ഇത്ര നാളും കുട്ടികള്‍ക്ക് കൊടുത്ത ഭക്ഷണത്തിന്റെ കുഴപ്പം അപ്പോഴാണ് മനസ്സിലായത്!

പല അമ്മമാരുടെയും പരാതിയാണ് കുഞ്ഞുങ്ങളുടെ പച്ചക്കറി, പഴം വിരോധം.  ചെറുപ്പം മുതല്‍ കൊടുത്തുതുടങ്ങുക, രുചികരമായും ആകര്‍ഷകമായും കൊടുക്കുക തുടങ്ങിയവ പരിഹാരമാര്‍ഗങ്ങളാണ്. സാമ്പാറിലിട്ട കഷ്ണങ്ങള്‍ എടുത്തു കഴുകി ചോറിലിട്ടുടച്ചു നിര്‍ബന്ധിച്ചു  കൊടുത്തിട്ടു അയ്യോ.. എന്റെ കുഞ്ഞ് പച്ചക്കറി കഴിക്കുന്നില്ലേ എന്ന് പറഞ്ഞു കരഞ്ഞിട്ട് കാര്യമൊന്നുമില്ല.  ഒരുവയസ്സുമുതല്‍ പച്ചക്കറികള്‍ ചെറുതായരിഞ്ഞു ആവിയില്‍ വേവിച്ചു ഇത്തിരി ഉപ്പും കുരുമുളകുപൊടിയും വിതറി തനിയെ കഴിക്കാന്‍ അനുവദിക്കൂ.. ഇഷ്ടം താനേ വരും.. കുറച്ചു കഴിഞ്ഞാല്‍ വീട്ടില്‍ ഉണ്ടാക്കുന്ന കറികളിലേക്കു ചുവടുമാറ്റാം.  

Kids food by Fabeena Rasheed

നമ്മള്‍ മലയാളി അമ്മമാര്‍ പലതരം കുറുക്കുകള്‍ക്കു പുറകെയാണ് കുഞ്ഞിന്റെ ആദ്യവയസ്സില്‍  നടക്കാറുള്ളത്.. അതിലൊന്നും തെറ്റില്ല. പക്ഷെ കൂടുതല്‍ കഴിപ്പിക്കാന്‍ നല്ലതെന്നു വിചാരിച്ചു കോരിയിടുന്ന കല്‍ക്കണ്ടം പഞ്ചസാരയുടെ അളിയന്‍ ആണെന്ന് ഓര്‍ക്കാറെ ഇല്ല.  പകരം രണ്ടു ഈത്തപ്പഴം വെള്ളത്തില്‍ കുതിര്‍ത്തു പിഴിഞ്ഞു ചേര്‍ത്താല്‍ അതു എത്ര നല്ലതാണ്.  

Kids food by Fabeena Rasheed

കുട്ടികള്‍ക്കുള്ള റെസിപ്പികള്‍ എന്നൊക്കെ കേള്‍ക്കുമ്പോള്‍  സത്യത്തില്‍ എന്റെ മനസില്‍ തെളിഞ്ഞിരുന്നത് ചെറിയ കുഞ്ഞുങ്ങളുടെ കുറുക്കുകളും ഭക്ഷണങ്ങളുമാണ്. എന്നാല്‍ ഇത്തിരി  വലിയ കുട്ടികളുടെ ആഹാരകാര്യങ്ങളില്‍ ആണ് അമ്മമാര്‍ക്ക് കൂടുതല്‍ ആധി ഉള്ളതെന്നു തോന്നുന്നു. പലരും എന്നോടു പറയാറുണ്ട് മക്കള്‍ പച്ചക്കറിയും പഴങ്ങളും കഴിക്കാറേ ഇല്ല.. ഞാന്‍ അവരോടു ചോദിച്ചു വീട്ടില്‍ മറ്റുള്ളവരെല്ലാം കഴിക്കാറുണ്ടോ? ഇല്ല അല്ലെങ്കില്‍ കുറവാണ് എന്നുത്തരം. നിങ്ങള്‍ കഴിക്കാത്ത സാധനം നിങ്ങളുടെ കുട്ടി കഴിക്കണം എന്ന് പറയുന്നതില്‍ എന്ത് ന്യായമാണുള്ളത്. സത്യത്തില്‍ കുട്ടികള്‍ക്കുള്ള സ്‌പെഷ്യല്‍ ഭക്ഷണങ്ങള്‍ ആണോ വേണ്ടത് അതോ കുടുംബം ഒന്നായി ആരോഗ്യപരമായ ഭക്ഷണക്രമത്തിലേക്കു മാറി കുട്ടികളെയും അതു ശീലിപ്പിക്കുകയോ?

ഇവിടെ കുവൈത്തില്‍ മൂന്നാമത്തെ കുഞ്ഞിന് ജന്മം നല്‍കിയ സമയത്തു ആശുപത്രിയില്‍നിന്നു ഒരു ലാക്‌റ്റേഷന്‍ ആന്‍ഡ് ഡയറ്ററിസ്‌പെഷ്യലിസ്റ്റിന്റെ അപ്പോയിന്മെന്റ് നല്‍കിയിരുന്നു.  രണ്ടുകുഞ്ഞുങ്ങളെ വളര്‍ത്തിയ എനിക്ക് ഇതുവരെയറിയാത്ത എന്താണ് ഇപ്പോ പഠിപ്പിക്കാന്‍ ഉള്ളതെന്ന് മനസിലോര്‍ത്താണ് പോയത്. അവിടെച്ചെന്നു അവരുടെ ക്ലാസുകള്‍ കേട്ടപ്പോള്‍ ഞാനൊരു ദുരന്തം ആയിരുന്നു എന്ന് ബോധ്യപ്പെട്ടു. 

തേന്‍ നാവില്‍ തേച്ചു കൊടുക്കുന്ന ശീലങ്ങള്‍
ആറുമാസം മുലപ്പാലല്ലാതെ കുഞ്ഞിന് പച്ചവെള്ളം പോലും ആവശ്യമില്ലെന്നു കേട്ടപ്പോള്‍ തൊണ്ണൂറു കഴിഞ്ഞതും കായപ്പൊടി കുറുക്കി കൊടുത്തത് ഓര്‍ത്തു ഞാന്‍ അന്തംവിട്ടു.

കുഞ്ഞുങ്ങള്‍ക്ക് ഒരിക്കലും തേന്‍ കൊടുക്കരുതെന്നും ബോട്ടുലിസം എന്ന രോഗത്തിന് ഹേതുവാണതെന്നും കേട്ടപ്പോള്‍ പ്രസവിച്ച ഉടനെ തേന്‍ നാവില്‍ തേച്ചു കൊടുക്കുന്ന നമ്മുടെ ശീലങ്ങള്‍ ഓര്‍ത്തുപോയി.

ഒരു വയസ്സുവരെയുള്ള കുഞ്ഞിന് പഞ്ചസാരയും ഉപ്പും ഒരിക്കലും കൊടുത്തുപോകരുത് എന്ന് കൂടി കേട്ടപ്പോള്‍ ഞാന്‍ എനിക്ക് ഓടാനുള്ള കണ്ടം തിരഞ്ഞു.. കുഞ്ഞുകരളിന് പണികൊടുക്കുകയാണ് എന്നറിയാതെ എന്തുമാത്രം കല്‍ക്കണ്ടവും ചക്കരയുമാണ് നമ്മള്‍ കുറുക്കി കൊടുക്കുന്നത്.

ബോട്ടിലില്‍ വരുന്ന പ്രോസസ്സ് ചെയ്ത ബേബിഫുഡും കുറുക്കുകളും ഉണ്ടാക്കുന്ന പ്രശ്‌നങ്ങള്‍ കേട്ടപ്പോള്‍ ചായപ്പൊടിയും പഞ്ചാരയും നിറച്ചു എന്റെ അടുക്കളയിലിരിക്കുന്ന ബേബിഫുഡ് ടിന്നുകള്‍ ഓര്‍ത്തു ഞാന്‍ നെടുവീര്‍പ്പിട്ടു.. 

സെമിസോളിഡ് ഭക്ഷണങ്ങളുടെയും ഫിംഗര്‍ ഫുഡുകളുടെയും പ്രാധാന്യം കേട്ടപ്പോള്‍ മിക്‌സിയിലടിച്ചു കോരിക്കൊടുത്ത ഭക്ഷണമെല്ലാം അന്നേരമെന്റെ തൊണ്ടയില്‍ കുടുങ്ങി.

കുറുക്കുകള്‍ക്കു പുറകെ
നമ്മള്‍ മലയാളി അമ്മമാര്‍ പലതരം കുറുക്കുകള്‍ക്കു പുറകെയാണ് കുഞ്ഞിന്റെ ആദ്യവയസ്സില്‍  നടക്കാറുള്ളത്.. അതിലൊന്നും തെറ്റില്ല. പക്ഷെ കൂടുതല്‍ കഴിപ്പിക്കാന്‍ നല്ലതെന്നു വിചാരിച്ചു കോരിയിടുന്ന കല്‍ക്കണ്ടം പഞ്ചസാരയുടെ അളിയന്‍ ആണെന്ന് ഓര്‍ക്കാറെ ഇല്ല.  പകരം രണ്ടു ഈത്തപ്പഴം വെള്ളത്തില്‍ കുതിര്‍ത്തു പിഴിഞ്ഞു ചേര്‍ത്താല്‍ അതു എത്ര നല്ലതാണ്.  

വേവിച്ചും കുറുക്കിയും മിക്‌സിയില്‍ അടിച്ചും എടുക്കുന്ന ഭക്ഷണങ്ങള്‍ നിര്‍ബന്ധിച്ചു കോരിക്കൊടുക്കുന്നതിനു പകരം വീട്ടില്‍ ഉള്ള മറ്റുള്ളവര്‍ കഴിക്കുന്നതിനോടൊപ്പം കഴിക്കാന്‍ കുട്ടിയെക്കൂടി അനുവദിച്ചാല്‍ അതു എത്ര നല്ലതായിരിക്കും. പുറം നാടുകളില്‍ വീട്ടിലെ ഊണുമേശയില്‍ കുട്ടികള്‍ക്കൊരു ഹൈചെയര്‍ നിര്‍ബന്ധമായും ഉണ്ടാവും. എട്ടൊമ്പതു മാസം ആവുമ്പോഴേക്കും ആ കുഞ്ഞുങ്ങള്‍ സ്പൂണ്‍ പിടിക്കാനും കോരി കഴിക്കാനും പഠിക്കും.. കുഞ്ഞിപ്പല്ലുകള്‍ കൊണ്ടു ചവച്ചരച്ചു കഴിക്കാന്‍ പഠിക്കും. ആ സമയം ഞാനടക്കമുള്ള മല്ലു അമ്മമാര്‍ കുഞ്ഞൊന്നും കഴിക്കുന്നില്ല ടോണിക്ക് എഴുതിത്തായോ എന്നുപറഞ്ഞു ഡോക്ടറുടെ ചെവിതിന്നും. സ്പൂണുള്ള കുപ്പിയും കൊണ്ടു കുഞ്ഞിന് പിന്നാലെ പായും.

ഉടച്ച കഞ്ഞിയും പാലില്‍ കുതിര്‍ത്തിയ ദോശയും
മൂന്നുവയസായിട്ടും ഉടച്ച കഞ്ഞിയും പാലില്‍ കുതിര്‍ത്തിയ ദോശയും കഴിക്കുന്ന കുഞ്ഞുങ്ങളെ ഞാന്‍ കണ്ടിട്ടുണ്ട്. നേരിയ ഒരു എരിവോ പുളിയോ സഹിക്കാന്‍ പോലും കരുത്തില്ലാത്ത കുഞ്ഞുങ്ങള്‍. കുട്ടികള്‍ക്കായി പ്രത്യേകഭക്ഷണം ഒരുക്കുന്ന വീടുകളും കുറവല്ല.  ഒരുവയസ്സിനു മുമ്പേ തന്നെ വീട്ടില്‍ എല്ലാരും കഴിക്കുന്നതെന്തും കുറേശ്ശെ കുഞ്ഞിനും പരിചയപ്പെടുത്തണം.  ഒരു പുതിയ സാധനം കൊടുക്കുമ്പോള്‍ മൂന്നു ദിവസം അടുപ്പിച്ചു കൊടുത്തു അലര്‍ജി ഉണ്ടോ എന്ന് നിരീക്ഷിച്ചതിനു ശേഷം മാത്രം പുതിയതൊന്ന് കൊടുക്കാവൂ. വീട്ടുകാര്‍ ചിക്കനും മീനും ഒക്കെ കഴിക്കുമെങ്കില്‍ കുട്ടിയെയും കഴിക്കാന്‍ പഠിപ്പിക്കണം. 

ഒരിക്കല്‍ ഒരു വിരുന്നിനിടയില്‍ ഒരു അമ്മ കുട്ടികള്‍ക്ക് ഭക്ഷണം കൊടുക്കുന്നത് ശ്രദ്ധിച്ചു.  വലിയ ഒരു മീന്‍ എടുത്തു നല്ല ദശയുള്ള ഭാഗം മാത്രം നുള്ളിയിട്ടുകൊടുത്തു ബാക്കി അങ്ങനെ വേസ്റ്റില്‍ ഇട്ടു.  ചോദിച്ചപ്പോള്‍ അവര്‍ ആ ഭാഗം മാത്രെ കഴിക്കൂ എന്ന് മറുപടി.  എടുത്തതിനെക്കാള്‍ കൂടുതല്‍ ആ മീനില്‍ ഇനിയും കഴിക്കാന്‍ ഉണ്ടായിരുന്നു. ഇങ്ങനെ ശീലിപ്പിച്ചെടുക്കുന്ന തലമുറയോട് ഭക്ഷണം പാഴാക്കരുതെന്നു പഠിപ്പിക്കാന്‍ എങ്ങിനെയൊക്കെ വിളംബരം ചെയ്തിട്ടും വല്ല കാര്യവും ഉണ്ടോ?

കുഞ്ഞുങ്ങളുടെ പച്ചക്കറി, പഴം വിരോധം
സ്‌കൂളില്‍ പോകുന്ന കുട്ടികള്‍ ഉള്ള വീടുകളില്‍ കാണാം  പാക്കറ്റ് ചിപ്‌സുകളുടെയും ജ്യൂസുകളുടേയും ഗ്രോസറിഷോപ്പ് തോല്‍ക്കുന്ന കമനീയ ശേഖരം.  അമ്മയൊന്നു ശ്രമിച്ചാല്‍ നല്ല ഹോംമേഡ് ഭക്ഷണം കൊടുത്തുവിടാലോ അല്ലേ. അല്ലെങ്കില്‍ പഴങ്ങളോ പച്ചക്കറികളോ  പ്രഭാതഭക്ഷണങ്ങളോ ഒക്കെ കൊടുത്തുവിടാം.  കുട്ടികള്‍ കഴിക്കില്ല എന്നാണെങ്കില്‍ ആരാണ് ശീലങ്ങള്‍ പഠിപ്പിച്ചത് എന്നൊന്ന് ഓര്‍ത്താല്‍ കൊള്ളാം.  വല്ലപ്പോഴും ചിപ്‌സും ജ്യൂസും ഒക്കെ ആവാം.. ശീലം ആക്കാഞ്ഞാല്‍ മതിയെന്ന് മാത്രം. 

പല അമ്മമാരുടെയും പരാതിയാണ് കുഞ്ഞുങ്ങളുടെ പച്ചക്കറി, പഴം വിരോധം.  ചെറുപ്പം മുതല്‍ കൊടുത്തുതുടങ്ങുക, രുചികരമായും ആകര്‍ഷകമായും കൊടുക്കുക തുടങ്ങിയവ പരിഹാരമാര്‍ഗങ്ങളാണ്. സാമ്പാറിലിട്ട കഷ്ണങ്ങള്‍ എടുത്തു കഴുകി ചോറിലിട്ടുടച്ചു നിര്‍ബന്ധിച്ചു  കൊടുത്തിട്ടു അയ്യോ.. എന്റെ കുഞ്ഞ് പച്ചക്കറി കഴിക്കുന്നില്ലേ എന്ന് പറഞ്ഞു കരഞ്ഞിട്ട് കാര്യമൊന്നുമില്ല.  ഒരുവയസ്സുമുതല്‍ പച്ചക്കറികള്‍ ചെറുതായരിഞ്ഞു ആവിയില്‍ വേവിച്ചു ഇത്തിരി ഉപ്പും കുരുമുളകുപൊടിയും വിതറി തനിയെ കഴിക്കാന്‍ അനുവദിക്കൂ.. ഇഷ്ടം താനേ വരും.. കുറച്ചു കഴിഞ്ഞാല്‍ വീട്ടില്‍ ഉണ്ടാക്കുന്ന കറികളിലേക്കു ചുവടുമാറ്റാം.  

ഒരുവയസ്സുകഴിഞ്ഞ കുഞ്ഞുങ്ങള്‍ക്കായി പ്രത്യേക ഭക്ഷണം ഒരുക്കേണ്ട കാര്യമില്ല. കുഞ്ഞുങ്ങള്‍ക്ക് വേണ്ടി മാത്രം ദിവസവും ചിക്കന്‍ പൊരിക്കുന്നവരെയും നെയ്ച്ചോറ് വെക്കുന്നവരെയും നേരിട്ടറിയാവുന്നതു കൊണ്ടു പറയുകയാണ്,എത്രകാലം നിങ്ങള്‍ക്കിങ്ങനെ അവരെ കൊണ്ടുനടക്കാനാവും.  നാളെയൊരുകാലത്തു അവരുടെ ഇഷ്ടങ്ങള്‍ക്കു പ്രാധാന്യം ഇല്ലാതാവുമ്പോള്‍ അവരെങ്ങനെ ജീവിക്കും.  

രണ്ടുമൂന്നു ദിവസം കൂടുമ്പോള്‍ ഫ്രൂട്‌സ് ആന്‍ഡ് വെജിറ്റബിള്‍ഷോപ്പ് സന്ദര്‍ശിക്കുന്ന എന്നോടു ഒരു കൂട്ടുകാരി ചോദിച്ചു 'ആരാണ് ഈ പച്ചക്കറിയും ഫ്രൂട്‌സും എല്ലാം കഴിക്കുന്നത്. ഇത്രവേഗം കഴിയുമോ ഈ വാങ്ങുന്നതെല്ലാം. എന്റെ മക്കള്‍ തൊടില്ല ഇതൊന്നും! '

ബേക്കറി പലഹാരങ്ങള്‍
എന്റെ വീട്ടില്‍ ബേക്കറിപലഹാരങ്ങള്‍ക്ക് അലമാരയില്ലെന്നും ഫ്രിഡ്ജ് ആണ് എന്റെ മക്കളുടെയും എന്റെയും ഇടനേരത്തെ കൊറിക്കലുകള്‍ക്കു ഉറവിടമെന്നും ഞാന്‍ പറഞ്ഞത് ഏതു അര്‍ത്ഥത്തില്‍ ആണോ എടുത്തതെന്ന് എനിക്കറിയില്ല.  പക്ഷെ അതൊരു പരമാര്‍ത്ഥമാണ്. വിരുന്നുകാര്‍ കൊണ്ടുവരുന്നതും പുറത്തുപോകുമ്പോള്‍ ഓരോന്ന് എന്ന കണക്കില്‍ വാങ്ങിക്കൊടുക്കുന്നതുമല്ലാതെ ബേക്കറി പലഹാരങ്ങള്‍ വീട്ടില്‍ സൂക്ഷിച്ചു ചോദിക്കുമ്പോള്‍ ഒക്കെ എടുത്തു കൊടുക്കുന്ന പതിവെനിക്കില്ല.  അതുകൊണ്ടുതന്നെ എന്റെ മക്കള്‍ ആവശ്യത്തിന് ഭക്ഷണം കഴിക്കും.

അതുകൊണ്ട് പ്രിയപ്പെട്ട അമ്മമാരേ  കുഞ്ഞുങ്ങളുടെ ഭക്ഷണത്തെപ്പറ്റി ഓര്‍ത്തു നിങ്ങളിങ്ങനെ ബേജാറാവല്ലേ.  അവരൊരു സുപ്രഭാതത്തില്‍ ഭക്ഷണവിരോധികള്‍ ആയതല്ല.  നമ്മള്‍ തന്നെ മിനക്കെട്ടു അവരെ അങ്ങനെ ആക്കിയെടുത്തതാണ്.  കുഞ്ഞ് ഗര്‍ഭാവസ്ഥയിലേ അമ്മ കഴിക്കുന്ന രുചിശീലങ്ങള്‍ പഠിക്കുന്നുണ്ടെന്നാണ് ശാസ്ത്രം പറയുന്നത്.  എരിവിഷ്ടം ഉള്ളൊരു പുത്രനും മധുരം ഇഷ്ടമുള്ളൊരു പുത്രനും ഉദാഹരണം. 

അപ്പൊ നമുക്ക് കഴിവതും നേരത്തെ തുടങ്ങാം. ചെറുതിലേ നല്ല ആഹാരശീലങ്ങള്‍ പ്രാവര്‍ത്തികമാക്കാം.  ചൊട്ടയിലെ ശീലം ചുടല വരെ എന്നാണല്ലോ.

(In collaboration with FTGT Pen Revolution)

Latest Videos
Follow Us:
Download App:
  • android
  • ios