ഈ മഹാപ്രളയത്തിലെ യഥാര്‍ത്ഥ വില്ലന്‍മാര്‍ ആരാണ്?

ഇന്ന് വെള്ളം കയറിയത്  ഗാഡ്ഗിലിന്‍റെ വീട്ടിലല്ല, എന്‍റെ വീട്ടിലാണ്, മണ്ണിടിഞ്ഞ് വീണത്  കസ്തൂരിരംഗന്‍റെ വീടിന്‍റെ മുകളിലേക്കല്ല, എന്‍റെ വീടിന് മുകളിലാണ്,  എന്‍റെ ആയുഷ്‌കാല സമ്പാദ്യമാണ് ഒലിച്ചുപോയത്. ഇനി എനിക്കെങ്ങനെ  പരിസ്ഥിതിയെക്കുറിച്ച് ചിന്തിക്കാതിരിക്കാനാകും?  സര്‍ക്കാരിന്‍റെ ഓരോ തീരുമാനത്തിലും പരിസ്ഥിതി ഗൗരവമായി തന്നെ പരിഗണിക്കപ്പെടണം. സര്‍ക്കാറിന്‍റെ വികസന ആസൂത്രണങ്ങളിലും പരിസ്ഥിതി ആഘാതം അതീവഗൗരവമായി പരിഗണിക്കണം. അത് കീഴാറ്റൂരിലെ റോഡിന്‍റെ കാര്യത്തിലായാലും, മൂക്കുന്നിമലയിലെ പാറപൊട്ടിക്കലിലായാലും,  പശ്ചിമഘട്ട സംരക്ഷണത്തിലായാലും, നെല്‍വയല്‍ തണ്ണീര്‍ത്തട സംരക്ഷണത്തിലായാലും. 

kerala flood analysis by Arun Ashokan

പേമാരിയാണ് പ്രളയത്തിന്‍റെ  മൂലകാരണം എന്ന് പറഞ്ഞ് വെറുതെ കയ്യുംകെട്ടിയിരിക്കാന്‍ കഴിയില്ല.  ഇനി സ്ഥിതിഗതി ഗുരുതരമാക്കിയ പ്രശ്‌നങ്ങളെ അഭിസംബോധന ചെയ്യണം. അത് നടത്താതെ  പോയാല്‍  ഭാവിതലമുറയോട് ചെയ്യുന്ന  വലിയ പാതകമാകും . പരന്നൊഴുകാന്‍ ഇപ്പോള്‍ കേരളത്തിലെ നദികള്‍ക്ക്  ഇരുകരകളുമില്ല, വെള്ളത്തിന് ചെന്നിറങ്ങാന്‍  നീര്‍ത്തടങ്ങളില്ല.  കായലുകളെല്ലാം കയ്യേറിയിരിക്കുകയാണ്. എവിടെയും അശാസ്ത്രീയമായ നിര്‍മ്മാണങ്ങള്‍. ഇതൊക്കെയാണ് വെള്ളപ്പൊക്കത്തെ പ്രളയമാക്കിയതെന്ന കാര്യത്തില്‍ ആര്‍ക്കും സംശയം വേണ്ട. 

കൊല്ലവര്‍ഷം 1099 ലെ പ്രളയകാലം. അന്ന്, കര്‍ക്കിടകം ഒന്നിന് തുടങ്ങിയ മഴ മൂന്നാഴ്ച നീണ്ടുനിന്നെന്നാണ് പറയുന്നത്. 21 ദിവസം കേരളത്തിന്റെ ആകാശത്ത് സൂര്യന്‍ എത്തിനോക്കിയതുപോലുമില്ല. അന്ന് കേരളമില്ല, തിരുവിതാംകൂറും കൊച്ചിയും മലബാറുമൊക്കെയാണ്. ഇടുക്കിയില്‍ മുല്ലപ്പെരിയാറല്ലാതെ മറ്റ് അണക്കെട്ടുകളില്ല. 44 നദികളുടെ തീരങ്ങള്‍ അപഹരിക്കപ്പെട്ടിരുന്നില്ല. കുന്നിടിച്ച് മണ്ണെടുത്ത് വയലിലിട്ട് മാനത്തുകണ്ണികളെ ഒന്നോടെ ഇല്ലാതാക്കിയിരുന്നില്ല. മലകളുടെ നെഞ്ചത്തും വനത്തിലെ വന്‍വൃക്ഷങ്ങളുടെ കടയ്ക്കലും ബ്രിട്ടീഷുകാരന്‍ കൈവെച്ചെങ്കിലും, അത് ഇന്നത്തെപ്പോലെയായിരുന്നില്ല. എന്നിട്ടും ആ പ്രളയജലത്തില്‍ തിരുവിതാംകൂറും കൊച്ചിയും മലബാറും ഒക്കെ മുങ്ങി.  

എത്രപേരാണ് അന്ന് മരിച്ചതെന്ന കണക്കില്ല. ആയിരക്കണക്കിന് പേര്‍ക്ക് ജീവന്‍ നഷ്ടപ്പെട്ടുവെന്നാണ് ഊഹം. പന്തളം ആറിലും ചാരുപ്പാടം പുഞ്ചയിലുമൊക്കെ മൃതദേഹങ്ങള്‍ ഒഴുകി നടന്നെന്ന് വാര്‍ത്തകളുണ്ട്.  പ്രകൃതിയുടെ മേല്‍ കടന്നുകയറിയിരുന്നില്ലെങ്കിലും പ്രളയമുണ്ടാകുമായിരുന്നു എന്ന് പറയുകയല്ല. പ്രകൃതിയുടെ മേല്‍ നടത്തിയ കയ്യേറ്റങ്ങള്‍ തന്നെയാണ് ഇന്ന് നാടിന്റെ സ്ഥിതി  ഇത്ര ഗുരുതരമാക്കിയത്. അതിലൊരു സംശയവുമില്ല. പക്ഷെ ഏത് നാടിന്‍റെ ചരിത്രത്തിലും ചില സന്ധികളുണ്ട്. കൊല്ലവര്‍ഷം 1099 (1924) മലയാള നാടിന്‍റെ ഒരു ചരിത്രസന്ധിയാണ്.  ഒരു തവണ കൂടി കേരളത്തിന്‍റെ കാലം മുറിയുകയാണ്. 2018 പ്രളയത്തിന് മുമ്പും ശേഷവും.  

എല്ലാം കുഴപ്പമാണെന്ന് പറയുക എളുപ്പമാണ്. പക്ഷെ കുഴപ്പത്തിന്‍റെ കാരണം കണ്ടെത്തുക, അതിനെ വിശകലനം ചെയ്യുക, അതില്‍ നിന്നുള്ള പാഠങ്ങള്‍ ഭാവിയിലേക്ക് ഉപയോഗപ്പെടുത്തുക, അതാണ് വേണ്ടത്. 

വില്ലന്‍മാര്‍ ഡാമുകളോ? 
പ്രളയത്തിലെ യഥാര്‍ത്ഥ വില്ലന്‍മാരായി പലരും കാണുന്നത് ഡാമുകളെയാണ്.  ഈ കുഞ്ഞുനാട്ടില്‍ ഇത്രത്തോളം ഡാമുകള്‍ ഉണ്ടെന്ന് എല്ലാവര്‍ക്കും ബോധ്യം വന്നത് തന്നെ ഇപ്പോഴാണ്. യഥാര്‍ത്ഥത്തില്‍ പ്രളയത്തിലെ വില്ലന്‍മാര്‍ ഇടുക്കിയും, ചെറുതോണിയും, ഇടമലയാറും, മാട്ടുപ്പെട്ടിയും, കക്കിയും,  ബാണാസുര സാഗറും, ഭൂതത്താന്‍കെട്ടുമൊക്കെയാണോ?  

ഈ പ്രളയം നമുക്ക് സമ്മാനിച്ചത് ഡാമുകളല്ല. ഈ പ്രളയത്തിന്‍റെ മൂലകാരണം ദിവസങ്ങള്‍ നീണ്ടുനിന്ന പേമാരിയാണ്. മഴക്കണക്കുകള്‍ രേഖപ്പെടുത്താന്‍ തുടങ്ങിയതുമുതലുള്ള ചരിത്രത്തില്‍ ഏറ്റവും മഴ ലഭിച്ച ഓഗസ്റ്റാണ് ഇത്. ഓഗസ്റ്റ് 19 വരെ വരെ ശരാശരി ലഭിച്ചത് 859 മില്ലി മീറ്റര്‍ മഴയാണ്. ഓഗസ്റ്റ് കഴിയാന്‍ ഇനിയും ദിവസങ്ങള്‍  ബാക്കിയുണ്ട്. കാലാവസ്ഥ നിരീക്ഷണ കേന്ദ്രം പുറത്തുവിട്ട ജൂണ്‍ ഒന്നുമുതല്‍ ഓഗസ്റ്റ് 20 വരെയുള്ള കണക്ക് നോക്കിയാലും കേരളത്തില്‍ 41.9 ശതമാനം അധികം മഴ ലഭിച്ചിട്ടുണ്ട്.  ഇടുക്കിയുടെ അധിക കണക്ക് 93.38 ശതമാനമാണ്. പ്രതീക്ഷിച്ചതിന്‍റെ ഏതാണ്ട് ഇരട്ടി. ആലപ്പുഴയില്‍ 31.81 ഉം എറണാകുളത്ത് 48.43 ഉം  പത്തനംതിട്ടയില്‍ 47.01 ശതമാനവുമാണ് കൂടുതല്‍ പെയ്തത്.

കണക്കില്‍ പെടാത്ത മഴ
സംസ്ഥാനത്തിന്റെ 14 ജില്ലകളിലായി 80 ഓളം മഴമാപിനികളാണ് ഉള്ളത്.  ഇതില്‍  ആളുകള്‍ നേരിട്ട് കണക്കെടുക്കുന്ന മാപിനികളും  ഓട്ടോമാറ്റിക്കും ഉണ്ട്.  ശരാശരി കണക്കിലാണ് മഴ എപ്പോഴും പറയുക. അതായത് ഒരുപാട് മഴ പെയ്ത സ്ഥലങ്ങളുടെയും  കുറച്ച് പെയ്ത സ്ഥലങ്ങളുടെയും കണക്കല്ല, അതെല്ലാം കൂട്ടിയ ശേഷം കണക്കാക്കുന്ന ശരാശരി കണക്കാണ് പുറത്തുവരുന്നത്. ഈ ശരാരശരിക്കണക്ക് പ്രദേശങ്ങളെ സംബന്ധിച്ചിടത്തോളം ശരിയാവണമെന്നില്ല. അങ്ങനെ നോക്കുമ്പോള്‍ ഇടുക്കിയിലെ ഡാമുകളുടെ വൃഷ്ടിപ്രദേശങ്ങളില്‍ പെയ്തിരിക്കുന്നത് 93.38 ശതമാനം അധികമഴ ആവണമെന്നില്ല.  പ്രത്യേകിച്ച് സ്ഥിതിഗതി  ഗുരുതരമായ ദിവസങ്ങളില്‍  മഴയുടെ ശക്തി ഒന്നോ രണ്ടോ മൂന്നോ നാലോ ഒക്കെ ഇരട്ടി  ആയിരുന്നിരിക്കണം. 70 മില്ലി മീറ്റര്‍ മുതല്‍ 110 മില്ലിമീറ്റര്‍ വരെ മഴയാണ് ഹെവി റെയിന്‍ എന്ന കാറ്റഗറിയില്‍ വരിക, 110 മുതല്‍ 200 വരെ വെരി ഹെവി റെയിനും അതിന് മുകളിലോട്ടുള്ളതെല്ലാം പേമാരിയെന്നോ മഹാമാരിയെന്നോ ഒക്കെ വിളിക്കാവുന്നതുമാണ്.  അതെല്ലാം ഗുരുതരമായ പ്രശ്‌നങ്ങള്‍ സൃഷ്ടിക്കാവുന്ന മഴയാണ്.  ഇടുക്കി ഡാമിന്‍റെ  വൃഷ്ടിപ്രദേശം മാത്രമല്ല, മറ്റ് ഡാമിന്‍റെ വൃഷ്ടിപ്രദേശങ്ങളിലും വന്‍മഴ തന്നെയായിരുന്നിരിക്കണം കിട്ടിയിരിക്കുക.

മറ്റൊന്ന്, തല്‍സമയ കണക്കുകളുടെ അഭാവമാണ്. പല ഏജന്‍സികള്‍ പകര്‍ത്തുന്ന മഴക്കണക്കുകള്‍ പലപ്പോഴും ഒന്നിച്ച് കണക്കുകൂട്ടപ്പെടുന്നേയില്ല. ഉദാഹരണത്തിന്, ജലസേചന വകുപ്പിന്‍റെ കൈയിലുള്ള കണക്കുകളും കെ.എസ്ഇ.ബിയുടെ കണക്കുകളും ദുരന്തനിവാരണ സമിതിയുടെ കൈയിലുള്ള കണക്കുകളുമൊന്നും പരസ്പരം പങ്കിടുന്ന അവസ്ഥയില്ല. ഇത് മൊത്തം കണക്കുകള്‍ കണക്കാക്കുന്നതില്‍ ബുദ്ധിമുട്ടിന് കാരണമാവുന്നുണ്ട്. വ്യത്യസ്തമായ ഏജന്‍സികളുടെ കണക്കുകള്‍ ഒരുമിച്ച് കണക്കുകൂട്ടി ആവശ്യമായ കാലാവസ്ഥാ സൂചനകള്‍ അതാത് സമയത്തുതന്നെ ലഭ്യമാക്കാനാവുന്ന ഒരു കേന്ദ്രീകൃത സംവിധാനം ഇനിയെങ്കിലും കേരളത്തില്‍ ഉണ്ടാവണം. 

ഡാമുകള്‍ തുറന്നതില്‍ കുഴപ്പമുണ്ടോ? 
പറഞ്ഞുവന്നത് മഴയെക്കുറിച്ചാണ്. എന്നാല്‍, പ്രളയത്തെക്കുറിച്ച് പറയുമ്പോള്‍ അതു മതിയാവുമോ എന്ന സംശയം ഉയരുന്നുണ്ട്. ഈ ഡാമുകളെല്ലാം ഒന്നായി തുറന്നുവിട്ടതല്ലേ വെള്ളപ്പൊക്കത്തിന്  കാരണമെന്ന് അപ്പോഴും സംശയിക്കാം. 

തെക്ക് കിഴക്കന്‍ മണ്‍സൂണ്‍   ഇത്തവണ ശക്തമായിരുന്നു.  ദിവസങ്ങളോളം നീണ്ടുനില്‍ക്കുന്ന ശക്തമായ മഴ പല സ്ഥലത്തും ഒന്നിലധികം തവണ ലഭിച്ചു. ഈ മഴയില്‍ തന്നെ  സംസ്ഥാനത്തെ ഡാമുകള്‍ പ്രതീക്ഷിച്ചതിലും കൂടുതല്‍ നിറഞ്ഞിരുന്നു. അതിന് പുറമെയാണ്  ഈ ദിവസങ്ങളിലെ പേമാരി.അതോടെ എല്ലാ ഡാമുകളും പരമാവധി സംഭരണശേഷിയും കടന്നു.  ഇടുക്കി ഡാമിന്‍റെ കാര്യത്തിലടക്കം , കണക്ക് കൂട്ടലിന്‍റെയും തീരുമാനം എടുക്കുന്നതിന്‍റെയും കാര്യത്തില്‍ ചില പ്രശ്‌നങ്ങള്‍ വന്നിട്ടുണ്ട്. ദിവസങ്ങള്‍ നീണ്ട തര്‍ക്കത്തിനൊടുവിലാണ് ട്രയലെന്ന് പറഞ്ഞ് തുടങ്ങിയ തുറന്നുവിടല്‍ ചെറുതോണിയില്‍ ഭീമാകാരമായ വെള്ളപ്പാച്ചിലായത്.  മുന്നറിയിപ്പുകളില്ലാതെ പുറത്തേക്ക് ഒഴുക്കുന്ന വെള്ളത്തിന്‍റെ അളവില്‍ വലിയ മാറ്റം വരുത്തി. വെള്ളം തുറന്നുവിട്ടാല്‍ കെഎസ്ഇബിക്ക് മണിക്കൂറില്‍ ഉണ്ടാകുന്ന നഷ്ടത്തെക്കുറിച്ച് ചെയര്‍മാന്‍ പറഞ്ഞതും ഓര്‍ക്കാതെ പോകാന്‍ കഴിയില്ല. വൈദ്യുതി മന്ത്രിയുടെ നിലപാടും ഏതാണ്ട് സമാനമായിരുന്നു.  അവിടെ അവര്‍ക്ക് പിഴച്ചു. പക്ഷെ അപ്പോഴും പെയ്തിറങ്ങിയ മഴ വെള്ളപ്പൊക്കം  ഉണ്ടാക്കാനുള്ള അത്രയും ഉണ്ടായിരുന്നുവെന്നതില്‍ സംശയമില്ല.  1924 ലെ പ്രളയകാലത്ത് പെയ്ത മഴയും ഇത്തവണത്തെ മഴയും തമ്മില്‍ താരതമ്യം ചെയ്താല്‍ ഇതു മനസ്സിലാവും. 

1924 ലെ പ്രളയകാലത്ത് ജൂണില്‍ പെയ്തത് 1015 മില്ലി മീറ്റര്‍ മഴ, ഇത്തവണ 750 മില്ലീ മീറ്റര്‍ മഴ. ജൂലൈയില്‍ അന്ന് 1253 മി.മി.  ഇന്ന് 857 മി.മി. ആ വര്‍ഷം ഓഗസ്റ്റില്‍ 584 മി.മി. ഈ ഓഗസ്റ്റ് 19 വരെ  പെയ്തത് 859 മില്ലീ മീറ്റര്‍. അതായത് മുല്ലപ്പെരിയാറല്ലാതെ മറ്റ് ഡാമുകള്‍ ഇല്ലാതിരുന്ന ആ കാലത്ത് പ്രളയമുണ്ടാക്കിയതിനെക്കാള്‍ വലിയ മഴയാണ്  ഈ ഓഗസ്റ്റില്‍ പെയ്തിറങ്ങിയത് എന്ന് വ്യക്തം.  

ഈ സാഹചര്യത്തില്‍, ഡാമുകള്‍  ഒന്നാകെ തുറന്നുവിടുകയല്ലാതെ സര്‍ക്കാരിന് മുന്നില്‍ മറ്റ് വഴികളൊന്നുമുണ്ടായിരുന്നില്ല. പെയ്തിറങ്ങിയ മഴയും ഡാമുകളിലെ ജലവും ചേര്‍ന്നതോടെ ആലുവ, അങ്കമാലി, പറവൂര്‍, കാലടി , ചെങ്ങന്നൂര്‍ പ്രദേശങ്ങളും കുട്ടനാടും ഒക്കെ മുങ്ങി. ശക്തമായി പെയ്ത മഴയില്‍ ഡാമുകളിലേക്ക് സെക്കന്‍റില്‍ ഒഴുകിയെത്തിയ ജലം  ഏതാണ്ട് അതേ അളവില്‍ തുറന്നുവിടുകയാണ് ചെയ്തത്. അപ്പോള്‍ പെയ്ത മഴയില്‍ എത്തിയ ജലമല്ലാതെ ഡാമില്‍ നേരത്തെ സംഭരിച്ചിരുന്ന ജലം പുറത്തേക്ക് വന്നിട്ടില്ല. അതായത് നിറഞ്ഞിരിക്കുന്ന ഒരു പാത്രം സങ്കല്‍പ്പിക്കുക. അതിലേക്ക്  ഒരു പൈപ്പില്‍ നിന്ന് വെള്ളം തുറന്നുവിട്ടിട്ടുണ്ടെന്നും വിചാരിക്കുക. നിറഞ്ഞ പാത്രത്തില്‍ അധികമെത്തുന്ന വെള്ളം അപ്പോള്‍ പുറത്തേക്ക് ഒഴുകും. അല്ലാതെ പാത്രത്തില്‍ ഉണ്ടായിരുന്ന  വെള്ളം ഒന്നാകെ പുറത്തേക്ക് വരികയല്ല ചെയ്യുന്നത്. അത് തന്നെയാണ് ഇവിടെയും സംഭവിച്ചത്. ഒരിക്കലും നമ്മുടെ ഡാമുകള്‍ക്ക് ഉള്‍ക്കൊള്ളാന്‍ കഴിയാത്ത അത്രയും ജലമാണ് ഈ ദിവസങ്ങളിലെ മഴയില്‍ പെയ്തിറങ്ങിയത്. ഡാമുകളില്ലാത്ത അവസ്ഥയിലാണ് ഇപ്പോഴത്തെ മഴ ഉണ്ടായതെന്ന് ഒന്ന് സങ്കല്‍പ്പിച്ചു നോക്കൂ.  അപ്പോഴും വെള്ളപ്പൊക്കം തന്നെയാണ് ഫലം. വെള്ളപ്പൊക്കത്തിന്‍റെ കാര്യത്തില്‍ ഡാമുകള്‍ ഇപ്പോഴും ഒരുപരിധിവരെ  രക്ഷകരാണ്. എന്നുവച്ച് അപകടാവസ്ഥയിലുള്ള ഡാമുകളെ പൂജിക്കണമെന്ന്  അര്‍ത്ഥം കാണരുത്. വേണ്ടത്ര പഠനങ്ങള്‍ നടത്താതെ കാണുന്നിടത്തെല്ലാം ഡാം പണിയുന്നതിനെയും അംഗീകരിക്കാനാകില്ല. പെരിയാര്‍ ബേസിനില്‍ ഇപ്പോഴുള്ള ഡാമുകളുടെ എണ്ണം കണ്ടാല്‍ ആരും ഞെട്ടും.  

വില്ലന്‍ അപ്രതീക്ഷിത മഴ തന്നെ!
പറഞ്ഞുവന്നതിതാണ്. പ്രളയത്തിന്‍റെ മൂല കാരണം  അപ്രതീക്ഷിതമായി പെയ്ത കനത്ത മഴയാണ്.  ഇതിനെ മുന്‍കൂട്ടി കണ്ട്  വെള്ളം നേരത്തെ തുറന്നുവിട്ട് ഡാമുകളിലെ സംഭരണശേഷി ഒഴിച്ചിടാമായിരുന്നുവെന്ന്  കരുതുന്നുവരുണ്ടാകാം. പക്ഷെ, പ്രകൃതി പ്രതിഭാസങ്ങളുടെ പ്രവചനത്തില്‍ പരിമിതികള്‍ നിലനില്‍ക്കുന്നുണ്ട്.  ന്യൂനമര്‍ദ്ദത്തിന്‍റെ ഭാഗമായി   പേമാരി പെയ്യാമെന്ന സാധ്യത  പ്രവചിക്കുകയാണ് നമ്മുടെ കാലാവസ്ഥ വകുപ്പിന്‍റെ രീതി. അതനുസരിച്ച്  സര്‍ക്കാര്‍ സംവിധാനങ്ങള്‍ ഉണര്‍ന്ന് പ്രവര്‍ത്തിക്കണം. പക്ഷെ, പെട്ടെന്നുണ്ടാകുന്ന കാലാവസ്ഥാ മാറ്റങ്ങളുടെ കാര്യത്തില്‍ പ്രവചനത്തിന് ന്യൂനതകളുണ്ട്.

അത് നമ്മുടെ സംവിധാനത്തിന്‍റെ മാത്രം കുറ്റമല്ല, നമ്മുടെ കാഴ്ചപ്പാടിന്‍റെ കൂടി പ്രശ്‌നമാണ്.  മഴയ്ക്ക് സാധ്യതയെന്ന്  കാലാവസ്ഥ നിരീക്ഷണ കേന്ദ്രം പ്രവചിച്ചാല്‍   ഉടന്‍ തന്നെ ഇന്ന് മഴ പെയ്യില്ലെന്ന് പറയുന്നവരാണ് നമ്മള്‍. കാലാവസ്ഥ നമുക്ക് അത്രയേയുള്ളൂ.  വെള്ളപ്പൊക്കമുണ്ടാകുമെന്ന് പറഞ്ഞ് ആളുകളെ ഒഴിപ്പിക്കാന്‍ പോയപ്പോഴത്തെ  അവസ്ഥയെന്തെന്ന് നമുക്കറിയാം.  അതിന്‍റെ കാരണവും സിമ്പിളാണ്. തീയില്‍ ആരും  തൊടാത്തതിന് കാരണം എന്നോ ഒക്കെ തൊട്ടുനോക്കി പൊള്ളിയതുകൊണ്ടാണ്. വെള്ളപ്പൊക്കത്തിന്‍റെ കാര്യത്തില്‍ ഇതുപൊലൊരു മുന്നനുഭവം നമുക്കില്ല. 1924 ല്‍ വി.എസ് അച്യുതാനന്ദന് പോലും ഒരു വയസേ ഉള്ളൂ. അദ്ദേഹത്തിന് പോലും പ്രളയത്തിന്‍റെ ഭീകരതയുടെ നേരറിവ് ഉണ്ടാകില്ല. പിന്നെയുള്ള വലിയ വെള്ളപ്പൊക്കം 1961 ലേതാണ്. അത് ഇത്ര ഭീകരമായിരുന്നില്ല.

കാലാവസ്ഥാപ്രവചനം: നമ്മുടെ മനോഭാവങ്ങള്‍
കാലാവസ്ഥ പ്രവചനത്തെ സംബന്ധിച്ചും മുന്നറിയിപ്പുകളെ സംബന്ധിച്ചുമൊക്കെ  കേരളം ഗൗരവമായി ചര്‍ച്ച ചെയ്തത് ഓഖിയുടെ സമയത്താണ്. എത്ര ദിവസം മുമ്പ് കേന്ദ്രകാലാവസ്ഥ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് തന്നിരുന്നു, അത് എത്ര ഗുരുതരമായിരുന്നു എന്നൊക്കെ ഗൗരവമായ ചര്‍ച്ച നടന്നു.  കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്‍റെ പ്രവചനങ്ങള്‍ ശ്രദ്ധിക്കേണ്ടതുണ്ടെന്ന് നമ്മള്‍ ചിന്തിച്ചതുപോലും അപ്പോഴാണ്. മുന്‍അനുഭവങ്ങള്‍ ഉള്ളതിനാല്‍ ആന്ധ്രയും ഒഡീഷയുമൊക്കെ ഇക്കാര്യത്തില്‍ നമ്മളെക്കാള്‍ ഒരുപാട് മുന്നിലാണ്.

കാലാവസ്ഥ നിരീക്ഷണവും പ്രവചനവുമൊക്കെ  പഴയ ലാഘവത്തോടെ കാണാന്‍ ഇനി മലയാളിക്കും കഴിയില്ല.  കാരണം പ്രശ്‌നങ്ങളൊന്നുമില്ലാതെ  കഴിഞ്ഞ് കൂടാവുന്ന മേഖലയെന്നതില്‍ നിന്ന് നാട് മറിക്കഴിഞ്ഞു. മുമ്പ് കണ്ടിട്ടില്ലാത്ത പ്രതിഭാസങ്ങളൊക്കെ ഇവിടെ നടക്കുന്നുണ്ട്. മേഘവിസ്‌ഫോടനം, ചുടുകാറ്റ്(ഹീറ്റ് വേവ്) , ആകാശത്തെ തീഗോളം, ചുഴലിക്കാറ്റ്. 

പേമാരിയാണ് പ്രളയത്തിന്‍റെ  മൂലകാരണം എന്ന് പറഞ്ഞ് വെറുതെ കയ്യുംകെട്ടിയിരിക്കാന്‍ കഴിയില്ല.  ഇനി സ്ഥിതിഗതി ഗുരുതരമാക്കിയ പ്രശ്‌നങ്ങളെ അഭിസംബോധന ചെയ്യണം. അത് നടത്താതെ  പോയാല്‍  ഭാവിതലമുറയോട് ചെയ്യുന്ന  വലിയ പാതകമാകും . പരന്നൊഴുകാന്‍ ഇപ്പോള്‍ കേരളത്തിലെ നദികള്‍ക്ക്  ഇരുകരകളുമില്ല, വെള്ളത്തിന് ചെന്നിറങ്ങാന്‍  നീര്‍ത്തടങ്ങളില്ല.  കായലുകളെല്ലാം കയ്യേറിയിരിക്കുകയാണ്. എവിടെയും അശാസ്ത്രീയമായ നിര്‍മ്മാണങ്ങള്‍. ഇതൊക്കെയാണ് വെള്ളപ്പൊക്കത്തെ പ്രളയമാക്കിയതെന്ന കാര്യത്തില്‍ ആര്‍ക്കും സംശയം വേണ്ട. 

ആ പാഠം ഉള്‍ക്കൊണ്ടത് മത്സ്യത്തൊഴിലാളികളാണ്
ഇനിയുളളത് വെറുമൊരു ചിന്തയാണ്. അതായത്  1924 ലെ വെള്ളപ്പൊക്കം ഈ കയ്യേറ്റങ്ങള്‍ ഒന്നും ഇല്ലാതിരുന്നിട്ടും ഗുരുതരമായിരുന്നില്ലേ, അതുകൊണ്ട്  നമുക്ക് വീണ്ടും കയ്യേറിക്കൂടെ. ഓര്‍ക്കേണ്ടതിതാണ്, അന്ന്  വീട്ടില്‍ കുടുങ്ങിക്കിടന്നവന് ബന്ധുക്കളെ വിളിച്ച് പറയാന്‍ ഫോണില്ല, ലൊക്കേഷന്‍ അയച്ചുകൊടുക്കാന്‍ ഗൂഗിള്‍ മാപ്പില്ല,  ആകാശത്ത് നിന്ന് ഗര്‍ഭിണിയെ രക്ഷിച്ച് കൊണ്ടുപോകാന്‍ നേവിയും നേവിയുടെ ഹെലികോപ്റ്ററുമില്ല, കുഞ്ഞിനെയും അമ്മൂമ്മയെയും നെഞ്ചോട് ചേര്‍ത്ത് കെട്ടി ആകാശത്തേക്ക് ഉയര്‍ത്താന്‍  വിംഗ് കമാന്‍റര്‍ പ്രശാന്തും, ഗരുഡ് കമാന്‍റോകളും ഇല്ല. എന്തിന്,  രാത്രിക്ക് രാത്രി വള്ളവുമായി ചെങ്ങന്നൂരില്‍ കൈമെയ് മറന്നെത്താന്‍ നമ്മുടെ സഹോദരങ്ങള്‍ക്ക് ലോറിയും റോഡും ഒന്നുമില്ല.  ഇന്നത്തെ പ്രകൃതിയിലെ കടന്നുകയറ്റത്തിലും 1924ലെ  സൗകര്യങ്ങളിലുമാണ് ഇപ്പോള്‍ വെള്ളപ്പൊക്കം വന്നതെന്ന് വെറുതേയൊന്ന് ചിന്തിച്ചുനോക്കിയേ,  ചിന്തിക്കാന്‍ പോലും കഴിയില്ല.

വെള്ളപ്പൊക്കത്തിനൊപ്പം ഈ ദിവസങ്ങളില്‍ ഒരുപാട് ജീവനെടുത്തത് ഉരുള്‍പൊട്ടലുകളാണ്. ഉരുള്‍പൊട്ടലുകളില്‍ 75 ശതമാനത്തിനും കാരണം മനുഷ്യഇടപെടലുകളാണെന്നും മറക്കരുത്.  

ഓഖി  ഒരു ചൂണ്ടുപലകയായിരുന്നു. അതില്‍ നിന്ന് നമ്മള്‍ എന്ത് പഠിച്ചുവെന്ന് ചിന്തിക്കണം. ദുരന്തനിവാരണ അതോറിറ്റി പുനസംഘടിപ്പിക്കുമെന്ന കാര്യത്തിലടക്കം അലംഭാവം തുടരുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍. എന്നാല്‍ ഈ പ്രളയത്തില്‍ കേരളത്തെ രക്ഷിച്ച വലിയ പാഠം വന്നത് ഓഖിയില്‍ നിന്നാണ്.  ആ പാഠം ഉള്‍ക്കൊണ്ടത് മത്സ്യത്തൊഴിലാളികളാണ്. ഓഗസ്റ്റ് 19ലെ ഏഷ്യാനെറ്റ് ന്യൂസിലെ 'ന്യൂസ് അവറില്‍', രക്ഷാപ്രവര്‍ത്തനം കഴിഞ്ഞെത്തിയ ജാക്‌സണ്‍ പറഞ്ഞ വാക്കുകള്‍ മറക്കാന്‍ ആര്‍ക്ക് കഴിയും. ' ഓഖിയില്‍ നിന്ന് കിട്ടിയ പാഠം, ഞങ്ങളുടെ സഹോദരങ്ങള്‍ അനുഭവിച്ച വേദന, ദുരന്തമുഖത്ത് മനുഷ്യരെങ്ങനെയായിരിക്കുമെന്ന് ഞങ്ങള്‍ക്ക് അറിയാം, അവര്‍ക്കും ഞങ്ങളുടെ അതേ ചോരയാണ്'. അതെ, സൈന്യത്തെപ്പോലെ, ചിലപ്പോഴെല്ലാം അവരെക്കാള്‍ നന്നായി രക്ഷാപ്രവര്‍ത്തനം നടത്തിയ മത്സ്യത്തൊഴിലാളികള്‍ ഓഖിയില്‍ നിന്ന് ഉള്‍ക്കൊണ്ട പാഠവുമായാണ് രക്ഷകരായി കുതിച്ചെത്തിയത്. സൈനികര്‍ക്കൊപ്പം ആ സഹോദരന്‍മാര്‍ക്കും ആയിരം സല്യൂട്ട്.  
പറഞ്ഞുവന്നത് ഇതാണ്.  വിദ്യാഭ്യാസത്തിനോ, ആരോഗ്യ മേഖലയ്‌ക്കോ ഒക്കെ നല്‍കുന്ന പ്രധാന്യം നമ്മള്‍ ദുരന്തങ്ങളെ മനസ്സിലാക്കാനും, അതിനെ പ്രതിരോധിക്കാനും ഒക്കെ നല്‍കണം. അത് ചുഴലിക്കാറ്റിലും, പേമാരിയിലും ഒതുങ്ങരുത്. സുനാമിയെയും, ഭൂമി കുലുക്കത്തെയും,  ആണവ ദുരന്തത്തെയും  വരെ നേരിടാന്‍ തയ്യാറെടുക്കണം.

എങ്കിലറിയുക, മറവി ഒരു മഹാരോഗമാണ് 
ആദ്യമേ പറഞ്ഞതാണ് ഈ പ്രളയത്തോടെ കേരളത്തിന്‍റെ കാലം മുറിയുകയാണെന്ന്.  2018ന് ശേഷം പരിസ്ഥിതിയെ പഴയ പോലെ കാണാന്‍ മലയാളിക്ക് ആകില്ല. 

ഇനിയൊരു കുന്നിന് മേല്‍ കൈവയ്ക്കാന്‍ മലയാളി മൂന്ന് വട്ടം ചിന്തിക്കണം. വയല്‍ നികത്തുന്നതില്‍, പരിസ്ഥിതി ലോല മേഖലയില്‍ വീട് വയ്ക്കുന്നതില്‍, നദി കയ്യേറുന്നതില്‍ ഒക്കെ ഈ മൂന്ന് വട്ടചിന്ത വേണം. കാരണം ഇനി പരിസ്ഥിതിയുടെ മേലുള്ള കടന്നുകയറ്റം ഏതോ മാധവ് ഗാഡ്ഗിലിന്‍റെയോ, കസ്തൂരിരംഗന്‍റെയോ പ്രശ്‌നമല്ല. ഇന്ന് വെള്ളം കയറിയത്  ഗാഡ്ഗിലിന്‍റെ വീട്ടിലല്ല, എന്‍റെ വീട്ടിലാണ്, മണ്ണിടിഞ്ഞ് വീണത്  കസ്തൂരിരംഗന്‍റെ വീടിന്‍റെ മുകളിലേക്കല്ല, എന്‍റെ വീടിന് മുകളിലാണ്,  എന്‍റെ ആയുഷ്‌കാല സമ്പാദ്യമാണ് ഒലിച്ചുപോയത്. ഇനി എനിക്കെങ്ങനെ  പരിസ്ഥിതിയെക്കുറിച്ച് ചിന്തിക്കാതിരിക്കാനാകും?  സര്‍ക്കാരിന്‍റെ ഓരോ തീരുമാനത്തിലും പരിസ്ഥിതി ഗൗരവമായി തന്നെ പരിഗണിക്കപ്പെടണം. സര്‍ക്കാറിന്‍റെ വികസന ആസൂത്രണങ്ങളിലും പരിസ്ഥിതി ആഘാതം അതീവഗൗരവമായി പരിഗണിക്കണം. അത് കീഴാറ്റൂരിലെ റോഡിന്‍റെ കാര്യത്തിലായാലും, മൂക്കുന്നിമലയിലെ പാറപൊട്ടിക്കലിലായാലും,  പശ്ചിമഘട്ട സംരക്ഷണത്തിലായാലും, നെല്‍വയല്‍ തണ്ണീര്‍ത്തട സംരക്ഷണത്തിലായാലും. 

1924ലെ വെള്ളപ്പൊക്കത്തില്‍ മധ്യതിരുവിതാംകൂറും കുട്ടനാടും എറണാകുളവും മാത്രമല്ല, മലബാറിന്‍റെ മേഖലകളും, എന്തിന് മലമുകളിലെ മൂന്നാര്‍ വരെ മുങ്ങിയതാണ്. ആ പ്രളയത്തിലാണ് മൂന്നാറിലേക്ക് ബ്രിട്ടീഷുകാര്‍ ഉണ്ടാക്കിയ കുണ്ടളവാലി റെയില്‍വെ തകര്‍ന്നത്.  കൊടുങ്ങല്ലൂരിലെ ഒരു  സ്‌കൂളിന്‍റെ ചുവരില്‍ 1924 ലെ വെള്ളപ്പൊക്കത്തിന്‍റെ ഓര്‍മ്മയായി ചില രേഖപ്പെടുത്തലുകള്‍ ഉണ്ടെന്ന് കേട്ടിട്ടുണ്ട്. വെള്ളം ഇതുവരെ കയറിയെന്ന ഓര്‍മ്മപ്പെടുത്തല്‍. ഇനി  നമ്മുടെ കെട്ടിടങ്ങളിലും നമുക്ക് ഒരു ചുവന്ന വരയിടാം. കേരളത്തെ വിഴുങ്ങിയ മഹാപ്രളയത്തില്‍ ഇതുവരെ വെള്ളം കയറി. അല്ല  രണ്ട് ദിവസം കഴിഞ്ഞ് ഇതെല്ലാം മറന്ന് പഴയ പോലെ ആകാനാണ് തീരുമാനമെങ്കില്‍, അല്‍ഷിമേഴ്‌സ് മാത്രമല്ല, ഇത്തരം മറവികളും ചികിത്സയില്ലാത്ത മഹാരോഗമാണെന്നേ പറയാനുള്ളൂ.

വിവരങ്ങള്‍ക്ക് കടപ്പാട്: 
ഡോ. ഗോപകുമാര്‍ ചോലയില്‍, അക്കാദമി ഓഫ് ക്ലൈമറ്റ് ചേഞ്ച് എജുക്കേഷന്‍ ആന്‍റ് റിസര്‍ച്ച്, വെള്ളാനിക്കര. 
ഡോ. എം അമൃത്, കേരള വനഗവേഷണ കേന്ദ്രം, പീച്ചി, തൃശൂര്‍.
കാലാവസ്ഥ വകുപ്പ്  വെബ്‌സൈറ്റ്

Latest Videos
Follow Us:
Download App:
  • android
  • ios