പിന്നൊന്നും നോക്കിയില്ല; തിരിഞ്ഞുനോക്കാതെ ഓടി

പെട്ടെന്നാണ് എന്റെ ഒരു ചെരിപ്പ് ഊരിപ്പോവുന്നത്. പെരുന്നാളിന് വാങ്ങിയ പുതിയ ചെരിപ്പായിരുന്നു. ഓട്ടം നിര്‍ത്തി. കാലുകൊണ്ട് പരതി നോക്കി. കാണുന്നില്ല. കൂട്ടുകാരോട് പറയാനായി തിരിഞ്ഞുനോക്കി. പക്ഷേ, അവരെല്ലാവരും അപ്രത്യക്ഷമായിരിക്കുന്നു. 

rain notes sabith thottupoyi

ഉള്ളിലുണ്ടാവും, തോരാതെ ചില മഴകള്‍. മഴക്കാലങ്ങള്‍. മഴയോര്‍മ്മകള്‍. മഴയനുഭവങ്ങള്‍. 

മഴയെ അത്രയൊന്നും പരിചയമില്ലാത്ത കാലമായിരുന്നു അംഗന്‍വാടിക്കാലം. സ്‌കൂള്‍ മുറ്റത്തേക്ക് കാലെടുത്തു വെക്കുമ്പോഴാണ് ആദ്യമായി മഴയെ അടുത്തറിയുന്നത്. അന്നൊന്നും മലപ്പുറത്തിന് കലക്ടര്‍ ഇല്ലായിരുന്നു എന്നുതോന്നുന്നു. എത്ര വലിയ വെള്ളപ്പൊക്കമുണ്ടായാലും സ്‌കൂളിന് അവധിയുണ്ടായിരുന്നില്ല. മഴത്തുള്ളികളെ തട്ടിത്തെറിപ്പിച്ച് സ്‌കൂളിലെത്തും. പോകുമ്പോള്‍ കുട ചൂടാറുണ്ട്. വീട്ടിലേക്ക് തിരിക്കുമ്പോള്‍ കുടക്ക് ബാഗിലാണ് സ്ഥാനം. തോരാമഴയാണെങ്കിലും വയല്‍വരമ്പിലൂടെ തെന്നാതെയുള്ള ഓട്ടം ഞങ്ങള്‍ക്ക് മാത്രം അവകാശപ്പെട്ട കലയായിരുന്നു. ഇനിയാരെങ്കിലും വീണാല്‍ അവന് സഹിക്കാന്‍ കഴിയാത്ത പരിഹാസച്ചിരി ഏറ്റുവാങ്ങേണ്ടി വരും. എനിക്കും ഒരുപാട് കിട്ടിയിട്ടുണ്ട്. സൈക്കിളില്‍ നിന്ന് വീണപോലൊരു ചിരി പാസാക്കി ഞാന്‍ വേഗം വീട്ടിലേക്കോടും.

മഴക്കാലം ഒരു ഉത്സവകാലമായിരുന്നു. തോടും പാടവും ഒന്നാവുക എന്ന പ്രതിഭാസം ഞങ്ങള്‍ക്കൊരു ആഘോഷമായിരുന്നു. പലപ്പോഴും റോഡും അവരോട്
കൂട്ടുകൂടും. അതിനെ ഞങ്ങള്‍ വെള്ളപ്പൊക്കം എന്ന് വിളിച്ച് ആക്ഷേപിച്ചിരുന്നില്ല. വാഴത്തണ്ടുകള്‍ കെട്ടിയുണ്ടാക്കിയ ചങ്ങാടത്തില്‍ കയറി ആഞ്ഞു തുഴയും. ഇടക്ക് കെട്ടഴിഞ്ഞ് ഓരോരുത്തരും ഓരോ വാഴത്തണ്ടില്‍ ബാക്കിയാവും. മതിവരുവോളം ആസ്വദിച്ചിരുന്നു. തോട്ടില്‍ നിന്ന് മീന്‍ പാടത്തേക്ക് കയറും. വെള്ളമിറങ്ങിയാല്‍ വെറുതെ പോയി പെറുക്കിയെടുത്താല്‍ മാത്രം മതി. ഉപ്പും മുളകുമിട്ട് പൊരിച്ചെടുക്കുന്നതിന്റെ മണമെത്തിയാല്‍ സായിപ്പങ്ങ് അമേരിക്കയില്‍ നിന്നും വരും. അതിന്റെ ടേസ്റ്റൊന്ന് വേറെത്തന്നെയാണ്.

'ഹൗ..എന്ത് നല്ല മഴ'

അങ്ങനെ ഒരു പെരുമഴക്കാലത്താണ് ചെറിയ പെരുന്നാള്‍ വിരുന്ന് വരുന്നത്. ഭാഗ്യം, അന്ന് മഴ കുറവായിരുന്നു. നാട്ടിലെ ആഘോഷങ്ങള്‍ക്ക് ശേഷം ഞാനും ഏട്ടനും വൈകുന്നേരം ഉമ്മാന്റെ വീട്ടിലേക്ക് വണ്ടി കയറി. സമാധാനം, അവിടെയുള്ള കൂട്ടുകാരൊന്നും വിരുന്ന് പോയിരുന്നില്ല. ഞങ്ങള്‍ നാലഞ്ച് പേര്‍ പ്ലാനിംഗ് തുടങ്ങി. പെരുന്നാളിനിയും കഴിഞ്ഞിട്ടില്ല. കാരണം ഞങ്ങള്‍ക്ക് പെരുന്നാള്‍ സ്‌കൂള്‍ തുറക്കുന്നതു വരെയായിരുന്നു. ഗഹനമായ ചര്‍ച്ചകള്‍ക്കൊടുവില്‍ പടക്കം പൊട്ടിച്ച് ആഘോഷിക്കാമെന്ന് തീരുമാനിക്കുന്നു. എവിടെ നിന്നൊക്കെയോ ചിക്കിച്ചികഞ്ഞ് കിട്ടിയ ചില്ലറപ്പൈസകളുമായി അടുത്തുള്ള കടയിലേക്കോടി. പക്ഷേ, അവിടെ പടക്കം തീര്‍ന്നിരുന്നു. 

ഇനി ഒരു കടയുണ്ട്. അവിടേക്ക് മൂന്ന് കിലോമീറ്ററോളം നടക്കണം. സൈക്കിളില്‍ പോവാന്‍ പറ്റില്ല. വലിയ ഒരു പാടം കടന്ന് ഒരു പള്ളിയും കടന്ന് വേണം ആ കടയിലേക്കെത്താന്‍. സമയം സന്ധ്യയോടടുത്തിരുന്നു. രണ്ടും കല്‍പ്പിച്ച് ഞങ്ങള്‍ ഓടി. ഓട്ടത്തിനിടയില്‍ മനസ്സില്‍ ഒരായിരം പൂത്തിരികള്‍ കത്തുന്നുണ്ടായിരുന്നു.

ഭാഗ്യം.. അവിടെ പടക്കം സുലഭമായിരുന്നു. എന്റെ കയ്യില്‍ അഞ്ച് രൂപ ഉണ്ട്. രണ്ട് കമ്പിപ്പൂത്തിരിയും ഒരു ചക്രത്തിരിയും വാങ്ങി. ഒപ്പമുള്ളവരും അവര്‍ക്കിഷ്ടമുള്ളത് സ്വന്തമാക്കി. അവിടെ നിന്ന് തിരിച്ച് നടന്നു. ചെറിയ കാറ്റ് വീശുന്നുണ്ട്. ഇരുണ്ട കാര്‍മേഘങ്ങള്‍ ഞങ്ങള്‍ക്കു മുകളില്‍ ഒരുമിച്ചു കൂടി. വെളിച്ചം മാഞ്ഞുതുടങ്ങുന്നുണ്ട്. പെട്ടെന്ന് മഴ പെയ്തു.

കൂടുതല്‍ ആലോചിക്കാതെ എല്ലാവരും ഓടി. മഗ്രിബ് ബാങ്ക് വിളിക്കാനായിട്ടുണ്ട്. ഇരുട്ടിന് ശക്തി കൂടി. പള്ളിക്കാടും (ശ്മശാനം) കഴിഞ്ഞ് വേണം പാടത്തിന് അക്കരെയെത്താന്‍. ശക്തമായ മഴയാണ്. പള്ളിക്കാടെത്തി. പേടിയാവുന്നുണ്ടെങ്കിലും എല്ലാവരും കൂടെയുണ്ടല്ലോ എന്ന ധൈര്യത്തില്‍ ഓട്ടം തുടര്‍ന്നു. 

പെട്ടെന്നാണ് എന്റെ ഒരു ചെരിപ്പ് ഊരിപ്പോവുന്നത്. പെരുന്നാളിന് വാങ്ങിയ പുതിയ ചെരിപ്പായിരുന്നു. ഓട്ടം നിര്‍ത്തി. കാലുകൊണ്ട് പരതി നോക്കി. കാണുന്നില്ല. കൂട്ടുകാരോട് പറയാനായി തിരിഞ്ഞുനോക്കി. പക്ഷേ, അവരെല്ലാവരും അപ്രത്യക്ഷമായിരിക്കുന്നു.

അന്തരീക്ഷം പേടിപ്പെടുത്തിക്കൊണ്ടേയിരുന്നു. പിന്നെയൊന്നും നോക്കിയില്ല. ചെരിപ്പും വേണ്ട ഒരു മണ്ണാങ്കട്ടയും വേണ്ട. ഇരുട്ടില്‍ തിരിഞ്ഞു നോക്കാതെ ഓടി. വയല്‍വരമ്പിലെ ചെളിയില്‍ തെന്നി പലതവണ വീണു. പതറാതെ ഓടി. വെപ്രാളത്തിനിടയില്‍ എന്തൊക്കെയോ പുലമ്പുന്നുണ്ടായിരുന്നു. അടുത്തായി ഒരു വീട് കാണുന്നുണ്ട്. മണ്ണെണ്ണവിളക്കിന്റെ വെളിച്ചം പുറത്തേക്ക് പ്രകാശിക്കുന്നുണ്ട്. ചെറിയൊരാശ്വാസം തോന്നി.

വീടെത്താറായപ്പോള്‍ എന്നെ നോക്കി ഇളിക്കുന്ന നാല് മുഖങ്ങളെ ഞാന്‍ കണ്ടു. എന്നെക്കൊണ്ടാവുന്ന തെറികളെ അവര്‍ക്കുനേരെ ഉതിര്‍ക്കണമെന്നുണ്ടായിരുന്നു. പേടിച്ചതു കാരണം നാവനങ്ങുന്നില്ല. വീട്ടിലേക്കോടി. വീട്ടുകാര്‍ കാത്തിരിക്കുകയായിരുന്നു. ആരോടും ഒന്നും പറയാതെ റൂമില്‍ പോയി. പോക്കറ്റില്‍ തപ്പിനോക്കിയപ്പോള്‍ രണ്ട് കമ്പിക്കഷ്ണങ്ങള്‍ കിട്ടി. ഒപ്പം വരകള്‍ മാഞ്ഞ ഒരു പേപ്പറും. അത് ഞാന്‍ വാങ്ങിയ കമ്പിപ്പൂത്തിരിയും ചക്രത്തിരിയുമായിരുന്നു. 

മനസ്സില്‍ അതുവരെ കത്തിയിരുന്ന ആയിരം പൂത്തിരികള്‍ അണഞ്ഞു തുടങ്ങി. 'ഹൊ..ഈ നശിച്ച മഴ...'.
 

Latest Videos
Follow Us:
Download App:
  • android
  • ios