അവള്‍ പിന്നെന്റെ വിരല്‍കൊരുത്തു; ഞങ്ങള്‍ കൈകോര്‍ത്തുനടന്നു...
പഠനാവശ്യങ്ങള്‍ക്കായുള്ള യാത്രയില്‍ ഓര്‍മയുടെ സായന്തന വെളിച്ചത്തില്‍ കൗമാരകാമുകനായിരുന്ന അര്‍ജുനെ ഒരു വട്ടം കൂടി കണ്ടു മുട്ടിയതും ഒന്നിച്ചിരുന്നു സംസാരിച്ചതും മറ്റൊരു സ്വപ്നത്തില്‍ വച്ച് വീണ്ടുമൊരാകാശ ഗോപുരം പണിതതും പിന്നത്തെ കഥ..
ഏവര്‍ക്കുമുണ്ടാവും ഒരു പുസ്തകം. ആഴത്തില്‍ ഇളക്കി മറിച്ച വായനാനുഭവം. മറക്കാനാവാത്ത ഒരു പുസ്തകാനുഭവം. പ്രിയപ്പെട്ട ആ പുസ്തകത്തെ കുറിച്ച് എഴുതൂ. വിശദമായ കുറിപ്പുകള്‍ ഫോട്ടോ സഹിതം webteam@asianetnews.in എന്ന വിലാസത്തില്‍ അയക്കൂ. സബ് ജക്ട് ലൈനില്‍ 'എന്റെ പുസ്തകം' എന്നെഴുതാന്‍ മറക്കരുത്.
'മണ്‍വീണയില്‍ മഴ ശ്രുതിയുണര്‍ത്തി
മറവികളെന്തിനൊ ഹരിതമായി
ഉപബോധ ഗിരികളില്‍
അതിഗൂഢ ലഹരിയില്‍
ഹൃദയമാം പുലര്‍കാല നദി തിളങ്ങി!'
ഈ വരികള്‍ കേള്‍ക്കുമ്പോള്‍ എന്തിനോ ഒരു ചെറു സങ്കടം മനസില്‍ ചാറ്റല്‍ പോലെ പെയ്തിറങ്ങാറുണ്ട്. ഏത് ധൂസരസങ്കല്പങ്ങളില്‍ വളര്‍ന്നാലും ഓലമേഞ്ഞ കയ്യാലകള്‍, ചാണകം മെഴുകിയ തറയിലേക്ക് എത്തി നോക്കുന്ന ചെമ്പരത്തിക്കാട്, കലത്തിലൊ ചെമ്പിലോ നിറയെ വാഴക്കൈ ചുരുട്ടി അതില്‍ വച്ച് വേവിച്ച അട, മഴ പെയ്യുമ്പോള്‍ മണ്ണില്‍ നിന്നുയരുന്ന മണം... ഇവയൊക്കെ പടര്‍ത്തുന്ന ഒരു ഗൃഹാതുരത.
ഓര്‍മ്മകളുടെ ഇടനാഴിയിലേക്ക് കൂട്ടിക്കൊണ്ടുപോവുന്ന മറ്റ് ചില വരികളുമുണ്ട്. അത് പക്ഷേ, പാട്ടല്ല. പുസ്തകം. Ancient promises (ജന്മാന്തരവാഗ്ദാനങ്ങള്‍). ജയശ്രീ മിശ്രയുടെ നോവല്‍. പെണ്ണിന്റെ സര്‍ഗാത്മക ഇടങ്ങളുടെ നേര്‍ക്കാഴ്ച.
അത് പക്ഷേ, പാട്ടല്ല. പുസ്തകം. Ancient promises (ജന്മാന്തരവാഗ്ദാനങ്ങള്‍).
പതിനാറാം വയസ്സിലെ പ്രണയം അച്ഛനമ്മമാര്‍ക്ക് വേണ്ടി ഉപേക്ഷിച്ച് പതിനെട്ടില്‍ വീട്ടുകാര്‍ കണ്ടെത്തിയ പണക്കാരനായ ബിസിനസു്കാരനെ സ്വീകരിക്കുന്ന ഡല്‍ഹി മലയാളി പെണ്‍കുട്ടി ജാനുവിന്റെ കഥ. ദുഃഖിപ്പിക്കുകയും ആഹ്ലാദിപ്പിക്കുകയും കൂട്ടായി കൂടെ നില്‍ക്കുകയും സിരകള്‍ക്ക് ഉണര്‍വ്വ് പകരാന്‍ കഴിയുന്നതുമായ കാഴ്ചകളുണ്ടതില്‍. ഇടയ്ക്കയും ഉടുക്കും തിമിലയും മദ്ദളവും ചെണ്ടയും ഉതിര്‍ക്കുന്ന താളക്രമങ്ങള്‍ ആസ്വദിക്കുമ്പോലെ മനസ്സ് മൗഢ്യത്തില്‍നിന്നുണരുന്നു. ഒരൊറ്റ മുഖഭാവം പേറുന്ന പ്രണയകഥയെക്കാള്‍ ഒന്നിലധികം വീക്ഷണങ്ങളില്‍ മനസ്സിനെ മേയുവാന്‍ വിട്ട്, ഹൃദയം പറയുന്നത് അനുസരിച്ച് മുന്നോട്ടു നീങ്ങുന്നവരും തെറ്റില്‍ നിന്നും പാഠം ഉള്‍ക്കൊള്ളുന്നവരും ചേര്‍ന്ന ഒരു ജെയിന്‍ ഓസ്്റ്റിന്‍ വായനാനുഭവം.
പണ്ടെന്നോ നമ്മുടെ ജീവിതത്തിന്റെ ഭാഗമായിരുന്നു എന്ന് തോന്നിപ്പിക്കുന്ന ചില വ്യക്തികളും, സ്ഥലങ്ങളും സംഭവങ്ങളുമൊക്കെ ഉണ്ടാകാറില്ലേ.. ദേജാവു എന്ന് വിളിക്കപ്പെടുന്ന ഫീല്‍. അതാണെനിക്ക് ഈ നോവല്‍. കാരണം കഥാപാത്രങ്ങളെ എഴുതുമ്പോള്‍ എഴുത്തുകാരി അനുഭവിക്കുന്ന ഇഷ്ടവും വേദനയും വായിക്കുന്ന നമ്മളും അറിയുന്നുണ്ട്.
ഉള്‍പ്പുളകമുണര്‍ത്തുന്ന പുതിയ പുസ്തകത്തിന്റെ മണം എത്ര നുകര്‍ന്നിട്ടും മടുത്തതേയില്ല. വായന ഒരു സംഭാഷണമാണെങ്കില്‍, പുസ്തകം നമ്മളോട് സംസാരിക്കുമെങ്കില്‍ ഈ പുസ്തകം എന്നെ കേള്‍ക്കുകയും ചെയ്തു. പ്രപഞ്ചത്തില്‍ സംഭവിക്കുന്നതിനെല്ലാം ഒരു കാരണമുണ്ടെന്ന് വീണ്ടും തിരിച്ചറിഞ്ഞ അനുഭവം .അത്തരമൊരു ജന്മാന്തര വാഗ്ദാനം കൊണ്ടാണല്ലൊ ജാനു സ്വജീവിതത്തെ അടയാളപ്പെടുത്തുന്നതും. അല്പം വൈകിയിട്ടും സ്വന്തം നിലപാടുകള്‍ക്കനുസരിച്ച് നീങ്ങിയത് കൊണ്ട് മാത്രാണല്ലൊ അവള്‍ക്ക് അര്‍ജുനുമായി ഒന്നിച്ചു ചേരാന്‍ കഴിഞ്ഞതും.
എന്നെപ്പോലെ ചുനച്ചിമാവില്‍ നിന്നും എറിഞ്ഞു വീഴ്ത്തിയ നല്ല പച്ചമാങ്ങയോ ഉപ്പിലിട്ട അമ്പഴങ്ങയോ ജാനുവിന് നൊസ്റ്റാള്‍ജിയ ആയിരുന്നിരിക്കില്ല. കടല്‍ക്കരയില്‍ തിര കാലിനെ തൊടുമ്പോള്‍, തിരക്കുള്ള കഫേയില്‍ ഒരു കട്ടന്റെ ചൂടില്‍ സുഹൃത്തുക്കളുമായി ചര്‍ച്ച നടത്തുമ്പോള്‍, എവിടെയെങ്കിലുമൊക്കെ വൈകിപൂത്ത വാകമരം കാണുമ്പോള്‍, പലാശപ്പൂക്കള്‍ ഉതിര്‍ന്ന് രജസ്വലയായ ദില്ലിയും, പൂക്കാലം വന്നിറങ്ങുന്ന തെരുവുകളും, ഇലകൊഴിഞ്ഞു കിടക്കുന്ന പ്രണയാതുരമായ വഴികളും, ചൂടില്‍ ചുവന്ന റോഡുകളും തണുപ്പില്‍ വെള്ളപ്പുതച്ചു മയങ്ങുന്ന വഴിത്താരകളും ഒക്കെയായിരുന്നിരിക്കണം ജാനുവിന് ഓര്‍മ്മയനക്കങ്ങള്‍.
ഉള്‍പ്പുളകമുണര്‍ത്തുന്ന പുതിയ പുസ്തകത്തിന്റെ മണം എത്ര നുകര്‍ന്നിട്ടും മടുത്തതേയില്ല.
വ്യത്യസ്തതകള്‍ ഒരുപാടുണ്ടെങ്കിലും ശരാശരിയിലും മുകളിലുള്ള നായര്‍ കുടുംബത്തിലെ അന്തരീക്ഷം ഏതാണ്ട് ഇതുപോലെയൊക്കെ തന്നെയായിരുന്നു.നായന്മാര്‍ മരുമക്കത്തായ സമ്പ്രാദായത്തില്‍ നിന്ന് മക്കത്തായ സമ്പ്രദായം തിരഞ്ഞെടുത്തിട്ട് കാലം കുറേയായി. മാതാപിതാക്കളുടെ തറവാട്ടില്‍ നിന്നും മക്കള്‍ വെവ്വേറെ വീടുകളില്‍ മാറി താമസിക്കാന്‍ തുടങ്ങി. ജന്മിത്വം അവസാനിക്കുകയും നാലുകെട്ടും എട്ടുകെട്ടും ഇല്ലാതാവുകയും ചെയ്തു. പക്ഷെ ചില നായര്‍ കുടുംബങ്ങളില്‍ പഴയകാല പ്രതാപങ്ങളുടെ നിഴലില്‍ ഉറക്കം നടിക്കുന്നവരുണ്ട്. അവരാണ് വളരെ ലിബറല്‍ ആണെന്ന് അവകാശപ്പെടുന്ന പെണ്‍കുട്ടികളില്‍ പോലും നിശ്ചിതപ്രായത്തിനകം വിവാഹിതയാകണമെന്ന ബോധം അറിയാതെയെങ്കിലും അടിച്ചേല്‍പ്പിക്കുന്നത്.
എന്നോ പറഞ്ഞു പഴകിയ പ്രായത്തിനുള്ളില്‍, മാതാപിതാക്കള്‍ ചെയ്യേണ്ട കടമയായിട്ടാണ് വിവാഹത്തെ അന്നും ഒരു പരിധി വരെ ഇന്നും സമൂഹം പരിഗണിക്കുന്നത്. അതാവാം യഥാര്‍ത്ഥ പ്രണയത്തേയും ഇഴയടുപ്പത്തിന്റെ നിമ്‌നോന്നതകളെയും അറിഞ്ഞിട്ടും പതിനാറു വയസുകാരിയുടെ പ്രണയം കുട്ടിക്കളി മാത്രമാണെന്ന വിശ്വാസത്താല്‍ ജാനകി സുരേഷിനെ വിവാഹം ചെയ്യുവാനൊരുങ്ങിയത്.
വര്‍ഷങ്ങള്‍ അടുത്തിടപഴകിയതിനു ശേഷം ദാമ്പത്യത്തിലേക്കു കടക്കുകയല്ലാതെ പരിചയമില്ലാത്ത ഒരാളുമായി ജീവിതം പങ്കുവെക്കാന്‍ കണ്ണുംപൂട്ടി എടുത്തുചാടുന്ന മലയാളി മകളാണ് ജാനുവും. സമൂഹം തലയാട്ടി സമ്മതിച്ച ഭാവങ്ങളും വേഷങ്ങളും പകര്‍ന്നാടിയിട്ടും ആരെയും സന്തോഷിപ്പിക്കാനാവാതെ പരീക്ഷീണയായി അവസാനം തന്റെതായ തിരഞ്ഞെടുപ്പില്‍ സന്തോഷം കണ്ടെത്തുന്ന യുവതിയിലൂടെ സഞ്ചരിക്കുകയാണ് നോവല്‍.
മക്കളുടെ വിവാഹബന്ധത്തില്‍ ഏറ്റവും കുറവ് ഇടപെടലുകളേ മാതാപിതാക്കളുടെ ഭാഗത്ത് നിന്ന് ഉണ്ടാകാവൂ. സ്വന്തം മകന്റെ സ്വഭാവം അത്ര പോരെങ്കിലും മരുമകളെ ഒരു പരിധിയില്‍ കൂടുതല്‍ ആരും അനുകൂലിക്കുകയോ സംരക്ഷിക്കുകയോ ചെയ്യില്ല. കേള്‍ക്കുമ്പോള്‍ നിസ്സാരമെന്നോ രസകരമെന്നോ തോന്നുമെങ്കില്‍ പോലും ഇത്തരം സംഭവങ്ങള്‍, ഇടപെടലുകള്‍ കൂടുതലാകുന്നതിനാലാകും വിവാഹശേഷം കൂട്ടുകുടുംബത്തിലേക്കു പോകാന്‍ മടിക്കുന്നവരാണ് ഇന്ന് പെണ്‍കുട്ടികള്‍.
വിവാഹത്തിന് മുമ്പ് വധൂവരന്മാരെപോലെ മാതാപിതാക്കള്‍ക്കും ബോധവത്കരണ ക്ലാസുകളും സെമിനാറുകളും സംഘടിപ്പിക്കുന്നത് ഉചിതമായിരിക്കുമെന്ന് തോന്നുന്നുണ്ട്.
പങ്കാളിക്കൊപ്പം കൂടുതല്‍ സമയം ചെലവഴിക്കണം എന്നാലേ പരസ്പരം മനസ്സിലാക്കാന്‍ സാധിക്കൂ. ഇതാണ് പെണ്‍മക്കളുടെ ന്യായം. പണ്ട് കൂട്ടു കുടുംബത്തിലെ മുതിര്‍ന്നവര്‍ താങ്ങും തണലുമായിരുന്നു എന്നതൊന്നും അവര്‍ക്ക് വിഷയമല്ല. സ്‌നേഹത്തില്‍ അല്പം പൊസസീവ് ആകുന്നവര്‍ അസൗകര്യങ്ങളെ ഉള്‍ക്കൊണ്ട് തന്നെ പ്രിഫര്‍ ചെയ്യുന്നത് ന്യൂക്ലിയര്‍ കുടുംബമാണ്.
ജയശ്രീയുടെ കാലഘട്ടത്തിലും (അല്‍പം ജൂനിയറായ എന്റെയും) സാമ്പത്തിക സുരക്ഷിതത്വമുള്ള കുടുംബങ്ങളില്‍ ആണ്‍മക്കള്‍ മാറിത്താമസിക്കുന്നത് കുറച്ചിലായി കണ്ടിരുന്നു. ഒരു പക്ഷെ വിവാഹശേഷം സുരേഷും ജാനകിയും മാറിത്താമസിച്ചിരുന്നെങ്കില്‍ മനസ്സിന്റെ ഉള്ളറകളില്‍ ഓര്‍മയുടെ സിന്ദൂരചെപ്പില്‍ കുറേ വര്‍ണപൊട്ടുകള്‍ പതിഞ്ഞേനെ. നീര്‍ക്കുമിള പോലെ അവരുടെ ദാമ്പത്യം പൊട്ടിത്തകരാതിരുന്നേനെ. എങ്കില്‍ നമുക്ക് പല പല അനുഭവങ്ങളുടെ വേദനയിലും , വെളിച്ചത്തിലും പകര്‍ത്തിയെഴുതിയ നല്ല ഒരു നോവല്‍ നഷ്ടമായേനെ.
വലിയ അവഗണനകള്‍, സ്‌നേഹശൂന്യത, ഒറ്റപ്പെടല്‍ ഒക്കെ അനുഭവിച്ച അവരെ കഥാകാരിയല്ലാതെ കേട്ടിട്ടുണ്ട്.
അനുസരണക്കാരിയും നിസ്വാര്‍ത്ഥയുമായ മകളുടെ, മനസ്സില്‍ തൊട്ടപ്രണയം ഒളിപ്പിച്ച് നടന്ന പെണ്‍കുട്ടിയുടെ, ത്യാഗിയായ കാമുകിയുടെ, ഭര്‍തൃവീട്ടില്‍ അധികപ്പറ്റായ ഭാര്യയുടെ, വയ്യാത്ത മകളെ എങ്ങനെ മുഖ്യധാരയിലേക്ക് കൊണ്ടുവരാം എന്നതിനെകുറിച്ച് പഠിക്കുന്ന അമ്മയുടെ, അങ്ങനെ നീളുന്ന വേഷപ്പകര്‍ച്ചയില്‍ ജാനു നമ്മുടെ ഹൃദയത്തിലേക്ക് ഇടിച്ചു കയറി വരുന്നു. ജയശ്രീ മിശ്ര ജീവിതത്തില്‍ നിന്ന് കുറേ കഥാപാത്രങ്ങളെ ഒഴിവാക്കിയും കുറേയൊക്കെ കൂട്ടിച്ചേര്‍ത്തുമാണ് നോവല്‍ പൂര്‍ത്തിയാക്കിയത്.
വലിയ അവഗണനകള്‍, സ്‌നേഹശൂന്യത, ഒറ്റപ്പെടല്‍ ഒക്കെ അനുഭവിച്ച അവരെ കഥാകാരിയല്ലാതെ കേട്ടിട്ടുണ്ട്.
എന്റെ വിവാഹം കഴിഞ്ഞ നാളുകളിലെപ്പോഴോ കോട്ടയത്തുനിന്നുമിറങ്ങുന്ന പ്രമുഖ വനിതാ മാസികയില്‍ സാരിയുടുത്ത ഒരു കുട്ടിത്തമുളള സുന്ദരിയെ മുഖചിത്രത്തില്‍ക്കണ്ട് ഭര്‍ത്താവിന്റെ അമ്മ പറഞ്ഞു. ഇത് റാണി. നമ്മുടെ ....ലെ മൂത്ത മരുമോളാ. അക്കുട്ടിയെ തിരുനക്കര അമ്പലത്തില്‍ കഴിഞ്ഞാഴ്ച ഒരു വിവാഹത്തിന് കണ്ടിരുന്നു. . ഡെല്‍ഹീലായിരുന്നിട്ടും മലയാളം നന്നായി പറയുന്നുണ്ട്.
പിന്നീട് അന്നത്തെ ട്രെന്റ് അനുസരിച്ച് പരിചിതരും അല്ലാത്തവരുമായ മുഖങ്ങള്‍ കവറില്‍ അണിനിരന്നപ്പോള്‍ ഞാന്‍ റാണിയെ മറന്നു.
വിവാഹമോചനങ്ങള്‍ അത്ര കോമണ്‍ അല്ലാതിരുന്ന കാലയളവില്‍ ഒരിക്കല്‍ കേട്ടു റാണിയും ഭര്‍ത്താവും വേര്‍പിരിഞ്ഞെന്ന്. കോട്ടയത്തെ അറിയപ്പെടുന്ന ഫാമിലി ആയതു കൊണ്ട് ഇത്തരം ചൂടന്‍ വാര്‍ത്തകള്‍കള്‍ തീ പടരും പോലെ ഒഴുകിയെത്തും. പ്രായവും കാലവും മാറിയ എന്റെ വായനയുടെ തലവും നന്നായി മാറി.
ജയശ്രീയുടെ ഈ പുസ്തകം ഇറങ്ങിയപ്പോളാണ് അവര്‍ ഒരു എഴുത്തുകാരിയാണെന്നും റാണിയെന്നത് വിളിപ്പേരാണെന്നും ഞാനും തിരിച്ചറിഞ്ഞത്.
വിവാഹരാത്രിയില്‍ സോപ്പിട്ട് പല്ലുതേച്ച ജാനുവിനെ വായിച്ചപ്പോള്‍ പണ്ട് വീട്ടീന്ന് പായ്ക്ക് ചെയ്ത പെട്ടിയില്‍ പേസ്റ്റ്് കാണാത്ത പരിഭ്രാന്തിയില്‍ ആശ്രയിച്ച പിയേഴ്‌സ് സോപ്പിന്റെ കയ്പ് എന്റെ വായിലും തികട്ടി വന്നു.
നമ്മുടെ പല കുടുംബങ്ങളിലും കാണാറുള്ളതുപോലെ ഇവിടെയും ജാനകിയുടെ വിട്ടുവീഴ്ചയും അതിജീവനത്തിന്റെ ഉറവതേടലും ബാക്കി കുടുംബാംഗങ്ങള്‍ വിശ്വാസത്തിലെടുക്കുകയാണ്.
സാധാരണ പറഞ്ഞു വെക്കാറുള്ള അമ്മായിയമ്മ നാത്തൂന്‍ പോരുകളോ സ്ത്രീധന പോരായ്കയോ ഇവിടില്ല. ഒരു പെണ്‍കുട്ടിയുടെ ഭര്‍തൃഗൃഹത്തിലെ ജീവിതത്തെകുറിച്ചുള്ള സ്വപ്നം ആഗ്രഹിക്കുന്നതു പോലെയാവില്ലല്ലോ. മനസ്സ് നമ്മള്‍ ആവശ്യപ്പെടുന്നതുപോലെയല്ല പ്രവര്‍ത്തിക്കുന്നതും. ഇന്നലെകളില്‍ നിന്നും അടര്‍ന്ന് വീണ ഒരു ഇഷ്ടത്തിനെ മനസ്സില്‍നിന്ന് തൂത്ത് വാരിക്കളയാന്‍ ശ്രമിച്ച ജാനു. തനിക്കൊരു കുട്ടിയുണ്ടായാല്‍ ഒരു പക്ഷെ സുരേഷും ബന്ധുക്കളും തന്നെ ഉള്‍ക്കൊള്ളുമെന്ന വ്യാമോഹത്തില്‍ ബത് റൂമിലെ പല്ലികളെ സാക്ഷി നിര്ത്തി അവള്‍ 'നിരോധനങ്ങള്‍ക്ക്' വിരാമമിട്ടു. കാണുന്നതെല്ലാം കാണാതെ, കേള്‍ക്കുന്നതെല്ലാം കേള്‍ക്കാതെ, ജന്മനാ തന്മയീഭാവശേഷി നഷ്ടപ്പെട്ട കുഞ്ഞു റിയ ഭര്‍ത്തൃ കുടുംബാംഗങ്ങള്‍ക്ക് ഒരു കുറവ് മാത്രമാണെന്ന വെളിപാടില്‍, നിസ്സഹകരണത്തിന്റെ ഫലശൂന്യതയില്‍ ജാനുവെന്ന അമ്മയുടെ മാനസിക സംഘര്‍ഷം. പ്രതീക്ഷയുടെ നാമ്പ് കരിഞ്ഞടര്‍ന്നപ്പോള്‍ നിസ്സഹായത ജാനുവില്‍ ആഴമുള്ള മുറിവായി മാറുന്നു.
പഠനാവശ്യങ്ങള്‍ക്കായുള്ള യാത്രയില്‍ ഓര്‍മയുടെ സായന്തന വെളിച്ചത്തില്‍ കൗമാരകാമുകനായിരുന്ന അര്‍ജുനെ ഒരു വട്ടം കൂടി കണ്ടു മുട്ടിയതും ഒന്നിച്ചിരുന്നു സംസാരിച്ചതും മറ്റൊരു സ്വപ്നത്തില്‍ വച്ച് വീണ്ടുമൊരാകാശ ഗോപുരം പണിതതും പിന്നത്തെ കഥ..
ലണ്ടനില്‍ വച്ച് ബാല്യകാല സുഹൃത്തായിരുന്ന അഷുതോഷ് മിശ്രയെ വീണ്ടും കണ്ടുമുട്ടിയപ്പോള്‍ താനറിയുന്ന ജയശ്രീക്ക് ഇങ്ങനെയൊന്നും സംഭവിക്കില്ലായിരുന്നല്ലോ എന്ന് ആശ്ചര്യപ്പെട്ട അഷുതോഷിനു വേണ്ടി എഴുതിത്തുടങ്ങിയ ജയശ്രീയുടെ കത്തുകളാണ് ഈ പുസ്തകം ആയി മാറിയത് .
കുടുംബ മഹിമയും തറവാടിത്തവും പാരമ്പര്യത്തിന്റെ പകിട്ടും പറഞ്ഞിരിക്കുന്ന ബന്ധങ്ങള്‍ പരാജയങ്ങളില്‍ അവസാനിക്കാനുള്ള സാധ്യത കഥാതന്തുവില്‍ കാണാം. ദാമ്പത്യത്തില്‍ രതി മാത്രമല്ല, സ്നേഹം, പ്രണയം, ആദരവ്, അംഗീകാരം, പരിഗണന, മതിപ്പ്, കരുതല്‍ ഉത്തരവാദിത്തബോധം,സുരക്ഷിതത്വം തുടങ്ങിയ ഒരു കൂട്ടം കാര്യങ്ങള്‍ പങ്കാളിയില്‍നിന്നും പെണ്ണ് ആഗ്രഹിക്കുന്നുണ്ടാകും. അങ്ങിനെ പലതിന്റെയും അഭാവത്തില്‍ കൂടെക്കിടക്കുമ്പോഴും മനസ്സ് കൊണ്ട് ഒളിച്ചോടുന്ന ദമ്പതികള്‍ സര്‍വ്വസാധാരണമായ കാലത്ത് പരസ്പരം മനസ്സിലാക്കി പിരിഞ്ഞ ജാനുവും സുരേഷും അവര്‍ക്ക് ചേര്‍ന്ന പങ്കാളികളുമായി സന്തോഷമായി ജീവിക്കുന്നുവെന്നത് കൈയ്യടി അര്‍ഹിക്കുന്നു.
ചിറകടിച്ചുയര്‍ന്ന നിഗെല്‍ പക്ഷിയായി തന്റെ പൂമ്പാറ്റക്കുഞ്ഞിനൊപ്പം ലണ്ടനിലെത്തി പ്രണയത്തോടൊരുമിക്കുന്നു അവള്‍.
കാര്‍മേഘങ്ങള്‍ മൂടി മങ്ങിയ ആകാശത്തേക്ക് ഇറങ്ങി നടക്കുമ്പോള്‍ കൂട്ടാകേണ്ട വിരല്‍ത്തുമ്പ് നഷ്ടപ്പെട്ടവളുടെ വേദന, ഞാനുണ്ട് കൂടെ എന്ന വാക്കോ പ്രത്യാശയുടെ ഒരു ശലഭ ചിറകോ ഉണര്‍ത്താനാകാതെ നിലം പറ്റാന്‍ തുടങ്ങി ജാനു. ഒരാള്‍ പ്രചോദിതനാവുന്നത് ഏകാന്തതയില്‍ മാത്രമാണ് എന്ന് അടിവരയിട്ട് ഒഴുകി മാഞ്ഞ മണ്ണിനെ ഓര്‍ത്ത്, തീരങ്ങളില്‍ തലതല്ലി കരയാതെ ഒറ്റപ്പെടലില്‍ നിന്നും ചിറകടിച്ചുയര്‍ന്ന നിഗെല്‍ പക്ഷിയായി തന്റെ പൂമ്പാറ്റക്കുഞ്ഞിനൊപ്പം ലണ്ടനിലെത്തി പ്രണയത്തോടൊരുമിക്കുന്നു അവള്‍.
പുസ്തകത്തിന്റെ മലയാളം വിവര്‍ത്തനമായ പ്രിയ എ എസ്സിന്റെ 'ജന്മാന്തര വാഗ്ദാനങ്ങള്‍' വായിക്കാന്‍ സാധിച്ചത് ഏതാനും നാളുകള്‍ മുന്‍പാണ്. ഒരു മയില്‍പ്പീലി തൊടുന്ന സുഖമാണ് പ്രിയയെ വായിക്കാന്‍ എന്നും ഒരു മഞ്ഞു തുള്ളി ഇലയെ തഴുകുന്നത് പോലയാണ് പ്രിയയുടെ എഴുത്ത് എന്നും പറഞ്ഞു കേട്ടിട്ടുണ്ട്. എനിക്ക് ഇതു രണ്ടുമല്ല; കൊതിയായി, വായിച്ചിട്ട്.
ആലപ്പുഴ സെന്റ് ജോസഫ്‌സ് കോളേജിലെ പ്രീഡിഗ്രിക്കാലത്ത് രുചിച്ചതും പിന്നെ കണികാണാന്‍ പോലും കഴിയാഞ്ഞതുമായ ലന്തപ്പഴം അതിന്റെ മാംസളമായ ,ചെറിയ പുളിപ്പും, നല്ല മധുരവുമുള്ള സ്വാദ്.... അതാണ് പ്രിയയുടെ ഓമനത്തമുള്ള എഴുത്തിന്റെ രുചി. ഓര്‍മ്മത്താമ്പാളത്തില്‍ കയ്യൊന്നെത്തിച്ചാല്‍ നിറയെ വാരി യെടുക്കാം എന്നെ വശീകരിച്ച കൊച്ചു രുചിയെ. പച്ചകായ്കള്‍ പോലെ ഭാഷയ്ക്ക് ഇളം മധുരം കിനിഞ്ഞ പുളി രസമായിരുന്നെങ്കില്‍ നാവിനെ ത്രസിപ്പിക്കുന്ന മധുരവും ശരീരത്തിനാകെ കുളിര്‍മ പകരുന്ന തണുപ്പുമാണ് 'പ്രിയതര' മായ വാക്കുകള്‍ക്ക്. ആരോ നീട്ടിയ ലന്തപ്പഴത്തിന്‍ കുളിരുള്ള തളിരോര്‍മ്മയാണെന്റെ കൗമാരം. ഞാനും കടമെടുത്തു ചിലത്. നന്ദി പ്രിയ!
ഇരുതലയും നീറിക്കത്തിയെങ്കിലും, എരിഞ്ഞൊടുങ്ങുവാന്‍ തയ്യാറാകാത്ത തിരിയുടെ ജന്മമാണ് ജാനകി. കലി തുള്ളിയെത്തുന്ന ഏതൊരു ഒഴുക്കും സമുദ്രമെന്ന അപാരതക്ക് മുമ്പില്‍ കുമ്പിടുന്ന പോലെ സ്വന്തം ജീവിതം തന്റെ മാത്രമാണെന്ന ശരിയില്‍ സ്വയം വഴി വെട്ടിയെടുത്ത ജാനകി. അതെ. ജാനു എപ്പോഴോ എന്റെ വിരലുകള്‍ കൊരുത്ത് പിടിച്ചു, ഞങ്ങള്‍ കഥയ്ക്ക് പുറത്തേക്ക് നടന്നു!