർക്കാർ സംഘ്പരിവാർ ശക്തികൾക്ക് അവസരമൊരുക്കുന്നു'

മുനമ്പം പ്രശ്നത്തിൽ ജുഡീഷ്യൽ കമ്മിഷനെ നിയോഗിച്ചതിനോട് യോജിപ്പില്ലെന്ന് വിഡി സതീശൻ. പെട്ടെന്ന് പരിഹരിക്കാവുന്ന പ്രശ്നം മനപൂര്‍വം വൈകിപ്പിച്ച് സംഘ്പരിവാര്‍ ശക്തികള്‍ക്ക് സര്‍ക്കാര്‍ അവസരമൊരുക്കുകയാണെന്നും വിഡി സതീശൻ.

 Munambam Waqf land dispute latest news VD Satheesan against appointment of Judicial Commission; 'Govt gives opportunity to Sangh Parivar forces'

തിരുവനന്തപുരം: മുനമ്പത്തെ പാവങ്ങൾക്ക് സർക്കാർ നീതി നിഷേധിക്കുന്നുവെന്നും ജുഡീഷ്യൽ കമ്മിഷനെ നിയോഗിച്ച തീരുമാനത്തോട് പ്രതിപക്ഷത്തിന് യോജിപ്പില്ലെന്നും പ്രതിപക്ഷ നേതാവ് വിഡി സതീശൻ പ്രസ്താവനയിൽ പറഞ്ഞു. മുനമ്പം ഭൂമി പ്രശ്നത്തിൽ ജുഡീഷ്യൽ കമ്മീഷനെ നിയോഗിക്കാനുള്ള സർക്കാർ തീരുമാനത്തോട് പ്രതിപക്ഷത്തിന് കടുത്ത വിയോജിപ്പാണ്. പത്ത് മിനിറ്റ് കൊണ്ട് സർക്കാരിന് തീർക്കാവുന്ന ഒരു വിഷയം മനപൂർവം വൈകിപ്പിക്കുകയാണ്. ഇതിലൂടെ സമൂഹത്തിൽ ഭിന്നിപ്പ് ഉണ്ടാക്കാൻ ശ്രമിക്കുന്ന സംഘ്പരിവാർ ശക്തികൾക്ക് സർക്കാർ തന്നെ അവസരം ഒരുക്കി കൊടുക്കുകയാണ്. 

മുസ്‌ലിം സംഘടനകളും ഫറൂഖ് കോളേജ് മാനേജ്മെന്‍റും പ്രശ്ന പരിഹാരത്തിന് എല്ലാ പിന്തുണയും നൽകിയ സാഹചര്യത്തിൽ  തീരുമാനം എടുക്കാനും അത് കോടതിയെ അറിയിച്ച് ശാശ്വത പരിഹാരം ഉണ്ടാക്കാനും സർക്കാരിന് കഴിയുമായിരുന്നു. ഇപ്പോൾ ഏകപക്ഷീയമായ ഒരു തീരുമാനം സർക്കാർ അടിച്ചേൽപ്പിക്കുകയാണ്. സമര രംഗത്തുള്ളവരുമായി ഗൗരവമായ ഒരു ചർച്ചയും സർക്കാർ നടത്തിയില്ല. പ്രശ്നപരിഹാരം നീട്ടിക്കൊണ്ട് പോകാൻ സർക്കാർ തന്നെ വഴിയൊരുക്കുന്നത് ശരിയായ രീതിയല്ല. 

സർവകക്ഷി യോഗം വിളിക്കണമെന്ന പ്രതിപക്ഷത്തിന്‍റെ ആവശ്യം സർക്കാർ ഇതുവരെ അംഗീകരിച്ചിട്ടില്ല. ആരുമായും ആലോചിക്കാതെ ജുഡീഷ്യൽ കമ്മിഷൻ എന്ന തീരുമാനം അടിച്ചേൽപ്പിച്ചതിലൂടെ സർക്കാരിന് ദുരുദ്ദേശ്യങ്ങൾ ഉണ്ടെന്ന് വ്യക്തമായി. പറഞ്ഞ സമയത്ത് ദൗത്യം പൂർത്തീകരിക്കാത്ത ജുഡീഷ്യൽ കമ്മിഷനുകളുള്ള നാടാണ് കേരളം. മുനമ്പത്തെ പാവങ്ങൾക്ക് അർഹതപ്പെട്ട നീതിയാണ് സർക്കാർ ബോധപൂർവം നിഷേധിക്കുന്നതെന്നും വിഡി സതീശൻ പറഞ്ഞ‌ു.

സര്‍ക്കാര്‍ മുനമ്പം നിവാസികളെ വഞ്ചിച്ചുവെന്ന് കെ സുരേന്ദ്രൻ

സർക്കാർ മുനമ്പം നിവാസികളെ വഞ്ചിച്ചുവെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ ആരോപിച്ചു. സർക്കാർ വയഫ് ബോർഡിന് ഒപ്പം എന്ന് വ്യക്തമായി. ജുഡീഷ്യൽ കമ്മീഷനെ വെയ്ക്കാനുള്ള തീരുമാനം മുനമ്പം നിവാസികൾ അംഗീകരിക്കുന്നില്ല. മുനമ്പം നിവാസികളെ കയ്യേറ്റക്കാരായാണ് സർക്കാർ കാണുന്നത്. വഖഫ് ബോർഡ് നോട്ടീസ് നൽകിയ എല്ലാ സ്ഥലങ്ങളിലും ബിജെപി ജാഗ്രത സമിതികൾ രൂപീകരിക്കും. ഉപതെരഞ്ഞെടുപ്പ് ഫലപ്രഖ്യാപനം കഴിഞ്ഞാലുടൻ പ്രക്ഷോഭം ആരംഭിക്കുമെന്നും കെ സുരേന്ദ്രൻ പറഞ്ഞു.

മുനമ്പത്ത് നിന്ന് ആരെയും കുടിയൊഴിപ്പിക്കില്ല, പ്രശ്ന പരിഹാരത്തിന് ജുഡീഷ്യല്‍ കമ്മീഷൻ, പ്രതിഷേധവുമായി സമരസമിതി

 

 

Latest Videos
Follow Us:
Download App:
  • android
  • ios